head1
head3

സംയുക്ത പ്രതിപക്ഷത്തിന് ഒരു സ്ഥാനാര്‍ത്ഥി: കാതറിന്‍ കൊണോളി പ്രചാരണം തുടങ്ങി

ഡബ്ലിന്‍ : പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ സംയുക്ത പ്രതിപക്ഷ സ്ഥാനാര്‍ത്ഥിയായി സ്വതന്ത്ര ടി ഡി കാതറിന്‍ കൊണോളി. ഡബ്ലിനില്‍ സിന്‍ ഫെയിന്‍, സോഷ്യല്‍ ഡെമോക്രാറ്റ്സ്, ലേബര്‍, പി ബി പി സോളിഡാരിറ്റി, ഗ്രീന്‍ പാര്‍ട്ടി എന്നിവയുടെ നേതാക്കളെല്ലാം പങ്കെടുത്ത സമ്മേളനത്തിലാണ് ഇവരുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിട്ടത്.ഇപ്പോഴത്തെ സര്‍ക്കാരിനെ ഭരണത്തില്‍ നിന്നും പുറത്താക്കുന്നതിനുള്ള പടയൊരുക്കമാണ് പ്രതിപക്ഷ നീക്കമെന്നാണ് നിരീക്ഷിക്കപ്പെടുന്നത്.

പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ സംയുക്ത പ്രതിപക്ഷ സ്ഥാനാര്‍ത്ഥി വിജയിച്ചാല്‍ ഫിനഫാള്‍- ഫിനഗേല്‍ സര്‍ക്കാരിന്റെ നൂറുവര്‍ഷം നീണ്ട ഭരണാധിപത്യത്തിനും ഭീഷണിയാകും.ശനിയാഴ്ചയാണ് തിരഞ്ഞെടുപ്പില്‍ കാതറിനെ പിന്തുണയ്ക്കുമെന്ന് വ്യക്തമാക്കി സിന്‍ഫെയിന്‍ രംഗത്തുവന്നത്. ഗാസയെക്കുറിച്ചും ഏകീകൃത അയര്‍ലണ്ടിനെക്കുറിച്ചുമുള്ള കൊണോളിയുടെ നിലപാടുകളെ സിന്‍ ഫെയ്ന്‍ നേതാവ് മേരി ലൂ മക്‌ഡൊണാള്‍ഡ് പ്രകീര്‍ത്തിച്ചു.

ഇടതുപാര്‍ട്ടികളിലെയും മറ്റും ടിഡിമാരും സെനറ്റര്‍മാരും ചടങ്ങിനെത്തി. പങ്കെടുത്തവരെല്ലാം പല വിഷയങ്ങളിലും കാതറിന്‍ കൊണോളി സ്വീകരിച്ച നിലപാടുകളെ പുകഴ്ത്തി.പ്രസിഡന്റ് പദവിയെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാടുകളെക്കുറിച്ച് കാതറിനും വിശദീകരിച്ചു.

രാജ്യത്തെ വ്യത്യസ്തമായ രീതിയില്‍ നയിക്കണമെന്ന് പറയേണ്ട ഊര്‍ജ്ജസ്വലതയും കാഴ്ചപ്പാടും വേണ്ട ഒന്നാണ് പ്രസിഡന്റ് പദവിയെന്ന് കാതറിന്‍ പറഞ്ഞു.വംശഹത്യയെ സാധാരണവല്‍ക്കരിക്കുന്നതിനെ ഒരിക്കലും അംഗീകരിക്കില്ല.വീടുകളില്ലാത്ത 16,000 കുടുംബങ്ങളെയും കാണാതെ പോകില്ല. എല്ലാറ്റിന്റെയും ഒന്നുമില്ലാത്തതിന്റെയും മൂല്യം അറിയുക എന്ന നവ ലിബറല്‍ പ്രത്യയശാസ്ത്ര തത്ത്വചിന്തയും കാതറിന്‍ എടുത്തുപറഞ്ഞു.ഹമാസ് പലസ്തീന്‍ ജനതയുടെ ഭാഗമാണെന്ന കാതറിന്റെ മുന്‍ പ്രസ്താവന വിവാദമായിരുന്നു.എന്നാല്‍ തിരഞ്ഞെടുപ്പ് പ്രചാരണ വേദിയില്‍ ഇതിനെക്കുറിച്ച് കാതറിന്‍ പരാമര്‍ശിച്ചില്ല.

നിഷ്പക്ഷത സംരക്ഷിക്കുന്ന ഏക സ്ഥാനാര്‍ത്ഥി

ഐറിഷ് നിഷ്പക്ഷത സംരക്ഷിക്കാന്‍ കഴിയുന്ന ഏക സ്ഥാനാര്‍ത്ഥി ഗോള്‍വേ വെസ്റ്റ് ടിഡി കാതറിനാണെന്ന് അടുത്തിടെ സോഷ്യല്‍ ഡെമോക്രാറ്റ്സില്‍ തിരിച്ചെത്തിയ ഹോളി കെയ്ന്‍സ് പറഞ്ഞു. സമാധാനത്തിനും മനുഷ്യാവകാശങ്ങള്‍ക്കും അന്താരാഷ്ട്ര നിയമത്തിനും വേണ്ടി നിലകൊള്ളുന്ന ഒരേയൊരു പ്രസിഡന്റ് സ്ഥാനാര്‍ത്ഥി കാതറിന്‍ മാത്രമാണെന്നും ഹോളി കെയ്ന്‍സ് അഭിപ്രായപ്പെട്ടു.

ശബ്ദമില്ലാത്തവരുടെ ശബ്ദമാകുന്നയാള്‍

അനീതി നേരിടുന്നവര്‍ക്ക് ശബ്ദം നല്‍കാന്‍ കൊണോളിക്ക് കഴിയുമെന്ന് ലേബര്‍ പാര്‍ട്ടി നേതാവ് മേരി ഷെര്‍ലക് പറഞ്ഞു.ശബ്ദമില്ലാത്തവരുടെ ശബ്ദമാകാനും സമൂഹത്തിലെ യഥാര്‍ത്ഥ വെല്ലുവിളികളെ നേരിടാനും കഴിയുന്ന, പ്രസിഡന്റിനെയാണ് നമുക്കാവശ്യമെന്ന് മേരി ഷെര്‍ലക് പറഞ്ഞു.

സമഗ്രമായ മാറ്റം കൊണ്ടുവരും

കൊണോളിയുടെ തിരഞ്ഞെടുപ്പ് സമഗ്രമായ മാറ്റം കൊണ്ടുവരുമെന്ന് പിബിപി സോളിഡാരിറ്റി ടി ഡി പോള്‍ മര്‍ഫി പറഞ്ഞു.ഇടതുപക്ഷത്തിന് ഒത്തുചേരാന്‍ കഴിയുമെന്നും ഫിന ഫാളിന്റെയും ഫിനഗേലിന്റെയും നൂറിലധികം വര്‍ഷം നീണ്ട ഭരണം അവസാനിപ്പിക്കാന്‍ കഴിയുമെന്നും ഈ കൂടിച്ചേരല്‍ സൂചിപ്പിക്കുന്നു. ഇത് ജനങ്ങള്‍ക്ക് പ്രതീക്ഷ നല്‍കുന്നതാണെന്നും മര്‍ഫി പറഞ്ഞു.

ഏകീകൃത പ്രതിപക്ഷമുണ്ടെന്നതിന്റെ തെളിവ്

വിശാലവും ഏകീകൃതവുമായ പ്രതിപക്ഷം ഉണ്ടെന്നതിന്റെ വ്യക്തമായ സൂചനയാണ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥി കാതറിന്‍ കൊണോലിയ്ക്കുള്ള പാര്‍ട്ടി പിന്തുണയെന്ന് സിന്‍ഫെയിന്‍ നേതാവും ടി ഡിയുമായ പിയേഴ്‌സ് ദോഹെര്‍ട്ടി പറഞ്ഞു.ഏകീകൃത അയര്‍ലണ്ട്, നിഷ്പക്ഷത,പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്ക് വേണ്ടി നിലപാട്,ഇപ്പോഴത്തെ സര്‍ക്കാരിനെ പുറത്താക്കല്‍ തുടങ്ങിയ ലക്ഷ്യങ്ങളാണ് കൊണോളിയെ പിന്തുണയ്ക്കുന്നതിലൂടെ സിന്‍ഫെയിനുള്ളതെന്ന് ദോഹര്‍ട്ടി പറഞ്ഞു.

ഭവന പ്രതിസന്ധി പരിഹരിക്കണമെങ്കില്‍ ഇപ്പോഴത്തെ സാഹചര്യങ്ങളും സര്‍ക്കാരും മാറിയേ പറ്റൂ. സിന്‍ഫെയിന്‍ നയിക്കുന്ന സര്‍ക്കാരിനേ ശബദമില്ലാത്തവര്‍ക്കു വേണ്ടി എന്തെങ്കിലും ചെയ്യാനാകൂ.ഇത്തരത്തിലുള്ള എല്ലാ കാര്യങ്ങളും പരിഗണിച്ചാണ് കാതറിനെ പിന്തുണയ്ക്കാന്‍ പാര്‍ട്ടി തീരുമാനിച്ചതെന്നും ദോഹെര്‍ട്ടി പറഞ്ഞു.

ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.com/IZbC8BOLqSJExbJfGM63zO</a</

Leave A Reply

Your email address will not be published.