ഡബ്ലിന്‍ : കാലാവസ്ഥാ വ്യതിയാനത്തിന്റെ കെടുതികളില്‍ നിന്നും ഭൂമിയെയാകെ രക്ഷിക്കുന്നതിന് അഞ്ച് പ്രധാന ആശയങ്ങള്‍ പുറത്തുവിട്ടിരിക്കുകയാണ് യുഎന്‍ പരിസ്ഥിതി ശാസ്ത്രജ്ഞര്‍. വര്‍ദ്ധിച്ചുവരുന്ന ആഗോളതാപനം ഉള്‍പ്പടെയുള്ളവയുടെ ദുരിതങ്ങളില്‍ നിന്നും ലോകത്തെയാകെ രക്ഷിക്കാന്‍ പര്യാപ്തമായ ആശയങ്ങളാണ് ഐപിസിസി അവതരിപ്പിക്കുന്നത്. ആഗോള താപനം ഒഴിവാക്കാന്‍ വായുവില്‍ നിന്ന് കാര്‍ബണ്‍ ഡയോക്സൈഡ് വലിച്ചെടുക്കാനുള്ള സാങ്കേതികവിദ്യ കൂടുതല്‍ വികസിപ്പിച്ചേ മതിയാകൂവെന്ന് 63 പേജുകളുള്ള റിപ്പോര്‍ട്ട് പറയുന്നു. അതിന് നമ്മുടെ ജീവിതശൈലിയിലും ബിസിനസ് നിക്ഷേപങ്ങളിലുമെല്ലാം മാറ്റങ്ങള്‍ വരുത്തണമെന്നും ഐപിസിസി (The Intergovernmental Panel on Climate Change) വ്യക്തമാക്കുന്നു.
ഫോസില്‍ ഇന്ധനങ്ങളോട് ഗുഡ്ബൈ
കല്‍ക്കരി ഉള്‍പ്പടെയുള്ള ഫോസില്‍ ഇന്ധനങ്ങളോട് ഗുഡ്ബൈ പറയുകയെന്നതാണ് കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കാനുള്ള ഏറ്റവും പ്രധാന മാര്‍ഗ്ഗമെന്ന് റിപ്പോര്‍ട്ട് പറയുന്നു. ആഗോള താപനത്തിന്റെ തോത് 1.5സിയ്ക്ക് താഴെയാക്കി നിലനിര്‍ത്തണമെങ്കില്‍ കാര്‍ബണ്‍ ബഹിര്‍ഗമനം ഈ ദശാബ്ദത്തിന്റെ അവസാനത്തോടെ 43% ചുരുക്കണമെന്നും ഗവേഷകര്‍ പറയുന്നു.
കാറ്റ്, സൗരോര്‍ജ്ജം തുടങ്ങിയ സുസ്ഥിര സ്രോതസ്സുകളില്‍ നിന്ന് ഊര്‍ജ്ജം ഉല്‍പ്പാദിപ്പിക്കുകയെന്നതാണ് ഏറ്റവും ഫലപ്രദമായ മാര്‍ഗമെന്ന് റിപ്പോര്‍ട്ട് ഓര്‍മ്മിപ്പിക്കുന്നു. ഇത്തരം സാങ്കേതികവിദ്യകളുടെ ചെലവ് ദശാബ്ദത്തിനുള്ളില്‍ 85% കുറഞ്ഞിട്ടുണ്ടെന്ന് ഐപിസിസി ചൂണ്ടിക്കാട്ടുന്നു.
കല്‍ക്കരിയെ എന്നന്നേയ്ക്കുമായി ഉപേക്ഷിക്കുകയാണ് ഏറ്റവും നല്ല മാര്‍ഗ്ഗം പുതിയ കല്‍ക്കരി വൈദ്യുത നിലയങ്ങളൊന്നും വേണ്ടെന്നു വയ്ക്കണം- ലീഡ്‌സ് സര്‍വകലാശാലയിലെ പ്രൊഫ. ജാന്‍ ക്രിസ്റ്റോഫ് മിന്‍സ് പറഞ്ഞു.
കാര്‍ബണിനെ പാറയാക്കുന്ന സാങ്കേതിക വിദ്യ
കാലാവസ്ഥാ വ്യതിയാനത്തിന് സാങ്കേതിക പരിഹാരമെന്ന ആശയം കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് വരെ അംഗീകരിക്കപ്പെട്ടിരുന്നില്ല. എന്നാല്‍ കാലം മാറുകയാണ്. കാര്‍ബണിനെ പാറയാക്കുന്ന സാങ്കേതിക വിദ്യയെയാണ് രണ്ടാമത്തെ ആശയമായി ഐപിസിസി മുന്നോട്ടുവെയ്ക്കുന്നത്.
അന്തരീക്ഷത്തിലെ കാര്‍ബണ്‍ഡയോക്സൈഡ് വലിച്ചെടുത്ത് പാറയാക്കി മാറ്റുന്ന സാങ്കേതിക വിദ്യയാണ് ഇപ്പോള്‍ പരീക്ഷിക്കുന്നത്. ഐസ്ലാന്‍ഡില്‍ ഇത് വിജയകരമായി നടപ്പാക്കിയിട്ടുണ്ട്. റിമൂവല്‍ ഓഫ്
കാര്‍ബണ്‍ ഡൈ ഓക്സൈഡ് എന്ന ആശയത്തിന് ഐപിസിസിയും അനുമതി നല്‍കിയിരിക്കുകയാണ്.
ഭൂമിയെ തണുപ്പിക്കാന്‍ അന്തരീക്ഷത്തിലേക്ക് സ്പ്രേ ചെയ്യുന്നത് മുതല്‍ ബഹിരാകാശ കവചങ്ങള്‍ ഉപയോഗിച്ച് സൂര്യനെ തടയുന്നത് വരെയുള്ള വിവിധ ആശയങ്ങള്‍ പരീക്ഷിച്ച് ശാസ്ത്രലോകം പരാജയപ്പെട്ടിരുന്നു.
എന്നാല്‍ കാലാവസ്ഥാ പ്രതിസന്ധി രൂക്ഷമാകുകയും കാര്‍ബണ്‍ ബഹിര്‍ഗമനം കുറയ്ക്കുന്നത് ബുദ്ധിമുട്ടാണെന്നും വന്നതോടെ അന്തരീക്ഷത്തിലെ കാര്‍ബണ്‍ സാന്നിധ്യം കുറയ്ക്കുന്നതിന് സാങ്കേതികവിദ്യയുടെ പങ്ക് വീണ്ടും പരിശോധിക്കാന്‍ ഗവേഷകര്‍ വീണ്ടും നിര്‍ബന്ധിതരായത്
ഊര്‍ജ്ജത്തിന്റെ ഉപയോഗം കുറയ്ക്കുമ്പോള്‍
ഊര്‍ജ്ജത്തിന്റെ ഉപയോഗം കുറയ്ക്കുകയെന്നതാണ് മറ്റൊരു സവിശേഷമായ മറ്റൊരു ഐപിസിസി ആശയം. പാര്‍പ്പിടം, മൊബിലിറ്റി, പോഷകാഹാരം എന്നീ മേഖലകളുമായി ബന്ധപ്പെട്ട ഊര്‍ജത്തിന്റെ ആവശ്യം പരമാവധി കുറയ്ക്കുകയെന്നതാണ് ഇതിലൂടെ ഊന്നല്‍ നല്‍കുന്നത്.
ലോ കാര്‍ബണ്‍ ഭക്ഷണക്രമം, ഭക്ഷണം പാഴാക്കാതിരിക്കല്‍, നഗരങ്ങളെ പുനര്‍നിര്‍മ്മിക്കല്‍, പരിസ്ഥിതി സൗഹൃദ ഗതാഗത ഓപ്ഷനുകള്‍ തുടങ്ങിയ ഒട്ടേറെ മേഖലകള്‍ ഉള്‍ക്കൊള്ളുന്നതാണിത്.
ഇലക്ട്രിക് കാറുകള്‍ക്ക് വലിയ മാറ്റമുണ്ടാക്കാനാകുമെന്ന് റിപ്പോര്‍ട്ട് പറയുന്നു. എന്നാല്‍ അത് വേഗത്തിലാക്കണമെങ്കില്‍ ചാര്‍ജിംഗ് സാങ്കേതികവിദ്യയില്‍ വന്‍ തോതിലുള്ള നിക്ഷേപം ആവശ്യമാണ്. ഈ മേഖലകളില്‍ വരുന്ന മാറ്റങ്ങള്‍ 2050 ഓടെ കാര്‍ബണ്‍ ഉദ്ഗമനം 40-70% വരെ കുറയ്ക്കുമെന്നാണ് ഐപിസിസി കരുതുന്നത്.
ഫോസില്‍ ഇന്ധനങ്ങള്‍ക്കുള്ള സബ്സിഡി വേണ്ടെന്ന് വയ്ക്കണം
ഫോസില്‍ ഇന്ധനങ്ങള്‍ക്കായി പണം ചെലവിടുന്നത് നിയന്ത്രിക്കണമെന്ന് ഐപിസിസി നിര്‍ദ്ദേശിക്കുന്നു. ഫോസില്‍ ഇന്ധനങ്ങളിലേക്കാണ് വളരെയധികം പണം ഒഴുകുന്നതെന്ന് റിപ്പോര്‍ട്ട് പറയുന്നു. അതിനായി ഗവണ്‍മെന്റുകളില്‍ നിന്നുള്ള ഫോസില്‍ ഇന്ധന സബ്‌സിഡി എടുത്തുകളയണം. ഇങ്ങനെ ചെയ്താല്‍ മാത്രം 2030 ഓടെ 10% വരെ കാര്‍ബണ്‍ ഉദ്ഗമനം കുറയുമെന്ന് ഗ്രീന്‍പീസ് ചൂണ്ടിക്കാട്ടുന്നതായി റിപ്പോര്‍ട്ട് പറയുന്നു. കാലാവസ്ഥാ വ്യതിയാനത്തെ നേരിടുന്നതിന് ഉയര്‍ന്ന സാമ്പത്തികച്ചെലവു തന്നെയാണ് പ്രധാന പ്രത്യാഘാതമെന്ന് ഐപിസിസി പറയുന്നു. അതിനാല്‍ ചെലവുകള്‍ കുറയ്ക്കേണ്ടത് അനിവാര്യമാണ്.
സമ്പന്നര്‍ക്ക് ചെയ്യാന്‍ ഒട്ടേറെ കാര്യങ്ങള്‍
സമ്പന്നരായ ആളുകള്‍ സമൂഹത്തില്‍ ചെലുത്തുന്ന വലിയ ദുസ്വാധീനത്തെക്കുറിച്ച് റിപ്പോര്‍ട്ട് ഊന്നിപ്പറയുന്നു. ഏറ്റവും ഉയര്‍ന്ന പ്രതിശീര്‍ഷ വരുമാനമുള്ള 10% കുടുംബങ്ങളുടെ ഉപഭോഗമാണ് ഗാര്‍ഹിക ഹരിതഗൃഹ വാതക ഉദ്ഗമനത്തിന്റെ 45% വരെ സംഭാവന ചെയ്യുന്നതെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
സമ്പന്നരായ ആളുകള്‍ സ്വകാര്യ വിമാനങ്ങള്‍ ഉള്‍പ്പെടെ യാത്രകള്‍ക്കായി വളരെയധികം പണം ചെലവഴിക്കുന്നു. അതിനാല്‍, ഇതിന്മേല്‍ കൂടുതല്‍ നികുതി ചുമത്തുന്നതും മലിനീകരണം കുറയ്ക്കുന്നതിനുള്ള മറ്റ് മാര്‍ഗ്ഗങ്ങളും പരിഗണിക്കണം. ലോകത്തെ നെറ്റ്-സീറോയിലേക്ക് സഹായിക്കുന്നതില്‍ സമ്പന്നര്‍ക്ക് വലിയ റോളുകള്‍ വഹിക്കാനുണ്ടെന്നാണ് ഐപിസിസി പറയുന്നു.
കുറഞ്ഞ കാര്‍ബണ്‍ ജീവിതശൈലിയുടെ മാതൃകയായി മാറണമെന്നും കുറഞ്ഞ കാര്‍ബണ്‍ ഉദ്ഗമനം കുറഞ്ഞ ബിസിനസുകളില്‍ നിക്ഷേപം നടത്തണമെന്നും സമ്പന്നരോട് ഐപിസിസി റിപ്പോര്‍ട്ട് ആവശ്യപ്പെടുന്നു. കാലാവസ്ഥാ നയങ്ങള്‍ കര്‍ശനമായി പാലിക്കുന്നതിലൂടെയും മറ്റും ഉന്നത സാമൂഹിക സാമ്പത്തിക നിലയുള്ള വ്യക്തികള്‍ക്ക് വന്‍ സംഭാവനകള്‍ നല്‍കാനാകുമെന്നും റിപ്പോര്‍ട്ട് പറയുന്നു.
ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://chat.whatsapp.com/Jbj00KGFL5E62rFCZBEP1x
Comments are closed.