ഡബ്ലിന്‍ :അയര്‍ലണ്ടിലെ കുടിയേറ്റക്കാരായ മലയാളികളില്‍ ബഹു ഭൂരിപക്ഷവും കേരളത്തിലെ കാര്‍ഷിക പാരമ്പര്യമുള്ള കുടുംബങ്ങളില്‍ നിന്നുള്ളവരാണ്.പശുവളര്‍ത്തലിനെ കുറിച്ചുള്ള അത്യാവശ്യം പരിജ്ഞാനമൊക്കെ ഇവരില്‍ പലര്‍ക്കുമുണ്ട്.
എങ്ങും പച്ചപുല്‍തകിടികള്‍ നിറഞ്ഞ അയര്‍ലണ്ടിന്റെ ഭൂപ്രകൃതിയില്‍ ഒരു ഉപതൊഴിലായി ഡയറി ഫാം ആരംഭിക്കാനുള്ള സാദ്ധ്യതകള്‍ ഒരിക്കലെങ്കിലും ആലോചിക്കാത്തവര്‍ ഇവിടുത്തെ മലയാളി കുടിയേറ്റക്കാരില്‍ കുറവായിരിക്കും.ലാഭകരമായിരിക്കുമോ ഇവിടെ ഡയറി ഫാം? ‘ഐറിഷ് മലയാളി’ നടത്തിയ കണ്ടെത്തലുകള്‍ ഇതാ:
ഡയറി ഫാമിംഗ് അയര്‍ലണ്ടില്‍ ലാഭകരമായ ഒരു ബിസിനസ് സംരംഭമാണോ? നല്ല വരുമാനവും സംതൃപ്തിയുമുള്ള ഒരു സംരംഭമാണെങ്കിലും വ്യക്തമായ ഹോം വര്‍ക്ക് നടത്തി പ്രാവര്‍ത്തികമാക്കിയില്ലെങ്കില്‍ മെച്ചം കിട്ടാത്ത ഒരു സംരംഭം കൂടിയാണിതെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു.
ഡയറി ഫീല്‍ഡില്‍ നിന്നും വിജയം നേടിയവരുടെ അനുഭവങ്ങള്‍ ഉള്‍ക്കൊണ്ടായിരിക്കണം പുതിയ സംരംഭം തുടങ്ങേണ്ടത്. ഈ രംഗത്തെ വിദഗ്ധരുടെ അഭിപ്രായങ്ങള്‍ക്ക് ചെവികൊടുക്കുകയും വേണം. കുറഞ്ഞത് 70 പശുക്കളെങ്കിലും ഉണ്ടെങ്കില്‍ മാത്രമേ ഡയറി ഫാമിംഗ് ലാഭകരമാവുകയുള്ളുവെന്നാണ് വിദഗ്ധര്‍ പറയുന്നത്. അതില്‍ കുറവ് പശുക്കളുമായി ഫാം തുടങ്ങിയാല്‍ ഗുണകരമാകില്ലെന്നും ഇവര്‍ ഓര്‍മ്മിപ്പിക്കുന്നു.
കുറഞ്ഞത് 70 പശുക്കളുള്ള ഫാം ആലോചിച്ചാല്‍ മതി
60 പശുക്കളുള്ള ഫാമിന് സമ്പൂര്‍ണ്ണ ഉല്‍പ്പാദനത്തിലൂടെ സന്തുലിതമായ വരുമാനം കൈവരിക്കാന്‍ കഴിയാതെ വരുമെന്ന് ഇവര്‍ പറയുന്നു. 65 പശുക്കളുള്ള ഫാമിന് മാത്രമേ സമ്പൂര്‍ണ്ണ മിനിമം വയബിലിറ്റി ത്രെഷോള്‍ഡില്‍ എത്താനാകൂ. എന്നാല്‍ മറ്റെല്ലാ റിസ്‌ക് ഘടകങ്ങളും കണക്കിലെടുക്കുമ്പോള്‍, 70 പശുക്കളുള്‍പ്പെട്ടതായിരിക്കണം ഏറ്റവും കുറഞ്ഞ ഡയറി ഫാമെന്നാണ് വിലയിരുത്തപ്പെടുന്നത്.
എന്നിരുന്നാലും ഈ സംരംഭത്തിന്റെയും ആദ്യത്തെ കുറച്ച് വര്‍ഷങ്ങള്‍ വെല്ലുവിളി നിറഞ്ഞതായിരിക്കുമെന്നത് ഓര്‍മ്മയിലുണ്ടാകണം. എന്നാല്‍ നന്നായി മാനേജ്മെന്റ് ചെയ്തുകൊണ്ട് കാര്യങ്ങള്‍ ശരിയാക്കിയെടുക്കാനാകും.
വായ്പ കിട്ടും… ഒരു പശുവിന് പരമാവധി 2800 യൂറോ വരെ
ഒരു സ്റ്റാര്‍ട്ടപ്പ് പ്രോജക്റ്റ് എന്ന നിലയില്‍ ഒരു പശുവിന് ഏകദേശം 2,800 യൂറോ എന്ന നിരക്കില്‍ കടമെടുക്കാനാവും. സാധാരണഗതിയില്‍, ബാങ്കുകള്‍ ഈ നിലയില്‍ത്തന്നെയാണ് വായ്പാ ധനസഹായം നല്‍കുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ ക്ഷീര കര്‍ഷകന്‍ എന്ന നിലയിലുള്ള ട്രാക്ക് റെക്കോഡ് നിര്‍ണ്ണായകമാണ്.
ആദ്യത്തെ രണ്ടോ മൂന്നോ വര്‍ഷങ്ങളില്‍ പാല്‍ വിലയിലൂടെ സുസ്ഥിര വരുമാനം ലഭിക്കില്ല. അതിനാല്‍ ആദ്യ വര്‍ഷങ്ങളിലെ വരുമാനത്തിലെ കുറവ് നികത്താന്‍ ഫണ്ട് കണ്ടെത്തേണ്ടിവരും. എന്നാല്‍ അഞ്ചാം വര്‍ഷത്തോടെ, പാല്‍ മെച്ചപ്പെട്ട വരുമാനം നല്‍കും. കടമെടുക്കുന്നത് ഒരു പശുവിന് 2,800 യൂറോയില്‍ കൂടാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.
ഓരോ പശുവിനെയും വാങ്ങുമ്പോള്‍
ഫാമിലേയ്ക്ക് ഓരോ പശുവിനെയും അധികമായി വാങ്ങുമ്പോള്‍ അറ്റാദായത്തിലേക്ക് 1,000 യൂറോയെങ്കിലും കൂടുതലായെത്തുന്നുണ്ട് എന്നുറപ്പാക്കണമെന്ന് വിദഗ്ധര്‍ ഓര്‍മ്മിപ്പിക്കുന്നു.
ആദ്യ വര്‍ഷത്തില്‍ 3,15,000 ലിറ്റര്‍ ഉല്‍പ്പാദിപ്പിക്കാനാകും. അഞ്ചാം വര്‍ഷത്തില്‍ ഇത് 385,000 ലിറ്ററാകും.
ലിറ്ററിന് പ്രതീക്ഷിക്കുന്ന വില 32 സെന്റ് വരെയാണ്. ലോണ്‍ തിരിച്ചടവിനായി കണക്കുകൂട്ടുമ്പോള്‍ നിലവില്‍ ബാങ്കുകള്‍ പ്രതീക്ഷിക്കുന്ന പരമാവധി വിലയാണിത്.
പാര്‍ലര്‍ വേണം; മില്‍ക്കിംഗ് മെഷീനും
ഫാമിന്റെ ഭാഗമായി ഒരു പുതിയ പാര്‍ലറും സെക്കന്‍ഡ് ഹാന്‍ഡ് ബള്‍ക്ക് ടാങ്കിനൊപ്പം സെക്കന്‍ഡ് ഹാന്‍ഡ് 12 യൂണിറ്റ് മില്‍ക്കിംഗ് മെഷീനുമൊക്കെ സ്ഥാപിക്കണ്ടേി വരും. ഇതിന് ഗ്രാന്റ് സഹായമൊന്നും ലഭിക്കില്ല. അതിനാല്‍ തുടക്കത്തില്‍ 1,98,800 യൂറോ ഇതിനായും കടമെടുക്കുകയോ കണ്ടെത്തുകയോ വേണ്ടി വന്നേക്കാം. പതിനഞ്ച് വര്‍ഷത്തെ കാലയളവിലുള്ള ലോണുകള്‍ ലഭ്യമാണ്.
ഒന്ന് മുതല്‍ രണ്ട് വര്‍ഷം വരെ പ്രായമുള്ള കന്നുകാലികളില്‍ നിന്ന് ലഭിക്കുന്ന വരുമാനം ഉപയോഗിച്ച് വര്‍ക്കിംഗ് ക്യാപിറ്റല്‍ ലോണ്‍ ക്ലിയര്‍ ചെയ്യാനാകും. എന്നിരുന്നാലും കടം പരിമിതപ്പെടുത്തുന്നതിന് മൂലധന ചെലവ് കുറയ്ക്കുന്നതിന് വലിയ ഊന്നല്‍ നല്‍കേണ്ടതുണ്ടെന്നും വിദഗ്ധര്‍ ഉപദേശിക്കുന്നു.
ചുരുക്കത്തില്‍ അയര്‍ലണ്ടില്‍ പച്ച വിരിച്ച പാടങ്ങളും, ഇഷ്ടം പോലെ കാലി തീറ്റയുമൊക്കെ ലഭ്യമാണെങ്കിലും, കാലി വളര്‍ത്തല്‍ അത്ര ലാഭകരമായ ബിസിനസ് ഒന്നുമല്ലെന്ന് വിദഗ്ദര്‍ പറയുന്നു. എങ്കിലും നിശ്ചിത അളവിലെങ്കിലും ബൃഹത്തായ തോതില്‍ പ്രവര്‍ത്തിക്കുന്ന പതിനെണ്ണായിരം ഡയറി ഫാമുകള്‍ അയര്‍ലണ്ടിലുള്ളത് നഷ്ടത്തിലൊന്നുമല്ല താനും. ഇതിനൊപ്പം ഡയറി ഫാമിംഗ് പാരമ്പര്യത്തൊഴിലായും, ജീവിതോപാധിയായും സ്വീകരിച്ച മറ്റ് ആയിരക്കണക്കിന് കര്‍ഷകരാണ് അയര്‍ലണ്ടില്‍ ഇപ്പോഴുള്ളത്.
ദേശിയ കാലാവസ്ഥാ നയത്തിന്റെ ഭാഗമായി ഡയറി ഫാമുകളില്‍ കന്നുകാലികളുടെ എണ്ണം കുറയ്ക്കണമെന്ന് നിര്‍ദേശമുണ്ട്.അതിനുള്ള സാധ്യതകളും ഇപ്പോള്‍ രാജ്യത്തെ കര്‍ഷകര്‍ ചര്‍ച്ച ചെയ്യുന്നുണ്ട്.
ഡയറി ഫാമിംഗ് ഒരു ജീവിത ശൈലിയാണ് അയര്‍ലണ്ടിലെ ജനങ്ങള്‍ക്ക്. ഒരു പക്ഷെ ഇവിടുത്തെ കുടിയേറ്റക്കാര്‍ക്കും പരീക്ഷിക്കാവുന്ന ഒരു ഉപ തൊഴിലായി ഡയറി ഫാമിംഗ് വളര്‍ന്നേക്കാം.അടുത്ത ദശകത്തിലെങ്കിലും…!
ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://chat.whatsapp.com/EWMkeqYm3IqDxMtAbZeiBG
Comments are closed.