head3
head1

പി യൂപി കിട്ടും ,പക്ഷെ  ജീവിക്കുന്ന രക്തസാക്ഷികളെ സൃഷ്ടിച്ച് കോവിഡ്

കോവിഡ് പിയുപി കൊണ്ടുമാത്രം ജീവിക്കുന്ന ലക്ഷക്കണക്കായ ആളുകള്‍… അവരുടെ പ്രതിനിധികളായ ചിലരെ പരിചയപ്പെടാം… അവരുടെ നിശ്ശബ്ദമായ നിലവിളികള്‍ക്ക് ചെവികൊടുക്കാം…

ഡബ്ലിന്‍ : കോവിഡ് -19 പ്രതിസന്ധിയിലാക്കിയ ആളുകളെ സഹായിക്കാന്‍ പിയുപിയുള്‍പ്പടെയുള്ള സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ലഭിക്കുമെങ്കിലും അത് തൊഴില്‍രഹിതരുടെ ജീവിതത്തിലുണ്ടാക്കുന്ന സാമൂഹിക പ്രത്യാഘാതങ്ങള്‍ ചെറുതല്ലെന്ന് പഠനം.

.ജീവിക്കുന്ന രക്തസാക്ഷികളെ സൃഷ്ടിച്ചുകൊണ്ടാണ് കോവിഡ് മുന്നോട്ടുപോകുന്നത്.പിയുപിയുടെ പേരില്‍ ലഭിക്കുന്ന നാമമാത്രമായ തുക കൊണ്ട് ജീവിതം കരുപിടിപ്പിക്കാന്‍ പാടുപെടുന്നവര്‍. അവര്‍ക്ക് ഭാവിയുണ്ടോയെന്ന് പോലും ഇനിയും വ്യക്തമാക്കേണ്ടി വരുന്നു.ഇത്തരത്തിലുള്ള ആയിരങ്ങളുണ്ട് അയര്‍ലണ്ടിലും ;ലോകത്തെമ്പാടും.അവരുടെ വേദനകള്‍ ,പ്രശ്നങ്ങള്‍, വിഷമതകള്‍… ഇവയൊന്നും ചര്‍ച്ചയാകാതെ പോവുകയാണ്. കാരണം കോവിഡ് ഉയര്‍ത്തുന്ന വെല്ലുവിളികള്‍ അതിനെയെല്ലാം നിശ്ശബ്ദമാക്കുന്നു.

പാന്‍ഡെമിക് തൊഴിലില്ലായ്മ പേയ്‌മെന്റ് ലഭിക്കുന്ന പലരും ജോലിചെയ്തിട്ട് 12 മാസമാവുകയാണ്.ഇത്രയും കാലമായി തൊഴില്‍ രഹിതരായി കഴിയുകയെന്നത് വല്ലാത്ത മാനസിക പ്രശ്നമാണുണ്ടാക്കുന്നത്.നഷ്ടമായ വേതനത്തേക്കാളുപരി ജോലിയിലൂടെ ലഭിച്ചിരുന്ന സാമൂഹിക ഇടപെടലാണ് ഇവരെ വേദനിപ്പിക്കുന്നത്.

ജീവിതത്തില്‍ ഒരിക്കലും തൊഴില്‍രഹിതരാകാത്ത ആളുകള്‍ പോലും ഇപ്പോള്‍ മാനസികാരോഗ്യത്തോടെയിരിക്കാന്‍ പാടുപെടുകയാണ്.

ഡിജെ ആയ ഐഡന്‍ കാവനാഗിന്റെ ജീവിതം കേള്‍ക്കൂ. പാന്‍ഡെമിക് ആരംഭിച്ചതിനുശേഷം ജോലി ചെയ്തിട്ടില്ല. സാധാരണയായി അദ്ദേഹം ആഴ്ചയില്‍ മൂന്ന് ഗിഗുകളുണ്ടായിരുന്നതാണ്. കോവിഡ് വന്നതോടെ എല്ലാം മാറി. പണിയില്ലാതായതോടെ അമ്മയോടൊപ്പം തിരിച്ചുപോയി. വാടകവീട്ടിലാണ് താമസം.’കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് എനിക്ക് റൂട്ട് കനാല്‍ ചികിത്സ നേരിടേണ്ടിവന്നു. അപ്രതീക്ഷിതമായി വന്ന ചെലവായതിനാല്‍, അത് കൈകാര്യം ചെയ്യുന്നത് വെല്ലുവിളിയായി’. ഇപ്പോള്‍ ലഭിക്കുന്ന 350 യൂറോ പിയുപിയിലാണ് ജീവിതം മുന്നോട്ടുപോകുന്നത്.ആളുകളെ കാണാനാകുന്നില്ല,അടുത്തിടപഴകാന്‍പറ്റുന്നില്ല ഡബ്ലിനിലെ ഡണ്‍ഡ്രം സ്വദേശിയായ ഐഡന്‍ പറഞ്ഞു.

കഴിഞ്ഞ മാര്‍ച്ച് മുതല്‍ ജോലിയില്ലാതെയായ കില്‍മെന്‍ഹാമിലെ ഹെയര്‍ഡ്രസ്സര്‍ നതാഷ റോജേഴ്സിന്റെ സ്ഥിതിയും വ്യത്യസ്തമല്ല.അവളും കാമുകനും ചേര്‍ന്ന് ഒരു വീട് വാങ്ങാന്‍ പണം സമ്പാദിച്ചുവരികയായിരുന്നു. അത് പാടെ നിന്നുപോയി.’സാമ്പത്തികമായി ഇത് വളരെ ബുദ്ധിമുട്ടാണ്, ആഴ്ചതോറും കിട്ടുന്നതുകൊണ്ടു ജീവിക്കുന്നു.ഭാവിയെക്കുറിച്ചാലോചിക്കാന്‍ പോലും കഴിയുന്നില്ല. നിലവിലെ സ്ഥിതി ആകെ നിരാശാജനകമാണ്’ . അവള്‍ പറയുന്നു.

ഷെഫ് ആയ വാട്ടര്‍ഫോര്‍ഡിലെ ഡേവ് ഓള്‍സ്‌ബെറിയുടെ കഥയും സമാനതകളുള്ളതാണ്. ഭാര്യയും ഷെഫാണ്. ഇരുവരും പി.യു.പി. പണം കൊണ്ടുമാത്രമാണ് ജീവിക്കുന്നത്.ആകെ ദുരിതപൂര്‍ണ്ണമാണ് ജീവിതം.

ഇവരെല്ലാം പാന്‍ഡെമികിന്റെ ദുസ്സൂചകങ്ങളാണ്. ഇനിയെന്ത് എന്നറിയാതെ ജീവിതം ജീവിച്ചുതീര്‍ക്കാന്‍ പാടുപെടുന്നവര്‍.ഇവര്‍ക്കുമുന്നില്‍ ഭാവി ഭൂതമായി പേടിപ്പെടുത്തുന്നു.
പഠനത്തിനായി വിദേശങ്ങളില്‍ നിന്നെത്തിയ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ നേരിടുന്ന ഒറ്റപ്പെടലും ഭയാനകമാണ്, 2020 ജനുവരിയില്‍ ഇന്ത്യയില്‍ നിന്നും പഠനത്തിനെത്തിയവര്‍ അടക്കമുള്ള നിരവധി വിദ്യാര്‍ഥികള്‍ ഇപ്പോഴും ഓണ്‍ ലൈനിലാണ് ക്‌ളാസുകള്‍ തുടരുന്നത്.ഒരു സോഷ്യല്‍ ഗാതറിംഗുകള്‍ക്കും അവസരം ലഭിച്ചില്ലെന്നത്മാത്രമല്ല വിദേശ പഠനത്തിന്റെ ആനുകൂല്യങ്ങളൊന്നും അവര്‍ക്ക് ലഭിക്കുന്നുമില്ല.

ഡിസംബറിലെ തൊഴിലില്ലായ്മ നിരക്ക് 20.4 ശതമാനമായിരുന്നുവെന്ന് സെന്‍ട്രല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസ് പറയുന്നു.4,80,000 പേര്‍ക്കാണ് ഈ ആഴ്ച പാന്‍ഡെമിക് തൊഴിലില്ലായ്മ പേയ്മെന്റ് നല്‍കുന്നത്. സാമൂഹ്യ സുരക്ഷാവകുപ്പ് ഇതിനായി 144 മില്യണ്‍ യൂറോയാണ് ഇതിനായി ചെലവിടുന്നത്.

ഐറിഷ് മലയാളി ന്യൂസ്

Comments are closed.