head1
head3

ഷൈലോക്കിനെ പോലെ റയ്നെയര്‍ ! ഓവര്‍സൈസ് ബാഗ് ‘ പിടികൂടുന്നവര്‍ക്ക് ഇനാം !

ഡബ്ലിന്‍ : ഷൈലോക്കിനെ പോലെയാണ് ചിലപ്പോള്‍ റയ്നെയര്‍. യൂറോപ്പിലെ ബജറ്റ് എയര്‍ലൈന്‍സാണ് എന്ന പേരിന്റെ മറവില്‍ , യാത്രക്കാരെ പിഴിയാനൊരുങ്ങുകയാണ് ഈ വിമാനക്കമ്പനി. മറ്റൊരു എതിരാളി ,ഇവര്‍ക്ക് യൂറോപ്പില്‍ ഇല്ലാത്തതിനാല്‍ ഏകാധിപത്യ പ്രവണതയാണ് റയ്നെയറിനുള്ളത്.

വിമാനങ്ങളില്‍ ഓവര്‍ സൈസിലുള്ള ബാഗേജ് കൊണ്ടുപോകാന്‍ ശ്രമിക്കുന്ന യാത്രക്കാരെ കണ്ടെത്തുന്ന ഗേറ്റ് ജീവനക്കാര്‍ക്ക് കൂടുതല്‍ ഇനാം പ്രഖ്യാപിച്ച് റയ്നെയര്‍ ഒരിക്കല്‍ കൂടി ഇത് തെളിയിക്കുന്നുണ്ട്. ഒരു സെന്റി മീറ്ററെങ്കിലും ബാഗിന് വലുപ്പം കൂടിയാല്‍ യാത്രക്കാര്‍ ഇനി വിവരം അറിയും!. ജീവനക്കാര്‍ക്കുള്ള ഇന്‍സെന്റീവ് ആനുകൂല്യങ്ങള്‍ നവംബര്‍ മുതല്‍ നിലവില്‍ വരും. ഓവര്‍ സൈസ് ബാഗ് പിടികൂടുന്ന ജീവനക്കാര്‍ക്ക് നിലവില്‍ ഒരു ബാഗിന് ലഭിക്കുന്ന 1.50 യൂറോ എന്ന സമ്മാനം 2.50 യൂറോയാകും.80 യൂറോ എന്ന പ്രതിമാസ പരിധിയും എടുത്തുകളയും.

സെന്‍ട്രല്‍ ലണ്ടനില്‍ വാര്‍ത്താ സമ്മേളനത്തില്‍ കമ്പനി ചീഫ് എക്സിക്യൂട്ടീവ് മീഹോള്‍ ഒ ലിയറിയാണ് സിസ്റ്റത്തെ ‘വഞ്ചിക്കുന്നവരെ’ പിടികൂടുന്നവര്‍ക്ക് ബോണസ് വര്‍ദ്ധിപ്പിക്കാനുള്ള പദ്ധതി വെളിപ്പെടുത്തിയത്.

റെയ്നെയറില്‍ യാത്രക്കാര്‍ക്ക് കര്‍ശനമായ ലഗേജ് നിയമങ്ങളാണുള്ളത്. ബോര്‍ഡിംഗ് ഗേറ്റിലേക്ക് ഓവര്‍സൈസ്ഡ് ബാഗ് കൊണ്ടുവന്നാല്‍ 75 യൂറോ വരെ ഫീസ് ഈടാക്കും.മുന്‍വശത്തെ സീറ്റിനടിയില്‍ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന ചെറിയ ബാഗിന് മാത്രമേ ഏറ്റവും കുറഞ്ഞ നിരക്കുള്ളൂ.എല്ലാവരും നിയമങ്ങള്‍ പാലിക്കണമെന്ന് മീഹോള്‍ ഒ ലിയറി അഭ്യര്‍ത്ഥിച്ചു. വളരെ കാര്യക്ഷമവും അഫോര്‍ഡബിളും ഏറെ കുറഞ്ഞ ചെലവിലുള്ളതുമായ എയര്‍ലൈനാണ് റയ്നെയര്‍.

നിയമങ്ങള്‍ പാലിച്ചാല്‍ പ്രശ്‌നങ്ങളൊന്നുമുണ്ടാകില്ല.ഗ്രൗണ്ടിലുള്ള ജീവനക്കാര്‍ സിസ്റ്റത്തെ വഞ്ചിക്കുന്നവരെ പിടികൂടണമെന്നാണ് ആഗ്രഹിക്കുന്നത്.അതിനാണ് പ്രോത്സാഹനം നല്‍കുന്നത്.വര്‍ഷത്തില്‍ ഏതാണ്ട് 2,00,000 യാത്രക്കാരില്‍ നിന്ന് എയര്‍പോര്‍ട്ട് ഗേറ്റുകളില്‍ ലഗേജ് ഫീസ് ഈടാക്കുന്നുണ്ട്. ഇവരെ ഒഴിവാക്കാന്‍ കൂടുതല്‍ ജോലി ചെയ്യാനുണ്ടെന്നും ഒ ലിയറി പറഞ്ഞു.

ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.com/IZbC8BOLqSJExbJfGM63zO</a</a

Comments are closed.