head3
head1

സാമ്പത്തിക വ്യവസ്ഥ വീണ്ടെടുക്കാനുള്ള ലോകരാജ്യങ്ങളുടെ ശ്രമങ്ങള്‍ക്ക് വിതരണ ശൃംഖലയിലെ പ്രശ്നങ്ങള്‍ വിലങ്ങുതടിയാകുന്നു

ഡബ്ലിന്‍ : കോവിഡ് പ്രതിസന്ധിയില്‍ നിന്നും സാമ്പത്തിക വ്യവസ്ഥകളെ വീണ്ടെടുക്കാനുള്ള ലോകരാജ്യങ്ങളുടെ ശ്രമങ്ങള്‍ക്ക് വിതരണ ശൃംഖലയിലെ പ്രശ്നങ്ങള്‍ വിലങ്ങുതടിയാകുന്നു. ചൈനയിലെ വൈദ്യുതി തടസ്സങ്ങളും ബ്രിട്ടനിലെ ഇന്ധനക്ഷാമം സൃഷ്ടിച്ച കലാപവും ജര്‍മ്മനിയിലെ ഫാക്ടറി അടച്ചുപൂട്ടലുമെല്ലാം ആഗോളതലത്തിലുള്ള വീണ്ടെടുക്കല്‍ ശ്രമങ്ങള്‍ക്ക് ഭീഷണി ഉയര്‍ത്തുകയാണ്.

പകര്‍ച്ചവ്യാധി മൂലമുണ്ടായ സാമ്പത്തികമാന്ദ്യത്തില്‍ നിന്ന് രാജ്യങ്ങള്‍ വീണ്ടും ഉയര്‍ന്നുവരാന്‍ ശ്രമിക്കുന്നതിനിടയിലുള്ള ഈ സംഭവവികാസങ്ങള്‍ ഏതുവിധത്തിലുള്ള പ്രശ്നങ്ങളാകും ഉണ്ടാക്കുകയെന്നതു സംബന്ധിച്ച് ഇനിയും വ്യക്തതയില്ല. കല്‍ക്കരി തീര്‍ന്നതാണ് ചൈനയിലെ പവര്‍ സ്റ്റേഷനുകളെ പ്രതിസന്ധിയിലാക്കിയതെങ്കില്‍, ഇന്ധന പമ്പുകളിലേക്ക് യുകെയില്‍ പെട്രോള്‍ കൊണ്ടുപോകാന്‍ ലോറി ഡ്രൈവര്‍മാരില്ലാത്തതാണ് യുകെയില്‍ പ്രശ്നമായത്. പെരുകുന്ന ആവശ്യകതകള്‍ മൂലം യൂറോപ്പിലുടനീളം ഗ്യാസ് വില കുതിച്ചുയരുകയാണ്.

സാമ്പത്തിക വീണ്ടെടുക്കലിനുള്ള ശ്രമങ്ങള്‍ തുടരുമ്പോഴും കോവിഡ് കെടുതികള്‍ അവസാനിക്കുന്നില്ലെന്ന പ്രശ്നവുമുണ്ട്. അതിനിടെയാണ് പുതിയ സപ്ലൈ ചെയിന്‍ പ്രശ്നങ്ങളും ഉയര്‍ന്നുവന്നിട്ടുള്ളത്.

വര്‍ധിച്ച ആവശ്യകത ഉയര്‍ത്തുന്ന പ്രശ്നങ്ങള്‍

ചൈനയിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വര്‍ഷത്തില്‍ ആദ്യമായി സെപ്തംബറില്‍ ചുരുങ്ങിപ്പോയതായി ബ്രസല്‍സിലെ ബ്രൂഗല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഗവേഷകനായ നിക്ലാസ് പോയിറ്റിയേഴ്സ് ചൂണ്ടിക്കാട്ടുന്നു. ഫ്രാന്‍സില്‍, ഉല്‍പ്പാദനം 2021-ലെ ഏറ്റവും താഴ്ന്ന നിലയിലാണ്. ജപ്പാനില്‍ തുടര്‍ച്ചയായ രണ്ടാം മാസവും വ്യാവസായികോല്‍പ്പാദനം കുറഞ്ഞു. ഉല്‍പ്പാദന കേന്ദ്രങ്ങള്‍ പ്രവര്‍ത്തിപ്പിക്കാന്‍ ആവശ്യമായ അസംസ്‌കൃത വസ്തുക്കളും മറ്റം ലഭ്യമാകാതെ കമ്പനികള്‍ ബുദ്ധിമുട്ടുകയാണെന്നതാണ് പ്രധാന പ്രശ്നം.

ആവശ്യങ്ങള്‍ക്കനുസരിച്ച് ഉല്‍പ്പാദനം സാധ്യമാകാത്തത് സമ്പദ് വ്യവസ്ഥകളുടെ വളര്‍ച്ച മന്ദഗതിയിലാക്കുന്നത് വലിയ അപകടസൂചനയാണെന്നും നിക്ലാസ് പോയിറ്റിയേഴ്സ് പറയുന്നു. ഇലക്ട്രോണിക് ചിപ്പുകളുടെ കടുത്ത ക്ഷാമം മൂലം വാഹനവ്യവസായം പ്രതിസന്ധിയിലാണ്. ആവശ്യമായ വാഹനങ്ങളുടെ നിര്‍മ്മാണം യഥാസമയം പൂര്‍ത്തിയാക്കാന്‍ കമ്പനികള്‍ക്ക് കഴിയുന്നില്ല.

വാഹന നിര്‍മ്മാണവും ടെക്സ്റ്റയില്‍സ് മേഖലയും…

ജാപ്പനീസ് കമ്പനിയായ ടൊയോട്ട കഴിഞ്ഞ മാസം അതിന്റെ ഉല്‍പ്പാദനം വെട്ടിക്കുറച്ചു. അടുത്ത വര്‍ഷം തുടക്കം വരെ ഓപല്‍ സബ്സിഡിയറിയുടെ ജര്‍മ്മന്‍ പ്ലാന്റില്‍ ഉല്‍പ്പാദനം നിര്‍ത്തേണ്ടിവരുമെന്ന് സ്റ്റെല്ലാന്റിസ് പറയുന്നു. വാഹന വ്യവസായത്തിന് ഈ വര്‍ഷം 210 ബില്യണ്‍ ഡോളര്‍ വരുമാനം നഷ്ടമുണ്ടാകുമെന്നാണ് കണ്‍സള്‍ട്ടന്‍സി അലക്സ് പാര്‍ട്ണേഴ്സിന്റെ കണക്കുകൂട്ടല്‍.

ഉല്‍പ്പന്ന വിതരണത്തിലെ തടസ്സവും കാലതാമസവും ടെക്സ്റ്റൈല്‍സ് വ്യവസായത്തെയും പ്രതിസന്ധിയിലാഴ്ത്തിയെന്ന് സ്വീഡിഷ് കമ്പനിയായ എച്ച് ആന്റ് എം വെളിപ്പെടുത്തുന്നു. ട്രാന്‍സ്പോര്‍ട് ജീവനക്കാരുടെ കുറവും അസംസ്‌കൃത വസ്തുക്കളുടെ ഉയര്‍ന്ന വിലയും കാരണം ഫര്‍ണിച്ചര്‍ നിര്‍മ്മാതാക്കളായ ഐകെഇഎ അതിന്റെ ചില പ്രധാന ഉല്‍പ്പന്നങ്ങള്‍ നല്‍കാന്‍ കഴിയില്ലെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.

കുതിയ്ക്കുന്ന ചരക്കുകൂലി…

പകര്‍ച്ചവ്യാധിക്ക് ശേഷമുള്ള സാമ്പത്തിക വീണ്ടെടുക്കലിന്റെ ഭാഗമായുള്ള വന്‍ സമ്മര്‍ദ്ദങ്ങളുടെ ഫലമായി ചരക്ക് കൂലിയും കുതിച്ചുയരുകയാണ്. ചൈനയും യുഎസിന്റെ പടിഞ്ഞാറന്‍ തീരവും തമ്മിലുള്ള ഫ്രെയിറ്റ് ചാര്‍ജ്ജില്‍ അഞ്ച് മടങ്ങ് വര്‍ദ്ധനവുണ്ടായതായി ഫ്രൈറ്റോസ് ബാള്‍ട്ടിക് പറയുന്നു. ആഗോള കണ്ടെയ്നര്‍ വ്യവസായത്തിലെ പരസ്പരബന്ധം ഇത്തരം വലിയ വിതരണ പ്രതിസന്ധികളെ എങ്ങനെ ബാധിക്കുമെന്ന് പ്രവചിക്കുന്നത് ബുദ്ധിമുട്ടായിരിക്കുമെന്ന് വാഷിംഗ്ടണിലെ പീറ്റേഴ്സണ്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഇന്റര്‍നാഷണല്‍ ഇക്കണോമിക്സിലെ (പിഐഐഇ) ജേക്കബ് കിര്‍ക്കെഗാര്‍ഡ് ചൂണ്ടിക്കാട്ടുന്നു.

മുന്നറിയിപ്പുകളുമായി വിദഗ്ധര്‍

തടസ്സങ്ങളും നിയമന ബുദ്ധിമുട്ടുകളും പ്രതീക്ഷിച്ചതിലും ഉയര്‍ന്നതും ദീര്‍ഘകാലം നിലനില്‍ക്കുന്നതുമാണെന്ന് യുഎസ് ഫെഡറല്‍ റിസര്‍വ് മേധാവി ജെറോം പവല്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. യുകെയും യൂറോപ്പും പകര്‍ച്ചവ്യാധി അവസാനിച്ചതുപോലെയാണ് സംസാരിക്കുന്നത്. വിവിധ രാജ്യങ്ങളില്‍ കോവിഡ് ആളുകളെ കൊന്നൊടുക്കുന്നത് തുടരുകയാണ്. ഇങ്ങനെയുള്ളപ്പോള്‍ ആഗോള വ്യാപാരത്തിന് സാധാരണ നിലയിലേക്ക് മടങ്ങാന്‍ കഴിയില്ലെന്ന് കൊപ്പോള കമന്റ് എന്ന സാമ്പത്തിക ബ്ലോഗിന്റെ രചയിതാവ് ഫ്രാന്‍സസ് കോപ്പോള പറഞ്ഞു.

ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://chat.whatsapp.com/LdLhE82ExfWGQlqDthwBdE

Comments are closed.