head3
head1

അയര്‍ലണ്ടില്‍ റെസ്റ്റോറന്റുകളും ഗ്യാസ്ട്രോ പബ്ബുകളും തുറക്കുന്നതിന് കാബിനറ്റ് അനുമതി നല്‍കിയേക്കും ; ഡിസംബര്‍ ഏഴു മുതല്‍ പ്രാബല്യത്തിലെന്ന് സൂചന

ഡബ്ലിന്‍ : റെസ്റ്റോറന്റുകളും ഗ്യാസ്ട്രോ പബ്ബുകളും വീണ്ടും തുറക്കുന്നതിന് കാബിനറ്റിന്റെ ഉപ സമിതിയുടെ അനുമതിയായി.ഡിസംബര്‍ 7 മുതല്‍ വീണ്ടും തുറക്കുന്നതിനാണ് തീരുമാനം.ലെവല്‍ 5 കോവിഡ് -19 നിയന്ത്രണങ്ങളില്‍ നിന്ന് ഇളവുകള്‍ അനുവദിക്കുന്നതു സംബന്ധിച്ച് എന്‍ഫെറ്റ് ശുപാര്‍ശകള്‍ ചര്‍ച്ച ചെയ്യാന്‍ ഇന്നലെ മന്ത്രിസഭ ഉപസമിതി യോഗം ചേര്‍ന്നിരുന്നു.

മന്ത്രിസഭയുടെ തീരുമാനത്തിന് വിധേയമായി ആകും അന്തിമ തീരുമാനം പ്രഖ്യാപിക്കുക.

ഡിസംബര്‍ 18 മുതല്‍ കൗണ്ടി വിട്ടുള്ള യാത്ര അനുവദിക്കുന്നതിനുള്ള നിര്‍ദ്ദേശവും ഇപ്പോള്‍ സര്‍ക്കാരിന്റെ പരിഗണനയിലുണ്ട്.ക്രിസ്മസ് കരോള്‍ സംഘങ്ങള്‍ക്ക് ചുറ്റും കൂട്ടം കൂടാന്‍ കര്‍ശനമായ നിയന്ത്രണങ്ങളോടെ ജനങ്ങളെ അനുവദിച്ചേക്കും.

ഹോസ്പിറ്റാലിറ്റി മേഖല വീണ്ടും തുറക്കുന്നതിലുള്ള അപകടസാധ്യതകളെക്കുറിച്ച് എന്‍ഫെറ്റ് സര്‍ക്കാരിനു മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നിരുന്നാലും ഈ വിലക്ക് മന്ത്രിസഭ അവഗണിച്ചതായാണ് സൂചന. മദ്യം മാത്രം വിളബുന്ന പബ്ബുകള്‍ അടഞ്ഞു കിടക്കാനാണ് സാധ്യത. എന്നാല്‍ ബിയറും.ലഹരി കുറഞ്ഞ പാനീയങ്ങളും ഭക്ഷണവും വിളമ്പുന്ന ഗ്യാസ്ട്രോ പബ്ബുകളാണ് തുറക്കാന്‍ അനുവദിക്കുന്നത്.

ഡിസംബര്‍ 4 വെള്ളിയാഴ്ച ഉള്‍പ്പെടെ ഈ മേഖല വീണ്ടും തുറക്കുന്നതിനുള്ള തീയതികള്‍ മന്ത്രിമാര്‍ വീണ്ടും പരിഗണിക്കും.ക്രിസ്മസ് കാലഘട്ടത്തില്‍ ഭക്ഷണം വിളമ്പുന്ന റെസ്റ്റോറന്റുകള്‍ക്കും ബാറുകള്‍ക്കും മൂന്ന് തിരക്കേറിയ വാരാന്ത്യങ്ങള്‍ ലഭിക്കുന്ന തരത്തില്‍ ഡിസംബര്‍ ഏഴിന് ഇളവുകള്‍ പ്രാബല്യത്തില്‍ വരുത്തുന്നതിനാണ് തീരുമാനം. ടേബിളുകള്‍ തമ്മിലുള്ള അകലം കൂട്ടുന്നതിന് നിയമമുണ്ടാകും. മാത്രമല്ല ഉപയോക്താക്കള്‍ക്ക് ഇവിടെ ചെലവഴിക്കാന്‍ കഴിയുന്ന സമയം മുമ്പത്തെ ഒരു മണിക്കൂര്‍ എന്നത് 45 മിനിറ്റായി കുറയും.

ആളുകള്‍ക്ക് ഡിസംബറില്‍ ആരാധനാലയങ്ങളില്‍ എത്തി മതപരമായ സേവനങ്ങളില്‍ പങ്കെടുക്കാന്‍ കഴിയും.എന്നാല്‍ ഗായകസംഘങ്ങള്‍ക്ക് സുരക്ഷാ നടപടികള്‍ ഉണ്ടാകും.ഡിസംബര്‍ 18 മുതല്‍ ജനുവരി 3 വരെ ആളുകള്‍ക്ക് രാജ്യമെമ്പാടും യാത്ര ചെയ്യാം.എന്നിരുന്നാലും ഡിസംബര്‍ 18 വരെ വീടിനുള്ളിലെ ഒത്തുചേരലുകള്‍ അനുവദിക്കില്ല.

ഐറിഷ് മലയാളി ന്യൂസ്

Comments are closed.