head3
head1

പി യൂ പി കൈപ്പറ്റിയവരില്‍ പത്തില്‍ ഒരാള്‍ അനര്‍ഹരായിരുന്നെന്ന് സി. എ.ജി ഓഡിറ്ററുടെ റിപ്പോര്‍ട്ട്

ഡബ്ലിന്‍ : പാന്‍ഡെമിക് തൊഴിലില്ലായ്മ വേതനം കൈപ്പറ്റിയവരില്‍ പത്തില്‍ ഒരാള്‍ എന്ന നിലയില്‍ അനര്‍ഹരായിരുന്നെന്ന് സി. എ.ജി ഓഡിറ്ററുടെ റിപ്പോര്‍ട്ട്. പകുതിയില്‍ താഴെ കേസുകളില്‍ ജോലി ചെയ്തു കൊണ്ട് പാന്‍ഡെമിക് അണ്‍എംപ്ലോയ്‌മെന്റ് പേയ്‌മെന്റ് സ്വീകരിച്ചതായി ചില ദേശീയ മാധ്യമങ്ങള്‍ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. കാല്‍ ശതമാനം കേസുകളില്‍ കോവിഡിന് മുമ്പ് ജോലിക്ക് പോയിരുന്നതിന് തെളിവുകളില്ല. അതേസമയം 25 ശതമാനം കേസുകളില്‍ അപേക്ഷകര്‍ ജോലിയില്‍ തിരികെ പ്രവേശിച്ചു.

കഴിഞ്ഞ വര്‍ഷം 5 ബില്യണ്‍ യൂറോ പി.യു.പി വേതനമായി വിതരണം ചെയ്തതായി കണ്‍ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ അറിയിച്ചു. കോവിഡ് ആരംഭിച്ച് ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ തന്നെ ഈ പദ്ധതി അവതരിപ്പിച്ചിരുന്നു. ലഭിച്ച അപേക്ഷകളുടെ വിശദമായ പഠനത്തില്‍ നിന്നും 9 ശതമാനത്തോളം അനര്‍ഹമായി ഈ ആനുകൂല്യം നേടിയതായി ചൂണ്ടിക്കാട്ടുന്നു. മാര്‍ച്ച് 2020 മുതല്‍ ഫെബ്രുവരി 2021 വരെയുള്ള സമയത്ത് സാമൂഹിക സുരക്ഷാ വകുപ്പിന് 1.75 മില്യണ്‍ അപേക്ഷകളാണ് ഈ സ്‌കീമിന് കീഴില്‍ ലഭിച്ചത്. ഇവയില്‍ പകുതിയില്‍ കൂടുതലും പദ്ധതി അവതരിപ്പിച്ച് അഞ്ച് ആഴ്ചക്കുള്ളില്‍ ലഭിച്ചതാണ്.

കൊവിഡ് മൂലം തൊഴില്‍ നഷ്ടപ്പെട്ടവരെ സഹായിക്കാന്‍ തുടങ്ങിയ പദ്ധതിയില്‍ 350 യൂറോയായിരുന്നു ആദ്യ പേയ്‌മെന്റ്.അടിയന്തര സാഹചര്യത്തില്‍ ആരംഭിച്ച സ്‌കീമെന്ന നിലയില്‍ നിയന്ത്രണങ്ങള്‍ സാധാരണയുള്ളത്ര കര്‍ശനമായിരുന്നില്ലെന്ന് സി.എ.ജി പറഞ്ഞു . ക്ലെയിമുകള്‍ അനുവദിക്കാന്‍ പ്രധാനമായും തങ്ങള്‍ രാജ്യത്ത് താമസിക്കുന്നവരാണെന്നും ജോലി നഷ്ടപ്പെട്ടെന്നുമുള്ള ജനങ്ങളുടെ തന്നെ പ്രസ്താവനകളാണ് ഉദ്യോഗസ്ഥര്‍ കണക്കിലെടുത്തത്. തൊഴില്‍ അന്വേഷകരെന്ന പി.യു.പി യോഗ്യതാ മാനദണ്ഡം സ്ഥിരീകരിക്കാന്‍ കാര്യമായ ശ്രമങ്ങള്‍ ഉണ്ടായിരുന്നില്ല. തൊഴിലുടമകള്‍ക്ക് ഇത്തരം സംഭവങ്ങള്‍ അറിയിക്കാനായി ഹെല്‍പ്പ് ലൈന്‍ നമ്പര്‍ തുടങ്ങിയിരുന്നു. ഇതില്‍ 2,500 റിപ്പോര്‍ട്ടുകള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ 400 അപേക്ഷകള്‍ തടഞ്ഞ് വെച്ചു.ഓഗസ്റ്റ് അവസാനത്തോടെ 4,300 പേര്‍ക്കായി 14.5 മില്യണ്‍ യൂറോ പി.യു.പി അധികചിലവ് വന്നതായി സമൂഹ സുരക്ഷാ വകുപ്പ് കണക്കാക്കുന്നു. ഇത്തരം സംഭവങ്ങള്‍ ഒഴിവാക്കാന്‍ ആളുകള്‍ ജോലിയിലേക്കും മറ്റ് ക്ഷേമപദ്ധതികളിലേക്കും മാറുന്ന കാര്യങ്ങള്‍ കൃത്യമായി നിരീക്ഷിക്കണമെന്ന് സി.എ.ജി നിര്‍ദ്ദേശം നല്‍കി.

Comments are closed.