head1
head3

പെന്‍ഷന്‍ പണം തട്ടാന്‍ മൃതദേഹവുമായി ബന്ധുക്കള്‍ പോസ്റ്റ് ഓഫീസില്‍!

ഡബ്ലിന്‍ : മരണമടഞ്ഞയാളെ പെന്‍ഷന്‍ വാങ്ങാന്‍ ഹാജരാക്കി ബന്ധുക്കള്‍ നടത്തിയ തട്ടിപ്പ് ഗാര്‍ഡ അന്വേഷിക്കുന്നു. സംഭവം പാളിയതോടെ മൃതദേഹം ഉപേക്ഷിച്ച് തട്ടിപ്പുകാര്‍ പറപറക്കുകയായിരുന്നു. കാര്‍ലോ സ്റ്റേപ്പിള്‍സ് ടൗണ്‍ പോസ്റ്റ് ഓഫീസിലാണ് ഡെഡ് ബോഡിയുമായി രണ്ടു പേര്‍ പെന്‍ഷന്‍ വാങ്ങാനെത്തിയത്.

പോസ്റ്റോഫീസില്‍ വെള്ളിയാഴ്ച രാവിലെ 11.30 -നായിരുന്നു സംഭവം. വൃദ്ധന്റെ പെന്‍ഷന്‍ വാങ്ങാന്‍ പകരം ആളെത്തിയതോടെയാണ് നാടകീയ സംഭവങ്ങള്‍ക്ക് തുടക്കമായത്. തുക ലഭിക്കണമെങ്കില്‍ പെന്‍ഷണര്‍ നേരിട്ടെത്തണമെന്ന് തപാല്‍ ഓഫീസ് ജീവനക്കാരന്‍ നിര്‍ദ്ദേശിച്ചു. അല്‍പ്പ സമയത്തിന് ശേഷം രണ്ടാളുകള്‍ ഒരു ‘ബോഡിയു’മായി അവിടെയെത്തി പെന്‍ഷന്‍ ആവശ്യപ്പെടുകയായിരുന്നു. മൂന്നാമന് വേണ്ടി മറ്റുള്ളവരാണ് സംസാരിച്ചത്. ഇതില്‍ എന്തോ പന്തികേട് തോന്നിയതോടെ അവിടെയുണ്ടായിരുന്ന സ്ത്രീ പോസ്റ്റ് ഓഫീസ് ജീവനക്കാരനെ വിവരമറിയിച്ചു. പണി കിട്ടുമെന്ന് തോന്നിയതോടെ ബോഡിയുപേക്ഷിച്ച് തട്ടിപ്പുകാര്‍ പമ്പ കടക്കുകയായിരുന്നു.

തുടര്‍ന്ന് ഗാര്‍ഡയും എമര്‍ജന്‍സി സര്‍വീസും സ്ഥലത്തെത്തി. പരിശോധനയില്‍ പെന്‍ഷണര്‍ മരിച്ചതാണെന്ന് തെളിഞ്ഞു. പോസ്റ്റോഫീസിലെ സിസിടിവി ക്യാമറകള്‍ പരിശോധിച്ച് തുടരന്വേഷണത്തിനൊരുങ്ങുകയാണ് ഗാര്‍ഡ

66 വയസ്സ് പ്രായമുള്ളയാളാണ് മരിച്ചത്. ഹോസിയുടെ കെട്ടിടത്തിന് സമീപമുള്ള പോളര്‍ട്ടണ്‍ റോഡിലെ താമസക്കാരനായ ഇദ്ദേഹം മാന്യനായ ആളാണെന്ന് അയല്‍വാസികള്‍ പറയുന്നു. ഈ വീട്ടിലാണ് കളി ആസൂത്രണം ചെയ്തതെന്നാണ് ഗാര്‍ഡ കരുതുന്നത്. വീട് ഗാര്‍ഡ സീല്‍ ചെയ്തിട്ടുണ്ട്. കേസന്വേഷണത്തിന് ടെക്‌നിക്കല്‍ ബ്യൂറോയുടെ സേവനം ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഗാര്‍ഡ അറിയിച്ചു. പോസ്റ്റ്‌മോര്‍ട്ടം റിസള്‍ട്ട് വന്നതിനു ശേഷം മാത്രമേ അന്വേഷണത്തില്‍ വ്യക്തത വരൂവെന്നും ഗാര്‍ഡ പറഞ്ഞു.

ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://chat.whatsapp.com/EWMkeqYm3IqDxMtAbZeiBG

Comments are closed.