ഡബ്ലിന്‍ : അയര്‍ലണ്ടില്‍ കാലാവസ്ഥ മലക്കം മറിയുന്നതായി മെറ്റ് ഏറാന്‍. മഴയും വെയിലും മഞ്ഞുമെല്ലാം ഇടകലര്‍ന്ന അനിശ്ചിതത്വം നിറഞ്ഞ കാലാവസ്ഥയാണ് കാത്തിരിക്കുന്നത്.
ഈസ്റ്റര്‍ വാരാന്ത്യ കാലാവസ്ഥയില്‍ അനിശ്ചിതത്വം തുടരുമെന്ന് മെറ്റ് ഏറാന്‍ പറഞ്ഞു. പുതിയ ആഴ്ചയില്‍ തണുപ്പിലേക്ക് മാറുന്നതിന് തൊട്ടുമുമ്പാണ് ഇപ്പോഴത്തെ ഈ മലക്കം മറിച്ചില്‍. ഈ കാലാവസ്ഥാ മാറ്റത്തില്‍ താപനില ഗണ്യമായി ഉയരും. താപനില ഉയരുന്നതിനാല്‍ ഈസ്റ്റര്‍ വാരാന്ത്യം നല്ല പോലെ ആസ്വദിക്കാനാകുമെന്നും മെറ്റ് ഏറാന്‍ പറഞ്ഞു. താപനില 17 ഡിഗ്രി സെല്‍ഷ്യസില്‍ എത്തുമെന്ന് മെറ്റ് ഏറാന്‍ പറഞ്ഞു. എന്നാല്‍, തെക്കും പടിഞ്ഞാറും നല്ല മഴയും പ്രതീക്ഷിക്കാം.
കിഴക്ക്, പടിഞ്ഞാറ് ഭാഗങ്ങളില്‍ ഇന്ന് സൗമ്യമായ കാലാവസ്ഥയായിരിക്കും. രാത്രിയിലെ മൂടല്‍മഞ്ഞ് ശനിയാഴ്ച പുലര്‍ച്ചെയോടെ മായും. സൂര്യപ്രകാശമുള്ള വരണ്ട കാലാവസ്ഥയെത്തും. തെക്കന്‍ കൗണ്ടികളില്‍ പരക്കെ ചാറ്റല്‍ മഴയുമുണ്ടാകും.
ശനിയാഴ്ച ഉച്ചയോടെ നല്ല മഴയെത്തും. അതോടൊപ്പം കനത്ത മഴമേഘം രാജ്യത്തിന്റെ പടിഞ്ഞാറന്‍ ഭാഗത്തേയ്ക്ക് നീങ്ങും. പിന്നീട് തെക്ക് പടിഞ്ഞാറ് ഭാഗത്ത് ശക്തമായ മഴ പെയ്യും. ഭൂരിഭാഗം കിഴക്ക്, വടക്കുകിഴക്കന്‍ ഭാഗങ്ങളിലും നല്ല വെയിലായിരിക്കും. 13 മുതല്‍ 17സി വരെയായിരിക്കും ഉയര്‍ന്ന താപനില. കനത്ത മഴ പ്രാദേശികമായി വെള്ളപ്പൊക്കത്തിന് കാരണമാകുമെന്ന് മെറ്റ് ഏറാന്‍ മുന്നറിയിപ്പ് നല്കി.
ശനിയാഴ്ച നല്ല മൂടല്‍മഞ്ഞുള്ള സൗമ്യവും ഈര്‍പ്പമുള്ളതുമായ രാത്രിയായിരിക്കും. തെക്കുകിഴക്കന്‍ കാറ്റുമൂലം ഏറ്റവും കുറഞ്ഞ താപനില 9സി മുതല്‍ 11സി വരെയാകും. ഈസ്റ്റര്‍ ഞായറാഴ്ചയും പല പ്രദേശങ്ങളിലും വ്യാപകമായ കനത്ത മഴയുണ്ടാകും.
ചിലയിടങ്ങളില്‍ സ്നോയ്ക്കും സാധ്യതയുണ്ട്. ഏറ്റവും ഉയര്‍ന്ന താപനില 12സി മുതല്‍ 15സി വരെയായിരിക്കും. മഴ മാറുന്നതിനനുസരിച്ച് തണുപ്പ് കുറയും. മിതമായതും പുതിയതുമായ തെക്കുപടിഞ്ഞാറന്‍ കാറ്റിനും സാധ്യതയുണ്ട്.
ഞായറാഴ്ച രാത്രി തെളിഞ്ഞ, വരണ്ട അന്തരീക്ഷമായിരിക്കും. പടിഞ്ഞാറന്‍ തീരപ്രദേശങ്ങളില്‍ പരക്കെ മഴയ്ക്കും സാധ്യതയുണ്ട്. തെക്കുപടിഞ്ഞാറന്‍ കാറ്റു മൂലം താപനില 1സി മുതല്‍ 4സി വരെയെത്തും.
ബാങ്ക് ഹോളിഡേ ആയ തിങ്കളാഴ്ച വാരാന്ത്യത്തിലുണ്ടായിരുന്നതിന്റെ പകുതിയായി താപനില താഴും. തിങ്കളാഴ്ച നല്ല തണുപ്പായിരിക്കും അനുഭവപ്പെടുക. സൂര്യസാന്നിധ്യവും കനത്ത മഴയും പ്രതീക്ഷിക്കാം.
വടക്കന്‍ ഭാഗങ്ങളില്‍ മഞ്ഞുവീഴ്ചയ്ക്കും സാധ്യതയുണ്ട്. മിതമായ പടിഞ്ഞാറന്‍ കാറ്റു മൂലം 9സി മുതല്‍ 12സി വരെയായിരിക്കും ഏറ്റവും ഉയര്‍ന്ന താപനില. തണുത്ത കാലാവസ്ഥ തുടരുമെങ്കിലും അടുത്തയാഴ്ചയും അനിശ്ചിതത്വം തുടരുമെന്നും മെറ്റ് ഏറാന്‍ വ്യക്തമാക്കി.
ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://chat.whatsapp.com/Jbj00KGFL5E62rFCZBEP1x
Comments are closed.