നഴ്‌സിംഗ് മേഖലയില്‍ സമഗ്രമാറ്റം വരുത്താന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നു
വിദ്യാഭ്യാസ യോഗ്യതകള്‍ പരസ്പരം അംഗീകരിച്ച് വിദേശങ്ങളില്‍ ജോലി തേടാന്‍ അവസരം ഒരുങ്ങിയേക്കും.
ന്യൂഡല്‍ഹി: നഴ്‌സിംഗ് മേഖലയില്‍ സമഗ്രമാറ്റം വരുത്താന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നു. ഇതിന്റെ ഭാഗമായി വിദ്യാഭ്യാസ യോഗ്യതകള്‍ പരസ്പരം അംഗീകരിച്ച് വിദേശങ്ങളില്‍ ജോലി തേടാന്‍ അവസരം ഒരുക്കിയേക്കും.
വിദേശ ബിരുദധാരികള്‍ക്ക് ഇന്ത്യയില്‍ ജോലി ചെയ്യാന്‍ അനുമതി നല്‍കുന്നതിലൂടെ രാജ്യത്തെ നഴ്‌സുമാരുടെ കുറവ് പരിഹരിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ നീക്കമെന്നാണ് കരുതുന്നത്. ഇന്ത്യയില്‍ 1,000 ആളുകള്‍ക്ക് ഏകദേശം 1.7 പരിശീലനം ലഭിച്ച നഴ്‌സുമാരാണുള്ളത്. ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡമനുസരിച്ച് ഇത് നാലാണ്. മോശം തൊഴില്‍ സാഹചര്യങ്ങളും കുറഞ്ഞ ശമ്പളവുമാണ് ഇന്ത്യയില്‍ നിന്നുള്ള നഴ്സുമാരുടെ നാടുവിടലിന് കാരണമാകുന്നതെന്നാണ് സര്‍ക്കാര്‍ കരുതുന്നത്. ഈ പ്രശ്നങ്ങളെ പരിഹരിക്കുന്നതിന് നിയമഭേദഗതിയുള്‍പ്പടെയുള്ളവയാണ് കേന്ദ്രം പരിഗണിക്കുന്നത്.
ഇന്ത്യയുടെ ആരോഗ്യ സേവനരംഗത്തെ പരാധീനതകള്‍ കോവിഡ് പകര്‍ച്ചവ്യാധിയാണ് പുറത്തുകൊണ്ടുവന്നത്. നഴ്‌സുമാരുടെ രൂക്ഷമായ ക്ഷാമമാണ് ഈ രംഗത്തെ ഏറ്റവും വലിയ വെല്ലുവിളി. ഇത് പരിഹരിക്കുന്നതിന്റെ ഭാഗമായാണ് 1947ലെ ഇന്ത്യന്‍ നഴ്‌സിംഗ് കൗണ്‍സില്‍ നിയമം പരിഷ്‌കരിക്കാന്‍ ആലോചിക്കുന്നത്.
ഒപ്പം നഴ്സിംഗ് വിദ്യാഭ്യാസവും പരിഷ്‌കരിക്കപ്പെടേണ്ടതുണ്ട്. നിലവില്‍ ലൈസന്‍സ് നല്‍കുന്നതിനുള്ള നിയന്ത്രണം സംസ്ഥാന സര്‍ക്കാരിനാണ്. സംസ്ഥാന-കേന്ദ്ര നിയമങ്ങള്‍ തമ്മില്‍ വൈരുദ്ധ്യവുമുണ്ട്. പുതിയ നിയമത്തില്‍ ഈ പ്രശ്നവും പരിഹരിക്കാന്‍ ശ്രമമുണ്ടാകും.
വിദേശ നഴ്‌സുമാരെത്തും ഇന്ത്യയില്‍
നാഷണല്‍ നഴ്‌സിംഗ് ആന്‍ഡ് മിഡൈ്വഫറി കമ്മീഷന്‍ ബില്‍, 2020 പ്രകാരം വിദേശ നഴ്‌സുമാരെ സംസ്ഥാന നഴ്സിംഗ് കൗണ്‍സിലുകളില്‍ രജിസ്റ്റര്‍ ചെയ്യാന്‍ അനുവദിക്കും. നിലവില്‍ വിദേശ നഴ്‌സുമാര്‍ക്കും വിദേശ ബിരുദമുള്ള നഴ്‌സുമാര്‍ക്കും ഇന്ത്യയില്‍ ജോലി ചെയ്യാന്‍ അനുമതിയില്ല. ഇതിന്റെ ഭാഗമായി നഴ്‌സിംഗ് ബിരുദങ്ങള്‍ പരസ്പരം അംഗീകരിക്കുന്നതിനായി വിവിധ രാജ്യങ്ങള്‍ തമ്മില്‍ കരാറിലെത്തുന്നതിന് ചര്‍ച്ചകള്‍ നടന്നുവരികയാണെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.
ഇന്ത്യന്‍ നഴ്‌സുമാര്‍രുടെ വിദേശ തൊഴില്‍ സാധ്യതകള്‍ വര്‍ധിപ്പിക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. ഇതിനായി നഴ്‌സിംഗ് വിദ്യാര്‍ത്ഥികള്‍ക്ക് ജര്‍മ്മന്‍, ജാപ്പനീസ് തുടങ്ങിയ വിവിധ ഭാഷകള്‍ പഠിപ്പിക്കുന്നത് ഉള്‍പ്പെടെയുള്ള നിരവധി നടപടികളും പരിഗണനയിലാണ്.
33,000 വിദേശ നഴ്‌സിംഗ് വിദ്യാര്‍ത്ഥികള്‍ക്ക് അവസരം
നിയമത്തിലെ മാറ്റമനുസരിച്ച് ഇന്ത്യയില്‍ പഠിക്കാന്‍ ആഗ്രഹിക്കുന്ന ഏകദേശം 33,000 വിദേശ നഴ്‌സിംഗ് വിദ്യാര്‍ത്ഥികള്‍ക്ക് ഇവിടെ അവസരമൊരുങ്ങുമെന്നാണ് കരുതുന്നത്. ക്രിട്ടിക്കല്‍ കെയര്‍ റെസിഡന്‍സി പ്രോഗ്രാമില്‍ നഴ്‌സ് പ്രാക്ടീഷണേഴ്സ് (എന്‍പി) പോലുള്ള പുതിയ നഴ്‌സിംഗ് കോഴ്‌സുകള്‍ അവതരിപ്പിക്കാനും സര്‍ക്കാരിന് പദ്ധതിയുണ്ട്.
വിപുലമായ പരിശീലനത്തിനായി രജിസ്റ്റര്‍ ചെയ്ത നഴ്സുമാരാണ് എന്‍പിമാര്‍. മെഡിക്കല്‍ തീരുമാനമെടുക്കാനോ നിര്‍ദ്ദിഷ്ട നടപടിക്രമങ്ങള്‍ നടത്താനോ ഇവര്‍ക്ക് അധികാരമുണ്ടാകും. 1960 മുതല്‍ യുഎസിലും 1980 മുതല്‍ യുകെയിലും 1990മുതല്‍ ഓസ്‌ട്രേലിയയിലും 2010 മുതല്‍ നെതര്‍ലാന്‍ഡിലും ഇവര്‍ പ്രാക്ടീസ് ചെയ്യുന്നു.വിദേശ സര്‍വകലാശാലകളില്‍ നിന്നുള്ള നഴ്‌സിംഗ് ബിരുദധാരികള്‍ക്ക് എക്‌സിറ്റ് ടെസ്റ്റും നിര്‍ദ്ദേശിക്കുന്നു.
ജാപ്പനീസ് പഠിക്കാന്‍ അവസരം
ഇന്ത്യന്‍ നഴ്‌സുമാരെ വിദേശ ജോലികള്‍ക്ക് അനുയോജ്യരാക്കുന്നതിന്, ചില സ്ഥാപനങ്ങള്‍ ജാപ്പനീസ് പോലുള്ള ഭാഷകള്‍ പഠിപ്പിക്കുന്ന ബ്രിഡ്ജ് കോഴ്‌സുകളും ആരംഭിച്ചിട്ടുണ്ട്.
വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ നഴ്‌സിംഗ് കോളേജുകളില്‍ ജാപ്പനീസ് പഠിപ്പിക്കാനും നിര്‍ദ്ദേശമുണ്ടെന്ന് ഐഎന്‍സി അറിയിച്ചു. സിംഗപ്പൂരുമായി ഇതിനകം എംആര്‍എ കരാര്‍ ഒപ്പുവെച്ചിട്ടുണ്ട്. അതനുസരിച്ച് ഇന്ത്യയില്‍ നിന്നുള്ള ഏഴ് നഴ്‌സിംഗ് കോളജുകളും സിംഗപ്പൂരില്‍ നിന്നുള്ള നാല് നഴ്‌സിങ് കോളജുകളും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ 15,000 നഴ്സുമാരെ യുകെയിലേക്ക്
അയയ്ക്കുന്നതിനായി ഇന്ത്യയ്ക്കായി ഒരു ടാസ്‌ക്ഫോഴ്‌സ് രൂപീകരിക്കുന്നതിനുള്ള നടപടികളും പുരോഗമിക്കുകയാണെന്നും അധികൃതര്‍ വ്യക്തമാക്കി.
നഴ്സിംഗ് ബിരുദങ്ങള്‍ പരസ്പരം അംഗീകരിക്കുന്ന സാഹചര്യത്തിനായി വിവിധ യൂറോപ്യന്‍ രാജ്യങ്ങളുമായും ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. എന്നാല്‍ ഇന്ത്യയിലേയ്ക്ക് നഴ്സുമാര്‍ എത്തുന്നതിനേക്കാള്‍, ഇന്ത്യന്‍ നഴ്സുമാര്‍ വിദേശങ്ങളില്‍ എത്താനാവും ഈ നയമാറ്റം കാരണമാവുക എന്ന ആക്ഷേപവും ഉയരുന്നുണ്ട്.
ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://chat.whatsapp.com/EWMkeqYm3IqDxMtAbZeiBG
Comments are closed.