ഡബ്ലിന്‍ : അയര്‍ലണ്ടിന്റെ പത്താമത്തെ പ്രസിഡന്റ് തിരഞ്ഞെടുപ്പ് അടുത്ത മാസം 24 വെള്ളിയാഴ്ച നടക്കും.മൂന്ന് സ്ഥാനാര്‍ത്ഥികളാണ് മത്സരരംഗത്തുള്ളത്.1990ന് ശേഷമുള്ള പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ ഏറ്റവും ചെറിയ സ്ഥാനാര്‍ത്ഥി പട്ടികയാണിത്.
പീപ്പിള്‍ ബിഫോര്‍ പ്രോഫിറ്റ്-സോളിഡാരിറ്റി, സോഷ്യല്‍ ഡെമോക്രാറ്റുകള്‍, ലേബര്‍ പാര്‍ട്ടി, ഗ്രീന്‍ പാര്‍ട്ടി, സിന്‍ ഫീന്‍ എന്നീ ഇടതുപക്ഷ പാര്‍ട്ടികളുടെ പിന്തുണയുള്ള സ്വതന്ത്ര ടി ഡി കാതറിന്‍ കോണോളി, ഫിന ഗേലിന്റെ ഹീതര്‍ ഹംഫ്രീസ് ഫിന ഫാളിന്റെ ജിം ഗാവിന്‍ എന്നിവരാണ് അങ്കം കുറിച്ചിരിക്കുന്നത്.
20 അംഗങ്ങളുടെ (ടിഡികളും സെനറ്റര്‍മാരും) പിന്തുണയോ നാല് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ (കൗണ്ടി അല്ലെങ്കില്‍ സിറ്റി കൗണ്‍സിലുകള്‍) പിന്തുണയോ ആണ് നാമനിര്‍ദ്ദേശം നേടുന്നതിനുള്ള മാനദണ്ഡം.
സ്ഥാനമൊഴിയുന്ന പ്രസിഡന്റ് രണ്ടാമത്തെ ഏഴ് വര്‍ഷത്തെ കാലാവധിയിലേക്ക് മത്സരിക്കാന്‍ ആഗ്രഹിക്കുന്നെങ്കില്‍, സ്വയം നാമനിര്‍ദ്ദേശം ചെയ്യാം.രണ്ടാം കാലാവധി അവസാനിച്ചാല്‍ പ്രസിഡന്റ് സ്ഥാനം ഉപേക്ഷിക്കണം. ഭരണഘടനയനുസരിച്ച് രണ്ട് ടേമില്‍ കൂടുതല്‍ തുടരാനും കഴിയില്ല.രാജ്യത്തെ പ്രസിഡന്റ് ഇലക്ഷനുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അറിയുന്നത് വിജ്ഞാനപ്രദവും കൗതുകകരവുമാണ്.
മുന്‍ പ്രസിഡന്റുമാര്‍
1938 ജൂണില്‍ ഡഗ്ലസ് ഹൈഡ് ആണ് ആദ്യത്തെ പ്രസിഡന്റ്. തുടര്‍ന്ന് സിയാന്‍ ടി ഒ കെല്ലി( 1945-1959), എമോണ്‍ ഡി വലേര (1959-1973), എര്‍സ്‌കിന്‍ ചൈല്‍ഡേഴ്‌സ് (1973-1974), സീര്‍ബാള്‍ ഒ ഡാലൈ (1974-1976) പാട്രിക് ഹില്ലെറി (1976-1990) മേരി റോബിന്‍സണ്‍ (1990-1997), മേരി മക്അലീസ് (1997-2011), നിലവിലെ പ്രസിഡന്റ് മീഹോള്‍ ഡി ഹിഗ്ഗിന്‍സിന്റെ 14 വര്‍ഷത്തെ കാലാവധി നവംബറില്‍ അവസാനിക്കും.
പ്രസിഡന്റ് തിരഞ്ഞെടുപ്പ് ചെലവുകള്‍
1997 ലെ ഇലക്ടറല്‍ ആക്ടനുസരിച്ച് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഒരു സ്ഥാനാര്‍ത്ഥിയ്ക്ക് പരിധി 7,50,000 യൂറോ വരെ ചെലവിടാം.തിരഞ്ഞെടുക്കപ്പെടുകയോ 25%ല്‍ കൂടുതല്‍ വോട്ടുകള്‍ ലഭിക്കുകയോ ചെയ്താല്‍ അവര്‍ക്ക് 200,000 യൂറോ വരെ തിരികെ ലഭിക്കും.സ്റ്റാന്‍ഡേര്‍ഡ്സ് ഇന്‍ പബ്ലിക് ഓഫീസ് കമ്മീഷനാണ് (സിപോ) സ്ഥാനാര്‍ത്ഥിയുടെ എല്ലാ ചെലവുകളും കണക്കാക്കുന്നത്.
വ്യക്തിഗത ദാതാക്കളില്‍ നിന്നുള്ളതടക്കം 600 യൂറോയ്ക്ക് മുകളിലുള്ള എല്ലാ സംഭാവനകളും സിപോയ്ക്ക് മുന്നില്‍ വെളിപ്പെടുത്തണം.ഒരു വ്യക്തിയില്‍ നിന്നോ കോര്‍പ്പറേറ്റ് ദാതാവില്‍ നിന്നോ സ്ഥാനാര്‍ത്ഥിക്ക് സംഭാവനയായി പരമാവധി 1,000 യൂറോ വരെ സ്വീകരിക്കാം. 100യൂറോ വരെയുള്ള രാഷ്ട്രീയ സംഭാവനകള്‍ക്ക് പെളിറ്റിക്കല്‍ ഡൊണേഷന്‍ അക്കൗണ്ട് തുറക്കണം.ഒരാളില്‍ നിന്ന് ഒരു സ്ഥാനാര്‍ത്ഥിക്ക് സ്വീകരിക്കാവുന്ന പരമാവധി രാഷ്ട്രീയ സംഭാവന 200യൂറോയാണ്.
സിപോയില്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലെങ്കില്‍ കോര്‍പ്പറേറ്റ് ദാതാക്കള്‍ക്ക് പരമാവധി 200 യൂറോ വരെ സംഭാവന ചെയ്യാം.അജ്ഞാതരില്‍ നിന്നും 100യൂറോയില്‍ കൂടുതലുള്ള സംഭാവനകള്‍ സ്വീകരിക്കാന്‍ കഴിയില്ല.
വോട്ട് ആര്‍ക്കൊക്കെ
ഐറിഷ് പൗരന്മാര്‍ക്കെല്ലാം വോട്ടു ചെയ്യാം.പോളിംഗ് ദിവസത്തില്‍ 18 വയസ്സ് തികഞ്ഞിരിക്കണം.സാധാരണയായി അയര്‍ലണ്ടില്‍ താമസിക്കുന്നവരായിരിക്കണം. വോട്ടര്‍മാരാകാനുള്ള അവസാന തീയതി ചൊവ്വാഴ്ച ഒക്ടോബര്‍ ഏഴാണ്.60000 പേര്‍ പുതിയതായി വോട്ടര്‍പട്ടികയില്‍ പേര്‍ ചേര്‍ക്കാനുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്.
ഔദ്യോഗിക പോളിംഗ് സ്റ്റേഷനില്‍ നേരിട്ടെത്തി വോട്ട് ചെയ്യാം. പോസ്റ്റല്‍ വോട്ടിനും അവസരമുണ്ട്.ജോലിത്തിരക്ക് കാരണം പോളിംഗ് ദിവസം നേരിട്ട് വോട്ട് ചെയ്യാന്‍ കഴിയാത്ത സാഹചര്യമുണ്ടെങ്കില്‍ പോസ്റ്റല്‍ വോട്ടിന് അപേക്ഷിക്കാം.ഇക്കാര്യത്തില്‍ തൊഴിലുടമയുടെ സാക്ഷ്യപത്രം വേണം.
പോസ്റ്റല്‍ വോട്ടിംഗ് ക്രമീകരണങ്ങള്‍ക്കുള്ള അവസാന തീയതി സെപ്തംബര്‍ 29 തിങ്കളാഴ്ചവരെയാണ്.അപേക്ഷകള്‍ തപാല്‍ വഴി മാത്രമേ നല്‍കാന്‍ കഴിയൂ.അപേക്ഷാ ഫോമുകള്‍ ചെക്ക് ദി രജിസ്റ്റര്‍ വെബ്സൈറ്റില്‍ നിന്നോ തദ്ദേശ സ്വയംഭരണ സ്ഥാപനത്തില്‍ നിന്നോ ലഭിക്കും.
തപാല്‍ വോട്ടിന് അര്‍ഹതയുള്ളവര്‍
ആന്‍ ഗാര്‍ഡയിലെയോ പ്രതിരോധ സേനയിലെയോ അംഗങ്ങള്‍,വിദേശത്ത് സേവനമനുഷ്ഠിക്കുന്ന ഐറിഷ് നയതന്ത്രജ്ഞരും അവരുടെ പങ്കാളികളും/ഭാര്യമാരും,അസുഖമോ വൈകല്യമോ കാരണം നേരിട്ട് വോട്ടുചെയ്യാന്‍ കഴിയാത്തവര്‍,തൊഴില്‍,സര്‍വ്വീസ് എന്നിവ കാരണം പോളിംഗ് ദിവസം നേരിട്ട് വോട്ടുചെയ്യാന്‍ കഴിയാത്തവര്‍,രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനത്തില്‍ പഠിക്കുന്ന മറ്റെവിടെയെങ്കിലും താമസിക്കുന്ന പൂര്‍ണ്ണ സമയ വിദ്യാര്‍ത്ഥികള്‍,തിരഞ്ഞെടുപ്പ് രജിസ്റ്ററില്‍ പേരും വിലാസവും പ്രസിദ്ധീകരിച്ചാല്‍ സുരക്ഷ അപകടത്തിലാകുന്ന അജ്ഞാത വോട്ടര്‍മാരും കുടുംബാംഗങ്ങള്‍ എന്നിവര്‍ക്കാണ് തപാല്‍ വോട്ട് ചെയ്യാവുന്നത്.
രാവിലെ 7 മുതല്‍ രാത്രി 10 വരെ രഹസ്യ ബാലറ്റില്‍ വോട്ട്
രാജ്യത്തുടനീളമുള്ള പോളിംഗ് സ്റ്റേഷനുകളില്‍ രാവിലെ 7 മുതല്‍ രാത്രി 10 വരെ രഹസ്യ ബാലറ്റ് വഴിയായിരിക്കും വോട്ടെടുപ്പ്.സിംഗിള്‍ ട്രാന്‍സ്ഫെറബിള്‍ വോട്ടിംഗ് സമ്പ്രദായം വഴിയുള്ള പ്രപ്പോര്‍ഷണല്‍ റപ്രസെന്റേഷനെ അടിസ്ഥാനമാക്കിയാകും വോട്ടെടുപ്പ്.
പോളിംഗ് സ്റ്റേഷനില്‍ എത്തുമ്പോള്‍ വോട്ടര്‍ക്ക് പേരും വിലാസവും വ്യക്തമാക്കുന്ന ബാലറ്റ് പേപ്പര്‍ ലഭിക്കും.ഇതിന് ഏതെങ്കിലും തിരിച്ചറിയല്‍ രേഖ കാണിക്കേണ്ടതുണ്ട്. പ്രിസൈഡിംഗ് ഓഫീസര്‍ ഇതംഗീകരിച്ചില്ലെങ്കില്‍ വോട്ടു ചെയ്യാനാകില്ല.അംഗീകരിച്ചാല്‍ പ്രിസൈഡിംഗ് ഓഫീസറുടെ ഒപ്പും സീലും പതിച്ച ബാലറ്റ് പേപ്പര്‍ ലഭിക്കും.അതുമായി വോട്ടിംഗ് കമ്പാര്‍ട്ടുമെന്റില്‍ പ്രവേശിച്ച് വോട്ടു ചെയ്യാം.ആദ്യ ചോയ്‌സിന്റെ പേരിന് എതിര്‍വശത്തെ ബോക്സില്‍ ‘1’ എന്ന് എഴുതണം
ഒരു സ്ഥാനാര്‍ത്ഥിക്ക് മാത്രമേ വോട്ട് ചെയ്യാന്‍ ആഗ്രഹിക്കുന്നുള്ളുവെങ്കില്‍, ശേഷിക്കുന്ന ബോക്സുകള്‍ ശൂന്യമായി വിടാം.താല്‍പ്പര്യമുണ്ടെങ്കില്‍ അവരുടെ രണ്ടാമത്തെ ചോയ്‌സിന്റെ പേരിന് എതിര്‍വശത്ത് ‘2’ എന്നും മൂന്നാമത്തെ ചോയ്‌സിന്റെ പേരിന് എതിര്‍വശത്ത് ‘3’ എന്നും രേഖപ്പെടുത്താം.തുടര്‍ന്ന് ബാലറ്റ് പേപ്പര്‍ മടക്കി സീല്‍ ചെയ്ത് ബാലറ്റ് പെട്ടിയിലിടാം
വോട്ടെണ്ണല്‍
പോളിംഗ് ദിവസത്തിന് പിറ്റേന്ന് രാവിലെ 9ന് വോട്ടെണ്ണല്‍ ആരംഭിക്കും. ഒക്ടോബര്‍ 25 ശനിയാഴ്ചയാണിത്.ബാലറ്റ് പെട്ടികള്‍ തുറന്ന് ഫസ്റ്റ് പ്രിഫറന്‍സ് വോട്ടുകള്‍ക്കനുസരിച്ച് ബാലറ്റ് പേപ്പറുകള്‍ തരംതിരിക്കും. ഓരോ സ്ഥാനാര്‍ത്ഥിക്കും ലഭിച്ച വോട്ടുകളുടെ എണ്ണം റിട്ടേണിംഗ് ഓഫീസറെ അറിയിക്കും. തുടര്‍ന്ന് ഇദ്ദേഹം ക്വാട്ട കണക്കാക്കും.
സാധുവായ വോട്ടുകളുടെ 50% പ്ലസ് വണ്‍ ആണ് ക്വാട്ട.ഇതിന് തുല്യമോ അതില്‍ കൂടുതലോ വോട്ടുകള്‍ ലഭിച്ചാല്‍, സ്ഥാനാര്‍ത്ഥി തിരഞ്ഞെടുക്കപ്പെട്ടതായി പ്രഖ്യാപിക്കും.ഒരു സ്ഥാനാര്‍ത്ഥിയും ക്വാട്ടയിലെത്തിയില്ലെങ്കില്‍, ഏറ്റവും കുറഞ്ഞ ഒന്നാം മുന്‍ഗണനകളുള്ള സ്ഥാനാര്‍ത്ഥിയെ ഒഴിവാക്കും. അവരുടെ വോട്ടുകള്‍ അവരുടെ അടുത്ത പ്രിഫറന്‍സിലേക്ക് മാറ്റും .
സ്ഥാനാര്‍ത്ഥികളില്‍ ഒരാള്‍ തിരഞ്ഞെടുക്കപ്പെട്ടതായി കണക്കാക്കാന്‍ ആവശ്യമായ വോട്ടുകള്‍ ലഭിക്കുന്നതുവരെ ഈ പ്രക്രിയ തുടരും.ശനിയാഴ്ച വൈകുന്നേരത്തോടെ ഫലം അറിയാന്‍ കഴിയും. പക്ഷേ രണ്ടാമത്തെ വോട്ടെണ്ണല്‍ ഫലം രാത്രി വൈകിയോ ഞായറാഴ്ചയോ അറിയാം.
പുതിയ പ്രസിഡന്റിന്റെ സ്ഥാനാരോഹണം
സാധാരണയായി അടുത്ത ദിവസത്തെ ടിപ്പിക്കല്‍ ഉച്ചഭക്ഷണ സമയത്ത് ആരംഭിക്കുന്ന ചടങ്ങിലാകും പുതിയ പ്രസിഡന്റിന്റെ സ്ഥാനാരോഹണം. രാജ്യത്തിന്റെ ചരിത്രത്തിലെ എല്ലാ സ്ഥാനാരോഹണ ചടങ്ങുകളും ഡബ്ലിന്‍ കാസിലിലെ സെന്റ് പാട്രിക്സ് ഹാളിലാണ് നടക്കുന്നത്.തിരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റിന്റെ വാഹനവ്യൂഹം ഉച്ചയോടെ കോര്‍ക്ക് ഹില്‍ ഗേറ്റ് വഴി പരമ്പരാഗതമായി കാസിലില്‍ എത്തും. പ്രധാനമന്ത്രി അവരെ സ്വാഗതം ചെയ്യും.
കാസിലിന് അകത്തെ വേദിയില്‍ പ്രസിഡന്റ് സത്യപ്രതിജ്ഞ ചെയ്യും.ഐറിഷ് ചീഫ് ജസ്റ്റിസ് ഔപചാരികമായി സത്യപ്രതിജ്ഞാവാചകം ചൊല്ലിക്കൊടുക്കും.നിലവില്‍ ഡൊണാള്‍ ഒ ഡോണലാണ് ചീഫ് ജസ്റ്റിസ്.പുതുതായി തിരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് രാജ്യത്തെ അഭിസംബോധന ചെയ്യുന്നതിന് മുമ്പ് സാധാരണയായി പ്രധാനമന്ത്രി പ്രസംഗിക്കും.തുടര്‍ന്ന് പ്രസിഡന്റ് രാഷ്ട്രപതിഭവനിലേയ്ക്ക് പോകും. അപ്പോള്‍ പരമ്പരാഗതമായി ആര്‍മി ബാന്‍ഡ് നമ്പര്‍ 1 ദേശീയഗാനം ആലപിക്കും.
പ്രസിഡന്റിന്റെ പദവിയും അധികാരവും
സ്വദേശത്തും വിദേശത്തുമുള്ള ഐറിഷ് ജനതയെ പ്രതിനിധീകരിക്കുന്ന രാജ്യത്തിന്റെ രാഷ്ട്രത്തലവനാണ് പ്രസിഡന്റ്.സന്ദര്‍ശനത്തിനെത്തുന്ന മറ്റ് രാഷ്ട്രത്തലവന്മാരെ രാഷ്ട്രപതിഭവനിലാണ് സ്വീകരിക്കുക.ഡെയ്‌ലും സീനഡും പാസാക്കിയ ബില്ലുകള്‍ പാസാക്കാനോ നിരസിക്കാനോ പ്രസിഡന്റിന് അധികാരമുണ്ട്.പ്രസിഡന്റ് ഔദ്യോഗികമായി ഒപ്പിടുന്നതുവരെ ഒരു നിയമവും നിയമമാകില്ല
ഡെയ്‌ലിന്റെ നാമനിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ പ്രധാനമന്ത്രിയെയും ഇദ്ദേഹത്തിന്റെ നാമനിര്‍ദ്ദേശത്തില്‍ കാബിനറ്റ് മന്ത്രിമാരെയും പ്രസിഡന്റാണ് ഔദ്യോഗികമായി നിയമിക്കുന്നത്.പൊതുതാല്‍പ്പര്യമുള്ള വിഷയങ്ങളില്‍ ദേശീയ പ്രസംഗത്തില്‍ ഡെയ്‌ലിനോടും സീനഡിനോടും പൊതുജനങ്ങളോടും അഭ്യര്‍ത്ഥന നടത്താനും ഐറിഷ് പ്രതിരോധ സേനയുടെ പരമോന്നത കമാന്ററായ പ്രസിഡന്റിന് അധികാരമുണ്ട്.
ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.