head1
head3

അയര്‍ലണ്ടില്‍ ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ എണ്ണം ഏറുന്നു, പഠനാനന്തര വിസകളും ടെക് കരിയറും പ്രധാന ആകര്‍ഷണം

ഡബ്ലിന്‍ : അയര്‍ലണ്ടില്‍ വിദേശ വിദ്യാര്‍ത്ഥികളുടെ എണ്ണം വര്‍ദ്ധിക്കുന്നതിന് അനുസൃതമായി ഇന്ത്യയില്‍ നിന്നുള്ള സ്റ്റുഡന്റ്സിന്റെയും എണ്ണം കൂടുന്നു.40,400 വിദേശ വിദ്യാര്‍ത്ഥികളാണ് കഴിഞ്ഞ വര്‍ഷം വര്‍ഷം ഇവിടെ പഠിക്കാനെത്തിയത്. ഇവരില്‍ ഇരുപത് ശതമാനത്തോളം ഇന്ത്യന്‍ കുട്ടികളാണ്.

കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 15% വര്‍ദ്ധനവാണ് വിദേശ വിദ്യാര്‍ത്ഥികളുടെ കാര്യത്തിലുണ്ടായിട്ടുള്ളത്. അഫോര്‍ഡബിള്‍ ബിരുദങ്ങളും മികച്ച തൊഴില്‍ അവസരങ്ങളുമാണ് കൂടുതല്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെയും ഇവിടേയ്ക്ക് ആകര്‍ഷിക്കുന്നത്.പഠനാനന്തര വിസകളും ടെക് കരിയറും ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഏറെ പ്രതീക്ഷ നല്‍കുന്നു.ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ ആഗോള പഠന കേന്ദ്രമായി അയര്‍ലണ്ട് മാറിക്കഴിഞ്ഞു.

ഐ ഡി പി എഡ്യൂക്കേഷന്‍ അനുസരിച്ച് 2024ല്‍ ഇന്ത്യയില്‍ നിന്നുള്ള പെണ്‍കുട്ടികളുടെ പ്രവേശനത്തില്‍ 60% ത്തിലധികം വര്‍ദ്ധനവുണ്ടായി. ഇത് അയര്‍ലണ്ടിന്റെ വര്‍ദ്ധിച്ചുവരുന്ന ആകര്‍ഷണത്തെയാണ് ഇത് അടിവരയിടുന്നത്.ഐറിഷ് വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരവും രാജ്യത്തിന്റെ വിദ്യാര്‍ത്ഥി കേന്ദ്രീകൃത നയങ്ങളും എടുത്തുപറയേണ്ടതാണ്.

വ്യവസായ മേഖലകളിലെ വളര്‍ച്ച

ഐ ടി, ഫാര്‍മസ്യൂട്ടിക്കല്‍സ്, ഗെയിമിംഗ്, മെഡ്ടെക് തുടങ്ങിയ വ്യവസായ മേഖലകളിലെ ഉയര്‍ന്ന വളര്‍ച്ചയാണ് അയര്‍ലണ്ടിന്റെ ജനപ്രീതിയുടെ കാതല്‍. ഗൂഗിള്‍, മെറ്റ, ആപ്പിള്‍, മൈക്രോസോഫ്റ്റ്, ഫൈസര്‍, സ്‌ട്രൈപ്പ് തുടങ്ങിയ ഭീമന്മാരുടെ യൂറോപ്യന്‍ ആസ്ഥാനമാണ് അയര്‍ലണ്ട്.ഈ സാഹചര്യം ആഗോളതലത്തില്‍ മത്സരാധിഷ്ഠിത പഠനാനന്തര കരിയറുകള്‍ വിദ്യാര്‍ത്ഥികള്‍ക്ക് വാഗ്ദാനം ചെയ്യുന്നു. ട്രമ്പും,അമേരിക്കയും ഉയര്‍ത്തുന്ന ഭീഷണികള്‍ നിലവിലുണ്ടെന്നത് അവയൊന്നും, അയര്‍ലണ്ടിലേയ്ക്ക് വരുന്ന കുട്ടികളെ ബാധിക്കുന്നതേയില്ല.

ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മികവ്

അയര്‍ലണ്ടിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ആഗോള റാങ്കിംഗും അക്കാദമിക് വിശ്വാസ്യതയെ ശക്തിപ്പെടുത്തുന്നതാണ്.ആറ് ഐറിഷ് സര്‍വകലാശാലകള്‍ ക്യുഎസ് വേള്‍ഡ് യൂണിവേഴ്‌സിറ്റി റാങ്കിംഗില്‍ ഇടം നേടിയിരുന്നു.ട്രിനിറ്റി കോളേജ് ഡബ്ലിന്‍: 75,യൂണിവേഴ്‌സിറ്റി കോളേജ് ഡബ്ലിന്‍: 118,ഗാല്‍വേ യൂണിവേഴ്‌സിറ്റി: 289,യൂണിവേഴ്‌സിറ്റി കോളേജ് കോര്‍ക്ക്: 292,ഡബ്ലിന്‍ സിറ്റി യൂണിവേഴ്‌സിറ്റിയും ലിമെറിക്ക് യൂണിവേഴ്‌സിറ്റിയും: 436 എന്നിങ്ങനെയാണ് ഈ റാങ്കിംഗ് നില.ലീഗ് ഓഫ് യൂറോപ്യന്‍ റിസര്‍ച്ച് യൂണിവേഴ്‌സിറ്റീസിലുള്ള ട്രിനിറ്റിയുടെ അംഗത്വവും ഏറെ ശ്രദ്ധേയമാണ്. യൂണിവേഴ്‌സിറ്റിയുടെ ആഴമേറിയ ഗവേഷണവും ആഗോള നിലവാരവുമാണ് ഇത് സ്ഥിരീകരിക്കുന്നത്.

പോസ്റ്റ്-സ്റ്റഡി വര്‍ക്ക് വിസകള്‍

2023ല്‍, അയര്‍ലണ്ടിലെ 7,000ലധികം അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്കാണ് പോസ്റ്റ്-സ്റ്റഡി വര്‍ക്ക് വിസകള്‍ ലഭിച്ചത്. ഇന്ത്യന്‍ ബിരുദധാരികളാണ് ഇവരില്‍ മുന്‍നിരയില്‍. അയര്‍ലണ്ടിന്റെ തേര്‍ഡ് ലെവല്‍ ഗ്രാജുവേറ്റ് സ്‌കീമിലെ വിദ്യാര്‍ത്ഥികള്‍ക്ക് ബിരുദാനന്തരം രണ്ട് വര്‍ഷം വരെ ഇവിടെ താമസിക്കാനും ജോലി ചെയ്യാനും കഴിയും.

കുറഞ്ഞ വിദ്യാഭ്യാസ ചെലവുകള്‍

കുറഞ്ഞ ചെലവിന്റെ കാര്യത്തിലും അയര്‍ലന്‍ഡ് വേറിട്ടുനില്‍ക്കുന്നു.ബിരുദ, പിഎച്ച്ഡി പ്രോഗ്രാമുകളുടെ ട്യൂഷന്‍ ഫീസിന്റെ കാര്യത്തില്‍ യു കെ, ഓസ്‌ട്രേലിയ എന്നിവിടങ്ങളിലേതിനേക്കാള്‍ കുറവാണ് ഇവിടെ.ഡബ്ലിന് പുറത്ത് ജീവിതച്ചെലവ് കുറവാണ്.വിദ്യാര്‍ത്ഥികള്‍ക്ക് ആഴ്ചയില്‍ 20 മണിക്കൂറും അവധി ദിവസങ്ങളില്‍ 40 മണിക്കൂറും ജോലി ചെയ്യാന്‍ കഴിയും.സാമ്പത്തിക സമ്മര്‍ദ്ദങ്ങളെ ലഘൂകരിക്കാന്‍ സഹായിക്കും.

അയര്‍ലണ്ട്-ഇന്ത്യ അഫിനിറ്റി ഡയസ്പോറ നെറ്റ്വര്‍ക്ക് ഇരു രാജ്യങ്ങളും തമ്മിലുള്ള വിദ്യാഭ്യാസ, പ്രൊഫഷണലുമായ ബന്ധങ്ങളെ കൂടുതല്‍ പിന്തുണയ്ക്കുന്നതാണ്.അടുത്തിടെ ആരംഭിച്ച ഗ്ലോബല്‍ സിറ്റിസണ്‍സ് 2030 ഇന്റര്‍നാഷണല്‍ ടാലന്റ് ആന്‍ഡ് ഇന്നൊവേഷന്‍ സ്ട്രാറ്റജി, അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്കും ഗവേഷകര്‍ക്കും ആദ്യ ചോയ്സാവുകയെന്ന അയര്‍ലണ്ടിന്റെ ലക്ഷ്യത്തെ ശക്തിപ്പെടുത്തുന്നതാണ്.

പ്രധാന ഭീഷണി താമസ സൗകര്യം ഇല്ലാത്തത് …

താമസസൗകര്യമില്ലാതെ അയര്‍ലണ്ടില്‍ ഉടനീളം ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ വലിയ ദുരിതത്തിലായിട്ടും പഠനത്തിനെത്തുന്ന വിദേശ വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ കുറവുമില്ല. അഭൂതപൂര്‍വ്വമായ ഭവനക്ഷാമവും അനുബന്ധ പ്രശ്നങ്ങളുമാണ് ഇവിടെ വിദ്യാര്‍ത്ഥി സമൂഹം നേരിടുന്നത്.വാടകയും വളരെ കൂടുതലാണ്.പ്രതിമാസം 600 മുതല്‍ 1,200 യൂറോ വരെയാണ് റൂം ഷെയര്‍ ചെയ്യമ്പോള്‍ പോലും വാടക നല്‍കേണ്ടിവരിക.

താമസ,പഠനച്ചെലവുകള്‍ താങ്ങാനാകാതെ പകുതിയോളം വിദ്യാര്‍ത്ഥികളും പാര്‍ട്ട് ടൈം ജോലികള്‍ക്കായി പോകുന്നു. അനുയോജ്യമായ താമസ സൗകര്യം ലഭിക്കാത്തതിനാല്‍ ദിവസേന നാല് മണിക്കൂര്‍ വരെ യാത്ര ചെയ്യേണ്ടിവരുന്ന വിദ്യാര്‍ത്ഥികളേറെയുണ്ട്.വീടുകള്‍ തേടി വിദ്യാര്‍ത്ഥികള്‍ ഒരു ഏജന്റില്‍ നിന്നും മറ്റൊരാള്‍ക്ക് പിന്നാലെ പോവുകയാണ് .എന്നിട്ടും വീടുകള്‍ കിട്ടുന്നില്ല.റിയല്‍ എസ്റ്റേറ്റ് ഓഫീസുകളിലും ഏജന്റുമാരുടെ ഓഫീസുകളിലുമെത്തുന്നതില്‍ ഏറെയും കുട്ടികളുടെ ഫോണ്‍ വിളികളാണ്.അതിനിടെ ഓണ്‍ലൈനിലും അല്ലാതെയും വീടിന് പിന്നാലെ പോയി തട്ടിപ്പിനിരയായി പണം നഷ്ടപ്പെടുന്ന സംഭവങ്ങളുമുണ്ട്. അതുപോലെ വാസയോഗ്യമല്ലാത്ത വീടുകള്‍ നല്‍കിയും കബളിപ്പിക്കപ്പെടുന്നുണ്ട്.

താമസസൗകര്യവുമായി ബന്ധപ്പെട്ട പ്രതിസന്ധി മുമ്പെന്നത്തേക്കാളും രൂക്ഷമാണെന്ന് വിദ്യാര്‍ത്ഥി യൂണിയന്‍ പറയുന്നു.താമസ സൗകര്യത്തിന്റെ ദൗര്‍ലഭ്യവും എയര്‍ബിഎന്‍ബികളുമായുള്ള മത്സരവും വര്‍ദ്ധിച്ചുവരുന്ന ചെലവുകളുമെല്ലാം വലിയ ഈ വിദ്യാര്‍ത്ഥികളെ കടുത്ത സമ്മര്‍ദ്ദത്തിലാക്കുകയാണെന്നും വിദ്യാര്‍ത്ഥി യൂണിയന്‍ വിശദീകരിച്ചു. വിദ്യാര്‍ഥികളില്‍ 80% പേരും താമസ സൗകര്യം കണ്ടെത്താന്‍ പാടുപെടുന്നതായി കോളേജ് സ്റ്റുഡന്റ്സ് യൂണിയന്‍ നടത്തിയ സമീപകാല സര്‍വേയില്‍ കണ്ടെത്തിയിരുന്നു.

പ്രോപ്പര്‍ട്ടി ഉടമകള്‍ മിക്കവാറും എയര്‍ബിഎന്‍ബി ടെനനന്റ്സിനെയാണ് സപ്പോര്‍ട്ട് ചെയ്യുന്നതെന്ന് ഗോള്‍വേ സര്‍വകലാശാലയിലെ സ്റ്റുഡന്റ്സ് യൂണിയനിലെ സ്റ്റുഡന്റ് വെല്‍ഫെയര്‍ ഓഫീസര്‍ പാഡി മര്‍നേന്‍ പറഞ്ഞു.റെന്റല്‍ ടെനന്‍സി ബോര്‍ഡ് ആറു മാസത്തേക്ക് വിദ്യാര്‍ത്ഥികള്‍ക്ക് സംരക്ഷണം ലഭിക്കുന്ന പുതിയ നിയമനിര്‍മ്മാണം കൊണ്ടുവന്നിരുന്നു.

അടുത്ത വര്‍ഷത്തേക്കുള്ള കുട്ടികള്‍ എത്തിത്തുടങ്ങി. സെപ്റ്റംബറിലാണ് മിക്ക കോളജുകളിലും പഠനം ആരംഭിക്കുന്നത്.

ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.com/IZbC8BOLqSJExbJfGM63zO</a

Comments are closed.