head1
head3

ഡബ്ലിന്‍ എയര്‍പോര്‍ട്ടില്‍ ക്രിസ്മസ് ദിനത്തില്‍ പുരോഹിതര്‍ വിമാനങ്ങള്‍ ആശീര്‍വദിക്കുന്നത് തുടരും

ഡബ്ലിന്‍ :ക്രിസ്മസ് ദിനത്തില്‍ കത്തോലിക്കാ പുരോഹിതര്‍ വിമാനങ്ങള്‍ ആശീര്‍വദിക്കുന്ന പരമ്പരാഗത ആചാരം തുടരാന്‍ ഡബ്ലിന്‍ എയര്‍പോര്‍ട്ട് തീരുമാനം.സുരക്ഷയുടെ പേരു പറഞ്ഞായിരുന്നു എയര്‍പോര്‍ട്ട് ഈ നീക്കം നടത്തിയത്.

കത്തോലിക്കാ സഭയെ അകറ്റിനിര്‍ത്തുന്ന സര്‍ക്കാര്‍ നയത്തിന് അനുസൃതമായി ഡബ്ലിന്‍ എയര്‍പോര്‍ട്ട് അധികൃതരും മുന്നോട്ടുവന്നത് വലിയ വിമര്‍ശനമുയര്‍ത്തിയ സാഹചര്യത്തിലാണ് വിവാദ തീരുമാനം തിരുത്താന്‍ അധികൃതര്‍ തയ്യാറായതെന്നാണ് സൂചന.

അതേ സമയം,റണ്‍വേയിലെ പുതിയ സെക്യൂരിറ്റി പ്രോട്ടോക്കോളുകളുടെ ഭാഗമായാണ് വിമാനങ്ങളെ വെഞ്ചിരിക്കുന്ന പതിവ് പ്രാര്‍ത്ഥനാ പരിപാടി വേണ്ടെന്നു വെച്ചതെന്നാണ് എയര്‍പോര്‍ട്ട് അധികൃതര്‍ വിശദീകരിച്ചത്.

പരമ്പരാഗത ക്രിസ്തുമസ് ആശീര്‍വ്വാദം തുടരുമെന്നും ഡബ്ലിന്‍ എയര്‍പോര്‍ട്ടിലെ കത്തോലിക്കാ സഭയുടെ ചാപ്ലെയ്ന്‍ ഫാ.ഡെസ് ഡോയല്‍ ഇക്കുറി അത് നിര്‍വഹിക്കുമെന്നും ഡി എ എ സ്ഥിരീകരിച്ചു.മറ്റ് ചില എക്യൂനിക്കല്‍ ഗ്രൂപ്പുകളും ഇതിനായി താല്‍പ്പര്യം അറിയിച്ചിട്ടുണ്ട്.വിമാനത്താവളത്തില്‍ മതപരമോ അല്ലാത്തതോ ആയ ആശീര്‍വ്വാദങ്ങള്‍ നടത്തുന്നതില്‍ സന്തോഷമേയുള്ളുവെന്നും വക്താവ് പറഞ്ഞു.

എല്ലാ വിശ്വാസങ്ങളെയും ബഹുമാനിക്കുന്നതാണ് ഡി എ എയുടെ ശൈലിയെന്നും ഡബ്ലിന്‍ എയര്‍പോര്‍ട്ടിലെ ടെര്‍മിനല്‍ 2ല്‍ മള്‍ട്ടി ഫെയ്ത്ത് പ്രാര്‍ത്ഥനാ മുറി അതിനുദാഹരണമാണെന്നും സി ഇ ഒ കെന്നി ജേക്കബ്സ് പറഞ്ഞു.76 വര്‍ഷത്തെ ഈ പാരമ്പര്യം തുടരാന്‍ കഴിയുന്നതില്‍ സന്തോഷമുണ്ടെന്നും ജേക്കബ്സ് അഭിപ്രായപ്പെട്ടു.

1947ല്‍ എയര്‍ ലിംഗസ് വിമാനത്തിന്റെ ആശീര്‍വ്വാദത്തോടെ ആരംഭിച്ച ഈ പാരമ്പര്യം 1967 മുതലാണ് ക്രിസ്മസ് ദിനത്തിലേക്ക്  മാറ്റിയത്. ജനുവരിയില്‍ പുതിയ വ്യോമയാന സുരക്ഷാ പ്രോട്ടോക്കോളുകള്‍ നിലവില്‍ വന്നതിന്റെ പേരില്‍ ഈ പതിവ് അവസാനിപ്പിക്കാന്‍ നീക്കമുണ്ടായി.

സെക്യുലര്‍ കാമ്പെയ്‌നറായ ജോണ്‍ ഹാമിലും ആശീര്‍വാദം നടത്താനുള്ള അവകാശവാദം ഉന്നയിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് ഡബ്ലിന്‍ എയര്‍പോര്‍ട്ട് പതിവ് ക്രിസ്മസ് പാരമ്പര്യം തന്നെ ഉപേക്ഷിക്കാന്‍ തീരുമാനിച്ചതെന്നും ആക്ഷേപമുയര്‍ന്നു.

ക്രിസ്മസ് ദിനത്തില്‍ ഡബ്ലിന്‍ എയര്‍പോര്‍ട്ടില്‍ വിമാനമൊന്നും പറന്നുയരാറില്ല. ഇറങ്ങുകയും ചെയ്യാറില്ല .അന്നേദിവസം കത്തോലിക്കാ പുരോഹിതന്‍ വിമാനത്താവളത്തിലെത്തി എല്ലാ വിമാനങ്ങളെയും ആശീര്‍വദിക്കും. ഈ പതിവാണ് വേണ്ടെന്ന് വെക്കണമെന്ന് തീരുമാനിച്ചത്. എങ്കിലും നയം പിന്‍വലിച്ചതോടെ ക്രിസ്മസ് ദിനത്തില്‍ സര്‍വീസ് നടത്താത്ത ലോകത്തിലെ ഏക എയര്‍പോര്‍ട്ട് എന്ന ‘ബഹുമതി’ ഡബ്ലിന്‍ എയര്‍പോര്‍ട്ടിന് തുടരും.

ഐറിഷ് മലയാളി ന്യൂസ്     

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍  ചെയ്യുക  https://chat.whatsapp.com/GIyQ0yKn4MTDYghl03CtcD</a</a</

Leave A Reply

Your email address will not be published.