ജനീവ: അടുത്ത വര്‍ഷമെങ്കിലും കോവിഡിനെ പിടിച്ചുനിര്‍ത്താനാകണമെന്ന ആഹ്വാനവുമായി ലോകാരോഗ്യ സംഘടന. കോവിഡ് പാന്‍ഡെമിക്കിനെ അവസാനിപ്പിക്കാന്‍ ബുദ്ധിമുട്ടുള്ള തീരുമാനങ്ങളെടുക്കേണ്ടി വരും. ഇക്കാര്യത്തില്‍ ലോകം ഒന്നിച്ചു നില്‍ക്കണമെന്ന് ലോകാരോഗ്യ സംഘടനയുടെ ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അദാനോം ഗബ്രിയേസസ് അഭ്യര്‍ഥിച്ചു.
ആഘോഷങ്ങളുടെ ഇക്കാലം കഴിഞ്ഞാലും നമുക്ക് സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും ഇടപഴകി സാധാരണ പോലെ ജീവിക്കേണ്ടതില്ലേ. എന്നാല്‍ അതിവേഗം പടരുന്ന ഒമിക്രോണ്‍ വേരിയന്റിന്റെ സാന്നിധ്യത്തില്‍ അതിനു കഴിയുമോയെന്ന ആശങ്ക ഇദ്ദേഹം പങ്കുവെച്ചു. സ്വന്തം പരിരക്ഷ ഉറപ്പാക്കിയാല്‍ മാത്രമേ അതിന് കഴിയുകയുള്ളു.
നവംബറില്‍ ദക്ഷിണാഫ്രിക്കയില്‍ റിപ്പോര്‍ട്ട് ചെയ്ത ഒമിക്രോണ്‍ ഇപ്പോള്‍ ഡസന്‍ കണക്കിന് രാജ്യങ്ങളിലെത്തിക്കഴിഞ്ഞു. പാന്‍ഡെമിക്കിന്റെ ഏറ്റവും മോശം കാലം അവസാനിച്ചുവെന്ന പ്രതീക്ഷയാണ് ഇവിടെ ഇല്ലാതാകുന്നതെന്ന് ഗബ്രിയേസസ് പറഞ്ഞു.
ആഘോഷങ്ങള്‍ക്ക് അവധി നല്‍കണം
കേസുകള്‍ അതിവേഗം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. അതിനാല്‍ ആഘോഷങ്ങള്‍ക്ക് അവധി നല്‍കണമെന്ന് ഡയറക്ടര്‍ ജനറല്‍ അഭ്യര്‍ഥിച്ചു. ആഘോഷിക്കുകയും പിന്നീട് സങ്കടപ്പെടുകയും ചെയ്യുന്നതിനേക്കാള്‍ നല്ലത് ഇവന്റുകള്‍ റദ്ദാക്കുകയും പിന്നീട് ആഘോഷിക്കുകയും ചെയ്യുന്നതാണെന്ന് ഗബ്രിയേസസ് ഊന്നിപ്പറഞ്ഞു.
ഈ മഹാവ്യാധി അവസാനിപ്പിക്കാന്‍ എല്ലാവരും ശ്രദ്ധ കേന്ദ്രീകരിക്കണം. അങ്ങനെ ചെയ്താല്‍ പാന്‍ഡെമികിനെ തടയാനാകും. വാക്സിനേഷന്‍ മുതല്‍ മാസ്‌ക് ധരിക്കുന്നതും ശാരീരിക അകലം പാലിക്കുന്നതും വരെയുള്ള എല്ലാ നടപടികളും നമ്മള്‍ ഉപയോഗിക്കണം.
വാക്സിനേഷനിലെ അസമത്വം പരിഹരിക്കണം
വാക്സിനേഷനില്‍ ലോകത്ത് നിലനില്‍ക്കുന്ന അസമത്വം ലോകം അവസാനിപ്പിക്കണമെന്ന് ഡയറക്ടര്‍ ജനറല്‍ പറഞ്ഞു. എങ്കില്‍ മാത്രമേ കോവിഡിനെ തോല്‍പ്പിക്കാനാകൂ.
കമ്മ്യൂണിറ്റി ട്രാന്‍സ്മിഷനുള്ള പ്രദേശങ്ങളില്‍ ഒമിക്രോണ്‍ കേസുകള്‍ 1.5-3 ദിവസത്തിനുള്ളില്‍ ഇരട്ടിയാകുന്നതായി ലോകാരോഗ്യ സംഘടന ചൂണ്ടിക്കാട്ടി. 89 രാജ്യങ്ങളില്‍ ഒമിക്രോണ്‍ വേരിയന്റ് ഇതിനകം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
അമേരിക്കയില്‍ ഇരുണ്ട വിന്റര്‍
രണ്ട് വര്‍ഷത്തിന് ശേഷം, യു.എസ് മറ്റൊരു ഇരുണ്ട വിന്ററിനെ നേരിടുകയാണെന്ന് ലോകാരോഗ്യ സംഘടന പറഞ്ഞു. യുഎസില്‍ ഇതുവരെ 50.8 മില്യണ്‍ കോവിഡ് കേസുകളും 806,400 മരണവുമാണ് റിപ്പോര്‍ട്ട് ചെയ്തത്.
യൂറോപ്യന്‍ രാജ്യങ്ങളിലും ഒമിക്രോണ്‍
യൂറോപ്യന്‍ രാജ്യങ്ങളിലും ഒമിക്രോണ്‍ വേരിയന്റ് അതിവേഗം വ്യാപിക്കുകയാണ്. ഇതു മുന്‍നിര്‍ത്തി നെതര്‍ലാന്‍ഡ്‌സ് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. കൂടുതല്‍ രാജ്യങ്ങളില്‍ ക്രിസ്മസ്, ന്യൂ ഇയര്‍ അവധിക്ക് മുന്നോടിയായി കോവിഡ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനുള്ള സാധ്യതയേറുകയാണ്.
ബ്രിട്ടനിലും ഒമിക്രോണ്‍ കേസുകള്‍ വര്‍ധിച്ചു. ഇവിടെയും കടുത്ത നിയന്ത്രണങ്ങളുണ്ടാകും.
ലോക്ക്ഡൗണ്‍ നിരസിച്ചെങ്കിലും അഞ്ചാമത്തെ കോവിഡ് തരംഗത്തെ തടയാനാകില്ലെന്ന് ജര്‍മ്മനി മുന്നറിയിപ്പ് നല്‍കി. ഇന്നലെ മുതല്‍ ബ്രിട്ടനില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ക്വാറന്റൈന്‍ ഉള്‍പ്പടെയുള്ള നിയന്ത്രണങ്ങളും ഇവിടെ ഏര്‍പ്പെടുത്തി. ഇറ്റലിയും പുതിയ നടപടികള്‍ പരിഗണിക്കുകയാണ്.
ജപ്പാനും തായ്ലണ്ടും
വര്‍ഷാവസാനത്തിന് ശേഷം രാജ്യത്തേക്ക് പ്രവേശിക്കുന്ന വിദേശികള്‍ക്ക് ജപ്പാന്‍ നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് റിപ്പോര്‍ട്ടുണ്ട്.
വിദേശ സന്ദര്‍ശകര്‍ക്ക് നിര്‍ബന്ധിത ക്വാറന്റൈന്‍ പുനസ്ഥാപിക്കാന്‍ തായ്‌ലണ്ട് നിര്‍ദ്ദേശിച്ചിട്ടുണ്ട്.
2022ന്റെ തുടക്കത്തില്‍ നഗരം വിട്ടുപോകരുതെന്ന് താമസക്കാര്‍ക്ക് ബീജിംഗ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ഫ്രാന്‍സില്‍ 5-11 വയസ് പ്രായമുള്ള കുട്ടികള്‍ക്ക് വാക്സിനുകള്‍ നല്‍കുകയാണ്.
ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://chat.whatsapp.com/EWMkeqYm3IqDxMtAbZeiBG
Comments are closed.