head3
head1

എല്ലാവരും വീടുകളില്‍ കഴിയണമെന്ന് പ്രധാനമന്ത്രി മൈക്കിള്‍ മാര്‍ട്ടിന്‍,രാജ്യം ലെവല്‍ അഞ്ചിലേയ്ക്ക് ; നിയന്ത്രണങ്ങള്‍ അര്‍ദ്ധരാത്രി മുതല്‍ പ്രാബല്യത്തില്‍

ഡബ്ലിന്‍ : കോവിഡ് നിയന്ത്രണത്തിന്റെ അഞ്ചാം ലെവലിലേയ്ക്ക് പോകാന്‍ രാജ്യം തീരുമാനിച്ചു. എന്‍ഫെറ്റും മന്ത്രിതല ഉപസമിതിയുമെല്ലാം ഉള്‍പ്പെട്ട് നടത്തിയ മാരത്തോണ്‍ ചര്‍ച്ചകള്‍ക്കും സംവാദങ്ങള്‍ക്കുമൊടുവില്‍ ആശയക്കുഴപ്പങ്ങളില്ലാതെ, കോവിഡ് വ്യാപനത്തെ പിടിച്ചുനിര്‍ത്താന്‍ ‘എക്ട്രീം’ ലെവലിലേയ്ക്ക് പോകാന്‍ മന്ത്രിസഭായോഗം തീരുമാനിക്കുകയായിരുന്നു.
പ്രധാനമന്ത്രി മൈക്കിള്‍ മാര്‍ട്ടിനാണ് രാജ്യത്തോട് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.

കോവിഡ് പകര്‍ച്ചവ്യാധിയെ നേരിടാന്‍ ഏറ്റവും കര്‍ക്കശ നിലപാട് സ്വീകരിക്കുന്ന യൂറോപ്യന്‍ യൂണിയന്‍ രാജ്യമാണ് അയര്‍ലണ്ട് .ബുധനാഴ്ച അര്‍ദ്ധരാത്രി മുതല്‍ ആറ് ആഴ്ചക്കാലത്തേയ്ക്ക് രാജ്യം മുഴുവന്‍ കോവിഡ് നിയന്ത്രണത്തിന്റെ അഞ്ചാം നിലയിലേക്ക് നീങ്ങുകയാണെന്ന് പ്രധാനമന്ത്രി പ്രസ്താവിച്ചു.വളരെ സുദീര്‍ഘമായ പ്രസംഗത്തിനു ശേഷമാണ് സര്‍ക്കാര്‍ തീരുമാനം ജനങ്ങളെ അറിയിച്ചത്.കോവിഡിനെ വരുതിയിലാക്കുന്നതുവരെ എല്ലാവരും വീടുകളില്‍ കഴിയണമെന്ന് പ്രധാനമന്ത്രി മൈക്കിള്‍ മാര്‍ട്ടിന്‍ രാജ്യത്തെ ജനങ്ങളോട് അഭ്യര്‍ഥിച്ചു.

പ്രസംഗത്തിന്റെ പ്രസക്ത ഭാഗം :

യൂറോപ്പിലുടനീളവും ലോകത്തിന്റെ മറ്റു ഭാഗങ്ങളിലും കോവിഡ് -19 അണുബാധ വര്‍ദ്ധിച്ചുവരികയാണ്.അതിനാല്‍ നാം എവിടെ നില്‍ക്കുന്നുവെന്ന് നിങ്ങളെ എല്ലാവരേയും അറിയിക്കേണ്ടത് അത്യാവശ്യമാണെന്ന് ഞാന്‍ കരുതുന്നു.നമ്മള്‍ ഒരു യുദ്ധത്തിന് തുടക്കമിട്ടിരിക്കുകയാണ്.അടുത്തതെന്താണെന്ന് അറിയാന്‍ കഴിയാത്ത പോരാട്ടമാണത്.

ലോകത്തെയും നമ്മളെയും സംബന്ധിച്ച് 2020 ഒരു വിഷമകരമായ വര്‍ഷമാണ്.വ്യക്തികളും കുടുംബങ്ങളും മുന്‍നിര തൊഴിലാളികളുമെല്ലാം വളരെയധികം ത്യാഗം ചെയ്യേണ്ടി വന്നു.നമ്മുടെ ദൈനംദിന ജീവിതത്തിനും സമ്പദ്വ്യവസ്ഥയ്ക്കും വിനാശകരമായ നിലയിലേയ്ക്ക് കോവിഡ് മഹാരോഗം പടര്‍ന്നു കഴിഞ്ഞു.കൊറോണാ വൈറസിന്റെ സ്വഭാവം മാറ്റാന്‍ കഴിയുന്ന നിയമങ്ങളോ അധികാരങ്ങളോ നമുക്കില്ല.അതിനെ നിയന്ത്രിക്കാന്‍ സര്‍ക്കാരിന് മാത്രമായി സാധിക്കുകയുമില്ല.സര്‍ക്കാര്‍ ആവശ്യപ്പെട്ടതെല്ലാം അതേപോലെ പാലിച്ച നല്ലൊരു ശതമാനം ആളുകളുണ്ട്. എന്നാല്‍ വൈറസ് ഭീഷണിയെ ഗൗരവമായി എടുക്കാതെ തീര്‍ത്തും ഉത്തരവാദിത്വമില്ലാത്ത സമീപനമാണ് ചിലര്‍ സ്വീകരിച്ചിട്ടുള്ളത്.കോവിഡ് വൈറസിനെ എല്ലാവരും അതീവ ഗൗരവത്തോടെ കാണണമെന്നാണ് പ്രധാനമന്ത്രിയെന്ന നിലയില്‍ ആവശ്യപ്പെടാനുള്ളത്.

സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍ പരിഹാരമല്ല

രാജ്യം ഒരു ‘സീറോ കോവിഡ്’ സമീപനം സ്വീകരിക്കണമെന്ന് വാദിക്കുന്ന ചിലരുണ്ട്.വൈറസ് ഇല്ലാതാകുന്നതുവരെ അതിര്‍ത്തികള്‍ അടച്ചും രാജ്യം അടച്ചുപൂട്ടിയും അണുബാധ നിരക്ക് പൂജ്യമായി നിലനിര്‍ത്തണമെന്നാണ് അവര്‍ പറയുന്നത്.പലവിധ കാരണങ്ങളാല്‍ ഇതൊരു യാഥാര്‍ഥ്യപരമായ ഓപ്ഷനല്ലെന്ന് സര്‍ക്കാര്‍ മനസ്സിലാക്കുന്നു. പ്രതിരോധശേഷി സമീപനത്തിനായി വാദിക്കുന്നവരുണ്ട്; വൈറസിനെ അതിന്റെ വഴിയേ വിട്ടുകൊണ്ട് മുന്നോട്ടുപോവുകയെന്നതാണത്. ഉയര്‍ന്ന തോതിലുള്ള രോഗങ്ങളും മരണവും നാം സ്വീകരിക്കണമെന്ന് ഇത് സൂചിപ്പിക്കുന്നു. വൈറസിന്റെ മാരകമായ ദീര്‍ഘകാല പ്രത്യാഘാതങ്ങളെ ഇത് പരിഗണിക്കുന്നതേയില്ല.ഈ സമീപനത്തോടും സര്‍ക്കാരിന് യോജിപ്പില്ല.

ഗവണ്‍മെന്റിന്റെയും പ്രധാനമന്ത്രിയുടെയും പരമമായ ഉത്തരവാദിത്തം ജനജീവിതവും അവരുടെ ആരോഗ്യവും സംരക്ഷിക്കുക എന്നതാണ്.അതോടൊപ്പം തന്നെ ആളുകളുടെ ഉപജീവനമാര്‍ഗങ്ങളും വിശാലമായ സമ്പദ്വ്യവസ്ഥയും കാത്തുസൂക്ഷിക്കുകയും വേണം.അതാണ് സര്‍ക്കാര്‍ ചെയ്യുന്നത്, അത് തുടരും.

വൈറസിനെ അടിച്ചമര്‍ത്താനാണ് നമ്മള്‍ പരിശ്രമിക്കുന്നത്. സുരക്ഷിതമാകുന്നതിനനുസരിച്ച് നമ്മുടെ സമൂഹത്തെയും സമ്പദ്വ്യവസ്ഥയെയും വീണ്ടും തുറന്നിടാന്‍ അനുവദിക്കുന്നു. സുരക്ഷിതമായ ഒരു വാക്സിന്‍ ലഭിക്കുന്നതുവരെ, ഈ മാതൃകയില്‍ തുടര്‍ന്നേ മതിയാകൂ.ഇതൊരു യാഥാര്‍ത്ഥ്യമാണ് ലോകവും നമ്മളും നേരിടുന്നത്.

വൈറസിനെ അടിച്ചമര്‍ത്താനായി ഭരണകൂടം കര്‍ശനമായ നടപടികള്‍ പലതും ഇതിനകം അവതരിപ്പിച്ചു.

വൈറസിന്റെ വളര്‍ച്ചയും വ്യാപനവും മന്ദഗതിയിലാക്കാന്‍ ഈ നിയന്ത്രണങ്ങള്‍ ഫലപ്രദമായിരുന്നു.

എന്നിരുന്നാലും, ദൈനംദിന കണക്കുകള്‍ കാണിക്കുന്നതുപോലെ, ഈ നിയന്ത്രണങ്ങള്‍ അണുബാധയുടെ അളവ് ഗണ്യമായി കുറയ്ക്കുന്നതിന് പര്യാപ്തമല്ലെന്ന തിരിച്ചറിവിലാണ് നാം ഇപ്പോള്‍ നില്‍ക്കുന്നത്.അതിനാല്‍ തുടര്‍നടപടികള്‍ ആവശ്യമാണെന്നാണ് എന്‍ഫെറ്റിനും സര്‍ക്കാരിനും ബോധ്യപ്പെട്ടത്.ഇക്കാര്യത്തില്‍ സര്‍ക്കാരിനെ പിന്തുണയ്ക്കുന്ന ഡോ. ടോണി ഹോളോഹാന്‍, ഡോ. റൊണാന്‍ ഗ്ലിന്‍, അവരുടെ സഹപ്രവര്‍ത്തകര്‍ എന്നിവര്‍ക്ക് നന്ദി പറയുന്നു.

പ്രത്യാഘാതങ്ങളെ നേരിടും, സ്‌കൂളുകള്‍ തുറന്നിരിക്കട്ടെ

എന്‍ഫെറ്റ് ശുപാര്‍ശകള്‍ പരിഗണിച്ച് വളരെ കടുത്ത നിയന്ത്രണങ്ങളേര്‍പ്പെടുത്താനും സാമൂഹിക പ്രത്യാഘാതങ്ങള്‍ നേരിടാനും നമ്മള്‍ ബാധ്യസ്ഥരാണ്. മാനസികാരോഗ്യം, കോവിഡ് ഇതര രോഗങ്ങളെ ചികിത്സിക്കാനുള്ള ശേഷി, തൊഴിലില്ലായ്മ, കുടുംബങ്ങളുടെ വരുമാന നഷ്ടം, ഗാര്‍ഹിക പീഡനം വര്‍ദ്ധിക്കല്‍, ശിശുക്ഷേമ റഫറലുകള്‍ എന്നിവയാണ് പ്രധാനപ്പെട്ട സാമൂഹിക പ്രത്യാഘാതങ്ങള്‍.അതിനെ സര്‍ക്കാര്‍ മുന്നില്‍ക്കണ്ട് കൊണ്ട് തന്നെയാണ് കര്‍ക്കശ നിലപാടിലേയ്ക്ക് നീങ്ങാന്‍ രാജ്യം തീരുമാനിച്ചത്.
എന്നിരുന്നാലും നമ്മുടെ സ്‌കൂളുകളും ശിശു സംരക്ഷണ സേവനങ്ങളും തുറന്നിരിക്കും.കാരണം ഈ രോഗത്തിന്റെ മറ്റൊരു ഇരയാകാന്‍ നമ്മളുടെ കുട്ടികളേയും യുവാക്കളേയും അനുവദിക്കാന്‍ കഴിയില്ല.അവര്‍ക്ക് മുന്നോട്ടുപോകാന്‍ വിദ്യാഭ്യാസം ആവശ്യമാണ്.അതിനായി സ്‌കൂളുകള്‍ നമ്മള്‍ തുറന്നുതന്നെ ഇടുകയാണ്. അഡ്മിനിസ്ട്രേറ്റര്‍മാര്‍, പ്രിന്‍സിപ്പല്‍മാര്‍, അധ്യാപകര്‍, പ്രത്യേക ആവശ്യങ്ങള്‍ക്കുള്ള സഹായികള്‍, രക്ഷകര്‍ത്താക്കള്‍, ശിശു സംരക്ഷണ ദാതാക്കള്‍, ക്ലീനര്‍മാര്‍, പരിപാലകര്‍, മുഴുവന്‍ സ്‌കൂള്‍ കമ്മ്യൂണിറ്റികള്‍ എന്നിവരെല്ലാം ഇക്കാര്യത്തില്‍ സര്‍ക്കാരിനൊപ്പമുണ്ട്.ഇവരെ പ്രത്യേകം അഭിനന്ദിക്കുകയാണ്.

ആരും ഒറ്റപ്പെടരുത്

പുതിയ നിയന്ത്രണങ്ങള്‍ പരിഗണിച്ച് പാന്‍ഡെമിക് തൊഴിലില്ലായ്മ പേയ്‌മെന്റും തൊഴില്‍ വേതന സബ്‌സിഡി പദ്ധതിയും മെച്ചപ്പെടുത്തും.മാനസികാരോഗ്യ സേവനങ്ങള്‍ക്കും പ്രത്യേക പരിഗണന നല്‍കും.

സാമൂഹിക ഒറ്റപ്പെടലും ഉല്‍ക്കണ്ഠയും പല ആളുകള്‍ക്കും പ്രത്യേകിച്ച് ഒറ്റയ്ക്ക് താമസിക്കുന്നവര്‍ക്ക് ഒരു വലിയ പ്രശ്നമാണെന്ന് ഞാന്‍ മനസ്സിലാക്കുന്നു.അതിനാല്‍, വീടുകളെ കേന്ദ്രീകരിച്ച് ‘സപ്പോര്‍ട്ടിംഗ് ബബിള്‍’ എന്ന ആശയമാണ് സര്‍ക്കാര്‍ നപ്പാക്കുന്നത്.ഇതിന്റെ ഭാഗമായി ഒറ്റയ്ക്ക് താമസിക്കുന്ന, സാമൂഹിക ഒറ്റപ്പെടല്‍ സാധ്യതയുള്ള വ്യക്തികളെ മറ്റൊരാളുമായി കൂട്ടുചേരാന്‍ ഇത് അനുവദിക്കും.

നിയന്ത്രണങ്ങള്‍ ഇങ്ങനെ
ലെവല്‍ 5 നിയന്ത്രണങ്ങളുടെ ഒരു പൂര്‍ണ്ണ പട്ടിക gov.ie-ല്‍ പ്രസിദ്ധീകരിക്കും.

വീടുകളിലോ പൂന്തോട്ടങ്ങളിലോ സാമൂഹികമോ കുടുംബപരമോ ആയ ഒത്തുചേരലുകള്‍ ഉണ്ടാകരുത്, പക്ഷേ അനുകമ്പാപരമായ കാരണങ്ങളാലും പരിചരണ ആവശ്യങ്ങള്‍ക്കുമുള്ള സന്ദര്‍ശനങ്ങള്‍ തുടരാം.
25 അതിഥികളില്‍ കൂടുതല്‍ വിവാഹങ്ങള്‍ക്കുണ്ടാകരുത്.
റെസ്റ്റോറന്റുകള്‍, കഫേകള്‍, ബാറുകള്‍ എന്നിവയില്‍ ടേക്ക് എവേ സേവനങ്ങള്‍ മാത്രമേ അനുവദിക്കൂ

അവശ്യ ചില്ലറ വില്‍പ്പന സ്ഥാപനങ്ങള്‍ക്ക് തുറക്കാം

നിങ്ങളുടെ വീടിന്റെ 5 കിലോമീറ്റര്‍ ചുറ്റളവില്‍ത്തന്നെ കഴിഞ്ഞുകൊണ്ട് എല്ലാവരും വീട്ടില്‍ തന്നെ തുടരണം .

ശാരീരിക സാന്നിധ്യം അവശ്യമുള്ള തൊഴിലാളികളെ മാത്രമേ ജോലിക്ക് പോകാന്‍ അനുവദിക്കൂ.വീട്ടില്‍ നിന്ന് ജോലി ചെയ്യാന്‍ കഴിയുന്നവര്‍ അത് ചെയ്യണം.

നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അനിവാര്യമായതിനാല്‍ അത് തുടരും. കാരണം രാജ്യത്തെ ഭവന പ്രതിസന്ധിയെ നേരിടാന്‍ ഇതാവശ്യമാണ്.

‘സപ്പോര്‍ട്ടിംഗ് ബബിളാ’യി സര്‍ക്കാര്‍ ഒപ്പമുണ്ടാകും

ഈ പ്രഖ്യാപനം മൂലമുണ്ടാകുന്ന അഗാധമായ നിരാശകള്‍ മനസിലാക്കുന്നു. എന്നിരുന്നാലും നമുക്ക് മുന്നോട്ടുപോയേ മതിയാകൂ.വരും ദിവസങ്ങള്‍ തണുപ്പിന്റേതു കൂടിയാണെന്ന് എല്ലാവരേയും ഓര്‍മ്മിപ്പിക്കുന്നു.അടുത്ത ആറ് ആഴ്ച നമ്മള്‍ ഒത്തൊരുമിച്ച് നിന്നാല്‍ അര്‍ത്ഥവത്തായ രീതിയില്‍ ക്രിസ്മസ് ആഘോഷിക്കാനുള്ള അവസരം നമുക്ക് ലഭിക്കും.

എല്ലാ ക്രിസ്മസും പ്രധാനമാണ്, എന്നാല്‍ ഈ വര്‍ഷത്തേത് പ്രത്യേകിച്ചും.ഈ മഹാമാരിയെ അതിജീവിക്കാന്‍ കഴിയാതെ വേര്‍പെട്ട് പോയവരെ വേദനയോടെ അനുസ്മരിക്കുന്നു.അവരെ മാത്രമല്ല, ഈ വര്‍ഷം അന്തരിച്ച മറ്റെല്ലാവര്‍ക്കും അര്‍ഹിക്കുന്ന നിലയില്‍ അന്ത്യയാത്ര നല്‍കാന്‍ പോലും നമുക്കായില്ലെന്നതും ഈ വേളയില്‍ ഓര്‍ക്കുകയാണ്.

നാം ഓരോരുത്തരം വെറും ആറ് ആഴ്ചക്കാലം ആത്മാര്‍ഥമായി പരിശ്രമിച്ചാല്‍ കൊറോണാ വൈറസിനെ അടിച്ചമര്‍ത്താനും ഡിസംബര്‍ ഒന്നിന് ഈ നിയന്ത്രണങ്ങളില്‍ നിന്ന് പുറത്തുവരാനും നമുക്ക് സാധിക്കും.

ഐറിഷ് മലയാളി ന്യൂസ്

Comments are closed.