കാലിയാകുന്ന ഖജനാവ്…അശുഭകരമായ സൂചനകളുമായി സമ്മര്‍ ഇക്കണോമിക് സ്റ്റേറ്റ്‌മെന്റ്
രാജ്യത്തിന്റെ ധനകമ്മിയും കടബാധ്യതകളും വര്‍ധിക്കുന്നു
ഡബ്ലിന്‍ : രാജ്യത്തിന്റെ സാമ്പത്തികനിലയെ സംബന്ധിച്ച അശുഭകരമായ സൂചനകളുമായി സമ്മര്‍ ഇക്കണോമിക് സ്റ്റേറ്റ്‌മെന്റ് (എസ്.ഇ.എസ്).സാമ്പത്തിക വളര്‍ച്ച മുന്നോട്ടാണെന്ന് പറയുമ്പോഴും കുതിക്കുന്ന ധന കമ്മി നല്ല അടയാളമല്ലെന്നാണ് വിലയിരുത്തപ്പെടുന്നത്. ജിഡിപി 2021 ല്‍ 8.75% വര്‍ദ്ധിക്കുമെന്ന് സ്റ്റേറ്റ്‌മെന്റ് പറയുന്നു. എന്നാല്‍ കഴിഞ്ഞ ഏപ്രിലില്‍ പറഞ്ഞതില്‍ നിന്നും വ്യത്യസ്തമായി ധനകമ്മി 18 ബില്യണില്‍ നിന്നും 20.3 ബില്യണായി ഉയര്‍ന്നു. ഇതാണ് ആശങ്കയ്ക്ക് വഴി വെയ്ക്കുന്നത്.
ഖജനാവ് കാലിയാകുന്നു
ഏപ്രിലില്‍ പ്രസിദ്ധീകരിച്ച സ്റ്റെബിലിറ്റി പ്രോഗ്രാമില്‍ 18 ബില്യണ്‍ യൂറോയായിരുന്നു പ്രവചിച്ചിരുന്നത്.രാജ്യത്തിന്റെ ഖജനാവിലെ നെഗറ്റീവ് ബാലന്‍സ് ശുഭകരമല്ലെന്ന് തന്നെയാണ് കരുതപ്പെടുന്നത്. മാത്രമല്ല, ഈ കമ്മി നികത്തുന്നതിനായി വന്‍ തുക കടമെടുക്കേണ്ടതായി വരുമെന്നതും ഭീഷണിയാണ്.നികുതി വരുമാനം ഈ വര്‍ഷം 1.6 ബില്യണ്‍ യൂറോയായി ഉയരുമെന്ന് പറയുന്ന സാഹചര്യത്തിലും കമ്മി വര്‍ധിക്കുന്ന നിലയാണ്. ഇതും രാജ്യത്തിന് ഗുണകരമായ സ്ഥിതിയല്ല.
കടമെടുക്കല്‍ വര്‍ധിക്കുന്നു
അടുത്ത വര്‍ഷത്തെ കമ്മി മൊത്ത ദേശീയ വരുമാനത്തിന്റെ 6.2% ആയിരിക്കുമെന്നാണ് എസ്.ഇ.എസ് കണക്കാക്കുന്നത്.ഈ ദശകത്തിന്റെ മധ്യത്തോടെ, ധനകമ്മി 7.4 ബില്യണ്‍ യൂറോയാകുമെന്നാണ് പുതിയ വിലയിരുത്തല്‍. ഇത് സ്റ്റബിലിറ്റി പ്രോഗ്രാമില്‍ പ്രതീക്ഷിച്ചതിനേക്കാള്‍ 6.5 ബില്യണ്‍ യൂറോ കൂടുതലാണ്.ഇത് നികത്തുന്നതിനായി മുമ്പ് നിശ്ചയിച്ചതിനേക്കാള്‍ 18.8 ബില്യണ്‍ യൂറോ കൂടുതല്‍ കടമെടുക്കേണ്ടതായും വരുമെന്ന് സ്റ്റേറ്റ്മെന്റ് വ്യക്തമാക്കുന്നു.നേരത്തേ നാല് ബില്യണ്‍ യൂറോയായാണ് തീരുമാനിച്ചിരുന്നത്. സാമ്പത്തിക, സാമൂഹിക, കാലാവസ്ഥാ മുന്‍ഗണനകള്‍ മുന്‍നിര്‍ത്തിയാണ് ഈ തുക കണക്കാക്കിയിരുന്നത്.
പകര്‍ച്ചവ്യാധികളില്‍ നിന്ന് പുറത്തുവരുന്നതോടെ ധനപരമായ വ്യാപാര ഇടപാടുകള്‍ വീണ്ടും ഉയര്‍ന്നേക്കാമെന്നും സമ്മര്‍ ഇക്കണോമിക് സ്റ്റേറ്റ്മെന്റ് വ്യക്തമാക്കുന്നു.പ്രായമാകുന്നവരുള്‍പ്പടെ നേരിടുന്ന ദീര്‍ഘകാല വെല്ലുവിളികള്‍, ഡിജിറ്റല്‍, കാര്‍ബണ്‍ പരിവര്‍ത്തനങ്ങള്‍ക്കും ധനസഹായം നല്‍കേണ്ടതായി വരുമെന്നും പറയുന്നു.മൊത്തത്തില്‍, 2025 ഓടെ സര്‍ക്കാരിന്റെ പൊതുചെലവ് ഏകദേശം 93 ബില്യണ്‍ യൂറോയായിരിക്കുമെന്നും പ്രതീക്ഷിക്കുന്നു.
ധനമന്ത്രിയുടെ നിരീക്ഷണം
കോവിഡ് മുന്‍നിര്‍ത്തി പ്രതിസന്ധിയിലായ ബിസിനസുകളെയും കുടുംബങ്ങളെയും സഹായിക്കുന്നതിന് നേരിട്ട് ചെലവിട്ട 40 ബില്യണ്‍ യൂറോയിലധികം തുകയാണ് രാജ്യത്തിന്റെ കടവും കമ്മിയും വര്‍ധിപ്പിക്കുന്നതെന്ന് ധനമന്ത്രി പാസ്‌കല്‍ ഡോണോ പറഞ്ഞു. അടുത്ത വര്‍ഷം 4.7 ബില്യണ്‍ യൂറോയാണ് കോര്‍ ബജറ്റ് പാക്കേജായി നിശ്ചയിച്ചിരിക്കുന്നത്.അതില്‍ 1.5 ബില്യണ്‍ യൂറോ പുതിയ നടപടികള്‍ക്കായി ലഭ്യമാകും.കൂടാതെ 2.8 ബില്യണ്‍ യൂറോ കൂടി അധിക വരുമാനത്തിനും ബിസിനസുകള്‍ക്കും മറ്റുമായി നീക്കിവച്ചിരിക്കുന്നു
.2022 ല്‍ കോവിഡ് ഇതരചെലവുകളിലും വര്‍ധനവാണ് സര്‍ക്കാര്‍ കാണുന്നത്. ഇത് 5.5 ശതമാനം വര്‍ദ്ധിച്ച് 80.1 ബില്യണ്‍ യൂറോയിലെത്തുമെന്നാണ് കരുതുന്നത്.യൂറോപ്യന്‍ യൂണിയനില്‍ നിന്നുള്ള 8 ബില്യണ്‍ യൂറോയുള്‍പ്പെടെ താല്‍ക്കാലിക പിന്തുണകള്‍ തുടരുന്നതിനും വ്യവസ്ഥകളുണ്ട്.ഇവയൊക്കെ ചേര്‍ന്നാണ് രാജ്യത്തിന്റെ ധനക്കമ്മി വര്‍ധിപ്പിക്കുന്നതെന്നും ധനമന്ത്രി വിശദീകരിക്കുന്നു.
സമ്മര്‍ ഇക്കണോമിക് സ്റ്റേറ്റ്‌മെന്റ് പ്രസിദ്ധീകരിച്ചതിനെത്തുടര്‍ന്ന് നാഷണല്‍ ട്രഷറി മാനേജ്‌മെന്റ് ഏജന്‍സി അന്താരാഷ്ട്ര വായ്പയെടുക്കുന്നതിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അപ്‌ഡേറ്റുചെയ്തിട്ടുണ്ട്.
വിമര്‍ശനവുമായി സിന്‍ഫെയ്ന്‍
അതേസമയം, ഭവന നിര്‍മ്മാണത്തില്‍ മതിയായ നിക്ഷേപം നടത്തുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടതായി ആരോപിച്ച് സിന്‍ ഫെയ്ന്‍ രംഗത്തുവന്നു.2022 ബജറ്റിനായി ഭവന നിര്‍മ്മാണത്തില്‍ വേണ്ടത്ര നിക്ഷേപം നടത്തുന്നതില്‍ എസ്ഇഎസ് പരാജയപ്പെട്ടതായി സിന്‍ ഫെനിന്റെ ധനകാര്യ വക്താവ് പിയേഴ്സ് ഡോഹെര്‍ട്ടി പറഞ്ഞു.800മില്യണ്‍ യൂറോയുടെ അഡീഷണല്‍ നിക്ഷേപമുണ്ടാകുമെന്ന് പറയുമ്പോഴും അത് ഏതൊക്കെ മേഖലയിലെന്ന് തരംതിരിച്ചു പറയാന്‍ സര്‍ക്കാരിന് കഴിയുന്നില്ല.പ്രതിവര്‍ഷം 18,000 വീടുകള്‍ വരെ വിതരണം ചെയ്യുന്നതിന് ഭവന നിര്‍മ്മാണത്തില്‍ മൂലധന നിക്ഷേപം ഇരട്ടിയാക്കണമെന്ന് ഇ.എസ്.ആര്‍.ഐ ആവശ്യപ്പെട്ടതും ഡോഹര്‍ട്ടി ചൂണ്ടിക്കാട്ടുന്നു.ഭവന നിര്‍മ്മാണത്തിലെ പ്രതിസന്ധിയുടെ തോത് മനസ്സിലാക്കുന്നതില്‍ സര്‍ക്കാര്‍ തികഞ്ഞ തോല്‍വിയാണെന്നും അദ്ദേഹം പറഞ്ഞു.
ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.com/K0HUGpDraol5nj03tElHBl
Comments are closed.