ഡബ്ലിന്‍ : അയര്‍ലണ്ടിന്റെ സാമ്പത്തിക വിപണിയില്‍ അള്‍സ്റ്റര്‍ ബാങ്ക് ഇനിയില്ല. ഐറിഷ് വിപണിയില്‍ 160 വര്‍ഷത്തിലേറെയായി പ്രവര്‍ത്തിക്കുന്ന അള്‍സ്റ്റര്‍ ബാങ്കിന്റെ പിന്മാറ്റം കഴിഞ്ഞ ദിവസമാണ് ഔദ്യോഗികമായി സ്ഥിരീകരിച്ചത്.ബാങ്ക് അടച്ചുപൂട്ടുന്നതിന് രണ്ടു മാസങ്ങള്‍ക്കു മുമ്പ് എല്ലാവര്‍ക്കും നോട്ടീസ് ലഭിക്കും. എന്നിട്ടും അക്കൗണ്ട് ക്ലോസ് ചെയ്യാത്തവര്‍ക്ക് അവരുടെ നിക്ഷേപം ചെക്കായി വീട്ടിലേയ്ക്കെത്തും.അതോടെ അള്‍സ്റ്റര്‍ ബാങ്ക് ചരിത്രമാകും.
ബാങ്കിന് 1.1 ദശലക്ഷം ഐറിഷ് ഉപഭോക്താക്കളാണുള്ളത്. ഇവരെ സംബന്ധിച്ചിടത്തോളം വളരെ ആശങ്കാജനകമായ സമയമാണിത്.കറന്റ് അക്കൗണ്ട് ഉടമകള്‍, മോര്‍ട്ട്ഗേജ് ഉടമകള്‍, ബാങ്ക് വായ്പയുള്ളവര്‍ എന്നിവരെല്ലാം ഇപ്പോള്‍ അവരുടെ ഓപ്ഷനുകള്‍ നോക്കുകയാണ്.അവരെ സഹായിക്കുന്നതിനായി വിദഗ്ധോപദേശങ്ങളുമായി വിവിധ കേന്ദ്രങ്ങള്‍ രംഗത്തുവന്നിട്ടുണ്ട്.അള്‍സ്റ്റര്‍ ബാങ്കില്‍ കറന്റ് അക്കൗണ്ട് കൈവശമുള്ളവര്‍ പൂര്‍ണ്ണമായും സുരക്ഷിതരാണെന്ന് വിദഗ്ധര്‍ പറയുമ്പോഴും തിരക്കുപിടിച്ച തീരുമാനം ആവശ്യമില്ലെന്നും അവര്‍ ഓര്‍മ്മിപ്പിക്കുന്നു.
കറന്റ് അക്കൗണ്ട് ഉടമകള്‍ പരിഭ്രാന്തരാകേണ്ട ആവശ്യമില്ലെന്ന് സ്വിച്ചര്‍.ഇയുടെ മാനേജിംഗ് ഡയറക്ടര്‍ ഇയോണ്‍ ക്ലാര്‍ക്ക് പറഞ്ഞു. കറന്റ് അക്കൗണ്ട് ഉടമകള്‍ക്ക് പുതിയ ദാതാവിലേക്ക് എളുപ്പത്തില്‍ മാറാന്‍ കഴിയും.അതുവരെ നിക്ഷേപം ബാങ്കില്‍ സുരക്ഷിതമാണ്.ബാങ്ക് ഓഫ് അയര്‍ലന്‍ഡ്, എ.ഐ.ബി ,പെര്‍മനന്റ് ടി.എസ്.ബി എന്നീ ഐറിഷ് ബാങ്കുകളാണ് ഒരു നല്ല ഓപ്ഷനെന്ന് ഇദ്ദേഹം ഉപദേശിക്കുന്നു.അവ വേണ്ടെന്ന് വച്ചാല്‍ കറന്റ് അക്കൗണ്ട് സേവനങ്ങള്‍ വാഗ്ദാനം ചെയ്യുന്ന ക്രെഡിറ്റ് യൂണിയനുകളെ നോക്കാവുന്നതാണ്. ആന്‍ പോസ്റ്റ്, റിവോള്‍ട്ട്, എന്‍ 26 എന്നിവയും ബാങ്കിംഗ് ഓപ്ഷനുകള്‍ വാഗ്ദാനം ചെയ്യുന്നവയാണ്.
മോര്‍ട്ട് ഗേജുകാര്‍ക്ക്
അള്‍സ്റ്റര്‍ ബാങ്ക് മോര്‍ട്ട്ഗേജ് ഉടമകള്‍ക്ക് അവരുടെ വായ്പ ഓഫര്‍ അനുസരിച്ച് ഉപഭോക്തൃ സംരക്ഷണ കോഡ് പ്രകാരമുള്ള പരിരക്ഷ ലഭിക്കും.ഈ ബാങ്കിന്റെ വായ്പകള്‍ മറ്റൊരു ഓര്‍ഗനൈസേഷന്‍ വാങ്ങാന്‍ സാധ്യതയുണ്ട് .അള്‍സ്റ്റര്‍ ബാങ്കിന്റെ വായ്പകള്‍ വാങ്ങുന്നതു സംബന്ധിച്ച് എ.ഐ.ബി തിരക്കിട്ട ചര്‍ച്ചകളിലാണ്.
സേവിംഗ്സ് അക്കൗണ്ടുകാര്‍
സേവിംഗ്സ് അക്കൗണ്ടുകളിലെ പണം സുരക്ഷിതമാണ്. എന്നിരുന്നാലും മോര്‍ട്ട്ഗേജുകളും കറന്റ് അക്കൗണ്ടുകളും ഉള്ളവരെപ്പോലെ, സമ്പാദ്യമുള്ളവര്‍ പണം എവിടേക്ക് നീക്കണമെന്ന് ചിന്തിക്കേണ്ട സമയമാണിത്.നിക്ഷേപം വേണ്ടാത്തതിനാല്‍പല ബാങ്കുകളും സേവിംഗ്സുകാരില്‍ നിന്നും ഓടി രക്ഷപ്പെടാനുള്ള സാധ്യതയുണ്ടെന്ന് ബോങ്കേഴ്‌സിന്റെ ഡാരാഗ് കാസിഡി പറയുന്നു.അതിനാല്‍ ആന്‍ പോസ്റ്റ്, റിവോള്‍ട്ട്, എന്‍ 26 എന്നിവയെല്ലാം നല്ല ഓപ്ഷനുകളാണ്.എന്നാല്‍ നെഗറ്റീവ് പലിശനിരക്കുകളെ കരുതിയിരിക്കണമെന്ന് ഇദ്ദേഹം ഉപദേശിക്കുന്നു.
രാജ്യത്തെ മൂന്നാമത്തെ വലിയ ബാങ്കാണ് വിപണി വിടുന്നത്. ഇത് മത്സരത്തിനുള്ള സാധ്യത കുറയ്ക്കുന്നതാണ്. അതിനാല്‍ പലിശ നിരക്കും ബാങ്ക് ഫീസും ഉയരാന്‍ സാധ്യതയുണ്ടെന്ന് കാസിഡി വിശദീകരിക്കുന്നു.
വിപണിയില്‍ നിന്നും അള്‍സ്റ്റര്‍ ബാങ്ക് പിന്‍വലിയുന്നത് എസ്എംഇ വായ്പാ മേഖലയെ പ്രതികൂലമായി ബാധിക്കും.അള്‍സ്റ്റര്‍ ബാങ്കിന്റെ വിടവാങ്ങല്‍ എസ്എംഇ മേഖലയില്‍ ബി.ഒ.ഐ., എ ഐ ബി എന്നിവയ്ക്ക് യഥാര്‍ത്ഥ മത്സരം നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.
ഐറിഷ് മലയാളി ന്യൂസ്
Comments are closed.