head3
head1

മിനിമം വേതനം ഉറപ്പാക്കുന്നതിന് യൂറോപ്യന്‍ പാര്‍ലമെന്റില്‍ നിയമം വരുന്നു, വോട്ടെടുപ്പ് ഈ മാസം

ഡബ്ലിന്‍ : യൂറോപ്യന്‍ യൂണിയനിലാകെ മിനിമം വേതനം ഉറപ്പാക്കുന്നതിന് പാര്‍ലമെന്റില്‍ നിയമം വരുന്നു. കോവിഡ് പ്രതിസന്ധി മിനിമം വേതനം ഉറപ്പാക്കേണ്ടതിന്റെ ആവശ്യകത വര്‍ധിപ്പിച്ച സാഹചര്യത്തിലാണ് ഈ വിഷയം ഇ.യു പാര്‍ലമെന്റ് പരിഗണിക്കുന്നത്. സെപ്തംബര്‍ പകുതിയോടെ ഇക്കാര്യത്തില്‍ വോട്ടെടുപ്പ് നടത്തും.

ഇ.യുവും മിനിമം വേതനവും

മുന്‍നിര ജീവനക്കാരായ ആരോഗ്യ പ്രവര്‍ത്തകര്‍, കെയറര്‍മാര്‍, ചൈല്‍ഡ് കെയര്‍ വര്‍ക്കേഴ്സ്, ക്ലീനേഴ്സ് തുടങ്ങിയവര്‍ക്കെല്ലാം വളരെ കുറഞ്ഞ മിനിമം വേതനമാണ് ലഭിക്കുന്നത്. മിനിമം വേതനം വാങ്ങുന്നവരില്‍ 60% -വും സ്ത്രീകളാണെന്നതും ശ്രദ്ധേയമാണ്. തൊഴിലുടമകള്‍ ജീവനക്കാര്‍ക്ക് നല്‍കേണ്ട ഏറ്റവും കുറഞ്ഞ പ്രതിഫലമാണ് മിനിമം വേതനം. എല്ലാ യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളിലും മിനിമം വേതന സമ്പ്രദായങ്ങള്‍ നിലവിലുണ്ടെങ്കിലും ഇത് പലപ്പോഴും ജീവിതച്ചെലവുകള്‍ക്ക് ഉതകുന്നതല്ല.

നിയമം വന്ന വഴി

യൂറോപ്യന്‍ യൂണിയനിലെ പത്ത് മിനിമം വേതന തൊഴിലാളികളില്‍ ഏഴ് പേരും ജീവിക്കാന്‍ ബുദ്ധിമുട്ടുന്നതായി 2018 -ലെ പഠനം കണ്ടെത്തിയിരുന്നു. ഏകദേശം 10% യൂറോപ്യന്‍ തൊഴിലാളികള്‍ ദാരിദ്ര്യ ഭീഷണിയിലാണെന്ന റിപ്പോര്‍ട്ടും പുറത്തുവന്നിരുന്നു.

യൂറോപ്യന്‍ യൂണിയനില്‍ മിനീമം വേതനം പരക്കെ വ്യത്യാസപ്പെട്ട നിലയിലാണ്. ബള്‍ഗേറിയയില്‍ 312 യൂറോയാണെങ്കില്‍ ലക്സംബര്‍ഗില്‍ 2,142 യൂറോയാണ്. യൂറോപ്യന്‍ രാജ്യങ്ങളിലെ ജീവിതച്ചെലവിലെ വ്യത്യാസമാണ് ഈ മാറ്റത്തിന് കാരണം.

അയര്‍ലണ്ടില്‍ മണിക്കൂറിന് മിനിമം വേതനം 10.20 യൂറോയുള്ളപ്പോള്‍ (പ്രതിമാസം €1,724) മാള്‍ട്ടയില്‍ മണിക്കൂര്‍ വേതനം 4.24 യൂറോയും, പ്രതിമാസം 785 യൂറോയുമാണ്. ഇറ്റലിയിലാകട്ടെ മിനിമം വേതനം നിയമ പരമായി പോലും നിലവിലില്ല.

നവംബര്‍ പ്രഖ്യാപനം

യൂറോപ്യന്‍ പാര്‍ലമെന്റും കൗണ്‍സിലും കമ്മീഷനും 2017 നവംബറില്‍ പ്രഖ്യാപിച്ച യൂറോപ്യന്‍ സാമൂഹിക അവകാശങ്ങളിലാണ് ന്യായ വേതനത്തിനുള്ള യൂറോപ്യന്‍ യൂണിയന്റെ പ്രതിബദ്ധത വ്യക്തമാക്കിയത്. 2019 ഒക്ടോബറില്‍, യൂറോപ്യന്‍ യൂണിയനില്‍ ന്യായ വേതനം നിയമപരമായി ഉറപ്പാക്കുന്നതിന് ക്രമീകരണമൊരുക്കാന്‍ കമ്മീഷനോട് നിര്‍ദ്ദേശിക്കുന്ന പ്രമേയം പാര്‍ലമെന്റ് അംഗീകരിച്ചു.

2020 -ല്‍, യൂറോപ്യന്‍ യൂണിയനിലെ മിനിമം വേതനം മെച്ചപ്പെടുത്തുന്നതിനുള്ള പ്രപ്പോസല്‍ കമ്മീഷന്‍ പ്രസിദ്ധീകരിച്ചു. തൊഴിലാളികളെ സംരക്ഷിക്കുന്നതിനൊപ്പം വേതനത്തിലെ ലിംഗ വ്യത്യാസം നികത്താനും സഹായിക്കുന്നതായിരുന്നു ഈ മാര്‍ഗ്ഗനിര്‍ദ്ദേശം. എല്ലാ യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളിലും മിനിമം വേതനത്തിനായി കൂട്ടായ വിലപേശല്‍ നടത്താനും ഈ നിര്‍ദ്ദേശം ലക്ഷ്യമിടുന്നു. പാര്‍ലമെന്റിന്റെ തൊഴില്‍ സമിതി കമ്മീഷന്റെ ഈ പ്രപ്പോസലിന്റെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിച്ചുവരികയാണ്. ഇതിന്മേലാണ് വോട്ടെടുപ്പ് നടക്കുന്നത്. എല്ലാ എംഇപി -മാരുമാണ് ഇനി ഇക്കാര്യത്തില്‍ തീരുമാനമെടുക്കുക.

ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://chat.whatsapp.com/LdLhE82ExfWGQlqDthwBdE

Comments are closed.