head1
head3

സ്റ്റുഡന്റ്നഴ്സുമാര്‍ അടിമകളല്ലെന്ന് ഐ.എന്‍.എം.ഒ സ്റ്റുഡന്റ് നഴ്‌സുമാരെ ശമ്പളമില്ലാതെ ‘സേവനം’ ചെയ്യിച്ച് സര്‍ക്കാര്‍ ചൂഷണം

ഡബ്ലിന്‍ : കോവിഡ് കാലത്ത് സ്റ്റുഡന്റ് നഴ്‌സുമാരെയും മറ്റും ഉപയോഗിച്ചുള്ള ആരോഗ്യവകുപ്പിന്റെ ചൂഷണത്തിനെതിരെ പ്രതിഷേധമുയരുന്നു.നിലവിലുള്ള ആരോഗ്യപ്രവര്‍ത്തകര്‍ പോലും മതിയായ സുരക്ഷാക്രമീകരണങ്ങളില്ലാതെ ജോലി ചെയ്യുന്ന സാഹചര്യത്തിലാണ് സ്റ്റുഡന്റ് നഴ്സുമാരെക്കൊണ്ട് പണം നല്‍കാതെ പണിയെടുപ്പിക്കുന്നത്.

ഇതിനെതിരെ പ്രതിഷേധവുമായി ഐറിഷ് നഴ്‌സസ് ആന്റ് മിഡൈ്വവ്സ് ഓര്‍ഗനൈസേഷന്‍ (ഐ.എന്‍.എം.ഒ) രംഗത്തുവന്നിട്ടുണ്ട്. കോവിഡ് -19ന്റെ ഈ സമയത്ത് വിദ്യാര്‍ത്ഥി നഴ്‌സുമാരെയും മിഡൈ്വഫുകളെയും സര്‍ക്കാര്‍ ചൂഷണം ചെയ്യുകയാണെന്ന് ഐ.എന്‍.എം.ഒ ആരോപിച്ചു.

അയര്‍ലണ്ടിലുടനീളമുള്ള ആശുപത്രികളില്‍ പ്ലേസ്‌മെന്റുകളിലുള്ള വിദ്യാര്‍ത്ഥികള്‍ കൂടുതല്‍ കോവിഡ് അപകടസാധ്യതകള്‍ നേരിടുകയാണ്. എന്നിട്ടും അവരെ ശമ്പളം നല്‍കാാതെ ‘സ്റ്റാഫാ’യി ജോലി ചെയ്യിക്കുകയാണ് എച്ച്.എസ്.ഇയെന്ന് സംഘടന ആരോപിച്ചു.

ഹെല്‍ത്ത് കെയര്‍ അസിസ്റ്റന്റിന്റെ ശമ്പളം വിദ്യാര്‍ഥികള്‍ക്ക് നല്‍കാനുള്ള എച്ച്.എസ്.ഇ പദ്ധതി മാര്‍ച്ചില്‍ പാന്‍ഡെമിക്കിന്റെ തുടക്കത്തില്‍ തന്നെ പ്രഖ്യാപിച്ചിരുന്നു.എന്നാല്‍ അത് നടപ്പിലായില്ല.ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുമായി ഇതു സംബന്ധിച്ച് യൂണിയന്‍ ചര്‍ച്ച നടത്തിയിരുന്നു. ഇക്കാര്യത്തില്‍ പുരോഗതി ഉണ്ടായിട്ടില്ലെന്ന വിവരമാണ് ലഭിക്കുന്നത്.

മാര്‍ച്ചില്‍ നല്‍കിയ പേയ്‌മെന്റ് ഉടനടി വീണ്ടും അവതരിപ്പിക്കണമെന്നും വിദ്യാര്‍ത്ഥികളുടെ അലവന്‍സ് നല്ല നിലയില്‍ വര്‍ദ്ധിപ്പിക്കണമെന്നും ഐഎന്‍എംഒ ആവശ്യപ്പെട്ടു.

നഴ്സിംഗ് വിദ്യാര്‍ഥികള്‍ അടിമകളല്ലെന്ന് ഫില്‍ നി ഷീഗ്ധ

നഴ്സിംഗ് വിദ്യാര്‍ത്ഥികളെ നിസ്സാരമായി കാണുന്ന സമീപനമാണ് എച്ച്.എസ്.ഇയ്ക്കുള്ളതെന്ന് ഐഎന്‍എംഒ ജനറല്‍ സെക്രട്ടറി ഫില്‍ നി ഷീഗ്ധ ആരോപിച്ചു.അവര്‍ ആരുടേയും അടിമകളല്ല.അവര്‍ക്ക് കനത്ത ജോലിഭാരമാണ് നല്‍കുന്നത്. അതിനൊപ്പം കോവിഡ് ഉയര്‍ത്തുന്ന ഭീഷണിയും നേരിടുന്നു. വിശ്രമമരഹിതമായി പണിയെടുക്കുന്നതിന് സാമ്പത്തിക അംഗീകാരവും നല്‍കുന്നില്ല.

വിദ്യാര്‍ഥികള്‍ക്ക് വലിയ വരുമാനനഷ്ടമാണ് സംഭവിക്കുന്നത്.കോവിഡ് അണുബാധയുള്ളതിനാല്‍ പഠനസമയത്ത് കയര്‍ ഹോമിലോ ആശുപത്രിയിലോ കെയര്‍ അസിസ്റ്റന്റായി ജോലിചെയ്യാന്‍ കഴിയാത്ത സ്ഥിതിയാണ്.മിക്ക വിദ്യാര്‍ത്ഥി നഴ്‌സുമാര്‍ക്കും മിഡൈ്വഫുകള്‍ക്കും അവസാന വര്‍ഷ ഇന്റേണ്‍ഷിപ്പിന് മുമ്പ് കിട്ടേണ്ട ആഴ്ചയിലെ 50.79 യൂറോയോ അലവന്‍സോ ലഭിച്ചിട്ടില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടി.

അതേ സമയം,കുറഞ്ഞ കാലത്തേയ്ക്ക് വിദ്യാര്‍ത്ഥി നഴ്‌സ് അലവന്‍സുകള്‍ പുതുക്കുന്നതു സംബന്ധിച്ച നിര്‍ദേശങ്ങളില്‍ ട്രേഡ് യൂണിയനുകളുമായി ചര്‍ച്ചകള്‍ നടക്കുകയാണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.

കോവിഡ് -19 ന്റെ സാധ്യത കണക്കിലെടുത്ത്, സ്റ്റുഡന്റ് നഴ്‌സ് പ്ലേസ്‌മെന്റുകളിലെ അലവന്‍സുകള്‍ പരിഷ്‌കരിക്കുന്നതിന് വകുപ്പ് നടപടി സ്വീകരിക്കും. വരും ദിവസങ്ങളില്‍ ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവിലെ സമയത്ത് വിദ്യാര്‍ത്ഥി നഴ്‌സ് വിദ്യാഭ്യാസത്തെയും ക്ഷേമത്തെയും സംരക്ഷിക്കുന്ന നടപടികളും സ്വീകരിക്കുമെന്നും വകുപ്പ് വിശദീകരിച്ചു.

ശമ്പള പരിഷ്‌കരണം ഉപേക്ഷിക്കാനാവില്ലെന്ന് സിപ്ടു
അതിനിടെ കോവിഡ് പ്രതിസന്ധിയുടെ പേരില്‍ ശമ്പളപരിഷ്‌കരണമെന്ന പേരില്‍ എന്തെങ്കിലും പ്രഖ്യാപിച്ച് പ്രശ്നം പരിഹരിക്കാമെന്ന സര്‍ക്കാര്‍ ധാരണ അംഗീകരിക്കില്ലെന്ന് സിപ്ടു വ്യക്തമാക്കി.നിലവിലെ പൊതു ശമ്പളക്കരാര്‍ ഈ വര്‍ഷാവസാനത്തോടെ കാലഹരണപ്പെടാനിരിക്കെയാണ് സിപ്ടു ഇതു സംബന്ധിച്ച നിലപാട് വ്യക്തമാക്കിയത്.രാജ്യത്തെ ഏറ്റവും വലിയ ട്രേഡ് യൂണിയനാണ് സിപ്ടു.

കോവിഡ് -19 ഉം അതിന്റെ ബജറ്റും മറ്റ് പ്രത്യാഘാതങ്ങളും രാജ്യത്തിന് വെല്ലുവിളിയാണെന്ന് അംഗീകരിക്കുന്നു. എന്നാല്‍ അതിന്റെ കാരണം പറഞ്ഞ് പുതിയ ശമ്പള കരാര്‍ പാലിക്കാത്തത് അംഗീകരിക്കാനാവില്ല.ചെലവുചുരുക്കലിന്റെ പേരില്‍ ശമ്പള പരിഷ്‌കരണം അട്ടിമറിക്കാന്‍ അനുവദിക്കില്ലെന്ന് സിപ്ടു ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി ജോണ്‍ കിംഗ് വ്യക്തമാക്കി. 200 ഓളം പബ്ലിക് സര്‍വീസ് പ്രതിനിധികള്‍ പങ്കെടുത്ത ഓണ്‍ലൈന്‍ കോണ്‍ഫ്രറന്‍സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജീവനക്കാര്‍ നല്‍കുന്ന സംഭാവനയ്ക്ക് ന്യായമായ പ്രതിഫലം ലഭിച്ചേ മതിയാകൂ.

ജീവനക്കാരുടെ വരുമാനം കുറയ്ക്കുന്ന പിന്തിരിപ്പന്‍ നടപടികളില്‍ നിന്ന് സര്‍ക്കാര്‍ സ്വയം ഒഴിഞ്ഞുനില്‍ക്കണം.കൂടാതെ ജോലികളും തൊഴിലവസരങ്ങളും പരിരക്ഷിക്കുന്നതിനും മികച്ച സര്‍വീസ് പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുന്നതിനും നിലവിലുള്ള സേവന ഡെലിവറി ഓപ്ഷനുകള്‍ വികസിപ്പിക്കണമെന്നും യൂണിയന്‍ ഡെപ്യൂട്ടി ആവശ്യപ്പെട്ടു.

ഐറിഷ് മലയാളി ന്യൂസ്

Comments are closed.