head1
head3

ചരിത്രമുറങ്ങുന്ന ഫോയ്ന്‍സ്-ലിമെറിക്ക് റെയില്‍ പാതയുടെ നവീകരണം തുടങ്ങി

ഡബ്ലിന്‍ : നൂറ്റാണ്ടിലേറെ ചരിത്രമുള്ള ഫോയ്ന്‍സ്-ലിമെറിക്ക് റെയില്‍ പാതയുടെ നവീകരണം ആരംഭിക്കുന്നു. 20 വര്‍ഷത്തിലേറെയായി പ്രവര്‍ത്തനമില്ലാത്ത പുരാതന റയില്‍പ്പാതയാണ് 104 മില്യണ്‍ യൂറോ ചെലവില്‍ വീണ്ടും തുറക്കാനൊരുങ്ങുന്നത്. ഇതോടൊപ്പം 164 വര്‍ഷം പഴക്കമുള്ള പാസഞ്ചര്‍ ട്രയിനും വീണ്ടും മടങ്ങിയെത്തുമെന്ന് കരുതുന്നു.

പദ്ധതിയുടെ ആദ്യഘട്ടമെന്ന നിലയില്‍ 42 കിലോമീറ്റര്‍ പാതയിലെ കാടും പടലും വെട്ടിനീക്കി വൃത്തിയാക്കുന്ന ജോലികളാണ് തുടങ്ങിയത്. അടിസ്ഥാന സൗകര്യ വികസന പ്രവര്‍ത്തനങ്ങള്‍ ഫോയിന്‍സ് തുറമുഖം വരെയെത്തിയിട്ടുണ്ട്.ഇത് പൂര്‍ത്തിയാക്കാന്‍ രണ്ട് വര്‍ഷമെടുക്കുമെന്നാണ് കരുതുന്നത്.64 മില്യണ്‍ യൂറോയാണ് ഇതിന് ചെലവ് പ്രതീക്ഷിക്കുന്നത്.

രണ്ടാം ഘട്ടത്തില്‍ സിഗ്നലിംഗ് സംവിധാനം, സിസിടിവി ലെവല്‍ ക്രോസിംഗുകള്‍, ട്രെയിന്‍ കമ്മ്യൂണിക്കേഷന്‍ സംവിധാനങ്ങള്‍, ട്രാക്ക് കണക്ഷനുകള്‍, ലിമെറിക്ക്, ഫോയിന്‍സ് യാര്‍ഡിലെ നവീകരണ പ്രവര്‍ത്തനങ്ങള്‍ എന്നിവയാണ് നടത്തുക. ഇത് 2025-ഓടെയാകും പൂര്‍ത്തിയാവുക.

വരും ആഴ്ചകളില്‍ പാതയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചേക്കും. പഴയ ട്രാക്ക് നീക്കി പുതിയ റെയില്‍ ട്രാക്കും സ്ലീപ്പറുകളും സ്ഥാപിക്കും. ലെവല്‍ ക്രോസുകളില്‍ റോഡ് ഉള്‍പ്പടെ അടിസ്ഥാന സൗകര്യങ്ങളും നവീകരിക്കും.പാലങ്ങളും പുതുക്കിപ്പണിയുന്നതിനൊപ്പം കലുങ്കുകളും ലൈന്‍സൈഡ് ഫെന്‍സിംഗും സജ്ജമാക്കും.

പാട്രിക്‌സ്വെല്‍, അഡാര്‍, അസ്‌കേറ്റണ്‍, ഫോയ്‌നസ് എന്നിവിടങ്ങളിലേയ്ക്ക് സര്‍വ്വീസ് നല്‍കിയിരുന്ന റെയില്‍ പാത 1858ലാണ് പാസഞ്ചര്‍ ട്രയിനും ആരംഭിച്ചത്. എന്നാല്‍ 1963ഓടെ അത് നിലച്ചു. എന്നിരുന്നാലും ചരക്ക് ഗതാഗതം 2001വരെ തുടര്‍ന്നു. പിന്നീട് ലൈനുകളെല്ലാം നാശോന്മുഖമായതോടെ സര്‍വ്വീസുകള്‍ നിലയ്ക്കുകയായിരുന്നു.

42 കിലോമീറ്റര്‍ ദൂരമുള്ള പുതിയ റെയില്‍പാതയുടെ ആദ്യ ഘട്ട പാതയുടെ നവീകരണം റെയില്‍ ചരക്ക് ഗതാഗതം സുഗമമാക്കുമെന്ന് ലാന്‍ റോഡ് ഏറാന്‍ പറഞ്ഞു.ഭാവിയില്‍ പാസഞ്ചര്‍ സര്‍വ്വീസ് പുനരാരംഭിക്കുന്നതിനുള്ള സാധ്യതയും വകുപ്പ് അധികൃതര്‍ സൂചിപ്പിച്ചു.

ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക   https://chat.whatsapp.com/HjeNHMup1Z8Kb0G2aPv4Ni

Comments are closed.