head3
head1

ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ജര്‍മ്മനിയില്‍ ഏറെ പ്രതീക്ഷകള്‍, സാധ്യതകള്‍

ബെർലിൻ : ഭാവിയില്‍ രൂക്ഷമാകുമെന്ന് കരുതുന്ന വിദഗ്ദ്ധ തൊഴിലാളികളുടെ ക്ഷാമം പരിഹരിക്കാന്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ ലക്ഷ്യമിട്ട് ജര്‍മ്മനി.2035ഓടെ ഏഴ് മില്യണ്‍ വിദ്ഗ്ദ്ധ തൊഴിലാളികളുടെ കുറവ് ജര്‍മ്മനിയിലുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.ഫെഡറല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസിന്റെ കണക്കനുസരിച്ച്, ജര്‍മ്മന്‍ സര്‍വകലാശാലകളില്‍ 43,000 ഇന്ത്യന്‍ വിദ്യാര്‍ത്ഥികളാണുള്ളത്.

വിദേശ പഠനവും ജോലിയും ആഗ്രഹിക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് ഏറെ പ്രതീക്ഷ നല്‍കുന്നതാണ് ജര്‍മ്മനി അടുത്തിടെ കൊണ്ടുവന്ന സ്‌കില്‍ഡ് മൈഗ്രേഷന്‍ ആക്ടും അവിടുത്തെ സാമൂഹിക അന്തരീക്ഷവും.

ഗുരുതരമായ തൊഴിലാളി ക്ഷാമവും കുറയുന്ന ജനനനിരക്കും പ്രായമായ ജനസംഖ്യയും മൂലം ജര്‍മ്മനി വെല്ലുവിളികള്‍ നേരിടുകയാണെന്ന നിരീക്ഷണങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.പ്രശ്‌നം പരിഹരിക്കുന്നതിന് ജര്‍മ്മന്‍ സര്‍ക്കാര്‍ കിണഞ്ഞു പരിശ്രമിക്കുകയാണ്. വിദേശ രാജ്യങ്ങളെ ആശ്രയിക്കാതെ ഈ പ്രശ്‌നം പരിഹരിക്കാനാകില്ലെന്ന് സര്‍ക്കാര്‍ തിരിച്ചറിഞ്ഞിട്ടുമുണ്ട്.

നിലവില്‍ 700,000 ഒഴിവുകള്‍ രാജ്യത്ത് നികത്താനുണ്ട്. ഇക്കാരണത്താല്‍ രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയുടെ 2%ല്‍ നിന്നും 0.7% ആയി കുറഞ്ഞതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഈ പ്രശ്‌നം പരിഹരിക്കാനായില്ലെങ്കില്‍ സാമ്പത്തിക വളര്‍ച്ച 0.5% ആയി കുറയുമെന്ന് ഇക്കോണമി മന്ത്രി റോബര്‍ട്ട് ഹാബെക്ക് പറഞ്ഞു. ഈ വിടവ് നികത്തുന്നതിന് കുടിയേറ്റത്തൊഴിലാളികളെയാണ് ഉന്നമിടുന്നതെന്നും ഇദ്ദേഹം വ്യക്തമാക്കി.

ഐഡിയല്‍ മൈഗ്രന്റ്‌സാകാന്‍ അവസരമേറെ

ജര്‍മ്മനിയിലെ ആകെ വിദ്യാര്‍ത്ഥികളില്‍ 14%വും അന്തര്‍ദ്ദേശീയ വിദ്യാര്‍ത്ഥികളാണെന്ന് അക്കാദമിക് എക്സ്ചേഞ്ച് സര്‍വീസിന്റെ വക്താവ് മീഹോള്‍ ഫ്‌ളേക്ക് പറയുന്നു.ജര്‍മ്മനിയില്‍ താമസിച്ച് ഭാഷ പഠിച്ചതിനാല്‍ ഇവരെ ഐഡിയല്‍ മൈഗ്രന്റ്‌സ് എന്നാണ് വിളിക്കുന്നത്.ജര്‍മ്മന്‍ ഭാഷ പഠിക്കുന്നതും യൂണിവേഴ്‌സിറ്റി സിസ്റ്റത്തിലെത്തുന്നതും, തൊഴില്‍ കണ്ടെത്തുന്നതും അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്ക് വലിയ വെല്ലുവിളികളുയര്‍ത്തുന്നതാണെന്ന് ഇദ്ദേഹം പറയുന്നു.

പ്രായമാകുന്ന ജനസംഖ്യയും വൈദഗ്ധ്യമുള്ള തൊഴിലാളികളുടെ കുറവും പരിഹരിക്കാന്‍ അഭിമുഖീകരിക്കുന്നതിനാല്‍ അന്താരാഷ്ട്ര ടാലന്റ് പൂളുകളെ ആശ്രയിക്കേണ്ടത് അത്യന്താപേക്ഷിതമാണെന്ന് റീജന്‍സ്ബര്‍ഗ് സര്‍വകലാശാലയിലെ എംപ്ലോയ്മെന്റ് റിസര്‍ച്ച് സ്പെഷ്യലിസ്റ്റ് എന്‍സോ വെബര്‍ പറഞ്ഞു.

ആഴ്ചയില്‍ 20 മണിക്കൂര്‍ ജോലി ചെയ്യാം

അന്തര്‍ദ്ദേശീയ വിദ്യാര്‍ത്ഥികളെ ആഴ്ചയില്‍ 20 മണിക്കൂര്‍ ജോലി ചെയ്യാന്‍ അനുവദിക്കുന്നതാണ് ജര്‍മ്മനിയില്‍ അടുത്തകാലത്ത് നടപ്പാക്കിയ സ്‌കില്‍ഡ് മൈഗ്രേഷന്‍ ആക്ട്.മുമ്പുണ്ടായിരുന്നതിന്റെ ഇരട്ടി സമയമാണിത്.തൊഴിലന്വേഷകരായ വിദ്യര്‍ത്ഥികള്‍ക്ക് ഏറെ പ്രതീക്ഷ നല്‍കുന്നതാണെന്ന് ജര്‍മ്മനിയില്‍ ജോലി ചെയ്യുന്ന വിദ്യാര്‍ഥികള്‍ പറയുന്നു.

കെയര്‍, ഹെല്‍ത്ത് കെയര്‍ മേഖലയില്‍ മാത്രമല്ല, ഐടി, എന്‍ജിനീയറിംഗ് പ്രൊഫഷനുകളിലും വിദഗ്ധ തൊഴിലാളികളുടെ കുറവ് രൂക്ഷമാണ്.കൂടാതെ സെമി കണ്ടക്ടേഴ്‌സ് ആന്റ് ക്വാണ്ടം കമ്പ്യൂട്ടിംഗ് അടക്കമുള്ള ഹൈടെക് മേഖലകളില്‍ ജര്‍മ്മനിയില്‍ അവസരങ്ങള്‍ കണ്ടെത്താം. സ്ഥിരതാമസത്തിനുള്ള ഓപ്ഷനുകളുമുണ്ട്.ശരിയായ വൈദഗ്ധ്യവും സര്‍ട്ടിഫിക്കേഷനുമുണ്ടെങ്കില്‍ മാന്യമായ ശമ്പളത്തോടെ, ജീവിതം ഇവിടെ സാധ്യമാകുമെന്നും ഇവര്‍ കൂട്ടിച്ചേര്‍ക്കുന്നു.

പഠനമായാലും ജോലിയിലായാലും എന്‍ജിനീയറിംഗിന് സാധ്യതയേറെ

ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ ഐ ടി, എഞ്ചിനീയറിംഗ് കോഴ്സുകളിലെ എന്റോളിംഗ് ശരാശരിക്ക് മുകളിലാണ്. എഞ്ചിനീയറിംഗ് സയന്‍സിന്റെ കാര്യത്തില്‍ ജര്‍മ്മനി അന്താരാഷ്ട്ര തലത്തില്‍ പരമ്പരാഗതമായി വളരെ മത്സരിക്കുന്നതാണ്. അതിനാല്‍ ഐടിയിലും എഞ്ചിനീയറിംഗിലുമുള്ള ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ വലിയ സാധ്യതകളാണ് ജര്‍മ്മനിയിലുള്ളത്.

യൂറോപ്പില്‍ നിന്നുള്ള കുടിയേറ്റം

യൂറോപ്പിലെ മറ്റു രാജ്യങ്ങളില്‍ നിന്നും ജര്‍മ്മിനിയിലേക്ക് സുസ്ഥിരമായ ഭാവി തേടി മാറുന്നവരുടെയും എണ്ണത്തില്‍ ഇപ്പോള്‍ വന്‍ വര്‍ദ്ധനവാണുള്ളത്.അയര്‍ലണ്ട് ,പോളണ്ട് ,മാള്‍ട്ട ,ഇറ്റലി എന്നി രാജ്യങ്ങളടക്കമുള്ള വിശാല യൂറോപ്പില്‍ പഠനത്തിനെത്തുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികളില്‍ ഒരു ഭാഗം,പഠനശേഷം കൂടുതല്‍ ഭദ്രമായ തൊഴില്‍ തേടി ജര്‍മിനിയിലേയ്ക്ക് കുടിയേറുന്നുണ്ട്.

എന്നിരുന്നാലും ജര്‍മ്മന്‍ വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ സങ്കീര്‍ണ്ണതകള്‍ കാരണം ചില വെല്ലുവിളികളും നിലനില്‍ക്കുന്നതായും ഇവര്‍ പറയുന്നു.വിദ്യാര്‍ത്ഥികള്‍ക്ക് തൊഴിലിലേക്ക് സുഗമമായ മാറ്റം ഉറപ്പാക്കാന്‍ സര്‍വ്വകലാശാലകളുടെയും തൊഴിലുടമകളുടെയും സജീവ ഇടപെടലുകളുണ്ടാകണമെന്ന് ഇപ്പോള്‍ അവിടെ ഉപരിപഠനം നടത്തുന്ന വിദ്യാര്‍ഥികള്‍ സാക്ഷ്യപ്പെടുത്തുന്നു. പഠനത്തിന് ശേഷം ജര്‍മ്മനിയില്‍ തുടരുന്നതിലും തൊഴില്‍ കരാറുകള്‍ നേടുന്നതിലും വിദ്യാര്‍ത്ഥികള്‍ക്ക് ഇപ്പോഴും നിയമപരമായ വ്യക്തതക്കുറവുണ്ട്. ഇത് പരിഹരിക്കേണ്ടതുണ്ടെന്നും വിദ്യാര്‍ത്ഥികള്‍ വ്യക്തമാക്കി.

ഐറിഷ് മലയാളി ന്യൂസ്     

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍  ചെയ്യുക  https://chat.whatsapp.com/GIyQ0yKn4MTDYghl03CtcD</a</a</a

Comments are closed.

error: Content is protected !!