head1
head3

അയർലണ്ടിൽ അദ്ധ്യാപകരാവാം,  ഇന്ത്യക്കാർക്ക് അവസരം തുറന്ന് ഐറിഷ് സർക്കാർ, നൂറുകണക്കിന് ഒഴിവുകൾ 

ഡബ്ലിന്‍ :അയര്‍ലണ്ടിലെ അദ്ധ്യാപകരുടെ ദൗര്‍ലഭ്യം പരിഹരിക്കാനായി ഇന്ത്യ ഉള്‍പ്പെടെയുള്ള വിദേശരാജ്യങ്ങളില്‍ നിന്നും യോഗ്യത നേടിയ അധ്യാപകര്‍ക്ക് അവസരമൊരുക്കി ഐറിഷ് സര്‍ക്കാര്‍.

ആയിരത്തോളം അധ്യാപകരുടെ ഒഴിവുകളാണ് അയര്‍ലണ്ടില്‍ നിലവിലുള്ളത് എന്നാണ് വിദ്യാഭ്യാസ വകുപ്പ് നല്‍കുന്ന സൂചന.പുതിയ നയം അനുസരിച്ച് അയര്‍ലണ്ടിന് പുറത്ത് യോഗ്യത നേടിയ അധ്യാപകര്‍ക്ക് അയര്‍ലണ്ടിലെ ടീച്ചിംഗ് കൗണ്‍സിലില്‍ രജിസ്‌ട്രേഷനായി അപേക്ഷിക്കാനും തുടര്‍ന്ന് അയര്‍ലണ്ടില്‍ അവരുടെ ഇന്‍ഡക്ഷന്‍ കോഴ്‌സ് പൂര്‍ത്തിയാക്കാനും ഇപ്പോള്‍ അനുമതി നല്‍കിയിട്ടുണ്ട്.

ടീച്ചിംഗ് കൗണ്‍സില്‍ നടപ്പിലാക്കുന്ന നടപടിയനുസരിച്ച് , സൂപ്പര്‍വിഷന്‍, സബ്സ്റ്റിറ്റിയൂഷന്‍ റോളുകള്‍ ഉള്‍പ്പെടെയുള്ള ഒഴിവുകള്‍ നികത്താന്‍ ഇപ്രകാരം അയര്‍ലണ്ടില്‍ രജിസ്റ്റര്‍ ചെയ്ത പ്രൈമറി, സെക്കന്‍ഡ് ലെവല്‍ അധ്യാപകരെ നിയോഗിക്കും.

നഗരപ്രദേശങ്ങളിലെ താമസച്ചെലവും അയര്‍ലണ്ടില്‍ യോഗ്യത നേടിയ അധ്യാപകര്‍ വിദേശത്തേക്ക് മാറുന്നതും ഉള്‍പ്പെടെയുള്ള ഘടകങ്ങളാണ് അയര്‍ലണ്ടില്‍ അധ്യാപകരുടെ ദൗര്‍ലഭ്യത്തിന് കാരണമാവുന്നത്.

എപ്പോള്‍ വരെ രജിസ്റ്റര്‍ ചെയ്യാം ?
വിദേശത്ത് യോഗ്യത നേടിയ അധ്യാപകര്‍ക്കായുള്ള പുതിയ രജിസ്ട്രേഷന്‍ നടപടി 2024 ഫെബ്രുവരി വരെ മാത്രമേ നില നില്‍ക്കുകയുള്ളുവെന്ന് ടീച്ചിംഗ് കൗണ്‍സില്‍ വ്യക്തമാക്കിയിയിട്ടുണ്ട്.പ്രൈമറി, പോസ്റ്റ്-പ്രൈമറി, തുടര്‍ വിദ്യാഭ്യാസം, വിദ്യാര്‍ത്ഥി അധ്യാപകര്‍ എന്നിങ്ങനെ 118,000-ലധികം അധ്യാപകരാണ് നിലവില്‍ അയര്‍ലണ്ടിലെ രജിസ്റ്ററിലുള്ളത്. നിലവില്‍, ഓരോ വര്‍ഷവും പ്രാരംഭ രജിസ്‌ട്രേഷനായി 5,500 അപേക്ഷകര്‍ വരെ രാജ്യത്തിനകത്തുനിന്നും തന്നെ എത്തുന്നുണ്ടെങ്കിലും ,റിട്ടയര്‍ ചെയ്യുന്നവരുടെയും ,വിദേശത്തേയ്ക്ക് പോകുന്നവരുടെയും ,അധ്യാപക വൃത്തി ഒഴിവാക്കുന്നവരെയും കൂടി പരിഗണിച്ചാല്‍ പ്രതിവര്‍ഷം 3,600 രജിസ്ട്രേഡ് ടീച്ചര്‍മാരുടെ എണ്ണമേ വര്‍ദ്ധിക്കുന്നുള്ളു.
അയര്‍ലണ്ടില്‍ രജിസ്റ്റര്‍ ചെയ്യുന്ന ഏതാനം വിഭാഗത്തില്‍ പെട്ട ടീച്ചര്‍മാര്‍ക്ക് നാമമാത്രമായ തോതില്‍ ഐറിഷ് ഭാഷയും,ചരിത്രവും പഠിക്കണമെന്ന നിര്‍ദേശം നിലവിലുണ്ട്. എന്നാല്‍ പുതിയതായി രജിസ്റ്റര്‍ ചെയ്യാനുള്ള അധ്യാപകര്‍ക്ക്, നിയമനം ലഭിച്ച അതിനായി നിശ്ചിത സമയം അനുവദിക്കും.
അയര്‍ലണ്ടിലെ ശരാശരി അധ്യാപക ശമ്പളം പ്രതിവര്‍ഷം € 36 075 അല്ലെങ്കില്‍ മണിക്കൂറിന് € 18.50( മണിക്കൂറിന് ഏകദേശം 1600 രൂപ ) ആണ്. എന്‍ട്രി ലെവലില്‍ പ്രതിവര്‍ഷം € 29 625 മുതല്‍ ശമ്പള ഘടന ആരംഭിക്കുന്നു, അതേസമയം മിക്ക പരിചയസമ്പന്നരായ അദ്ധ്യാപകർക്കും പ്രതിവര്‍ഷം € 48881 വരെ ലഭിക്കും.
എങ്ങനെ അപേക്ഷിക്കാം?
അയര്‍ലണ്ടിലെ ടീച്ചിംഗ് കൗണ്‍സില്‍ രജിസ്ട്രേഷനുള്ള അപേക്ഷകള്‍ ഓണ്‍ലൈനായാണ് സമര്‍പ്പിക്കേണ്ടത്.അപേക്ഷയുടെ മുഴുവന്‍ ഘട്ടങ്ങളിലുമുള്ള ഡോക്യുമെന്റേഷനുകള്‍ ഇലക്ട്രോണിക് ഫയലുകളായാണ് സമര്‍പ്പിക്കേണ്ടത്.ആവശ്യമായ എല്ലാ ഡോക്യുമെന്റേഷനുകളും,90 യൂറോയുടെ രജിസ്‌ട്രേഷന്‍ ഫീസും കൗണ്‍സിലിലേക്ക് അപ്ലോഡ് ചെയ്ത് ഓണ്‍ലൈന്‍ അപേക്ഷാ ഫോറം പൂര്‍ത്തിയാക്കാം.
നിങ്ങളുടെ ആപ്ലിക്കേഷന്‍ സേവ് ചെയ്ത് പൂര്‍ത്തിയാക്കാന്‍ മൂന്ന് മാസം വരെ സമയം അനുവദിക്കുന്നുണ്ട്. അതിനുള്ളില്‍ ആവശ്യമെങ്കില്‍ ഡ്രാഫ്റ്റ് തിരുത്താനും, നവീകരിക്കാനും അപേക്ഷകന് കഴിയും. നിങ്ങളുടെ അപേക്ഷയുടെ പ്രക്രീയ ആരംഭിച്ച തീയതി മുതല്‍ മൂന്ന് മാസത്തെ സമയമാണ് അപേക്ഷ പൂര്‍ത്തിയാക്കാന്‍ അനുവദിക്കുക.. മൂന്ന് മാസത്തിന് ശേഷവും പൂര്‍ത്തിയാക്കി സമര്‍പ്പിക്കാത്ത എല്ലാ ആപ്ലിക്കേഷനുകളും റദ്ദാക്കപ്പെടും.
നിങ്ങളുടെ അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ നിങ്ങള്‍ക്ക് ഒരു അംഗീകാര ഇമെയില്‍ ലഭിക്കും.ഏതെങ്കിലും ഡോക്യുമെന്റേഷന്‍ നഷ്ടപ്പെട്ടാല്‍, പ്രശ്‌നം പരിഹരിക്കാന്‍ ഒരു സ്റ്റാഫ് അംഗം നിങ്ങളെ ബന്ധപ്പെടും.
അയര്‍ലണ്ടിന് പുറത്ത് യോഗ്യത നേടിയവരില്‍ നിന്നുള്ള അപേക്ഷകള്‍ ആവശ്യമായ എല്ലാ ഡോക്യുമെന്റേഷനുകളും ലഭിച്ച തീയതി മുതല്‍ പ്രോസസ്സ് ചെയ്യുന്നതിന് 12 ആഴ്ച വരെ എടുത്തേക്കാം.സ്വഭാവ റഫറന്‍സ്,പോലീസ് ക്ലിയറന്‍സ് വെറ്റിംഗ്, ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യം എന്നിവയുമായി ബന്ധപ്പെട്ട് മറ്റെല്ലാ ആവശ്യകതകളും നിറവേറ്റിയിട്ടുണ്ടെങ്കില്‍ രജിസ്‌ട്രേഷന്‍ അന്തിമമാക്കും.എങ്കിലും നിയമനം നേടുന്നവര്‍ക്ക് മൂന്ന് വര്‍ഷം വരെ പരമാവധി നീണ്ടേക്കാവുന്ന ഒരു അഡാപ്‌റ്റേഷന്‍ കോഴ്‌സോ ,ഹൃസ്വ സമയത്തേയ്ക്കുള്ള ഒരു ആപ്റ്റിറ്റിയൂഡ് ടെസ്റ്റോ (ഓപ്ഷണല്‍ ) പൂര്‍ത്തിയാക്കേണ്ടതുണ്ട്.
അയര്‍ലണ്ടിലെ ടീച്ചിംഗ് കൗണ്‍സില്‍ രജിസ്‌ട്രേഷനായി നിങ്ങള്‍ക്ക് സഹായം ആവശ്യമുണ്ടെങ്കില്‍ അയര്‍ലണ്ടിലെ ഐറിഷ് ഉടമസ്ഥതയിലുള്ള എംപ്ലോയ്മെന്റ് കണ്‍സള്‍ട്ടന്‍സിയില്‍ നിന്നും ലഭ്യമാണ് . വിശദ വിവരങ്ങള്‍ക്ക്
irejobs1@ gmail.comഎന്ന ഇ മെയില്‍ ഐ ഡിയില്‍ ബന്ധപ്പെടാവുന്നതാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക് :https://www.teachingcouncil.ie/en/registration/how-do-i-register-/qualified-outside-of-ireland/
ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക  https://chat.whatsapp.com/HjeNHMup1Z8Kb0G2aPv4Ni</

Comments are closed.