മൂന്ന് സ്ഥാനാര്‍ത്ഥികള്‍ മാത്രം,പ്രസിഡണ്ട് ഇലക്ഷന്റെ അങ്കത്തട്ടില്‍ കാതറിന്‍ കോണോളി, ഹീതര്‍ ഹംഫ്രീസ് ,ജിം ഗാവിന്‍
ഡബ്ലിന്‍ :മത്സര രംഗം തെളിയുമ്പോള്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ അങ്കത്തട്ടില്‍ മൂന്ന് സ്ഥാനാര്‍ത്ഥികള്‍.കാതറിന്‍ കോണോളി, ഹീതര്‍ ഹംഫ്രീസ് ,ജിം ഗാവിന്‍. ഇവരിലാരെങ്കിലുമാകും അയര്‍ലണ്ടിന്റെ അടുത്ത പ്രസിഡന്റ്.ഒക്ടോബര്‍ 24 വെള്ളിയാഴ്ചയാണ് തിരഞ്ഞെടുപ്പ്
മരിയ സ്റ്റീനിന് വേണ്ടത്ര പിന്തുണ ലഭിക്കാതെ പോയതോടെയാണ് കഴിഞ്ഞ 35 വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ സ്ഥാനാര്‍ത്ഥികളായി പ്രസിഡന്റ് ബാലറ്റ് ചുരുങ്ങിയത്.അന്റുവിന്റെ പിന്തുണയോടെ മരിയ സ്റ്റീന്‍ 18 ടിഡികളില്‍ നിന്നും സെനറ്റര്‍മാരില്‍ നിന്നും നാമനിര്‍ദ്ദേശങ്ങള്‍ നേടിയിരുന്നു. അവസാന നിമിഷം വരെയും പിന്തുണക്കാരുടെ എണ്ണം 20ല്‍ എത്തുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും വിജയിച്ചില്ല.
പ്രസിഡന്റ് സ്ഥാനാര്‍ത്ഥികളെ അടുത്തറിയാം:
കാതറിന്‍ കോണോളി
നിലവില്‍ ഗോള്‍വേ വെസ്റ്റിന്റെ സ്വതന്ത്ര ടിഡിയാണ് കാതറിന്‍ കോണോളി.ഇടതുപക്ഷ പാര്‍ട്ടികളുടെയും സ്വതന്ത്രരുടെയും വിശാലമായ പിന്തുണയാണ് ഈ പെണ്‍കരുത്ത്.സിന്‍ ഫെയ്ന്‍, ലേബര്‍, സോഷ്യല്‍ ഡെമോക്രാറ്റ്സ്, ഗ്രീന്‍ പാര്‍ട്ടി, പീപ്പിള്‍ ബിഫോര്‍ പ്രോഫിറ്റ് എന്നിവരെല്ലാം ശക്തമായി ഈ 68 കാരിയായ അഭിഭാഷകയ്ക്കൊപ്പമുണ്ട്.
ക്ലിനിക്കല്‍ സൈക്കോളജിസ്റ്റായ കാതറിന്‍ കോണോളി 1999 ല്‍ ഗോള്‍വേ സിറ്റി കൗണ്‍സിലറായതു മുതല്‍ ഐറിഷ് രാഷ്ട്രീയത്തില്‍ സജീവമാണ്. 2016ല്‍ ആദ്യമായി ഡെയ്‌ലിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.
മൂന്ന് പ്രസിഡന്റ് സ്ഥാനാര്‍ത്ഥികളില്‍ കോണോളി മാത്രമാണ് ഐറിഷ് ഭാഷ അറിയാവുന്നയാള്‍.. ഈ വര്‍ഷം പ്രസിഡന്റ് ഡിബേറ്റ് നടത്തേണ്ടതില്ലെന്ന ടിജി4ന്റെ തീരുമാനത്തെ അവര്‍ ചോദ്യം ചെയ്തിരുന്നു. തിരഞ്ഞെടുക്കപ്പെട്ടാല്‍ സമൂഹത്തിന്റെ അടിത്തട്ടില്‍ കഴിയുന്നവര്‍ക്ക് വേണ്ടി സംസാരിക്കുന്ന ഒരാളാകുമെന്നാണ് കാതറിന്റെ ഓഫര്‍.
ഹീതര്‍ ഹംഫ്രീസ്
ഫിനഗേലിന്റെ ആദ്യ സ്ഥാനാര്‍ത്ഥിയായ മുന്‍ യൂറോപ്യന്‍ യൂണിയന്‍ കമ്മീഷണര്‍ മൈറീഡ് മക്ഗിന്നസ് ആരോഗ്യപരമായ കാരണങ്ങളാല്‍ പിന്മാറിയതിനെത്തുടര്‍ന്നാണ് മുന്‍ മന്ത്രി കൂടിയായ ഹീതര്‍ ഹംഫ്രീസിന് അപ്രതീക്ഷിത അവസരം ലഭിച്ചത്.
2003 മുതല്‍ രാഷ്ട്രീയത്തില്‍ സജീവമാണ് 65 കാരിയായ ഈ മൊണഗാന്‍ ലേഡി.കഴിഞ്ഞ സര്‍ക്കാരില്‍ സാമൂഹിക സുരക്ഷ, മന്ത്രിയായിരുന്നു.2024 ഏപ്രിലില്‍ സൈമണ്‍ ഹാരിസ് നേതാവായി നിയമിതനായതിനുശേഷം പാര്‍ട്ടിയുടെ ഡെപ്യൂട്ടി നേതാവുമായി. അഭിമാനിയായ അള്‍സ്റ്റര്‍വുമണ്‍, പ്രൊട്ടസ്റ്റന്റ്, ഐറിഷ് റിപ്പബ്ലിക്കന്‍’ എന്നിങ്ങനെയാണ് ഒരു പ്രെസ്ബിറ്റീരിയനായ ഹംഫ്രീസ് സ്വയം വിശേഷിപ്പിക്കുന്നത്.
കമ്മ്യൂണിറ്റികളെ പിന്തുണച്ച് ആളുകളെ ഒരുമിച്ച് കൊണ്ടുപോകുന്നതില്‍ തനിക്കൊരു ട്രാക്ക് റെക്കോര്‍ഡ് ഉണ്ടെന്ന് ഇവര്‍ അവകാശപ്പെടുന്നു.പൂര്‍ണത എന്റെ വാഗ്ദാനമല്ല. മറിച്ച് സത്യസന്ധത, അനുകമ്പ, സര്‍വ്വീസ് എന്നിവ ഞാന്‍ ഉറപ്പുതരുന്നു- ഹംഫ്രീസ് പറഞ്ഞു.
ജിം ഗാവിന്‍
ഡബ്ലിനിലെ പുരുഷ ടീമിനെ ആറ് തവണ വിജയത്തിലേക്ക് നയിച്ച മുന്‍ ജിഎഎ മാനേജരാണ് ജിം ഗാവിന്‍(54). പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഏറ്റവും കഠിനമായ തന്റെ മാച്ചായിരിക്കുമെന്ന് മുന്‍ എയര്‍ കോര്‍പ്സ് കമാന്‍ഡന്റും ഐറിഷ് ഏവിയേഷന്‍ അതോറിറ്റിയുടെ നിലവിലെ ഓപ്പറേഷന്‍സ് ഡയറക്ടറുമായ ഇദ്ദേഹം പറയുന്നു.
ഫിനഫാള്‍ നേതാവ് മീഹോള്‍ മാര്‍ട്ടിന്റെ സെലക്ഷനാണ് പിന്നീട് പാര്‍ട്ടിയുടെ നാമനിര്‍ദ്ദേശമായത്.പാര്‍ട്ടിയുടെ എം ഇ പി ബില്ലി കെല്ലെഹറിനെ പിന്തള്ളിയാണ് മാര്‍ട്ടിന്‍ ഈ കായികതാരത്തെ രാഷ്ട്രീയ കുരുക്ഷേത്രത്തില്‍ അങ്കത്തിനിറക്കിയത്.മറ്റ് രണ്ട് പേരെയുമായി നോക്കുമ്പോള്‍ രാഷ്ട്രീയത്തില്‍ ഗാവിന് ഇതുവരെ കാര്യമായ റോളില്ല. 2022ലും 2023ലും ഡബ്ലിനിലെ നേരിട്ട് തിരഞ്ഞെടുക്കപ്പെട്ട മേയറായിരുന്നു ഗാവിന്‍. നോര്‍ത്ത്-ഈസ്റ്റ് ഇന്നര്‍ സിറ്റി ടാസ്‌ക്‌ഫോഴ്‌സിന്റെ സിറ്റിസണ്‍സ് അസംബ്ലിയുടെ അധ്യക്ഷനുമായിരുന്നു.
ദ്വീപിന്റെ എല്ലാ ഭാഗങ്ങളിലുമുള്ള കമ്മ്യൂണിറ്റികളുമായി ഇടപഴകുക, രാഷ്ട്രപതി ഭവന്‍ എല്ലാവര്‍ക്കുമായി തുറക്കുക, അവിടെ കമ്മ്യൂണിറ്റി പരിപാടികളുടെ എണ്ണം വര്‍ദ്ധിപ്പിക്കുക, അയര്‍ലണ്ടിനെ ലോകമെമ്പാടും പ്രചരിപ്പിക്കുക എന്നിവയാണ് ഇദ്ദേഹത്തിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങള്‍.മൂന്ന് കരുത്തരായ സ്ഥാനാര്‍ത്ഥികളും അരങ്ങിലെത്തിക്കഴിഞ്ഞു. മൂവര്‍ക്കും ഇനി പോരാട്ടത്തിന്റെ കാലം.
ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.