head1
head3

ഫ്രാന്‍സിസ് മാര്‍പാപ്പ ദൈവസന്നിധിയിലേയ്ക്ക് മടങ്ങി

വത്തിക്കാന്‍ സിറ്റി : കത്തോലിക്കാ സഭയുടെ ഇടയ ശ്രേഷ്ഠന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ(88) ഉയിര്‍പ്പുതിരുനാള്‍ പിറ്റേന്ന് ദൈവസന്നിധിയിലേയ്ക്ക് മടങ്ങി.മാര്‍പാപ്പയുടെ വസതിയായ വത്തിക്കാനിലെ സാന്താ മാര്‍ത്തഹോട്ടലില്‍ തിങ്കളാഴ്ച പ്രാദേശിക സമയം രാവിലെ 7.35നായിരുന്നു വേര്‍പാട്.ഹൃദയസ്തംഭനവും പക്ഷാഘാതവുമാണ് മരണകാരണമെന്ന് സ്ഥിരീകരിച്ചു.

ലോക നേതാക്കള്‍ ആദരാഞ്ജലികള്‍ മാര്‍പാപ്പയ്ക്ക് ആദരാഞ്ജലി അര്‍പ്പിച്ചു. ലോകമെമ്പാടുമുള്ള ദേവാലയങ്ങളില്‍ ഈസ്റ്റര്‍ തിങ്കളാഴ്ച മാര്‍പാപ്പയ്ക്കായി ദിവ്യബലി അര്‍പ്പിച്ചു.സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറിലും പൊതു പ്രാര്‍ത്ഥനാ ശുശ്രൂഷകള്‍ നടന്നു.സംസ്‌കാരച്ചടങ്ങുകളെത്തുടര്‍ന്ന് ഒമ്പതു ദിവസമാണ് ദുഃഖാചരണം.

ന്യൂയോര്‍ക്കിലെ സെന്റ് പാട്രിക്സ് കത്തീഡ്രലില്‍ വിലാപത്തിനായി നൂറുകണക്കിന് കത്തോലിക്കരും വിനോദസഞ്ചാരികളും ഒഴുകിയെത്തി.വാഷിംഗ്ടണിലെ നാഷണല്‍ കത്തീഡ്രലിലും വിശ്വാസികള്‍ ഒത്തുകൂടി.വത്തിക്കാനിലെ തിരക്കേറിയ സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറില്‍ വിശ്വാസികള്‍ ഇപ്പോഴും പ്രാര്‍ത്ഥനയിലാണ്.

ഭൗതിക ശരീരം ബുധനാഴ്ച പൊതു ദര്‍ശനത്തിന് വെയ്ക്കും

മാര്‍പാപ്പയുടെ ഭൗതിക ശരീരം ബുധനാഴ്ച സെന്റ് പീറ്റേഴ്സ് ബസലിക്കയില്‍ പൊതു ദര്‍ശനത്തിന് വെയ്ക്കും.ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഫെബ്രുവരി 14 മുതല്‍ 38 ദിവസം റോമിലെ ജെമെല്ലി ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. ശ്വാസകോശത്തിന്റെ രണ്ടറകളിലും ന്യുമോണിയ ബാധിച്ച് മരണത്തിന്റെ വക്കിലെത്തിയെങ്കിലും അതിശയിപ്പിച്ചുകൊണ്ട് തിരിച്ചുവന്നു.ഇതിനിടയിലാണ് മടക്കം.

മാര്‍പാപ്പ 23നാണ് ആശുപത്രി വിട്ടത്.ഞായറാഴ്ചത്തെ ഉയിര്‍പ്പ് തിരുനാളായിരുന്നു മാര്‍പാപ്പ പങ്കെടുത്ത ഒടുവിലത്തെ പൊതു ചടങ്ങ്. സെന്റ് പീറ്റേഴ്സ് ചത്വരത്തില്‍ ഒത്തുകൂടിയ ജനക്കൂട്ടത്തോട് അല്‍പ്പനേരം പ്രഭാഷണം നടത്തി.ആശുപത്രി വിട്ട മാര്‍പാപ്പയ്ക്ക് കര്‍ശന വിശ്രമം നിര്‍ദ്ദേശിച്ചിരുന്നു.എന്നിട്ടും അതിന് കൂട്ടാക്കിയില്ല.വ്യാഴാഴ്ച റോമിലെ റെജീന ചേലി ജയിലിലെ തടവുകാരെ മാര്‍പാപ്പ സന്ദര്‍ശിച്ചിരുന്നു.

മരണത്തെത്തുടര്‍ന്നുള്ള പരമ്പരാഗതമായ ചടങ്ങനുസരിച്ച് മാര്‍പാപ്പയുടെ താമസസ്ഥലം അരമന കാര്യസ്ഥന്‍ പൂട്ടി മുദ്രവെച്ചു.മരിച്ച് 4-6 ദിവസത്തിനുള്ളില്‍ മാര്‍പാപ്പയുടെ സംസ്‌കാരം നടത്തണമെന്നാണ് ചട്ടം.മറ്റെവിടെയെങ്കിലും അന്ത്യനിദ്ര വേണമെന്ന് മാര്‍പാപ്പ ആഗ്രഹം അറിയിച്ചിട്ടില്ലെങ്കില്‍ സെന്റ് പീറ്റേഴ്സ് ബസലിക്കയിലാകും അടക്കം.എന്നാല്‍ റോമിലെ എസ്‌കിലിനോയിലുള്ള സാന്ത മരിയ മാര്‍ജൊറി ബസിലിക്കയില്‍ അടക്കണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ ആവശ്യപ്പെട്ടിട്ടുണ്ട്.

അയര്‍ലണ്ടിലെ കത്തോലിക്കാ പ്രൈമേറ്റ് ആര്‍ച്ച് ബിഷപ്പ് ഈമോണ്‍ മാര്‍ട്ടിനും ഡബ്ലിനിലെ ആര്‍ച്ച് ബിഷപ്പ് ഡെര്‍മോട്ട് ഫാരെലും അര്‍മാഗിലെ സെന്റ് പാട്രിക്സ് കത്തീഡ്രലില്‍ ഫ്രാന്‍സിസ് മാര്‍പ്പാപ്പയ്ക്ക് വേണ്ടി പ്രാര്‍ത്ഥനാ ശുശ്രൂഷ നടത്തി.

മരണ സര്‍ട്ടിഫിക്കറ്റ്

ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ മരണ സര്‍ട്ടിഫിക്കറ്റ് വത്തിക്കാന്‍ പുറത്തിറക്കി.ഹൃദയസ്തംഭനവും പക്ഷാഘാതവുമാണ് മാര്‍പാപ്പയുടെ ജീവനെടുത്തതെന്ന് സര്‍ട്ടിഫിക്കറ്റ് പറയുന്നു.ആശുപത്രിയില്‍ ഡബിള്‍ ന്യുമോണിയ ബാധിച്ചപ്പോള്‍ത്തന്നെ മാര്‍പാപ്പയ്ക്ക് അക്യൂട്ട് റെസ്പിറേറ്ററി തകരാറും ബാധിച്ചിരുന്നുവെന്ന് സര്‍ട്ടിഫിക്കറ്റില്‍ പറയുന്നു.

രക്തധമനികളിലെ രക്താതിമര്‍ദ്ദം, മള്‍ട്ടിപ്പിള്‍ ബ്രോങ്കിയക്ടാസിസ്, ടൈപ്പ് 2 പ്രമേഹം എന്നിവയുമുണ്ടായിരുന്നു. ഇത് മുമ്പുണ്ടായിരുന്നതല്ലെന്ന് വത്തിക്കാന്‍ സിറ്റി സ്റ്റേറ്റ് ആരോഗ്യ ഡയറക്ടര്‍ പ്രൊഫ. ആന്‍ഡ്രിയ അര്‍ക്കാന്‍ജെലി ഒപ്പിട്ട സര്‍ട്ടിഫിക്കറ്റില്‍ വെളിപ്പെടുത്തുന്നു.

ലളിതമായ ശവസംസ്‌കാരം വേണമെന്ന് ആഗ്രഹം

പോപ്പിന്റെ ശവസംസ്‌കാരം റോമിലെ ബസിലിക്കയിലെ തീര്‍ത്തും ലളിതമായി നടക്കും.ഇക്കാര്യം മാര്‍പാപ്പ നേരത്തേ നിര്‍ദ്ദേശിച്ചിരുന്നു.വിദേശ സന്ദര്‍ശനങ്ങളുടെയെല്ലാം തുടക്കത്തിലും അവസാനത്തിലും മാര്‍പാപ്പ എപ്പോഴും പ്രാര്‍ത്ഥിക്കുന്നത് സെന്റ് മേരി മേജറിന്റെ പേപ്പല്‍ ബസിലിക്കയിലായിരുന്നു.ഇവിടെത്തന്നെയാകണം തന്റെ അടക്കം വേണ്ടതെന്ന് മാര്‍പാപ്പ 2022 ജൂണ്‍ 29ന് പുറത്തിറക്കിയ സ്പിരിച്വല്‍ ടെസ്റ്റാമെന്റിലാണ് വ്യക്തമാക്കിയത്.
”ജീവിതത്തിലുടനീളം പുരോഹിതനും ബിഷപ്പും എന്ന നിലയിലുള്ള ശുശ്രൂഷയില്‍, ഞാന്‍ എപ്പോഴും എന്നെത്തന്നെ കര്‍ത്താവായ പരിശുദ്ധ കന്യകാമറിയത്തിന്റെ അമ്മയില്‍ ഏല്‍പ്പിച്ചിരുന്നു. ഇക്കാരണത്താല്‍ സെന്റ് മേരി മേജറിന്റെ പേപ്പല്‍ ബസിലിക്കയില്‍ വിശ്രമിക്കണമെന്ന് ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു” അദ്ദേഹം പറയുന്നു.

പ്രത്യേക അലങ്കാരങ്ങളില്ലാത്ത ശവകുടീരം നിലത്തായിരിക്കണമെന്നും ലളിതമായിരിക്കണമമെന്നും മാര്‍പാപ്പ നിര്‍ദ്ദേശിക്കുന്നു. ”ഫ്രാന്‍സിസ്‌കസ് എന്ന പേര് മാത്രമേ പാടുള്ളള്ളൂ”.മാര്‍പ്പാപ്പയുടെ ശവസംസ്‌കാരം ശനിയാഴ്ച നടക്കുമെന്നാണ് ധാരണയാണെന്ന് റോം മേയര്‍ റോബര്‍ട്ടോ ഗ്വാള്‍ട്ടിയേരി പറഞ്ഞു.

ശവസംസ്‌കാരത്തിനുള്ള ഒരുക്കങ്ങള്‍ വത്തിക്കാന്‍ നടത്തി വരികയാണ്. പിന്നീട് പുതിയ പോപ്പിനെ തിരഞ്ഞെടുക്കാനുള്ള കോണ്‍ക്ലേവ് ചേരേണ്ടതുണ്ട്.

പുതിയ പാപ്പയുടെ തിരഞ്ഞെടുപ്പ്

നിലവിലെ മാര്‍പാപ്പ ദിവംഗതനായി 15-20 ദിവസത്തിനുള്ളില്‍ അടുത്തയാളെ തിരഞ്ഞെടുക്കുന്നതിനുള്ള ക്ലോണ്‍ ക്ലേവ് (രഹസ്യയോഗം) വത്തിക്കാനിലെ സിസ്റ്റൈന്‍ ചാപ്പലില്‍ ആരംഭിക്കും. ലോകത്തിന്റെ നാനാഭാഗത്തുനിന്നുള്ള 80 വയസ്സ് തികയാത്ത കര്‍ദിനാള്‍മാര്‍ കോണ്‍ക്ലേവിനെത്തും. ഇത്തവണ 138 കര്‍ദിനാള്‍മാര്‍ ഇതിന് യോഗ്യരായുണ്ട്. മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ പാപ്പാ സ്ഥാനാര്‍ഥികളില്‍ ഒരാള്‍ തിരഞ്ഞെടുക്കപ്പെടും വരെ വോട്ടെടുപ്പ് നടക്കും. ഓരോ തവണയും വോ ട്ടുരേഖപ്പെടുത്തുന്ന ബാലറ്റ് പേപ്പര്‍ കത്തിക്കും. കറുത്ത പുകയാണെങ്കില്‍ പുതിയ പാപ്പ ആയിട്ടില്ല. വെളുപ്പെങ്കില്‍ പുതിയ പാപ്പയായി എന്നാണര്‍ഥം.

പുതിയ പാപ്പയെ പ്രഖ്യാപിക്കല്‍

പുതിയ പാപ്പയെ തിരഞ്ഞെടുത്താല്‍, പദവി സ്വീകരിക്കുന്നോ എന്ന് അദ്ദേഹത്തോട് ഔദ്യോഗികമായി ചോദിക്കും. അദ്ദേഹം സമ്മതംമൂളിയാല്‍ പിന്നെ പേര് തിരഞ്ഞെടുക്കലായി പുതിയ പാപ്പയ്ക്ക് സ്വന്തം ഔദ്യോഗികനാമം സ്വയം തിരഞ്ഞെടുക്കാം. മിക്കവാറും പുണ്യവാളന്‍മാരുടെ പേരുകളില്‍ നിന്നാകും ഈ തിര ഞ്ഞെടുപ്പ്. അസീസിയിലെ വി. ഫ്രാന്‍സിസിന്റെ പേരാണ് ദിവംഗതനായ മാര്‍പാപ്പ തിരഞ്ഞെടുത്തത്. പേര് തിരഞ്ഞെടുത്തുകഴിഞ്ഞാല്‍, ഉന്നത കര്‍ദിനാള്‍ സെയ്ന്റ് പീറ്റേഴ്സ് ബസിലിക്കയുടെ ബാല്‍ക്കണിയിലെത്തി ‘ഹബേമുസ് പാപ്പം’എന്ന് ലാറ്റിനില്‍ വിളിച്ചുപറയും. ‘നമുക്ക് പാപ്പയെ കിട്ടി എന്നാണ് ഇതിനര്‍ഥം.

ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.com/JzpXB775jusJD1C2xHcFqm</</a

Comments are closed.