head3
head1

എലിസബത്ത് രാജ്ഞിയുടെ ശവസംസ്‌കാരം 19ന് ; നാല് ദിവസം പൊതു ദര്‍ശനത്തിന് വെയ്ക്കും

ശവസംസ്‌കാര ചടങ്ങുകള്‍ എന്നും പ്രിയപ്പെട്ട വെസ്റ്റ്മിന്‍സ്റ്റര്‍ ആബിയില്‍

ലണ്ടന്‍ : ബ്രിട്ടനിലെ എലിസബത്ത് രാജ്ഞിയുടെ ശവസംസ്‌കാരം 19ന് രാവിലെ 11ന് വെസ്റ്റ്മിന്‍സ്റ്റര്‍ ആബിയില്‍ നടക്കുമെന്ന് ഡ്യൂക്ക് ഓഫ് നോര്‍ഫോക്ക് ഏള്‍ മാര്‍ഷല്‍ അറിയിച്ചു.സെപ്റ്റംബര്‍ 14 ബുധനാഴ്ച മുതല്‍ വെസ്റ്റ്മിന്‍സ്റ്റര്‍ ഹാളില്‍ നാല് ദിവസം മൃതദേഹം പൊതു ദര്‍ശനത്തിന് വെയ്ക്കും. പൊതുജനങ്ങള്‍ക്ക് ഈ വേളയില്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കാം.

ബുധനാഴ്ച രാവിലെ 6.30മുതല്‍ ശവസംസ്‌കാര ദിവസം രാവിലെ 6.30 വരെ ആളുകള്‍ക്ക് അന്ത്യാജ്ഞലിയ്ക്ക് അവസരമുണ്ടാകുമെന്ന് കൊട്ടാരം കേന്ദ്രം വ്യക്തമാക്കി.ആളുകളുടെ സന്ദര്‍ശനത്തിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ വരും ദിവസങ്ങളില്‍ പ്രഖ്യാപിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.

റോയല്‍ ചര്‍ച്ച് എന്ന നിലയില്‍, ആബിക്ക് രാജ്ഞിയുമായി പ്രത്യേക ബന്ധമുണ്ടായിരുന്നുവെന്ന് കൊട്ടാരം വിശദീകരിച്ചു.1947 നവംബറില്‍ ഫിലിപ്പ് രാജകുമാരനെ വിവാഹം കഴിച്ചതും കിരീടധാരണവും 1953 ജൂണില്‍ ഇവിടെയായിരുന്നു.

ശവസംസ്‌കാര ചടങ്ങുകള്‍ ടെലിവിഷനിലും റേഡിയോയിലും ഓണ്‍ലൈനിലും തത്സമയം സംപ്രേക്ഷണം ചെയ്യും. ഇതിന്റെ സജ്ജീകരണങ്ങള്‍ക്കായി തിങ്കളാഴ്ച മുതല്‍ ആബി അടച്ചിടുമെന്നും അധികൃതര്‍ വ്യക്തമാക്കി.

ബാല്‍മോറല്‍ കാസിലിലെ ബോള്‍റൂമില്‍ നിന്നും ശവമഞ്ചം നാട്ടുകാര്‍ക്ക് ആദരവര്‍പ്പിക്കുന്നതിനായി റോഡ് മാര്‍ഗ്ഗം ഇന്ന് എഡിന്‍ബര്‍ഗിലെ പാലസ് ഓഫ് ഹോളിറൂഡ് ഹൗസിലേക്ക് കൊണ്ടുപോകും. എഡിന്‍ബര്‍ഗിലെ സെന്റ് ജൈല്‍സ് കത്തീഡ്രലിലേക്ക് ശവമഞ്ചം എത്തിക്കുന്നതിനുള്ള പ്രൊസെഷന്‍ പാലസ് ഓഫ് ഹോളിറൂഡ് ഹൗസില്‍ നിന്നും നാളെ ആരംഭിക്കുമെന്ന് ബക്കിംഗ്ഹാം കൊട്ടാരം സ്ഥിരീകരിച്ചു.ചാള്‍സ് മൂന്നാമന്‍ രാജാവും കുടുംബാംഗങ്ങളും ഇതില്‍ പങ്കെടുക്കും. സെന്റ് ഗൈല്‍സ് കത്തീഡ്രലില്‍ നടക്കുന്ന ശുശ്രൂഷയിലും ഇവര്‍ പങ്കെടുക്കും.

റാണിയുടെ ശവമഞ്ചം പിന്നീട് റോയല്‍ കമ്പനി ഓഫ് ആര്‍ച്ചേഴ്‌സിന്റെ കാവലില്‍ സെന്റ് ഗൈല്‍സില്‍ വെയ്ക്കും. സ്‌കോട്ട്‌ലന്‍ഡിലെ ജനങ്ങള്‍ക്ക് സെപ്റ്റംബര്‍ 13 ചൊവ്വാഴ്ച വരെ ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ അവിടെ അവസരമുണ്ടാകും.പിന്നീട് ആര്‍.എ.എഫ് വിമാനത്തില്‍ ലണ്ടനിലേക്ക് കൊണ്ടുപോകും.നാലു ദിവസം മൃതദേഹം പൊതുദര്‍ശനത്തിന് വെയ്ക്കും.
ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.com/I4RThsP3QByGf4MgKvY4Gn

Comments are closed.