head3
head1

സ്ട്രൈപ്പ് അയര്‍ലണ്ടില്‍ അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ 1,000 പേര്‍ക്ക് ജോലി നല്‍കും

ഡബ്ലിന്‍ : ഓണ്‍ലൈന്‍ പേയ്‌മെന്റ് സ്ഥാപനമായ സ്ട്രൈപ്പ് അയര്‍ലണ്ടില്‍ 1,000 പേര്‍ക്ക് ജോലി നല്‍കും.ഐറിഷ് സഹോദരന്മാരായ പാട്രിക്കും ജോണ്‍ കോളിസണും ചേര്‍ന്ന് 2010ല്‍ സ്ഥാപിച്ച സ്ട്രൈപ്പ് യൂറോപ്യന്‍ പ്രവര്‍ത്തനങ്ങള്‍ വ്യാപകമാക്കുന്നതിന്റെ ഭാഗമായാണ്അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ പുതിയ തൊഴിലവസരങ്ങള്‍ വരുന്നത്. ഡബ്ലിന്‍ ഓഫീസ് വിപുലീകരണം ,ആഗോള പേയ്‌മെന്റുകള്‍, ട്രഷറി ശൃംഖലയിലേക്കുള്ള നിക്ഷേപം എന്നിവയ്ക്കായി സ്ട്രൈപ്പ് 600 മില്യണ്‍ യൂറോ പുതിയതായി നിക്ഷേപിച്ചിരുന്നു.

എഞ്ചിനീയറിംഗ് ഉള്‍പ്പെടെ വിവിധ ടീമുകളിലായിരിക്കും ഡബ്ലിനിലെ തൊഴിലവസരങ്ങളെന്ന് കമ്പനി സൂചിപ്പിച്ചു.സ്ട്രൈപ്പ് ഇതിനകം തന്നെ ഡബ്ലിനിലെ 300 ഓളം സ്റ്റാഫുകളെയാണ് നിയമിക്കുന്നത്. കമ്പനിയുടെ അന്താരാഷ്ട്ര ആസ്ഥാനമായാണ് അയര്‍ലണ്ട് പ്രവര്‍ത്തിക്കുന്നത്.ആഗോളതലത്തില്‍ 14 ഓഫീസുകളിലായി 3,000 പേര്‍ 43 രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്നു.

സ്ട്രൈപ്പിന്റെ അതിവേഗം വളരുന്ന അന്താരാഷ്ട്ര ഓഫീസാണ് ഡബ്ലിന്‍. കമ്പനിയുടെ പേയ്‌മെന്റ് സാങ്കേതികവിദ്യകളായ ഇന്റര്‍കോം, ലെറ്റ്‌സ് ഗെറ്റ് ചെക്ക്ഡ്, ഡണ്‍ഡീല്‍ എന്നിവയുള്‍പ്പെടെ നിരവധി ഐറിഷ് സ്ഥാപനങ്ങള്‍ ഉപയോഗിക്കുന്നുണ്ട്.

കമ്പനി ആമസോണ്‍, ഗൂഗിള്‍, ഫേസ്ബുക്ക്, ഡെലിവീറോ, സെയില്‍സ്ഫോഴ്സ്, ഷോപ്പിഫൈ തുടങ്ങിയ വലിയ പേരുകള്‍ പോലെയാണ് അതിന്റെ ഉപയോക്താക്കള്‍ കണക്കാക്കുന്നത്.അയര്‍ലണ്ടും സ്ട്രൈപ്പും തമ്മിലുള്ള പങ്കാളിത്തത്തിന്റെ മികച്ച തുടക്കമാണിതെന്ന് ഉപ പ്രധാനമന്ത്രിയും എന്റര്‍പ്രൈസ്, ട്രേഡ്, എംപ്ലോയ്‌മെന്റ് മന്ത്രിയുമായ ലിയോ വരദ്കര്‍ പറഞ്ഞു.

ഈ വര്‍ഷം യൂറോപ്പില്‍ പ്രത്യേകിച്ചും അയര്‍ലണ്ടില്‍ കൂടുതല്‍ നിക്ഷേപിക്കുമെന്ന് സ്ട്രൈപ്പ് പ്രസിഡന്റും സഹസ്ഥാപകനുമായ ജോണ്‍ കോളിസണ്‍ പറഞ്ഞു.’അയര്‍ലന്‍ഡ് യൂറോപ്പിലെ ഒരു പ്രധാന സാങ്കേതിക തലസ്ഥാനമാണ്.മികച്ച കമ്പനികളാണ് ഇവിടെ ഉയര്‍ന്നുവരുന്നത്. ആ സ്ഥാനം ഉറപ്പിക്കാന്‍ ഞങ്ങളും ആഗ്രഹിക്കുന്നു’.

നാഷണല്‍ ട്രഷറി മാനേജ്‌മെന്റ് ഏജന്‍സി (എന്‍ ടി എം എ) നിയന്ത്രിക്കുന്ന അയര്‍ലന്‍ഡ് സ്ട്രാറ്റജിക് ഇന്‍വെസ്റ്റ്മെന്റ് ഫണ്ടാണ് പുതിയ ഫണ്ടിംഗില്‍ 50 മില്യണ്‍ നിക്ഷേപിച്ചത്.അലയന്‍സ് എക്സ്, ആക്സ, ബെയ്ലി ഗിഫോര്‍ഡ്, ഫിഡിലിറ്റി മാനേജ്മെന്റ്, സെക്വോയ ക്യാപിറ്റല്‍ എന്നിവയും ധനസമാഹരണത്തില്‍ പങ്കാളികളായി.

സാന്‍ ഫ്രാന്‍സിസ്‌കോ ആസ്ഥാനമായുള്ള സ്ഥാപനം വരുമാനം സംബന്ധിച്ച ഡാറ്റ കൃത്യമായി പുറത്തുവിടുന്നില്ല, എന്നിരുന്നാലും ഓരോ വര്‍ഷവും ദശലക്ഷക്കണക്കിന് കമ്പനികള്‍ക്കായി നൂറുകണക്കിന് ബില്യണ്‍ ഡോളറിന്റെ ഇടപാടുകള്‍ പ്രോസസ്സ് ചെയ്യുന്നുണ്ടെന്ന് കമ്പനി പറയുന്നു.ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ മുന്‍ ഗവര്‍ണറായിരുന്ന മാര്‍ക്ക് കാര്‍ണിയെ കമ്പനി അടുത്തിടെ ഇതിന്റെ ബോര്‍ഡില്‍ ഉള്‍പ്പെടുത്തിയിരുന്നു.

ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും   വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

Comments are closed.