head1
head3

കോവിഡിനിടയിലും ഒരു വര്‍ഷത്തിനിടെ അയര്‍ലണ്ടില്‍ കൂടുതല്‍ റിക്രൂട്ടമെന്റ് ഉണ്ടാകുമെന്ന് സര്‍വേ

ഡബ്ലിന്‍ : കോവിഡ് പ്രതിസന്ധിക്കിടയിലും ഈ വര്‍ഷം അയര്‍ലണ്ടില്‍ കൂടുതല്‍ റിക്രൂട്ട്‌മെന്റുകള്‍ ഉണ്ടായേക്കുമെന്ന് റിപ്പോര്‍ട്ട്.

കോവിഡ് ഉയര്‍ത്തിയ വെല്ലുവിളികള്‍ക്കിടയിലും വരുന്ന 12 മാസത്തിനുള്ളില്‍ ഐറിഷ് തൊഴിലുടമകള്‍ കൂടുതല്‍ റിക്രൂട്ട്‌മെന്റ് നടത്തുമെന്നാണ് ഹെയ്‌സ് അയര്‍ലണ്ട് നടത്തിയ പുതിയ സര്‍വേ കണ്ടെത്തിയത്. 2,171 ഐറിഷ് തൊഴിലുടമകളിലും ജീവനക്കാരിലുമാണ് ഹെയ്‌സ് കഴിഞ്ഞ വര്‍ഷം സര്‍വേ നടത്തിയത്.

അയര്‍ലണ്ടിലെ 86 ശതമാനം തൊഴിലുടമകളും തങ്ങളുടെ ഓര്‍ഗനൈസേഷന്റെ പ്രവര്‍ത്തന നില ഈ വര്‍ഷം വര്‍ധിക്കുമെന്നോ സ്ഥിരത കൈവരിക്കുമെന്നോ പ്രതീക്ഷിക്കുന്നതായും സര്‍വേ റിപ്പോര്‍ട്ടില്‍ പറയുന്നു. കൂടാതെ, തൊഴിലുടമകളില്‍ 56 ശതമാനം പേര്‍ക്കും സ്ഥിരം ജീവനക്കാരെ നിയമിക്കാനുള്ള പദ്ധതിയുണ്ടെന്നും 34 ശതമാനം പേര്‍ക്കും താല്‍ക്കാലിക അല്ലെങ്കില്‍ ഇടക്കാല ഉദ്യോഗസ്ഥരെ നിയമിക്കാനുള്ള പദ്ധതിയുണ്ടെന്നും സര്‍വേ കണ്ടെത്തി.

കഴിഞ്ഞ ജൂലൈ മാസത്തെ സര്‍വേയുമായി താരതമ്യം ചെയ്യുമ്പോള്‍ റിക്രൂട്ട്‌മെന്റ് സാധ്യത വളരെയധികം കൂടുതലാണെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു. കഴിഞ്ഞ തവണ 24 ശതമാനം തൊഴിലുടമകള്‍ മാത്രമാണ് സ്ഥിരം ജീവനക്കാരെ നിയമിക്കാന്‍ തീരുമാനിച്ചത്. ഒന്‍പത് ശതമാനം പേര്‍ താല്‍ക്കാലിക ജീവനക്കാരെ നിയമിക്കുമെന്നും പറഞ്ഞു.

അതേസമയം, അടുത്ത രണ്ട് മുതല്‍ അഞ്ച് വര്‍ഷത്തിനിടെയുണ്ടായേക്കാവുന്ന സാമ്പത്തിക സ്ഥിതി, തൊഴിലവസരങ്ങള്‍ എന്നിവയെ സംബന്ധിച്ച 46 ശതമാനം തൊഴിലുടമകളും സര്‍വേയില്‍ ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചപ്പോള്‍ 65 ശതമാനം ജീവനക്കാരും തങ്ങള്‍ക്ക് ആശങ്കയുണ്ടെന്നാണ് അഭിപ്രായപ്പെട്ടത്. അതേസമയം, 53 ശതമാനം ജീവനക്കാരും ഒരു വര്‍ഷത്തിനിടെ തങ്ങളുടെ റോളുകള്‍ മാറുമെന്നും അഭിപ്രായപ്പെട്ടു. എന്നാല്‍ 45 ശതമാനം പേര്‍ തങ്ങളുടെ കരിയര്‍ തന്നെ മാറ്റുന്നത് സംബന്ധിച്ചാണ് അഭിപ്രായം രേഖപ്പെടുത്തിയത്. 36 ശതമാനം തൊഴിലാളികളും തങ്ങളുടെ റോളുകള്‍ സജീവമായി മാറാന്‍ താല്‍പര്യപ്പെടുന്നവരാണ്. മികച്ച പാക്കേജ്, ഭാവി അവസരങ്ങളുടെ അഭാവം, തൊഴില്‍ സുരക്ഷ തുടങ്ങിയവയാണ് ഇതിന് കാരണമെന്നു സര്‍വേ പറയുന്നു.

അതേസമയം, കോവിഡ് മഹാമാരിയുടെ ഫലമായി അടുത്ത ഒരു വര്‍ഷത്തിനിടെ കരിയറില്‍ മാറ്റങ്ങള്‍ പരിഗണിക്കുന്നതായി 45 ശതമാനം പ്രൊഫഷണലുകളും അഭിപ്രായപ്പെട്ടു. 17 ശതമാനം പേര്‍ സമീപഭാവിയില്‍ പൂര്‍ണ്ണമായും പുതിയ തൊഴില്‍ പാത കണ്ടെത്താന്‍ പദ്ധതിയിടുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

അതേസമയം, കോവിഡ് പശ്ചാത്തലത്തില്‍ തൊഴിലന്വേഷകരുടെ മുന്‍ഗണനകള്‍ മാറിയെന്നും, ഇതനുസരിച്ച് തൊഴിലുടമകള്‍ തങ്ങളുടെ നിയമന തന്ത്രം പുതുക്കണമെന്നും ഹേസ് അയര്‍ലണ്ട് ഡയറക്ടര്‍ ലിഞ്ച് പറഞ്ഞു.

ഐറിഷ് മലയാളി ന്യൂസ്

Comments are closed.