പൂട്ടാനിരിക്കുന്ന അള്‍സ്റ്റര്‍ ബാങ്കിന് വന്‍തുക പിഴ വിധിച്ച് സെന്‍ട്രല്‍ ബാങ്ക്, ട്രാക്കര്‍ മോര്‍ട്ട്ഗേജ് ഉപഭോക്താക്കളെ ‘കബളിപ്പിച്ചതിന്’ 38മില്യണ്‍ യൂറോ പിഴ
ഡബ്ലിന്‍ : പൂട്ടാന്‍ തീരുമാനിച്ചിരിക്കുന്ന അയര്‍ലണ്ടിലെ അള്‍സ്റ്റര്‍ ബാങ്കിന് വന്‍തുക പിഴ വിധിച്ച് സെന്‍ട്രല്‍ ബാങ്കിന്റെ ‘ഇരുട്ടിടി.’. ട്രാക്കര്‍ മോര്‍ട്ട്ഗേജ് ഉപഭോക്താക്കളെ കൈകാര്യം ചെയ്തതിലെ പിഴവുകള്‍ എണ്ണിപ്പറഞ്ഞ് 38മില്യണ്‍ യൂറോ(37.774മില്യണ്‍)യാണ് പിഴ വിധിച്ചത്. ബാങ്കിന്റെയും രാജ്യത്തിന്റെയും ചരിത്രത്തിലെ ഏറ്റവും വലിയ പിഴയാണ് അള്‍സ്റ്റര്‍ ബാങ്കിന് ചുമത്തിയിട്ടുള്ളതെന്നാണ് കണക്കാക്കുന്നത്.
2004മുതലുള്ള 16 വര്‍ഷ കാലയളവില്‍ 5,940 ഉപഭോക്താക്കളെ കൈകാര്യം ചെയ്തതില്‍ അള്‍സ്റ്റര്‍ ബാങ്ക് ഗുരുതരമായ വീഴ്ച വരുത്തിയെന്ന് സെന്‍ട്രല്‍ ബാങ്ക് അന്വേഷണം വെളിപ്പെടുത്തുന്നു.49 വ്യത്യസ്ത റെഗുലേറ്ററി ലംഘനങ്ങള്‍ അള്‍സ്റ്റര്‍ ബാങ്ക് സമ്മതിച്ചിട്ടുമുണ്ട്. ഇതില്‍ കൂടിയ കാലത്തേയ്ക്ക് അമിത ചാര്‍ജ് ഈടാക്കിയതും 29 ഫാമിലി ഹോമുകളുള്‍പ്പടെ 43 ഉപഭോക്താക്കളുടെ സ്വത്തുക്കള്‍ നഷ്ടപ്പെട്ടതും ഉള്‍പ്പെടുന്നു.
സെന്‍ട്രല്‍ ബാങ്ക് 54 മില്യണ്‍ യൂറോയാണ് ആകെ പിഴയിട്ടത്. പിന്നീട് സെറ്റില്‍മെന്റ് സ്‌കീമില്‍പ്പെടുത്തി 30% ഇളവുനല്‍കുകയായിരുന്നു. മുമ്പ് പടിഎസ്ബിയ്ക്ക് സമാനമായ നിയമലംഘനത്തിന് 21 മില്യണ്‍ യൂറോയും കെബിസി ബാങ്ക് അയര്‍ലണ്ടിന് 18 മില്യണ്‍ യൂറോയും പിഴ ചുമത്തിയിരുന്നു.
ചിലര്‍ക്ക് കൂടുതല്‍ തുക… കൊള്ള പലിശയും വാങ്ങി
ചില ഉപയോക്താക്കള്‍ക്ക് മോര്‍ട്ട് ഗേജിന് കൂടുതല്‍ പണം നല്‍കുന്നുണ്ടെന്ന് പരാതികളുയര്‍ന്നിരുന്നു. വ്യക്തമായ വ്യവസ്ഥകളുണ്ടായിരുന്നിട്ടും ഉണ്ടായിരുന്നിട്ടും, യുബിഐഡി ഉപയോക്താക്കള്‍ക്ക് അര്‍ഹമായ കുറഞ്ഞ ട്രാക്കര്‍ നിരക്കുകള്‍ നിരസിക്കുന്നത് തുടരുകയാണെന്ന് സെന്‍ട്രല്‍ ബാങ്കിന്റെ എന്‍ഫോഴ്സ്മെന്റ് ആന്‍ഡ് മണി ലോണ്ടറിംഗ് ഡയറക്ടര്‍ സീന കന്നിംഗ്ഹാം പറഞ്ഞു.പ്രധാന യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക് നിരക്ക് ട്രാക്കുചെയ്യുന്ന പലിശനിരക്കാണ് ട്രാക്കര്‍ മോര്‍ട്ട്ഗേജുകള്‍ക്ക് ഉപയോഗിക്കുന്നത്.അള്‍സ്റ്റര്‍ ബാങ്ക് 2001ലാണ് ട്രാക്കര്‍ മോര്‍ട്ട്ഗേജുകള്‍ അവതരിപ്പിച്ചത്.
ട്രാക്കര്‍ ഉപഭോക്താക്കളോട് ഉയര്‍ന്ന പലിശനിരക്കു സംബന്ധിച്ച വിശദാംശങ്ങളും അതിന്റെ സങ്കീര്‍ണ്ണതകളും വെളിപ്പെടുത്തുന്നതില്‍ അള്‍സ്റ്റര്‍ ബാങ്ക് പരാജയപ്പെട്ടുവെന്ന് സെന്‍ട്രല്‍ ബാങ്ക് അറിയിച്ചു.ചില ഉപയോക്താക്കള്‍ പരാതിപ്പെടുന്നതുവരെ അവരുടെ ശരിയായ ട്രാക്കര്‍ മോര്‍ട്ട്ഗേജ് അവകാശം നല്‍കാതിരിക്കുന്നതിന് ബോധപൂര്‍വമായ തന്ത്രവും ബാങ്ക് ആവിഷ്‌കരിച്ചു.
ശക്തമായ താക്കീതെന്ന് സെന്‍ട്രല്‍ ബാങ്ക്
ഇത്തരത്തിലുള്ള ദുര്‍നടപടികള്‍ നടത്തുന്നവര്‍ക്കുള്ള സന്ദേശമാണ് അള്‍സ്റ്റര്‍ ബാങ്കിന് പിഴ ചുമത്തിയതിലൂടെ സെന്‍ട്രല്‍ ബാങ്ക് നല്‍കുന്നതെന്ന് ഡയറക്ടര്‍ ഓഫ് ഫിനാന്‍ഷ്യല്‍ കണ്ടക്ട് ഡെര്‍വില്ലെ റൗളണ്ട് പറഞ്ഞു.
അള്‍സ്റ്റര്‍ ബാങ്കിന്റെ പാഠം മറ്റ് ലെന്‍ഡര്‍മാര്‍ക്കുള്ള ശക്തമായ താക്കീതാണെന്ന് റൗളണ്ട് ഓര്‍മ്മിപ്പിച്ചു.
ഖേദമറിയിച്ച് അള്‍സ്റ്റര്‍ ബാങ്ക് സിഇഒ
ട്രാക്കര്‍ മോര്‍ട്ട്ഗേജ് പ്രശ്നം ഉപഭോക്താക്കളെയും അവരുടെ കുടുംബങ്ങളെയും മോശമായി ബാധിച്ചതില്‍ ഖേദിക്കുന്നതായി ബാങ്ക് സിഇഒ ജെയ്ന്‍ ഹോവാര്‍ഡ് പറഞ്ഞു.വരും വര്‍ഷങ്ങളില്‍ അയര്‍ലണ്ട് വിപണി വിടുമെന്ന് കഴിഞ്ഞ മാസം അള്‍സ്റ്റര്‍ ബാങ്ക് പ്രഖ്യാപിച്ചിരുന്നു.സെന്‍ട്രല്‍ബാങ്കിന്റെ പരിശോധന ബാങ്കിനെ വളരെ ദോഷകരമായി ബാധിക്കുമെന്ന് സിഇഒ വെളിപ്പെടുത്തി.എന്നിരുന്നാലും പിഴവുകള്‍ പരിഹരിക്കുന്നതിനുള്ള ഇടപെടലുകളും തുടര്‍ന്നുവരികയാണെന്ന് സിഇഒ പറഞ്ഞു.നഷ്ടപരിഹാരം,റിഡ്രസ് ,അക്കൗമ്ട് ബാലന്‍സ് അഡ്ജസ്റ്റ്മെന്റുകള്‍ എന്നിവയിലൂടെ 1,28,000,000യൂറോ ഉപഭോക്താക്കളിലേയ്ക്ക് തിരികെയെത്തിയിട്ടുണ്ട്.
വൈകിയ നടപടിയെന്ന് സിന്‍ഫെയ്ന്‍
അതേസമയം, വളരെ വൈകിയ ശിക്ഷണ നടപടിയായിപ്പോയി ഇതെന്ന് സിന്‍ഫെയ്ന്‍ ധനകാര്യ വക്താവ് കുറ്റപ്പെടുത്തി. തികഞ്ഞ മോഷണമാണ് ബാങ്ക് നടത്തിയതെന്ന് ഡോഹര്‍ട്ടി പറഞ്ഞു. അതിന് ഈടാക്കിയ പിഴ വളരെ കുറഞ്ഞുപോയതായും ഇദ്ദേഹം ആരോപിച്ചു.നിരവധി ജീവനുകള്‍ക്കേല്‍പ്പിച്ച ആഘാതം കുറയ്ക്കുന്നതല്ല ഈ പിഴയിടലെന്ന് ലേബര്‍ ധനവക്താവ്ജെഡ് നാഷ് പറഞ്ഞു.അയര്‍ലണ്ടിന്റെ ബാങ്കുകളുടെ ചരിത്രത്തിലെ ഏറ്റവും നാണം കെട്ട അധ്യായമാണ് അള്‍സ്റ്റര്‍ ബാങ്കിന്റേതെന്ന് ഫിന ഫാള്‍ ജസ്റ്റീസ് വക്താവ് ജിം ഒ കൊള്ളഹന്‍ പറഞ്ഞു.
ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.com/GJThCk6XX6dBBr95X11Mwz
Comments are closed.