head3
head1

അന്താരാഷ്ട്ര നഴ്‌സസ് ദിനം മെയ് 12 : ആതുരസേവനത്തിന് ജീവിതം സമര്‍പ്പിച്ചവരെ അംഗീകരിക്കാം… ആദരിക്കാം….

ധുനിക നഴ്സിംഗിന്റെ ഉപജ്ഞാതാവായി വിശേഷിപ്പിക്കുന്ന ഫ്ളോറന്‍സ് നൈറ്റിങ്ഗേലിന്റെ ജന്മദിനമായ മെയ് 12 അന്താരാഷ്ട്ര നഴ്സസ് ദിനമായി ആചരിക്കുന്നു. 1965 മുതല്‍ ഇന്റര്‍നാഷണല്‍ കൗണ്‍സില്‍ ഓഫ് നഴ്സസ് (ഐ.സി.എം) ഈ ദിനം ആചരിച്ചു വന്നിരുന്നുവെങ്കിലും 1974ല്‍ ആണ് ഈ ദിനം അന്താരാഷ്ട്ര നഴ്സസ് ദിനം ആയി ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

ലോകമെമ്പാടും മെയ് 6 മുതല്‍ 12 വരെ നഴ്സസ് വാരമായും 12 അന്താരാഷ്ട്ര നഴ്സസ് ദിനമായും ആചരിക്കുന്നു.നഴ്സിംഗ് സമൂഹം ലോകത്തിനു നല്‍കുന്ന സേവനങ്ങളെ അംഗീകരിക്കുന്നതിനാണ് ഈ ദിനം ആചരിക്കുന്നത്.

നമ്മുടെ നഴ്‌സുമാര്‍, നമ്മുടെ ഭാവി

അന്താരാഷ്ട്ര നഴ്‌സസ് ദിനത്തിന് മുന്നോടിയായി ‘നമ്മുടെ നഴ്‌സുമാര്‍, നമ്മുടെ ഭാവി’ എന്ന ഐ സി എന്നിന്റെ പുതിയ റിപ്പോര്‍ട്ട് മേയ് എട്ടിന് പ്രകാശനം ചെയ്തു.ഈ വര്‍ഷത്തെ അന്താരാഷ്ട്ര നഴ്സസ് ദിനത്തിന്റെ പ്രമേയം ‘Our Nurses. Our Future. The economic power of care.’ എന്നതാണ്.

നഴ്സിംഗ് മേഖലയില്‍ നടത്തുന്ന നിക്ഷേപങ്ങള്‍, സാമ്പത്തികമായും സാമൂഹികപരമായും ആരോഗ്യമേഖലയെ എങ്ങനെ ഊര്‍ജിതമാക്കുന്നു എന്നതാണ് ഈ പ്രമേയത്തിന്റെ ഉള്ളടക്കം.പ്രൈമറി കെയര്‍ നഴ്സിംഗ് മേഖല ശക്തിപ്പെടുത്തുന്നതുിലൂടെ 2030ഓടെ ആഗോള ആയുര്‍ദൈര്‍ഘ്യം 3.7 വര്‍ഷം വര്‍ദ്ധിപ്പിക്കാനും സാര്‍വത്രിക ആരോഗ്യ പരിരക്ഷ (Universal Health Coverage) കൈവരിക്കാനും സഹായകമാകുമെന്ന് റിപ്പോര്‍ട്ട് എടുത്തുപറയുന്നു.

എന്നിരുന്നാലും, സാര്‍വത്രിക ആരോഗ്യ പരിരക്ഷ നേടുന്നതിന് നഴ്സിംഗിന്റെ എല്ലാ മേഖലകളിലും കാര്യമായ നിക്ഷേപം ആവശ്യമാണെന്ന് കൗണ്‍സില്‍ ചൂണ്ടിക്കാട്ടുന്നു. ഒരോ രാജ്യത്തും 10,000 ജനസംഖ്യയ്ക്ക് 70 നഴ്‌സുമാര്‍ എന്ന അനുപാതം ആവശ്യമാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

ഫ്ളോറന്‍സ് നൈറ്റിങ്ഗേല്‍

ഇറ്റലിയിലെ ഫ്ളോറെന്‍സില്‍ ഫ്രാന്‍സിസ് നൈറ്റിങ്ഗേലിന്റെയും വില്യം നൈറ്റിങ്ഗേലിന്റെയും മകളായി 1820 മെയ് 12ന് ഫ്ളോറന്‍സ് നൈറ്റിങ്ഗേല്‍ ജനിച്ചു. ബ്രിട്ടനും ഫ്രാന്‍സും ചേര്‍ന്ന് റഷ്യക്ക് എതിരായി 1854ല്‍ ക്രിമിയന്‍ യുദ്ധം ഉണ്ടായപ്പോള്‍ മുറിവേറ്റ പട്ടാളക്കാരെ ശുശ്രുഷിക്കാന്‍ യുദ്ധ തലവന്‍ സിഡ്നി ഹെര്‍ബെര്‍ട് നൈറ്റിങ്ഗേലിനെ ചുമതലപ്പെടുത്തി.

ഇവരുടെ ജീവിതത്തില്‍ വഴിത്തിരിവായതും ഈ യുദ്ധ കാലത്തെ പ്രവര്‍ത്തനങ്ങളാണ്. മുറിവേറ്റതും ക്ഷീണിതരുമായ പട്ടാളക്കാരെ നിരീക്ഷിക്കാന്‍ രാത്രികാലങ്ങളില്‍ കത്തിച്ച റാന്തലും ആയി എത്തുമായിരുന്ന നൈറ്റിങ്ഗേലിനെ യോദ്ധാക്കള്‍ ‘വിളക്കേന്തിയ വനിത’ എന്ന് വിശേഷിപ്പിച്ചു.

യോദ്ധാക്കളിലെ മരണ കാരണങ്ങളെപ്പറ്റി അവര്‍ കൃത്യമായ ഗവേഷണം നടത്തി. യുദ്ധത്തിലേറ്റ മുറിവുകളല്ല, മറിച്ചു പട്ടാളക്കാരുടെ ശുശ്രൂഷാ കേന്ദ്രങ്ങളിലെ വൃത്തിക്കുറവും അണുബാധയുമാണ് പ്രധാന മരണകാരണം എന്നവര്‍ കണ്ടു പിടിച്ചു.

1860ല്‍ പ്രൊഫഷണല്‍ നഴ്സിംഗ് വിദ്യാഭ്യാസത്തിനു തുടക്കം കുറിച്ച് കൊണ്ട് ലണ്ടനിലെ സെയ്ന്റ് തോമസ് ആശുപത്രിയില്‍ അവര്‍ നഴ്സിംഗ് സ്‌കൂള്‍ സ്ഥാപിച്ചു. ഇത് ലോകമെമ്പാടും നഴ്സിംഗ് വിദ്യാഭ്യാസത്തിനു പുത്തന്‍ ഉണര്‍വ് നല്‍കി. 1907ല്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ ഓര്‍ഡര്‍ ഓഫ് മെറിറ്റ് നല്‍കി ഇവരെ ആദരിച്ചു.

ആധുനിക നഴ്സിംഗിന് രാജ്യാന്തര തലത്തില്‍ പുതിയ മുഖച്ഛായ നല്‍കാനും പ്രൊഫഷണല്‍ നഴ്സിംഗ് വിദ്യാഭ്യാസത്തിനു ഒരു അടിസ്ഥാന ഘടന നല്‍കാനും ഇവര്‍ക്കു സാധിച്ചു. 1910 ഓഗസ്റ്റ് 13ന് തൊണ്ണൂറാമത്തെ വയസ്സില്‍ ബ്രിട്ടനിലെ വസതിയില്‍ അവര്‍ അന്തരിച്ചു.

ഇന്ന് ലോകമെമ്പാടും തൊഴില്‍ വലിയ സാധ്യതയുള്ള ഒരു മേഖലയാണ് നഴ്സിംഗ്. ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍  പ്രകാരം ആരോഗ്യമേഖലയിലെ അന്പത്തിയൊന്‍പത് ശതമാനം  പ്രൊഫഷണലുകളും നഴ്‌സുമാര്‍ ആണ്. എന്നിരുന്നാല്‍ തന്നെയും ഇന്ന് ലോകത്താകമാനം നഴ്‌സുമാരുടെ ഗണ്യമായ കുറവുണ്ട്. രണ്ടായിരത്തി മുപ്പത്തോടെ  ലോകത്തില്‍ പത്തു ദശലക്ഷം നഴ്സുമാരുടെ ദൗര്‍ലഭ്യം ഉണ്ടാകുമെന്നാണ് ലോകാരോഗ്യ സംഘടന  കണക്കാക്കുന്നത്.

അയര്‍ലണ്ടും നഴ്‌സിങ്ങും

അയര്‍ലണ്ടില്‍ ജോലിയെടുക്കുന്ന നഴ്സുമാരില്‍ വലിയൊരു ശതമാനം ഇന്ത്യന്‍ വംശജരും, അതില്‍ തന്നെ ഏറ്റവും കൂടുതല്‍  മലയാളികളും ആണ്.

രോഗികള്‍ക്ക് മികച്ച ചികിത്സയും,പരിചരണവും ലഭ്യമാക്കുകയും ആരോഗ്യകരമായ ജീവിതം നയിക്കാന്‍ അവരെ പ്രാപ്തരാക്കുകയും ചെയ്യുന്നതില്‍ മുഖ്യപങ്കു വഹിക്കുന്നത് നഴ്‌സുമാരാണ്. ഒരു നഴ്സ് എന്ന നിലയില്‍ കരിയര്‍ വികസിപ്പിക്കാന്‍ നിരവധി
അവസരങ്ങള്‍ അയര്‍ലണ്ടില്‍ ഉണ്ട്. ക്ലിനിക്കല്‍ പ്രാക്ടീസ്, മാനേജ്‌മെന്റ് ജോലികള്‍, വിദ്യാഭ്യാസ രംഗം, ഗവേഷണം എന്നിങ്ങനെ അഭിരുചിക്കനുസരിച്ചു ഒരു നഴ്സിന് തന്റെ പ്രവര്‍ത്തന മേഖല തിരഞ്ഞെടുക്കുവന്‍ സാധിക്കും. ഈ എല്ലാ മേഖലകളിലും മേഖലകളിലും നമ്മുടെ നഴ്സുമാര്‍ അവരുടെ പ്രാവീണ്യം തെളിയിച്ചിട്ടുണ്ട് എന്നുള്ളതില്‍ നമുക്ക് അഭിമാനിക്കാം.

ക്ലിനിക്കല്‍ പ്രാക്ടീസ് മേഖലയില്‍ നഴ്‌സിംഗ് ഹോമുകള്‍, പാലിയേറ്റീവ് കെയര്‍ സെന്ററുകള്‍, സൈക്യാട്രി, മെഡിക്കല്‍, സര്‍ജിക്കല്‍ വിഭാഗങ്ങള്‍, പീഡിറ്ററിക് , മറ്റേര്‍ണിറ്റി യൂണിറ്റുകള്‍ എന്നിങ്ങനെ എല്ലാ തൊഴിലിടങ്ങളിലും ഇന്ന് മലയാളി സാന്നിധ്യം ഉണ്ട്.

ആരോഗ്യമേഖലയ്ക്കും പൊതു സമൂഹത്തിനും വേണ്ടി അശ്രാന്തമായി ജോലി ചെയ്യുന്ന നഴ്സുമാരുടെ സംഭാവനകളെ ഈ  നഴ്‌സസ് ദിനത്തില്‍ നമുക്ക് ആദരിക്കാം. സ്വന്തം ജീവനെയും ജീവിതത്തെയും അവഗണിച്ച് സേവനസന്നദ്ധരാവുകയാണ് ലോകമെമ്പാടുമുള്ള ഓരോ നഴ്‌സുമാരും. അങ്ങനെ ലോകത്തിന്റെ ആരോഗ്യസംരക്ഷണ സംവിധാനത്തിന്റെ നട്ടെല്ലായി നഴ്‌സിംഗ് സമൂഹം മാറുന്നു. നിസ്തുലമായ ഒട്ടേറെ സേവന മുഹൂര്‍ത്തങ്ങള്‍ ലോകത്തിന് സമ്മാനിച്ചു കൊണ്ട്, അവരറിയാതെ തന്നെ അവരുടെ സേവനം ചരിത്രം ഏറ്റുവാങ്ങുന്നു. ഓരോ വര്‍ഷവും ഈ ഏറ്റെടുക്കലിനെ ലോകം ആദരിക്കുന്നു, അനുസ്മരിക്കുന്നു, അംഗീകരിക്കുന്നു.

അന്താരാഷ്ട്ര നഴ്സസ് ദിനത്തില്‍ എല്ലാ നഴ്സുമാര്‍ക്കും നമുക്ക് ആദരമര്‍പ്പിക്കാം

-ഡോക്ടര്‍ വിഷ്ണു രഞ്ജിത്

(അയര്‍ലണ്ടിലെ റോയല്‍ കോളേജ് ഓഫ് സര്‍ജന്‍സില്‍, നഴ്സിംഗ് വിഭാഗം അദ്ധ്യാപകനും ഗവേഷകനുമാണ് ഡോക്ടര്‍ വിഷ്ണു രഞ്ജിത്

ഐറിഷ് മലയാളി ന്യൂസ്     

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍  ചെയ്യുക  https://chat.whatsapp.com/GIyQ0yKn4MTDYghl03CtcD</a</a</a

Comments are closed.

error: Content is protected !!