വിദേശ യാത്രയും ജോലിയും ആഗ്രഹിക്കുന്ന യുവാക്കളെ ആകര്‍ഷിക്കാന്‍ 10 യൂറോ യാത്രാ പദ്ധതിയുമായി ഓസ്‌ട്രേലിയ
കാന്‍ബറ : രാജ്യത്തെ വിദഗ്ധ തൊഴിലാളികളുള്‍പ്പടെയുള്ളവരുടെ ക്ഷാമം പരിഹരിക്കുന്നതിന് ഹോളിഡേ മേക്കര്‍മാരെ ആകര്‍ഷിക്കാനായി പത്ത് യൂറോ യാത്രാ പദ്ധതിയുമായി ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍. വെറും പത്ത് യൂറോയില്‍ ഓസ്ട്രേലിയയ്ക്ക് പറക്കാനാണ് യുവജനങ്ങള്‍ക്ക് അവസരം നല്‍കുന്നത്.
വിദേശ യാത്രയും ജോലിയും ആഗ്രഹിക്കുന്ന യുവാക്കളെയും പ്രാദേശിക ടൂറിസം വ്യവസായത്തെയും പ്രോല്‍സാഹിപ്പിക്കുന്നതിനാണ് ഈ സ്‌കീമെന്ന് സൗത്ത് ഓസ്‌ട്രേലിയന്‍ ടൂറിസം മന്ത്രി സോ ബെറ്റിസണ്‍ പറഞ്ഞു.
40 വര്‍ഷം മുമ്പ് നിലച്ചു പോയ ഓസ്‌ട്രേലിയയുടെ അസിസ്റ്റഡ് പാസേജ് മൈഗ്രേഷന്‍ സ്‌കീം അഥവാ പത്ത് പൗണ്ട് പ്രോഗ്രാമിനെ അനുസ്മരിപ്പിക്കുന്ന ഈ പദ്ധതി സൗത്ത് ഓസ്‌ട്രേലിയന്‍ ടൂറിസം കമ്മീഷന്‍ (എസ് എ ടി സി) ആണ് നടപ്പിലാക്കുന്നത്.
18നും 35നുമിടയില്‍ പ്രായമുള്ള ഐറിഷ് /ബ്രിട്ടീഷ് പൗരന്മാര്‍ക്കാണ് പദ്ധതി പറക്കാന്‍ അവസരം നല്‍കുന്നത്. മേയ് മാസത്തില്‍ വില്‍പ്പന ആരംഭിക്കുന്ന 10 യൂറോ റിട്ടേണ്‍ ടിക്കറ്റുകള്‍ക്കായി ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം. വര്‍ക്കിംഗ് ഹോളിഡേ വിസയുള്ളവരും ഈ വര്‍ഷം സെപ്തംബര്‍ 30ന് മുമ്പ് യാത്ര ചെയ്യാന്‍ സന്നദ്ധമായവരുമായിരിക്കണം അപേക്ഷകര്‍.
അയര്‍ലണ്ടില്‍ നിന്ന് അഡ്‌ലെയ്ഡിലേക്കാണ് 10 യൂറോ നിരക്കില്‍ യാത്ര സാധ്യമാക്കുന്നത്. 10 യൂറോ നിരക്കില്‍ 200 റിട്ടേണ്‍ ഫ്ളൈറ്റുകളാണ് പദ്ധതിയില്‍ ലഭ്യമാക്കുന്നത്. ട്രയല്‍ ഫൈന്‍ഡറുകള്‍ വഴി ഖത്തര്‍ എയര്‍വേയ്‌സ് ഫ്ളൈറ്റുകളിലാകും യാത്ര.
താമസ സൗകര്യങ്ങളും മറ്റും ഒരുക്കുന്നതിന് ടാക്സ് ഫയല്‍ നമ്പറും ബാങ്ക് അക്കൗണ്ടും ആക്‌സസ്സ് ചെയ്യുന്നതിന് സ്റ്റാര്‍ട്ടര്‍ പാക്കും വാങ്ങേണ്ടതുണ്ട്. ട്രെയില്‍ ഫൈന്‍ഡറിന്റെ ത്രീ-നൈറ്റ് സ്റ്റാര്‍ട്ടര്‍ പായ്ക്കുകള്‍ക്ക് 171/218 യൂറോയാണ് ചാര്‍ജ്ജ്.
സ്‌കീമിലെ വിസകള്‍ വേഗത്തില്‍ത്തന്നെ പ്രോസസ്സ് ചെയ്യും. 10 യൂറോ ടിക്കറ്റ് നഷ്ടപ്പെടുന്നവര്‍ക്ക് മേയ് പകുതിയോടെ അഡ്‌ലെയ്ഡിലേക്കുള്ള പ്രത്യേക ഫോളോ-അപ്പ് നിരക്കും പ്രയോജനപ്പെടുത്താമെന്ന് ടൂറിസം കമ്മീഷന്‍ അറിയിച്ചു. ഓസ്‌ട്രേലിയയിലേക്കുള്ള യാത്രക്കാര്‍ വാക്‌സിനേഷന്റെ തെളിവ് നല്‍കേണ്ടതുണ്ട്. എന്നാല്‍ പുറപ്പെടുന്നതിന് മുമ്പുള്ള നെഗറ്റീവ് പരിശോധനാ ഫലം ആവശ്യമില്ല.
പദ്ധതിയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക്: http://southaustralia.com/
ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://chat.whatsapp.com/Jbj00KGFL5E62rFCZBEP1x
Comments are closed.