head1
head3

ഐ ആര്‍ പി കാര്‍ഡ് പുതുക്കല്‍ ,പരാതികളേറെ,താത്കാലിക സംവിധാനം ഏര്‍പ്പെടുത്തി ജസ്റ്റീസ് വകുപ്പ്

ഡബ്ലിന്‍ : ഐ ആര്‍ പി കാര്‍ഡ് പുതുക്കല്‍ ഓണ്‍ലൈനിലാക്കിയത് ആയിരക്കണക്കിന് നോണ്‍ ഇ യൂ റസിഡന്‍സിന് ദുരിതമാവുന്നതായി വ്യാപകമായ പരാതി ഉയരുന്നു.

നവംബര്‍ 4 മുതല്‍ ആരംഭിച്ച ഓണ്‍ലൈന്‍ റിന്യുവലിനായി അപേക്ഷ സമര്‍പ്പിച്ച ,നൂറുകണക്കിന് പേര്‍ക്ക് നിശ്ചിത സമയത്തിനുള്ളില്‍ പുതുക്കി നല്‍കുന്നതില്‍ ,പുതിയ സംവിധാനം അമ്പേ പരാജയമെന്നാണ് ആക്ഷേപം ഉയരുന്നത്.

പുതുക്കല്‍ നടപടി പൂര്‍ത്തിയായതായും,പോസ്റ്റലില്‍ അയയ്ക്കുന്നുവെന്നും അറിയിപ്പ് ലഭിച്ചിട്ടും, ആഴ്ചകള്‍ കഴിഞ്ഞിട്ടും എക്‌സ്പ്രസ് പോസ്റ്റ് വഴി അയയ്ക്കുന്ന ഐ ആര്‍ പി കാര്‍ഡ് ,മേല്‍വിലാസക്കാരന് ലഭിക്കുന്നില്ലെന്നതാണ് ഒട്ടറെ പേര്‍ ഉയര്‍ത്തുന്ന പരാതി. ഇത് സംബന്ധിച്ച കൃത്യമായ അന്വേഷണം നടത്താനുള്ള സംവിധാനവും കാര്യക്ഷമമല്ലെന്ന് പറയപ്പെടുന്നു.

പുതിയ സംവിധാനം രൂപപ്പെടുത്തിയതിന്റെ ആരംഭത്തില്‍ ഉണ്ടാകുന്ന ചെറിയ പ്രശ്‌നങ്ങള്‍മാണിതെന്നും, പഴുതുകളടച്ച് പ്രവര്‍ത്തനം സജീവമാക്കുമെന്നുമാണ് ഡിപ്പാര്‍ട്ട്‌മെന്റ് വൃത്തങ്ങള്‍ മറുപടി നല്‍കുന്നത്.

ഐ ആര്‍ പി കാര്‍ഡുകള്‍ പുതുക്കിയില്ലെങ്കിലും,തത്കാലം യാത്രയാവാം

കാലഹരണപ്പെടുന്ന ഐ ആര്‍ പി കാര്‍ഡുകള്‍ പുതുക്കിക്കിട്ടുന്നതിനുള്ള കാലതാമസം മൂലം ക്രിസ്മസ് യാത്രകള്‍ തടസ്സപ്പെടാതിരിക്കാന്‍ ഐ എസ് ഡി ക്രമീകരണം പ്രഖ്യാപിച്ചു.

രജിസ്ട്രേഷന്‍ അനുമതി പുതുക്കാനുള്ള അപേക്ഷ നല്‍കിയിട്ടുള്ള നോണ്‍ ഇ ഇ എ പൗരന്മാര്‍ക്ക് ഇന്ന് (2024 ഡിസംബര്‍ 02) മുതല്‍ 2025 ജനുവരി 31 വരെ നിലവിലെ ഐ ആര്‍ പി കാര്‍ഡ് യാത്രയ്ക്കായി ഉപയോഗിക്കാം.അടുത്തിടെ കാലഹരണപ്പെടുന്ന ഐ ആര്‍ പി കാര്‍ഡില്‍ വ്യക്തികളെ യാത്ര ചെയ്യാന്‍ അനുവദിക്കണമെന്ന് അഭ്യര്‍ത്ഥിച്ച് മന്ത്രി ട്രാവല്‍ കണ്‍ഫര്‍മേഷന്‍ നോട്ടീസ് പുറപ്പെടുവിച്ചു.

ഈ ട്രാവല്‍ കണ്‍ഫര്‍മേഷന്‍ നോട്ടീസിന് ഈ നിശ്ചിത തീയതി (2025 ജനുവരി 31) വരെ മാത്രമേ സാധുതയുള്ളൂവെന്ന് അധികൃതര്‍ വ്യക്തമാക്കി.പുതുക്കലിനുള്ള അപേക്ഷകള്‍ ഐ എസ് ഡി തുടര്‍ന്നും പരിഗണിക്കും.എല്ലാ എയര്‍ലൈനുകള്‍ക്കും വിദേശ മിഷനുകള്‍ക്കും വകുപ്പ് ഇതു സംബന്ധിച്ച നിര്‍ദേശവും നല്‍കും.

അയര്‍ലണ്ടിലേക്ക് തിരികെ എത്താന്‍ ഏതെങ്കിലും രാജ്യത്തിലൂടെ യാത്ര ചെയ്യേണ്ടി വരുമ്പോള്‍ ട്രാന്‌സിസ്റ്റ് വിസ ഉള്‍പ്പെടെയുള്ള അവരുടെ ഇമിഗ്രേഷന്‍ ആവശ്യകതകള്‍ നിറവേറ്റേണ്ടതുണ്ടെന്നും വകുപ്പ് ഓര്‍മ്മിപ്പിച്ചു.

ആവശ്യക്കാര്‍ ചെയ്യേണ്ടത് ഇത്രമാത്രം

ഈ സൗകര്യം ആവശ്യമുള്ളവര്‍ നോട്ടീസ് ഡൗണ്‍ലോഡ് ചെയ്ത് പ്രിന്റെടുത്ത് കാലഹരണപ്പെട്ട ഐ ആര്‍ പി കാര്‍ഡും അത്  പുതുക്കാനായി അപേക്ഷ നല്‍കിയതിന്റെ തെളിവുകളും (അപേക്ഷാ തീയതി വിശദമാക്കുന്ന ഇമെയില്‍ സ്ഥിരീകരണം) സഹിതം ഇമിഗ്രേഷന്‍ അധികാരികള്‍ക്കും എയര്‍ലൈനുകള്‍ക്കും നല്‍കണം.

ഡൗൺലോഡ് ചെയ്ത് സമർപ്പിക്കേണ്ട ഡോക്കുമെന്റ് :

.https://www.irishimmigration.ie/wp-content/uploads/2024/11/Downloadable-Letter-For-Persons-Who-Intend-to-Travel.pdf

ഇമിഗ്രേഷന്‍ സര്‍വ്വീസിന്റെ രജിസ്‌ട്രേഷന്‍ പ്രോസസ്സുകള്‍ പൂര്‍ത്തിയാക്കുന്നതിനുള്ള കാലതാമസം യാത്രികരെ ബാധിക്കാതിരിക്കാനാണ് ഐ എസ് ഡി നടപടി.രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കിയാലും തപാല്‍ വഴി ഐ ആര്‍ പി കാര്‍ഡ് ലഭിക്കുന്നതിന് രണ്ടാഴ്ച വരെ കൂടി സമയമെടുക്കും.അതിനിടെ യാത്രകള്‍ നടത്തുന്നത് പ്രശ്നമാകും. ഇതു മുന്നില്‍ക്കണ്ടാണ് ഐ എസ് ഡി ക്രമീകരണം.

ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക   https://chat.whatsapp.com/JzpXB775jusJD1C2xHcFqm</a

Comments are closed.

error: Content is protected !!