head3
head1

പുതിയ ശമ്പളക്കരാറിനായി അയര്‍ലണ്ടിലെ 91 ശതമാനം നഴ്സുമാരുടെയും അനുകൂല വോട്ട് , ഡോക്ടര്‍മാരുടെ ചെറുത്തുനില്‍പ്പ് വിജയിച്ചു

ഡബ്ലിന്‍ : പുതിയ ശമ്പളക്കരാറിനെ എതിര്‍ത്ത് അയര്‍ലണ്ടിലെ ഡോക്ടര്‍മാര്‍.

ഭൂരിപക്ഷം നഴ്സുമാരും പിന്തുണച്ച പുതിയ പൊതുശമ്പള കരാറാണ് ഡോക്ടര്‍മാര്‍ അതൃപ്തിയോടെ നിരസിച്ചത്.

ഫോര്‍സയും ഇക്ടുവും ഐഎന്‍എംഒയുമുള്‍പ്പടെ നിരവധി സംഘടനകള്‍ പിന്തുണയ്ക്കുന്ന പൊതുശമ്പളക്കരാറാണ് ഡോക്ടര്‍മാരുടെ സംഘടന വേണ്ടെന്ന് പ്രഖ്യാപിച്ചത്.

ഡോക്ടര്‍മാര്‍ക്ക് ശമ്പളക്കരാര്‍ റിപ്പോര്‍ട്ട് നേരത്തെ തന്നെ ഉപ പ്രധാനമന്ത്രി ലിയോ വരദ്കര്‍  ചോര്‍ത്തിനല്‍കിയെന്ന ആരോപണം നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ പുതിയ കരാറിനെ തള്ളിക്കളഞ്ഞ ഐഎംഒ തീരുമാനം ഐറിഷ് ഭരണകൂടത്തിലും രാഷ്ട്രീയത്തിലും മുന്‍വിവാദത്തിന് ആക്കം കൂട്ടുമെന്നാണ് കരുതുന്നത്.

ഐ എന്‍ എം ഒ

ഐറിഷ് നഴ്‌സസ് ആന്‍ഡ് മിഡൈ്വവ്സ് ഓര്‍ഗനൈസേഷന്‍ (ഐ എന്‍ എം ഒ) അംഗങ്ങളില്‍ 91 ശതമാനത്തിലധികം പേരും കരാറിനെ പിന്തുണച്ചു.നിര്‍ദ്ദിഷ്ട കരാറിനെ പിന്തുണയ്ക്കുന്നതായി അയര്‍ലണ്ടിലെ  നഴ്‌സുമാര്‍ വെള്ളിയാഴ്ച വരെ വോട്ട് ചെയ്തിരുന്നു.

2021 ലും 2022 ലും 3,50,000 ത്തോളം സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് മൂന്ന് ശതമാനം വരെ ശമ്പള വര്‍ധനയും ഓവര്‍ടൈം, പ്രീമിയം പേയ്‌മെന്റുകളുടെ പുനസ്ഥാപനത്തിനും വേണ്ടി അയര്‍ലണ്ടിലെ നഴ്സുമാര്‍ ആവേശപൂര്‍വ്വമാണ് അനുകൂല വോട്ട് രേഖപ്പെടുത്തിയത്. ശമ്പളക്കരാറിന് വേണ്ടിയുള്ള വോട്ടെടുപ്പില്‍ അഭൂതപൂര്‍വ്വമായ രീതിയില്‍ നഴ്സുമാര്‍ പ്രതീകരിക്കാനെത്തിയതായി സംഘടനാ ഭാരവാഹികള്‍ വെളിപ്പെടുത്തി.

2013ലെ സാമ്പത്തിക പ്രതിസന്ധി ഘട്ടത്തില്‍ നടപ്പാക്കിയ അധിക അണ്‍പെയ്ഡ് മണിക്കൂറുകള്‍ പിന്‍വലിക്കാനുള്ള പ്രക്രിയകളും ഇതിന്റെ ഭാഗമായി ആരംഭിക്കും. ഇപ്പോഴുള്ള 39 മണിക്കൂര്‍ ജോലി 37.5 മണിക്കൂറായി കുറയ്ക്കാനുള്ള പ്രൊപ്പോസലിന് അനുകൂലമായാണ് നഴ്സുമാര്‍ വോട്ട് ചെയ്തത്.

ഓവര്‍ ടൈം റേറ്റ്  കൂട്ടാനും,വാര്‍ഷിക ശമ്പളം 2021,2022 വര്‍ഷങ്ങളില്‍ ചുരുങ്ങിയത് 500 യൂറോ വീതം വര്‍ദ്ധിപ്പിക്കാനും കരാര്‍ വഴി സര്‍ക്കാര്‍ സമ്മതിക്കുന്നു.അടുത്ത ചൊവ്വാഴ്ച നടക്കുന്ന യോഗത്തില്‍ ഐറിഷ് കോണ്‍ഗ്രസ് ഓഫ് ട്രേഡ് യൂണിയനുകളുടെ (ഇക്റ്റു) പൊതു സേവന സമിതിയും ഈ കരാറിനെ അംഗീകരിക്കാന്‍ സാധ്യതയുണ്ട്.ചില സംഘടനകള്‍ എതിര്‍ത്താലും ജീവനക്കാരില്‍ ഭൂരിപക്ഷത്തിന്റെ അനുകൂല നിലപാട് ലഭിച്ചാല്‍ കരാര്‍ ഉറപ്പിക്കും.

രാജ്യത്തെ ഏറ്റവും വലിയ പബ്ലിക് സര്‍വീസ് ട്രേഡ് യൂണിയനായ ഫോര്‍സയും നിര്‍ദ്ദിഷ്ട കരാറിനെ പിന്തുണയ്ക്കാന്‍ അംഗങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.വോട്ടെടുപ്പിന്റെ ഫലങ്ങള്‍ തിങ്കളാഴ്ച പ്രഖ്യാപിക്കും.

ഐഎന്‍എംഒ, സര്‍വീസസ് ഇന്‍ഡസ്ട്രിയല്‍ പ്രൊഫഷണല്‍, ടെക്നിക്കല്‍ യൂണിയന്‍, ഐറിഷ് നാഷണല്‍ ടീച്ചേഴ്സ് ഓര്‍ഗനൈസേഷന്‍ തുടങ്ങി നിരവധി വലിയ യൂണിയനുകള്‍ ഇപ്പോള്‍ നിര്‍ദ്ദിഷ്ട കരാറിനെ പിന്തുണച്ചിട്ടുണ്ട്.

ഐറിഷ് മെഡിക്കല്‍ ഓര്‍ഗനൈസേഷന്‍ (ഐ എം ഒ) അംഗങ്ങളില്‍ 95 ശതമാനം പേരും നിര്‍ദ്ദിഷ്ട പുതിയ കരാറിനെ നിരസിച്ച് വോട്ട് ചെയ്തു. ഈ സമയത്തെ വെല്ലുവിളികള്‍ക്ക് അനുസൃതമായുള്ളതല്ല കരാറെന്നും അംഗങ്ങള്‍ക്ക് ഇതിനെ പിന്തുണയ്ക്കാന്‍ കഴിയില്ലെന്നും ഐഎംഒ നോണ്‍-കണ്‍സള്‍ട്ടന്റ് ഹോസ്പിറ്റല്‍ ഡോക്ടര്‍ കമ്മിറ്റി ചെയര്‍മാന്‍ ഡോ. പാഡി ഹില്ലറി പറഞ്ഞു.

നിര്‍ദ്ദിഷ്ട കരാര്‍ കോവിഡ് -19 പാന്‍ഡെമിക് കൊണ്ടുവന്ന പുതിയ ആരോഗ്യ സേവന യാഥാര്‍ത്ഥ്യങ്ങളെ അംഗീകരിക്കുന്നില്ല.

പൊതുജനാരോഗ്യസേവനങ്ങളില്‍ ജോലി ചെയ്യുന്ന ഡോക്ടര്‍മാരുടെ ദീര്‍ഘകാലമായി നിലനില്‍ക്കുന്ന പരാതികള്‍ പരിഹരിക്കുന്നില്ലെന്നും ഐഎംഒ പറഞ്ഞു.അടിസ്ഥാന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് ഒന്നും ചെയ്യാത്ത ശമ്പള ഇടപാടിനെ പിന്തുണയ്ക്കാന്‍ കഴിയില്ലെന്ന് ഐഎംഒയുടെ പൊതുജനാരോഗ്യ സമിതി ചെയര്‍പേഴ്‌സണ്‍ ഡോ. ഇനാ കെല്ലി പറഞ്ഞു.

ഐഎംഒ അംഗങ്ങള്‍ക്കു പുറമേ അയര്‍ലണ്ടിലെ സെക്കന്‍ഡറി ടീച്ചേഴ്സ് അസോസിയേഷനും മെഡിക്കല്‍ ലബോറട്ടറി ശാസ്ത്രജ്ഞരെ പ്രതിനിധീകരിക്കുന്ന അസോസിയേഷനും കരാര്‍ നിരസിച്ചവരില്‍ ഉള്‍പ്പെടുന്നു..

ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും   വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

https://chat.whatsapp.com/DI6e4vSsv329e4CXtWXO8H

Comments are closed.