head1
head3

ലീവിംഗ് വേജ് പദ്ധതി കൂടുതല്‍ വിഭാഗങ്ങളെ ഉള്‍പ്പെടുത്തി വിപുലീകരിക്കുമെന്ന് വരദ്കര്‍ ,സിക്ക് ലീവ് വ്യവസ്ഥകളിലും മാറ്റം

ഡബ്ലിന്‍ :റീട്ടെയില്‍, ട്രാന്‍സ്പോര്‍ട്ട്, ക്ലീനിംഗ്, ഫുഡ് സര്‍വീസ് എന്നിവയുള്‍പ്പെടെയുള്ള അവശ്യ തൊഴിലാളികള്‍ക്ക് കൂടി ഒക്യുപേഷണല്‍ പെന്‍ഷന്‍ ഉള്‍പ്പടെയുള്ള ലീവിംഗ് വേജ് ലഭിക്കണമെന്ന നിര്‍ദേശവുമായിഉപപ്രധാനമന്ത്രി ലിയോ വരദ്കര്‍. എന്നാല്‍ ഇത് സംബന്ധിച്ച സര്‍ക്കാര്‍ നിയമനിര്‍മ്മാണം എന്നുണ്ടാകുമെന്ന സൂചന അദ്ദേഹം നല്‍കിയില്ല.എംപ്ലോയ്‌മെന്റ് ബാര്‍ അസോസിയേഷന്റെ സെമിനാറിനെ അഭിസംബോധന ചെയ്യുകയായിരുന്നു വരദ്കര്‍.

സാധാരണ നിലയില്‍ ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, ഗാര്‍ഡ, ഫയര്‍മാന്‍, പൊതുമേഖലയില്‍ തൊഴിലെടുക്കുന്ന യൂണിഫോമിലുള്ളവര്‍ എന്നിവരാണ് മുന്‍നിര തൊഴിലാളികളിലുള്‍പ്പെടുന്നത്. ഇതൊരു പരമ്പരാഗത വീക്ഷണമാണ്.കോവിഡ് -19ന്റെ പശ്ചാത്തലത്തില്‍ ഈ നിര്‍വചനത്തിന്റെ വ്യാപ്തി പുനര്‍നിര്‍വചിക്കേണ്ടി വന്നിരിക്കുകയാണെന്ന് തൊഴില്‍ നിയമ വിദഗ്ധരുടെ സെമിനാറില്‍ വരദ്കര്‍ പറഞ്ഞു.

ഇപ്പോള്‍ ആ നിര്‍വചനത്തില്‍ റീട്ടെയില്‍, ഗതാഗത മേഖലകളിലെ തൊഴിലാളികള്‍, ക്ലീനര്‍മാര്‍, ഭക്ഷ്യ സേവന ഉദ്യോഗസ്ഥര്‍ എന്നിവര്‍ കൂടി ഉള്‍പ്പെടുകയാണ്.അവര്‍ക്ക് ലീവിംഗ് വേജും പെന്‍ഷനും ഉള്‍പ്പെടെ മെച്ചപ്പെട്ട നിബന്ധനകളും വ്യവസ്ഥകളും ലഭിക്കണം – വരദ്കര്‍ പറഞ്ഞു.

സിക്ക് ബെനഫിറ്റ് സ്‌കീം പരിഷ്‌കരിക്കും

പാന്‍ഡെമികിനെ തുടര്‍ന്ന് സര്‍ക്കാര്‍ നടപ്പാക്കിയ കോവിഡ് -19 സിക്ക് ബെനഫിറ്റ് സ്‌കീമും പരിഷ്‌കരിക്കേണ്ടതുണ്ട്.എല്ലാ രോഗങ്ങള്‍ക്കും ഉതകുന്ന ദീര്‍ഘകാല- സുസ്ഥിര പദ്ധതി സ്ഥാപിക്കേണ്ടതുണ്ടെന്നും ഉപ പ്രധാനമന്ത്രി വ്യക്തമാക്കി.

വാര്‍ഷിക അവധി പോലെ, രോഗികള്‍ക്ക് സിക്ക് പേ നല്‍കുന്നത് തൊഴിലുടമകള്‍ക്ക് നിയമപരമായ ബാധ്യതയല്ലാത്ത ചുരുക്കം ചില യൂറോപ്യന്‍ രാജ്യങ്ങളില്‍ ഒന്നാണ് അയര്‍ലന്‍ഡെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.”ഇത് മാറേണ്ടതുണ്ട്, ജീവനക്കാര്‍ക്കും തൊഴിലുടമകള്‍ക്കും പ്രയോജനപ്പെടുന്ന കഴിയുന്നത്ര വേഗത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു സ്റ്റാറ്റിയൂട്ടറി സിക്ക് പേ സ്‌കീം അവതരിപ്പിക്കും.ഇതു സംബന്ധിച്ച നിയമനിര്‍മ്മാണം ഉടന്‍ കൊണ്ടുവരും” വരദ്കര്‍ അറിയിച്ചു.

പെറ്റേണിറ്റി ബെനഫിറ്റ്, പേരന്റല്‍ ലീവ്, സ്വയം തൊഴില്‍ ചെയ്യുന്നവര്‍ക്കും ജിഗ് എക്കണോമിയിലുള്ളവര്‍ക്കും സോഷ്യല്‍ ഇന്‍ഷുറന്‍സ് ആനുകൂല്യങ്ങള്‍ വര്‍ദ്ധിപ്പിക്കല്‍ എന്നിവ ഉള്‍പ്പെടെ മെച്ചപ്പെട്ട സാമൂഹിക പരിരക്ഷ ഉറപ്പാക്കുന്നതിന് നിയമനിര്‍മ്മാണം നടത്തുമെന്ന് അദ്ദേഹം പറഞ്ഞു.കഴിഞ്ഞ അഞ്ചുവര്‍ഷമായി ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് ഈ ആനുകൂല്യം ലഭിക്കും.

ഗ്രാമങ്ങളിലും വികസനമെത്തണം

ഗ്രാമീണ അയര്‍ലണ്ടിലെ ആളുകള്‍ക്ക് പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ചെറിയ പട്ടണങ്ങളിലും ഗ്രാമങ്ങളിലും പുതിയ നിക്ഷേപം വരണം.ഫുട്ബോള്‍കളികള്‍ മാത്രമല്ല,ഗ്രാമങ്ങളില്‍ നല്ല ഓപ്പണിംഗുകളുണ്ടാകണം.വൈകല്യമുള്ളവര്‍ക്കും മറ്റും മികച്ച അവസരങ്ങള്‍ ലഭിക്കണം.വരദ്കര്‍ പറഞ്ഞു.

ലോ പേ കമ്മീഷന്‍ നാഷണല്‍ മിനിമം വേജ് ശുപാര്‍ശകള്‍ എല്ലാ വര്‍ഷവും സര്‍ക്കാരിന് നല്‍കാറുണ്ടെന്ന് ഉപപ്രധാനമന്ത്രിയുടെ വക്താവ് പറഞ്ഞു. ഈ വര്‍ഷം രണ്ടാം പകുതിയില്‍ ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് ലഭിക്കും.അവശ്യ തൊഴിലാളികള്‍ക്ക് മാത്രമല്ല, എല്ലാ ജീവനക്കാര്‍ക്കും ലീവിംഗ് വേജ് നല്‍കുന്നതിന് ഉപപ്രധാനമന്ത്രിയ്ക്ക് അനുകൂല നിലപാടാണുള്ളത്. ഇത് ഗവണ്‍മെന്റ് പ്രോഗ്രാമിന്റെ ഭാഗവുമാണ്- വക്താവ് വ്യക്തമാക്കി.

ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

Comments are closed.