head3
head1

പുതിയ വാറ്റ് നിയമങ്ങള്‍ ഇന്നു മുതല്‍ പ്രാബല്യത്തില്‍ ; ഓണ്‍ലൈന്‍ ഷോപ്പിംഗ് ചെലവേറും

ഡബ്ലിന്‍ : പുതിയ വാറ്റ് നിയമങ്ങള്‍ പ്രാബല്യത്തില്‍ വന്നതോടെ ഐറിഷ് ഓണ്‍ലൈന്‍ ഉപഭോക്താക്കള്‍ക്ക് ഇന്നു മുതല്‍ ചെലവേറും. യൂറോപ്യന്‍ യൂണിയന്‍ ഇതര രാജ്യങ്ങളില്‍ നിന്ന് വാങ്ങുന്ന സാധനങ്ങള്‍ക്ക് മേലാണ് കൂടുതല്‍ നിരക്ക് ഈടാക്കുക.22 യൂറോയോ അതില്‍ കുറവോ വിലയുള്ള ഇറക്കുമതി ചെയ്ത ചരക്കുകള്‍ക്കുള്ള നികുതിയിളവ് ഇന്നലെയോടെ അവസാനിച്ചു.ഇനിമുതല്‍ യൂറോപ്യന്‍ യൂണിയന്‍ ഇതര രാജ്യങ്ങളില്‍ നിന്ന് അയര്‍ലണ്ടില്‍ എത്തുന്ന എല്ലാ സാധനങ്ങള്‍ക്കും അവയുടെ വില കണക്കിലെടുക്കാതെ, അവ വാങ്ങിയപ്പോള്‍ മുതല്‍ വാറ്റ് നല്‍കേണ്ടി വരും.ബ്രക്സിറ്റോടെ യുകെയും ഇതിലുള്‍പ്പെടും. അതിനാല്‍ ഷോപ്പര്‍മാര്‍ക്ക് വിലയില്‍ കാര്യമായ വര്‍ദ്ധനവുണ്ടാകുമെന്നാണ് കരുതുന്നത്.

പുതിയ വാറ്റ് നിയമം വരുന്നതോടെ പുറത്തുനിന്ന് ഇറക്കുമതി ചെയ്യുന്ന ഇനങ്ങള്‍ക്ക് യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍ ലഭിക്കുന്ന വിലയുമായി കാര്യമായ മാറ്റമുണ്ടാകില്ലെന്ന് കരുതുന്നതായി റവന്യൂ അറിയിച്ചു.

ഈ സാധനങ്ങള്‍ എവിടെ നിന്നുവാങ്ങിയാലും ബാധകമായ വാറ്റ് നിരക്ക് നല്‍കേണ്ടതായി വരുമെന്ന് റവന്യൂ കസ്റ്റംസ് ഡിവിഷനിലെ പ്രിന്‍സിപ്പല്‍ ഓഫീസര്‍ മൗറീന്‍ ഡാല്‍ട്ടണ്‍ പറഞ്ഞു.

ചില വിതരണക്കാര്‍ ഡ്യൂട്ടി പെയ്ഡ് മോഡല്‍ എന്നാണ് ഇതിനെ വിളിക്കുന്നത് .അതായത് സാധനങ്ങള്‍ വാങ്ങുന്ന സമയത്ത് മൊത്തം വിലയില്‍ ഐറിഷ് വാറ്റും മറ്റ് തീരുവകളും ഉള്‍പ്പെടുമെന്നതിനാലാണത്.

ഓണ്‍ലൈന്‍ ഷോപ്പിംഗ് നടത്തുമ്പോള്‍ ചരക്കുകളുടെ പരസ്യപ്പെടുത്തുന്ന വിലയില്‍ എല്ലാ നികുതി, ഡ്യൂട്ടി ചെലവുകളും ഉള്‍പ്പെടുന്നുണ്ടോയെന്ന് പരിശോധിക്കണമെന്ന് ഇവര്‍ ഐറിഷ് ഉപഭോക്താക്കളെ ഓര്‍മ്മിപ്പിക്കുന്നു.ഓണ്‍ലൈനില്‍ ഓര്‍ഡര്‍ ചെയ്യുന്നതിനുമുമ്പ് ഒരു ഉല്‍പ്പന്നത്തിന്റെ മുഴുവന്‍ വിലയും വ്യക്തമായും ഉറപ്പാക്കണം. ഡെലിവറി എടുക്കുമ്പോള്‍ പ്രതീക്ഷിക്കാത്ത അധിക നിരക്കുകള്‍ നല്‍കേണ്ടി വരില്ലെന്ന് ഇതിലൂടെ ഉറപ്പാക്കാം-ഡാല്‍ട്ടണ്‍ പറഞ്ഞു.

ഇന്നു മുതല്‍, യൂറോപ്യന്‍ യൂണിയന്‍ ഉപയോക്താക്കള്‍ക്ക് വേണ്ടി ഇറക്കുമതി ചെയ്ത സാധനങ്ങള്‍ വില്‍ക്കുന്ന വിതരണക്കാരെയും ഇലക്ട്രോണിക് ഇന്റര്‍ഫേസുകളെയും പങ്കെടുപ്പിച്ചുകൊണ്ട് ഇംപോര്‍ട്ട് വണ്‍ സ്റ്റോപ്പ് ഷോപ്പ് (ഐഒഎസ്എസ്) എന്ന പേരില്‍ ഒരു പ്രത്യേക പദ്ധതി അവതരിപ്പിക്കുകയാണെന്നും ഡാല്‍ട്ടണ്‍ വ്യക്തമാക്കി. പഴയതില്‍ നിന്നും വ്യത്യസ്തമായി ഇയു ഗുണഭോക്താക്കളാണ് ബന്ധപ്പെട്ട അതോറിറ്റിയ്ക്ക് വാറ്റ് നല്‍കുന്നത്. എന്നിരുന്നാലും ഐ ഒ എസ് എസ് പദ്ധതി നിര്‍ബന്ധിതമല്ലെന്നും അവര്‍ പറഞ്ഞു.

പുതിയ വാറ്റ് നിയമങ്ങളെയും ഐഒഎസിനെയും കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ റവന്യൂ വെബ്‌സൈറ്റില്‍ ലഭ്യമാണെന്നും അധികൃതര്‍ അറിയിച്ചു.

ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

https://chat.whatsapp.com/K0HUGpDraol5nj03tElHBl

 

Comments are closed.