head3
head1

മരിയ സ്റ്റീന്‍ ഔട്ട് :പിന്തുണയ്ക്കാനൊരു സ്ഥാനാര്‍ത്ഥിയില്ലാതെ വലത് പക്ഷം

ഡബ്ലിന്‍ : പ്രസിഡണ്ട് തിരഞ്ഞെടുപ്പില്‍ മരിയ സ്റ്റീനിന്റെ സ്ഥാനാര്‍ഥിത്വത്തിന് മതിയായ പിന്തുണ കിട്ടാത്തതിനാല്‍ പിന്തുണയ്ക്കാന്‍ നേരിട്ടൊരു സ്ഥാനാര്‍ഥി ഇല്ലാത്ത ഖേദത്തിലാണ് അയര്‍ലണ്ടിലെ ഒരു വിഭാഗം ജനങ്ങള്‍.ഫിനാഫാളിന്റെയും, ഫിനഗേലിന്റെയും ,ഇടതുപക്ഷ പാര്‍ട്ടികളുടെ സംയുക്ത സ്ഥാനാര്‍ത്ഥിയുടെയും സാന്നിധ്യം ഉണ്ടെങ്കിലും നയപരമായി പരമ്പരാഗത മൂല്യ വ്യവസ്ഥകളെ പിന്തുണയ്ക്കുന്നവര്‍ക്കും കുടുംബസംവിധാനത്തിന്റെ ശാക്തീകരണത്തിനും വേണ്ടി വാദിക്കുന്നവര്‍ക്ക് ഒരു സ്ഥാനാര്‍ത്ഥിയില്ലാതെയാണ് ഇത്തവണ ഐറിഷ് പ്രസിഡണ്ട് തിരഞ്ഞെടുപ്പ് നടത്തപ്പെടുന്നത്.

20 പാര്‍ലമെന്റ് അംഗങ്ങളുടെ പിന്തുണ സ്ഥാനാര്‍ഥിയാവാന്‍ ആവശ്യമായ സ്ഥാനത്ത് 18 പേരെ സംഘടിപ്പിക്കാനേ സ്റ്റീന് കഴിഞ്ഞുള്ളു.അയര്‍ലണ്ട് രാഷ്ട്രീയത്തില്‍ ശ്രദ്ധ നേടുന്ന ചെറിയ പാര്‍ട്ടിയായ Aontú വാണ് പ്രധാനമായും സ്റ്റീനിനെ പിന്തുണച്ചിരുന്നത്.

സ്റ്റീനിന്റെ നയങ്ങളോട് ചേര്‍ന്നുനില്‍ക്കുന്ന തരത്തില്‍ ഗര്‍ഭഛിദ്രത്തിനെതിരെയുള്ള ഉറച്ച പ്രോ-ലൈഫ് നിലപാടും ,ജീവനോടുള്ള കനിവുമാണ് പാര്‍ട്ടിയുടെ മുഖ്യ സന്ദേശം. അയര്‍ലണ്ടിന്റെ സംയുക്ത ഐക്യം ഉറപ്പുവരുത്താനും അവര്‍ ശക്തമായി ആഹ്വാനം ചെയ്യുന്നു. പ്രാദേശിക സമ്പദ്വ്യവസ്ഥകളുടെ വളര്‍ച്ചയ്ക്കും ഗ്രാമപ്രദേശങ്ങളുടെ വികസനത്തിനും പ്രത്യേക മുന്‍ഗണന നല്‍കുന്ന Aontú, സമൂഹത്തിന്റെ അടിത്തറയായി ക്രിസ്തീയ മൂല്യങ്ങളും കുടുംബകേന്ദ്രിത സാമൂഹിക സമീപനവും സംരക്ഷിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. കുടുംബത്തിന് ഏറ്റവും വലിയ പ്രാധാന്യം നല്‍കി അയര്‍ലണ്ടിനെ വീണ്ടെടുക്കുമെന്ന സന്ദേശമാണ് അവരുടെ നയങ്ങളുടെ കാതല്‍.

റഫ്യൂജികളുടെ ക്ഷേമം ഉറപ്പാക്കാന്‍ സര്‍ക്കാര്‍ കൊണ്ടുവന്ന ഫാമിലി റഫറണ്ടം പരാജയപ്പെടുത്താന്‍ , Aontú വിന്റെ നേതൃത്വത്തിലുള്ള പ്രചാരണവും കാരണമായിരുന്നു.അന്ന് നോ വോട്ടുകാര്‍ ജയിച്ചത് പോലെ , പ്രസിഡണ്ട് തീരഞ്ഞെടുപ്പില്‍ സ്റ്റീനിനെ വിജയിപ്പിക്കാനുള്ള ശ്രമമായിരുന്നു പാര്‍ട്ടി നടത്തിയത്. എന്നാല്‍ അവര്‍ക്ക് ആവശ്യമായ പിന്തുണ ലഭിക്കാതിരിക്കാന്‍ ഫിനാഫാളിന്റെയും, ഫിനഗേലിന്റെയും ഒന്നിച്ചുള്ള ശ്രമമുണ്ടായി.സ്റ്റീന്‍ രംഗത്തെത്തിയാല്‍ ,അവര്‍ വിജയിക്കുമെന്ന ധാരണ രൂപപ്പെട്ടതാണ് അതിന് കാരണമായതെന്ന് അന്റു നേതാവ് പീദര്‍ തോയ്ബിന്‍ പറയുന്നു.

മറ്റുള്ളവര്‍ സംസാരിക്കുന്നതിനുപകരം, നേരിട്ടെത്തി ആളുകളെ കണ്ടിരുന്നെങ്കില്‍, കൂടുതല്‍ മികച്ച പ്രകടനം സ്റ്റീനിന് ഉണ്ടാകുമായിരുന്നു എന്ന നിലപാടുമായി ഇന്റിപ്പെന്റന്‍ഡ് അയര്‍ലണ്ട് ലീഡര്‍ മീഹോള്‍ കോളിന്‍സും രംഗത്തെത്തി.

തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലെ ആദ്യ രംഗപ്രവേശനത്തില്‍ പരാജയപ്പെട്ടാലും, അയര്‍ലണ്ടിന്റെ ഭാവി രാഷ്ട്രീയത്തില്‍ അവര്‍ ഇനിയും ശ്രദ്ധിക്കപ്പെടുമെന്ന് പൊതുസമൂഹം വിലയിരുത്തുന്നുണ്ട്.

ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.com/IZbC8BOLqSJExbJfGM63zO</a</a

Leave A Reply

Your email address will not be published.