അയര്‍ലണ്ടില്‍ ജോലി ചെയ്യുന്ന ആളുകളുടെ എണ്ണത്തില്‍ പ്രത്യാശയുണര്‍ത്തുന്ന വര്‍ധന. പുതുതായി ജോലിയില്‍ പ്രവേശിക്കുന്നവരുടെ എണ്ണം 10 ശതമാനത്തിലധികമാണു വര്‍ധിച്ചിരിക്കുന്നത്. ഈ വര്‍ധനയോടെ അയര്‍ലന്റിലെ ജോലിക്കാരുടെ എണ്ണം 2021ന്റെ നാലാം പാദത്തില്‍ 25 ലക്ഷത്തിലധികമായി. സെന്‍ട്രല്‍ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസിന്റെ ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരമാണിത്.
സിഎസ്ഒ ഡാറ്റ സീരീസ് ആരംഭിച്ചതിന് ശേഷം ഇതാദ്യമായാണ് ജോലിക്കാരുടെ എണ്ണം 2.5 ദശലക്ഷം കവിയുന്നത്. ലേബര്‍ ഫോഴ്സ് സര്‍വേ പ്രകാരം ജോലിയില്‍ നിന്ന് വിട്ടുനില്‍ക്കുന്നവരുടെ എണ്ണം 14.7% കുറഞ്ഞതായാണ്. ഇതോടെ, ജോലി ചെയ്യാത്തവരുടെ എണ്ണം 252,100 ആയി. ആഴ്ചയില്‍ ജോലി ചെയ്യുന്ന മണിക്കൂറുകളുടെ കണക്കുകളിലും മികച്ച വര്‍ധനയാണുള്ളത്. പത്തിനടുത്തു ശതമാനം വര്‍ധനയുണ്ട് ഈ കാര്യത്തില്‍. 9.6% ശതമാനവും 6. 8 ദശലക്ഷം മണിക്കൂറുകളും വര്‍ധിച്ചതായാണു കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നത്.
മിക്കവാറും എല്ലാ മേഖലകളിലും വര്‍ധന വന്നിട്ടുണ്ട്. കോവിഡ് ബാധിക്കുന്നതിനു മുമ്പുള്ള നിലവാരത്തിലേക്ക് അടുക്കുന്ന വിധമാണ് വര്‍ധനയുടെ തോത്. കോവിഡ്-കാല തൊഴില്‍മാന്ദ്യത്തിനും ഇതോടെ അറുതിവരുന്നുവെന്നതാണ് പ്രതീക്ഷയുണര്‍ത്തുന്നത്. ഇപ്പോഴും 2019ലെ നിലവാരത്തിന് താഴെയാണ് പൊതുകണക്കെങ്കിലും ചില മേഖലകളില്‍ ഇതു കാര്യക്ഷമമായ പുരോഗതി കൈവരിച്ചിട്ടുണ്ട്. അക്കോമഡേഷന്‍ ആന്‍ഡ് ഫുഡ് സര്‍വീസസ് മേഖലയില്‍ ആഴ്ചയില്‍ ജോലി ചെയ്യുന്ന സമയം വര്‍ഷാന്ത്യകണക്കുപ്രകാരം ആഴ്ചയില്‍ 1.7 ദശലക്ഷം മണിക്കൂര്‍ വര്‍ധിച്ചിട്ടുണ്ട്.
2021ന്റെ നാലാം പാദത്തില്‍ 127,400 പേരെ തൊഴിലില്ലാത്തവരായി തരംതിരിച്ചിട്ടുണ്ട്. തൊഴിലില്ലായ്മനിരക്ക് 4.9% ആണ്.
2021 ഡിസംബര്‍ അവസാനത്തോടെ, കോവിഡ്-19 കാരണമുളള തൊഴിലില്ലാക്കൂട്ടത്തിന്റെ എണ്ണം 195,313 ആണെന്ന് കണക്കാക്കപ്പെടുന്നു. തൊഴിലില്ലായ്മ നിരക്ക് 7.4% ആണ്. ഇതിലാണു കുറവുണ്ടാകുന്നത്.
കഴിഞ്ഞ വര്‍ഷം സാമ്പത്തിക വീണ്ടെടുക്കല്‍ പദ്ധതിയില്‍ പറഞ്ഞ 2.5 ദശലക്ഷം ആളുകള്‍ എന്ന ലക്ഷ്യത്തിലേക്ക് എത്താന്‍ അയര്‍ലന്‍ഡിന് ഇനി അധികം സമയമെടുക്കില്ലെന്ന് ഈ കണക്കുകള്‍ ഉദ്ധരിച്ച്, എന്റര്‍പ്രൈസ്, ട്രേഡ്, എംപ്ലോയ്മെന്റ് വകുപ്പുകളുടെ ചുമതലയുള്ള ഉപ പ്രധാനമന്ത്രി ലിയോ വരദ്കര്‍ പറഞ്ഞു.
കഴിഞ്ഞ വര്‍ഷം അവസാനം ബിസിനസ്സില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയെങ്കിലും അവസാന പാദത്തില്‍ 17,500 പേര്‍ ജോലിക്കാരായി മാറി എന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു. 29.8% വര്‍ധന, അതായത്, 37,100 തൊഴിലവസരങ്ങള്‍ താമസ, ഭക്ഷ്യ സേവന മേഖലയില്‍ വീണ്ടെടുത്തത് ആശ്വാസകരമാണ്.
2019ന്റെ നാലാം പാദത്തിന്റെ നിലവാരത്തിന് താഴെയാണെങ്കിലും, ഈ മേഖലയിലെ ആഴ്ചയില്‍ ജോലി ചെയ്യുന്ന സമയം ആഴ്ചയില്‍ 1.7 ദശലക്ഷം മണിക്കൂര്‍ വര്‍ദ്ധിച്ചു. എങ്കിലും ഇനിയും ഒരുപാട് ദൂരം പോകാനുണ്ട്, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അയര്‍ലണ്ടിലെ എട്ട് മേഖലകളും തൊഴില്‍ വളര്‍ച്ച രേഖപ്പെടുത്തിയെന്നതും എടുത്തുപറയേണ്ടതാണ്. മിഡ്-വെസ്റ്റ് രേഖപ്പെടുത്തിയ 13.4% ആണ് ഏറ്റവും വലിയ വര്‍ധന, വരദ്കര്‍ ചൂണ്ടിക്കാട്ടി. സന്തുലിതമായ പ്രാദേശിക വികസനത്തില്‍ ഗവണ്‍മെന്റ് ശ്രദ്ധ കേന്ദ്രീകരിക്കുമ്പോള്‍ ഇത് വളരെ പ്രധാനമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പകര്‍ച്ചവ്യാധിയോടുള്ള സര്‍ക്കാരിന്റെ നയപരമായ പ്രതികരണം തൊഴില്‍ വിപണിയിലെ ഈ നവോന്മേഷത്തിനു കാരണമായെന്നും അതാണ് ഈ കണക്കുകള്‍ സൂചിപ്പിക്കുന്നതെന്നും ധനകാര്യ മന്ത്രി പാസ്ചല്‍ ഡോണോയും പറഞ്ഞു. കൂടാതെ, സ്ത്രീ പങ്കാളിത്തത്തില്‍ റെക്കോര്‍ഡ് വളര്‍ച്ചയുണ്ടായെന്നും അത് സൂചിപ്പിക്കുന്നത്, റിമോട്ട് വര്‍ക്കിംഗിലെ വിപ്ലവകരമായ മാറ്റമാണെന്നും അദ്ദേഹം പറഞ്ഞു. തൊഴില്‍ വിപണിയെ കൂടുതല്‍ അഭിമാക്യമാക്കിയ തരത്തിലുള്ള സമീപനമാണുള്ളത്. ഇത് കൂടുതല്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. ഭാവിയിലും ഇത് ഗുണം ചെയ്യും – മന്ത്രി പറഞ്ഞു.
ഒരു ഗവണ്‍മെന്റ് എന്ന നിലയില്‍, കോവിഡ് പാന്‍ഡെമിക് ബാധിതര്‍ക്ക് തൊഴിലിലേക്ക് മടങ്ങിവരുന്നതിനു സഹായകകവും പ്രേരണാത്മകവുമായ സമഗ്രപദ്ധതിക്ക് തുടര്‍ന്നും സഹായം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
ഐറിഷ് മലയാളി ന്യൂസ്
തൊഴില്‍ അവസരങ്ങള്‍ അറിയിക്കാന്‍ മാത്രമായി ‘ഐറിഷ് മലയാളി ന്യൂസി’ന്റെ പുതിയ വാട്സാപ്പ് ഗ്രൂപ്പ്
അയര്‍ലണ്ടിലെയും യൂറോപ്പിലെയും ഐ ടി, ആരോഗ്യ മേഖലകളില്‍ അടക്കമുള്ള തൊഴില്‍ അവസരങ്ങള്‍ വായനക്കാരെ അറിയിക്കാനായി മാത്രം ഒരു പുതിയ വാട്ട്സ്ആപ്പ് ഗ്രൂപ്പ് തുടങ്ങുകയാണ്. യൂറോപ്പില്‍ രൂപപ്പെട്ടു വരുന്ന ആയിരക്കണക്കിന് തൊഴിലവസരങ്ങള്‍ മലയാളി സമൂഹത്തിന് പ്രയോജനപ്പെടുത്താനാവുമെന്ന ഉത്തമ ബോധ്യമാണ് ‘ഐറിഷ് മലയാളി’ ന്യൂസിനുള്ളത്. പരമാവധി ദിവസങ്ങളില്‍ ‘JOBS IRELAND IM GROUP’ എന്ന ഗ്രൂപ്പ് അപ്‌ഡേറ്റ് ചെയ്യാന്‍ ഞങ്ങള്‍ ശ്രമിക്കുന്നതാണ്.
JOBS IRELAND IM വാട്ട്സാപ്പ് ഗ്രൂപ്പില്‍ ചേരുന്നതിനായി താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://chat.whatsapp.com/D50R2rLcu3JEHhibfzUtMt
Comments are closed.