head3
head1

മാലിന്യം നിയന്ത്രിക്കുന്നതിന് അയര്‍ലണ്ടില്‍ ഡെപ്പോസിറ്റ് റിട്ടേണ്‍ പദ്ധതിയ്ക്ക് തുടക്കമിട്ടു

ഡബ്ലിന്‍ : പുനരുപയോഗത്തിലൂടെ പാനിയ മാലിന്യം നിയന്ത്രിക്കുന്നതിനുള്ള രാജ്യവ്യാപക മണി ബാക്ക് പദ്ധതിക്ക് അയര്‍ലണ്ടില്‍ തുടക്കമായി.പാനിയങ്ങള്‍ വാങ്ങുന്നവരില്‍ നിന്നും പ്ലാസ്റ്റിക് കുപ്പികളും അലുമിനിയം ക്യാനുകളും തിരികെ വാങ്ങി പണം നല്‍കുന്നതാണ് പദ്ധതി.

പുനരുപയോഗം പ്രോല്‍സാഹിപ്പിച്ച് മാലിന്യത്തിന്റെ അളവ് കുറയ്ക്കുന്നതിനാണ് ഈ ഡെപ്പോസിറ്റ് റിട്ടേണ്‍ പദ്ധതിയിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.ഉപയോഗിച്ച പാനിയ കണ്ടെയ്നറുകള്‍ കേടുകൂടാതെ തിരികെ നല്‍കുന്നവര്‍ക്ക് ഡെപ്പോസിറ്റ് പണം തിരികെ ലഭിക്കും.തിരികെ നല്‍കാത്തവര്‍ക്ക് ഓരോ കണ്ടെയ്‌നറിനും 15മുതല്‍ 25 സെന്റ് വരെ നഷ്ടമാകും.വഴിയോരങ്ങളിലും ബീച്ചുകളിലും മറ്റും വലിച്ചെറിയുന്ന പ്ലാസ്റ്റിക്ക് കുപ്പികളും മറ്റും ഇത്തരത്തില്‍ തിരികെ എത്തിക്കും.ഇവയെ പുതിയ കണ്ടെയ്നറുകളും ക്യാനുകളുമാക്കി മാറ്റുന്നതിനാണ് ഉദ്ദേശ്യം.

യൂറോപ്പിലെ 15 രാജ്യങ്ങളടക്കം ലോകമെമ്പാടുമുള്ള 40 രാജ്യങ്ങളില്‍ സമാനമായ ഡെപ്പോസിറ്റ് റിട്ടേണ്‍ സ്‌കീം വിജയകരമായി നടപ്പാക്കിയിട്ടുണ്ട്.ശരാശരി ഇയുവിലാകെ 92% കണ്ടെയ്നറുകളും റിട്ടേണ്‍ ചെയ്യുന്നുണ്ട്.

പദ്ധതിയുടെ ഭാഗമായി റീ-ടേണ്‍ ലോഗോ സ്റ്റാമ്പ് ചെയ്ത പാനിയങ്ങളുടെ വിലയോടൊപ്പം റീഫണ്ടബിള്‍ ഫീസ് കൂടി ഉപഭോക്താക്കളില്‍ നിന്നും വാങ്ങും. 500 മില്ലി വരെയുള്ള പാനിയങ്ങള്‍ക്ക് 15 സെന്റും അതില്‍ കൂടുതലുള്ളവയ്ക്ക് 25 സെന്റുമാണ് ഡെപ്പോസിറ്റായി വാങ്ങുക.

ഇതിന് മുന്നോടിയായി 1,800ലേറെ ഈ മെഷീനുകള്‍ രാജ്യത്തെമ്പാടുമുള്ള ഷോപ്പുകളില്‍ സ്ഥാപിച്ചു.200 ചെറുകിട കട ഉടമകള്‍ മാനുവലായും സ്‌കീം നടപ്പാക്കും. ഡ്രിങ്ക് കണ്ടെയ്നറുകള്‍ റീട്ടെയില്‍ ഔട്ട്ലെറ്റുകളിലെ റിവേഴ്സ് വെന്‍ഡിംഗ് മെഷീനിലാണ് തിരികെ നല്‍കേണ്ടത്.

അയര്‍ലണ്ടില്‍ ഓരോ വര്‍ഷവും രണ്ട് ബില്യണ്‍ അലുമിനിയം ഡ്രിങ്ക് ക്യാനുകളും പ്ലാസ്റ്റിക് കുപ്പികളുമാണ് വിറ്റഴിയുന്നത്. ഇവയില്‍ 60% മാത്രമേ റീസൈക്ലിംഗിന് എത്തുന്നുള്ളു.ബാക്കിയുള്ളവ ഇന്‍സിനറേറ്ററുകളില്‍ കത്തിക്കപ്പെടുകയോ തെരുവുകളിലും തടാകങ്ങളിലും നദികളിലും റോഡുകളിലും വലിച്ചെറിയപ്പെടുകയോ ആണ് ചെയ്യുന്നത്. റീസൈക്ലിംഗ് നിരക്ക് 90% വരെ വര്‍ദ്ധിപ്പിക്കാന്‍ ഈ സ്‌കീമിലൂടെ സാധിക്കുമെന്നാണ് കരുതുന്നതെന്ന് സര്‍ക്കുലര്‍ ഇക്കണോമി വകുപ്പ് സഹമന്ത്രി ഒസിയാന്‍ സ്മിത്ത് പറഞ്ഞു.

കുറഞ്ഞ സമയത്തിനുള്ളില്‍ സങ്കീര്‍ണ്ണമായ പുതിയ സംവിധാനം ഏറ്റെടുക്കാന്‍ രാജ്യത്തെ വ്യാവസായിക നേതൃത്വം കാട്ടിയ സന്നദ്ധത എടുത്തുപറയേണ്ടതാണെന്ന് മന്ത്രി സ്മിത്ത് പറഞ്ഞു.ലോക്കല്‍ ബിസിനസ്സുകള്‍ക്കും കമ്മ്യൂണിറ്റികള്‍ക്കും എല്ലാ പിന്തുണയും മന്ത്രി വാഗ്ദാനം ചെയ്തു.

രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട ട്രാന്‍സ്ഫോര്‍മേറ്റീവ് സര്‍ക്കുലര്‍ ഇക്കോണമി പദ്ധതിയാണ് ഇതെന്ന് സ്‌കീം ഓപ്പറേറ്റ് ചെയ്യുന്ന റീ-ടേണ്‍ കമ്പനി ചീഫ് എക്സിക്യൂട്ടീവ് സിയാരന്‍ ഫോളി പറഞ്ഞു.പദ്ധതി റീസൈക്ലിംഗ് നിരക്ക് വര്‍ദ്ധിപ്പിക്കും. മാലിന്യങ്ങളും ഉദ്ഗമനവും കുറയ്ക്കും-അദ്ദേഹം പറഞ്ഞു.

ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.com/GIyQ0yKn4MTDYghl03CtcD

Comments are closed.