ബെര്‍ട്ട് കൊടുങ്കാറ്റിന്റെ താണ്ഡവം തുടരും : ആയിരക്കണക്കിന് വീടുകള്‍ വൈദ്യുതിയില്ലാതെ ഇരുട്ടില്‍
വെള്ളപ്പൊക്കത്തിലും വ്യാപക നാശം
ഡബ്ലിന്‍ : ബെര്‍ട്ട് കൊടുങ്കാറ്റ് വിവിധ കൗണ്ടികളില്‍ വ്യാപക നാശമുണ്ടാക്കി. ഡൊണഗേലില്‍ ഇന്ന് വൈകിട്ട് വരെ ഓറഞ്ച് വിന്‍ഡ് അലേര്‍ട്ട് തുടരുകയാണ്.മറൈന്‍ അലേര്‍ട്ടും നിലവിലുണ്ട്.
മഴകൂടിയെത്തിയതാണ് നാശം വര്‍ദ്ധിപ്പിച്ചത്.ആയിരക്കണക്കിന് കുടുംബങ്ങള്‍ ഇപ്പോഴും വൈദ്യുതിയില്ലാതെ ഇരുട്ടിലാണ്.ഡോണഗേല്‍, സ്ലൈഗോ, മയോ, ഗോള്‍വേ, കാവന്‍, മൊനഗന്‍, കെറി, കോര്‍ക്ക് എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതല്‍ നാശനഷ്ടമുണ്ടായത്.11000 കുടുംബങ്ങളിലാണ് ഇപ്പോഴും വൈദ്യുതി എത്താത്തത്.
നേരത്തെ 60,000 വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും വൈദ്യുതി മുടങ്ങിയിരുന്നു.ഇത് പുനഃസ്ഥാപിക്കാനുള്ള ശ്രമത്തിലായിരുന്നു ഇ എസ് ബി ജീവനക്കാര്‍.അതിനിടെയാണ് മറ്റ് പല സ്ഥലങ്ങളില്‍ നിന്നും വൈദ്യുതി സംബന്ധിച്ച പരാതികളൊഴുകിയത്.പ്രതികൂല അന്തരീക്ഷം തുടരുന്നതിനാല്‍ ഇവയെല്ലാം എന്ന് പരിഹരിക്കുമെന്ന കാര്യത്തില്‍ വ്യക്തതയില്ല.
വീണുകിടക്കുന്ന വൈദ്യുത കമ്പികളില്‍ തൊടരുതെന്ന് ഇ എസ് ബി മുന്നറിയിപ്പ് നല്‍കി. വിവരം 1800 372 999 എന്ന നമ്പറില്‍ അറിയിക്കണമെന്നും ആളുകളോട് ആവശ്യപ്പെട്ടു.
കോര്‍ക്ക്, ഗോള്‍വേ, ഡോണഗേല്‍, കെറി എന്നിവയുള്‍പ്പെടെയുള്ള വിവിധ കൗണ്ടികളിലാണ് വെള്ളപ്പൊക്കം നാശമുണ്ടാക്കിയത്.നിരവധി റോഡുകളില്‍ ഗാതഗതം മുടങ്ങി. ഒട്ടേറെ യാത്രികര്‍ വഴിയില്‍ കുടുങ്ങി.ഡോണഗേല്‍ കൗണ്ടിയിലെ കില്ലിബെഗ്സിലാണ് വെള്ളപ്പൊക്കം കനത്ത നാശമായത്. കോര്‍ക്ക്, കെറി, വാട്ടര്‍ഫോര്‍ഡ്, കാര്‍ലോ, കില്‍കെന്നി, വെക്‌സ്‌ഫോര്‍ഡ്, വിക്ലോ എന്നിവിടങ്ങളില്‍ യെല്ലോ കാറ്റ് ഇന്ന് പുലര്‍ച്ചെയാണ് അവസാനിച്ചത്.
ഇന്നും നാളെയും കൊടുങ്കാറ്റ് ഭീഷണി
കൊടുങ്കാറ്റ് ബെര്‍ട്ടിന്റെ ഭീഷണി വാരാന്ത്യത്തിലും ആഴ്ചയുടെ തുടക്കത്തിലും തുടരുമെന്ന് മെറ്റ് ഏറാന്‍ വ്യക്തമാക്കി.സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും ആവശ്യാനുസരണം പുതിയ അലേര്‍ട്ടുകള്‍ നല്‍കുമെന്നും മെറ്റ് ഏറാന്‍ പറഞ്ഞു.
കനത്ത മഴയ്ക്ക് കൂടി സാധ്യതയുള്ളതിനാല്‍ കൊടുങ്കാറ്റ് ആശങ്കാജനകമാണെന്ന് ഡബ്ലിന്‍ യൂണിവേഴ്‌സിറ്റി കോളേജിലെ സിവില്‍ എഞ്ചിനീയറിംഗ് അസോസിയേറ്റ് പ്രൊഫ. ഡോ ജെന്നിഫര്‍ കീനഹന്‍ മുന്നറിയിപ്പ് നല്‍കി.
മെറ്റ് ഏറാനുമായി ബന്ധപ്പെട്ട് സ്ഥിതിഗതികള്‍ നിരീക്ഷിക്കുകയാണെന്ന് നാഷണല്‍ ഡയറക്ടറേറ്റ് ഫോര്‍ ഫയര്‍ ആന്‍ഡ് എമര്‍ജന്‍സി മാനേജ്‌മെന്റ് പറഞ്ഞു.എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീമുകള്‍ സജ്ജമാണെന്നും ഏജന്‍സി വ്യക്തമാക്കി.
ഇന്നും മുന്നറിയിപ്പുകള്‍
ലെയ്ട്രിം, മയോ,സ്ലൈഗോ , എന്നിവിടങ്ങളില്‍ യെല്ലോ കാറ്റ് മുന്നറിയിപ്പ് ഇന്ന് രാവിലെ 8 മുതല്‍ തിങ്കളാഴ്ച പുലര്‍ച്ചെ 2 വരെ ബാധകമാക്കിയിട്ടുണ്ട്.ക്ലെയര്‍, കെറി, ഗോള്‍വേ എന്നിവിടങ്ങളില്‍ രാവിലെ 8 മുതല്‍ വൈകിട്ട് 7 വരെ യെല്ലോ മുന്നറിയിപ്പ് നല്‍കി.ആന്‍ട്രിം, അര്‍മാഗ്, ഡൗണ്‍, ഫെര്‍മനാഗ്, ടൈറോണ്‍, ഡെറി എന്നിവിടങ്ങളില്‍ ഇന്ന് രാവിലെ 11 മുതല്‍ വൈകിട്ട് 6 വരെയാണ് യെല്ലോ കാറ്റ് മുന്നറിയിപ്പുള്ളത്.
ബസ് ഏറാന്‍ രാജ്യത്തിന്റെ പടിഞ്ഞാറന്‍ ഭാഗങ്ങളില്‍ ചില സര്‍വീസുകള്‍ റദ്ദാക്കിയിട്ടുണ്ട്. യാത്രകള്‍ മുടങ്ങാനും കാലതാമസമുണ്ടാകാനും ഇടയുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കി.വിവിധ ട്രെയിന്‍ സര്‍വീസുകളും വൈകും.യാത്ര പുറപ്പെടുന്നതിന് മുമ്പ് ട്രാന്‍സ്‌പോര്‍ട്ട് ഓപ്പറേറ്റര്‍മാരുടെ സ്റ്റാറ്റസ് പരിശോധിക്കണമെന്ന് ട്രാന്‍സ്‌പോര്‍ട്ട് ഫോര്‍ അയര്‍ലണ്ട് നിര്‍ദ്ദേശിച്ചു.
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.com/
Comments are closed.