head1
head3

അയര്‍ലണ്ടില്‍ പുതിയ പെന്‍ഷന്‍ പദ്ധതി നടപ്പാക്കാനൊരുങ്ങി സര്‍ക്കാര്‍ ; നിയമം വന്നു

ഡബ്ലിന്‍ : യൂറോപ്യന്‍ യൂണിയന്‍ നിയമത്തിനനുസൃതമായി അയര്‍ലണ്ടിലെ പെന്‍ഷന്‍ പദ്ധതിയും അടിമുടി ഉടച്ചുവാര്‍ക്കുന്നു.ഒക്യുപ്പേഷണല്‍ പെന്‍ഷന്‍ പദ്ധതിയിലെ അംഗങ്ങള്‍ക്ക് മെച്ചപ്പെട്ട പരിരക്ഷ ഏര്‍പ്പെടുത്താനുള്ള പദ്ധതികളാണ് നടപ്പിലാക്കുന്നത്.ഇതിന്റെ ഭാഗമായി യൂറോപ്യന്‍ യൂണിയന്‍ മാനദണ്ഡങ്ങള്‍ക്കനുസൃതമായി അയര്‍ലണ്ടിലെ ഇതു സംബന്ധിച്ച നിയമങ്ങളില്‍ മാറ്റം വരുത്തി. ഐഒആര്‍പി II എന്ന പുതിയ നിയമമാകും അയര്‍ലണ്ടില്‍ പ്രാവര്‍ത്തികമാവുക.

പുതിയ നിയമത്തിന്റെ ചരിത്രം

യൂറോപ്യന്‍ യൂണിയന്‍ നേരത്തേ നടപ്പാക്കുന്നതിന് നിശ്ചയിച്ച പെന്‍ഷന്‍ പരിഷ്‌കരണമാണ് ഏഴു വര്‍ഷത്തിനു ശേഷവും വൈകി ഇവിടെ നടപ്പാക്കുന്നത്.ഇ.യു അഞ്ച് വര്‍ഷം മുമ്പാണ് പുതിയ പെന്‍ഷന്‍ നിയമങ്ങള്‍ അംഗീകരിച്ചത്. അംഗരാജ്യങ്ങളുടെ ദേശീയ നിയമത്തില്‍ ഏര്‍പ്പെടുത്തുന്നതിനുള്ള സമയപരിധി രണ്ട് വര്‍ഷമായിരുന്നു.ഈ കാലയളവും പിന്നിട്ടതോടെയാണ് പരിഷ്‌കരണത്തിന് അയര്‍ലണ്ട് മുതിര്‍ന്നത്.

നിയമം നടപ്പാക്കുന്നതില്‍ പരാജയപ്പെട്ട അയര്‍ലണ്ട് ഉള്‍പ്പടെയുള്ള 17 രാജ്യങ്ങള്‍ക്ക് എതിരെ 2019 ജനുവരിയില്‍ നിയമലംഘന നടപടികള്‍ സ്വീകരിച്ചിരുന്നു.തുടര്‍ന്ന് ബാക്കി 16 രാജ്യങ്ങളും നിയമം നടപ്പാക്കി. ഏറ്റവും അവസാനമായി പെന്‍ഷന്‍ നിയമം നടപ്പാക്കുന്ന രാജ്യമെന്ന ‘ഖ്യാതി’യാണ് ഇപ്പോള്‍ അയര്‍ലണ്ടിനുള്ളത്.എന്നിരുന്നാലും ഒരു തലമുറയിലെ ഏറ്റവും പ്രധാനപ്പെട്ട പെന്‍ഷന്‍ നിയമ പരിഷ്‌കരണമായാണ് ഈ പദ്ധതി വിലയിരുത്തപ്പെടുന്നത്.

ഭരണനിര്‍വ്വഹണം, റിസ്‌ക് അസസ്മെന്റ്, സ്‌കീമുകളുടെ ഇന്റേണല്‍ ഓഡിറ്റ്, പെന്‍ഷന്‍ സ്‌കീം അംഗങ്ങളുമായുള്ള മെച്ചപ്പെട്ട ആശയവിനിമയം എന്നിവയുമായി ബന്ധപ്പെട്ട നിയമങ്ങളെല്ലാം കര്‍ശനമാക്കും. മറ്റ് ജോലികളിലേക്ക് മാറിയതും സ്‌കീമില്‍ നിലനില്‍ക്കുന്നതുമായ അംഗങ്ങളെയും പദ്ധതിയിലുള്‍പ്പെടുത്തും.

പെന്‍ഷന്‍ പദ്ധതികളുടെ മേല്‍ സര്‍ക്കാര്‍ നിയന്ത്രണം

അനിയന്ത്രിതമായി നിക്ഷേപിക്കുന്നതിനും കടമെടുക്കുന്നതിനുമുള്ള ചെറിയ പദ്ധതികളുടെ നിലവിലെ സ്വാതന്ത്ര്യത്തെയും നന്നേ പരിമിതപ്പെടുത്തുന്നതാണ് പുതിയ പരിഷ്‌കരണം .ചെറിയ പെന്‍ഷന്‍ പദ്ധതികളുടെ മേല്‍നോട്ടം കൂടുതല്‍ കര്‍ശനമാക്കുന്നതിനൊപ്പം നിശ്ചിത കാലയളവിനുശേഷം പുതിയ നിയമങ്ങള്‍ പാലിക്കുന്നതില്‍ പരാജയപ്പെടുന്ന സ്‌കീമുകള്‍ക്ക് നികുതി ഇളവ് നഷ്ടപ്പെടുമെന്നും വ്യവസ്ഥയുണ്ട്.അയര്‍ലണ്ടിലെ മുഴുവന്‍ പെന്‍ഷന്‍ പദ്ധതികളുടെയും സമഗ്രമായ ഏകീകരണത്തിലേക്ക് നയിക്കുമെന്ന് പ്രതീക്ഷയാണ് പെന്‍ഷന്‍ അതോറിറ്റിയുള്‍പ്പടെയുള്ളവര്‍ക്ക് ഉള്ളത്.

അംഗങ്ങള്‍ക്ക് ഗുണകരമാകുമെന്ന സാമൂഹിക സുരക്ഷാ മന്ത്രി

ഗുണകരമായ ഒട്ടേറെ വ്യവസ്ഥകളാണ് പുതിയ നിയമത്തിലുള്ളതെന്ന് സാമൂഹിക സുരക്ഷാ മന്ത്രി ഹെതര്‍ ഹംഫ്രീസ് പറഞ്ഞു.നല്ല മാറ്റം അയര്‍ലണ്ടിലുടനീളമുണ്ടാവുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി വെളിപ്പെടുത്തി.
അയര്‍ലണ്ടില്‍ രജിസ്റ്റര്‍ ചെയ്ത 75,000 ഒക്യുപ്പേഷണല്‍ പദ്ധതികളില്‍ 66,000ത്തിനും ഒരു അംഗം മാത്രമേയുള്ളൂവെന്ന് പിഡബ്ല്യുസി പെന്‍ഷന്‍ പങ്കാളി മണ്‍റോ ഓ’വയര്‍ പറയുന്നു .അയര്‍ലണ്ടിലെ പെന്‍ഷനുകളുടെ സ്വഭാവത്തെ അടിസ്ഥാനപരമായി മാറ്റാന്‍ പോകുന്നതാണ് ഈ പരിഷ്‌കരണമെന്നും ഓ ഓ ഡ്വയര്‍ പറഞ്ഞു.

വണ്‍ പേഴ്സണ്‍ പദ്ധതികളെ മാറ്റിനിര്‍ത്തിയാലും, 500ല്‍ താഴെ അംഗങ്ങളുള്ള 8,000ത്തോളം കമ്പനി സ്‌കീമുകളുണ്ടെന്ന് ഓ ഡ്വയര്‍ പറഞ്ഞു. ഈ സ്‌കീമുകളിലെ ശരാശരി അംഗത്വം 20ല്‍ കുറവാണെന്നും അദ്ദേഹം പറഞ്ഞു.

ഐറിഷ് മലയാളി ന്യൂസ്‌

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.com/IIvIXYAw3e4GHg3cByO03h

Comments are closed.