head3
head1

അയര്‍ലണ്ടിന്റെ ജനപ്രിയ നേതാവ് ജോണ്‍ ബ്രൂട്ടന് (76) രാജ്യം ഹൃദയപൂര്‍വ്വം വിട നല്‍കി

ഡബ്ലിന്‍ : അയര്‍ലണ്ടിന്റെ ജനപ്രിയ നേതാവും മുന്‍ പ്രധാനമന്ത്രിയും ഫിനഗേല്‍ ലീഡറുമായ ജോണ്‍ ബ്രൂട്ടന് (76) രാജ്യം ആദരവോടെ വിടനല്‍കി.ദീര്‍ഘകാലമായി രോഗശയ്യയിലായിരുന്ന ഇദ്ദേഹം ചൊവ്വാഴ്ച പുലര്‍ച്ചെയാണ് അന്തരിച്ചത്.ഡബ്ലിനിലെ മാറ്റര്‍ പ്രൈവറ്റ് ആശുപത്രിയിലായിരുന്നു അന്ത്യം.

ജോണ്‍ ബ്രൂട്ടന്റെ സംസ്‌കാരം ഇന്നലെ രാവിലെ മീത്തിലെ ഡണ്‍ബോയ്‌നിലെ സെന്റ് പീറ്റേഴ്‌സ് ആന്‍ഡ് പോള്‍സ് പള്ളിയില്‍ നടന്നു.പ്രിയ നേതാവിന് വിട നല്‍കാന്‍ വന്‍ ജനസഞ്ചയമാണ് മീത്തിലെ ദേവാലയത്തിലേയ്ക്ക് ഒഴുകിയെത്തിയത്.പള്ളി നിറഞ്ഞെത്തിയ ജനതതി ദേവാലയ പരിസരവും ജനസാഗരമായി.

ബ്രൂട്ടന്റെ ശവമഞ്ചവും വഹിച്ചുകൊണ്ടുള്ള രണ്ട് കിലോമീറ്ററോളം നീണ്ട യാത്രയിലും ജനസഹസ്രങ്ങള്‍ സംബന്ധിച്ചു.പ്രധാനമന്ത്രി ലിയോ വരദ്കര്‍ പ്രസിഡന്റ് മീഹോള്‍ ഡി ഹിഗ്ഗിന്‍സ്, നോര്‍ത്തേണ്‍ അയര്‍ലണ്ട് ഫസ്റ്റ് മിനിസ്റ്റര്‍ മിഷേല്‍ ഒ നീല്‍ എന്നിവരുള്‍പ്പെടെ നിരവധി രാഷ്ട്രീയനേതാക്കള്‍ ശവസംസ്‌കാര ചടങ്ങില്‍ പങ്കെടുത്തു.

ബ്രൂട്ടന്റെ ഭാര്യ ഫിനോള, മക്കളായ മാത്യു, ജൂലിയാന, എമിലി, മേരി-എലിസബത്ത്, കൊച്ചുമക്കളും സഹോദരനും ഫിന ഗേല്‍ നേതാവുമായ റിച്ചാര്‍ഡ് ബ്രൂട്ടണ്‍ എന്നിവരും ചടങ്ങിനെത്തിയിരുന്നു.

ടി ഡിയായും മന്ത്രിയായും പ്രധാനമന്ത്രിയായും മികവു തെളിയിച്ച രാഷ്ട്രതന്ത്രജ്ഞനായിരുന്നു ജോണ്‍ ബ്രൂട്ടണ്‍.1990 മുതല്‍ 2001 വരെ ഫിനഗേലിന്റെ ലീഡറായിരുന്നു ബ്രൂട്ടണ്‍.1994 ഡിസംബര്‍മുതല്‍ 1997 ജൂണ്‍ വരെ ലേബറും ഡെമോക്രാറ്റിക് ഇടതുപക്ഷവുമൊന്നിച്ച മഴവില്ല് സഖ്യത്തിന്റെ പ്രധാനമന്ത്രിയായി.പിന്നീട് 2004 നും 2009 നും ഇടയില്‍ യുഎസിലെ യൂറോപ്യന്‍ യൂണിയന്റെ അംബാസഡറായും സേവനമനുഷ്ഠിച്ചു.

ജോണ്‍ ബ്രൂട്ടണ്‍ മികച്ച മാതൃക

ഫിനഗേല്‍ നേതാവും പ്രധാനമന്ത്രിയുമായ ലിയോ വരദ്കര്‍ ബ്രൂട്ടന്റെ കുടുംബത്തെ അനുശോചനമറിയിച്ചു.പ്രിയനേതാവിന് ആദരാഞ്ജലികളും അര്‍പ്പിച്ചു.സ്നേഹമായിരുന്നു ജോണ്‍ ബ്രൂട്ടനെന്ന് ലിയോ വരദ്കര്‍ അനുസ്മരിച്ചു.

കുടുംബത്തെയും കൗണ്ടിയേയും രാഷ്ട്രീയത്തേയും പാര്‍ട്ടിയേയും രാജ്യത്തേയും അകമഴിഞ്ഞ് ഒരു പോലെ സ്്നേഹിച്ചയാളായിരുന്നു.യുവ നേതാവെന്ന നിലയില്‍ തനിക്ക് ബ്രൂട്ടന്‍ നല്‍കിയ പിന്തുണ വളരെ വലുതായിരുന്നു.മുന്നണി സര്‍ക്കാരിനെ എങ്ങനെ നയിക്കണമെന്നതടക്കമുള്ള കാര്യങ്ങളില്‍ മികച്ച മാതൃകയായിരുന്നു ബ്രൂട്ടണെന്നും വരദ്കര്‍ ഓര്‍മ്മിച്ചു.

‘ആത്മാര്‍ത്ഥതയോടെയും യഥാര്‍ഥ്യ ബോധത്തോടെയുമാണ് ജോണ്‍ ബ്രൂട്ടണ്‍ അയര്‍ലണ്ടിനെ സ്നേഹിച്ചത്.മറ്റുള്ളവരോടുള്ള ഇഷ്ടക്കേടോ ഭീതിയോ അതിലുണ്ടായിരുന്നില്ല.പ്രശ്‌ന കാലത്ത് യു കെയുമായി ചര്‍ച്ച നടത്തുന്നതില്‍ മുന്‍ പ്രധാനമന്ത്രിയെന്ന നിലയില്‍ വഹിച്ച പങ്ക് നിര്‍ണ്ണായകമായിരുന്നു. എല്ലാ ഐഡന്റിറ്റികളും ആദരിക്കപ്പെടുന്ന ഒരു ദ്വീപായിരിക്കണം അയര്‍ലണ്ടെന്ന് അദ്ദേഹം ആത്മാര്‍ത്ഥമായി ആഗ്രഹിച്ചു.താന്‍ ഒരു യൂണിയനിസ്റ്റായി മാറിയെന്നും ബ്രൂട്ടണ്‍ വ്യക്തമാക്കിയിരുന്നു.അയര്‍ലണ്ടിനെ മികച്ച നിലയില്‍ മാറ്റിയെടുക്കാന്‍ ഇദ്ദേഹത്തിന് സാധിച്ചു’ വരദ്കര്‍ പറഞ്ഞു.

 

രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്കുള്ള പാഠ പുസ്തകം

ഗൂഢ ലക്ഷ്യങ്ങളില്ലാത്ത ജോണ്‍ ബ്രൂട്ടനെന്ന രാഷ്ട്രീയ നേതാവിന്റെ ജീവിതം വരും തലമുറയ്ക്കുള്ള ഒരു പാഠ പുസ്തകമാണെന്ന് ദേവാലയത്തിൽ അനുസ്‌മരണ പ്രസംഗം നടത്തിയ  ഫാ. ബ്രൂസ് ബ്രാഡ്‌ലി അനുസ്മരിച്ചു.’ ‘സത്യസന്ധതയും പ്രതിബദ്ധതയുമുള്ള രാഷ്ട്രീയ നേതാവായിരുന്നു ജോണ്‍ ബ്രൂട്ടന്‍.മാന്യനായിരുന്നു. ക്ഷമയും സഹിഷ്ണുതയുമായിരുന്നു ഇദ്ദേഹത്തിന്റെ ജീവിത ശൈലി.ഒപ്പം വിശ്വാസത്തില്‍ അടിയുറച്ചു നിന്ന കത്തോലിക്കനായിരുന്നു. ഇങ്ങനെയൊക്കെയേ ജോണ്‍ ബ്രൂട്ടനെ വായിച്ചെടുക്കാനാവൂ. ആരോടും പകയോ വിദ്വേഷമോ വച്ചു പുലര്‍ത്തിയില്ല”

രാജ്യത്ത് സമാധാനത്തിന് വിത്ത് പാകിയവരില്‍ ഒരാളായിരുന്നു ജോണ്‍ ബ്രൂട്ടനെന്ന് ഫാ. പാട്രിക് ഒ കോണര്‍ പറഞ്ഞു.

ഐറിഷ് മലയാളി ന്യൂസ്     

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍  ചെയ്യുക  https://chat.whatsapp.com/GIyQ0yKn4MTDYghl03CtcD

Comments are closed.