head3
head1

അയര്‍ലണ്ടിലെ മിനിമം കൂലിയില്‍ മണിക്കൂറിന് 2.10 യൂറോ വര്‍ദ്ധിക്കുമോ ? സര്‍ക്കാര്‍ കമ്മീഷന്‍ പ്രവര്‍ത്തനം ആരംഭിച്ചു

ഡബ്ലിന്‍: അയര്‍ലണ്ടില്‍ നിലവിലുള്ള ലീവിംഗ് വേജിന്  തുല്യമായ നിലവാരത്തിലേക്ക് മിനിമം വേജും ഉയര്‍ത്താനായുള്ള ഐറിഷ് സര്‍ക്കാരിന്റെ നടപടി ക്രമങ്ങള്‍ക്ക് തുടക്കമായി.

അയര്‍ലണ്ടിന് എങ്ങനെ ലീവിംഗ് വേജിലേയ്ക്ക് നീങ്ങാമെന്ന് പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാനായി ലോ പേ കമ്മീഷനെ  സര്‍ക്കാര്‍ ചുമതലയേല്‍പ്പിച്ചു..

നിലവില്‍ മണിക്കൂറിന് 12.30 യൂറോയാണ് അയര്‍ലണ്ടില്‍ ലീവിംഗ് വേജായി കണക്കാക്കപ്പെടുന്നത്.മുഴുവന്‍ സമയ തൊഴിലില്‍ ഏര്‍പ്പെടുന്ന ഒരു മുതിര്‍ന്ന വ്യക്തിക്ക് അവരുടെ അടിസ്ഥാന ആവശ്യങ്ങള്‍ നിറവേറ്റുന്നതിനും സ്വീകാര്യമായ ജീവിത നിലവാരം പുലര്‍ത്തുന്നതിനും ആവശ്യമായ ഏറ്റവും കുറഞ്ഞ വേതനമാണ് ലീവിംഗ് വേജ്  എന്ന് നിര്‍വചിക്കപ്പെടുന്നത്..

എന്നാല്‍ നിലവിലെ ദേശീയ മിനിമം വേതനത്തില്‍ നിന്ന് ഇത് വ്യത്യസ്തമാണ്, മിനിമം വേജ്  മണിക്കൂറിന് 10.20 യൂറോ മാത്രമാണ്.

നിലവിലുള്ള ഗവണ്‍മെന്റിന്റെ കാലാവധിക്കുള്ളില്‍ ജീവനക്കാരുടെ മിനിമം വേതനം ഉയര്‍ത്താനായി ഗവണ്‍മെന്റിലെ പാര്‍ട്ടികള്‍ തയാറാക്കിയിരുന്ന പ്രകടനപദ്ധതിയുടെ അടിസ്ഥാനത്തിലാണ് കമ്മീഷന്റെ പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നത്.

ഈ വര്‍ഷം തന്നെ അതിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ഒരു റിപ്പോര്‍ട്ട് തയ്യാറാക്കാന്‍  ഉപ പ്രധാനമന്ത്രി ലിയോ വരദ്കര്‍ കമ്മീഷനോട് ആവശ്യപ്പെട്ടു, കൂടുതല്‍ പരിശോധനയ്ക്കുള്ള റഫറന്‍സ് നിബന്ധനകള്‍ ഇന്നലെ മന്ത്രിസഭയും അംഗീകരിച്ചു.

ലീവിംഗ് വേജില്‍ ഉണ്ടായേക്കാവുന്ന വര്‍ധനവ് അന്താരാഷ്ട്ര തലത്തില്‍ എങ്ങനെ താരതമ്യം ചെയ്യാമെന്നും അതുപോലെ തന്നെ തൊഴില്‍ ചെലവ്, സാമൂഹ്യക്ഷേമം, ആരോഗ്യം, വിദ്യാഭ്യാസം, ഭവന നിര്‍മ്മാണം എന്നിവയെ എങ്ങനെ ബാധിക്കുമെന്നും കമ്മീഷന്‍ അന്വേഷിക്കും.

ലീവിംഗ് വേജ്, കുറഞ്ഞ കൂലി വാങ്ങുന്ന തൊഴിലാളികള്‍ക്കിടയില്‍ ദാരിദ്ര്യം കുറയുന്നതിന് കാരണമാകുമെങ്കില്‍ കുറഞ്ഞ അനുബന്ധ ക്ഷേമ പെയ്മെന്റുകള്‍ അവതരിപ്പിക്കാനുള്ള സാധ്യതയും കമ്മീഷന്‍ പരിഗണിക്കും.

കോവിഡ് -19 പാന്‍ഡെമിക് അവശ്യ തൊഴിലാളികളുടെ പങ്ക് പുനര്‍നിര്‍വചിച്ചിട്ടുണ്ടെന്നും സമൂഹം അവരുടെ ജോലിയുടെ മൂല്യം എങ്ങനെ പരിഗണിക്കണമെന്നത് പുനര്‍പരിശോധനയ്ക്ക് വിധേയമാക്കണമെന്നും ഇന്നലെ ഒരു പ്രസ്താവനയില്‍ വരദ്കര്‍ പറഞ്ഞു.

നഴ്സുമാരും , ഡോക്ടര്‍മാരും , ഗാര്‍ഡയുമടക്കമുള്ള അത്യാവശ്യ സര്‍വീസില്‍ ഏര്‍പ്പെടുന്നവരായ തൊഴിലാളികളെക്കൊപ്പം . റീട്ടെയില്‍ തൊഴിലാളികള്‍, ഡ്രൈവര്‍മാര്‍, സെക്യൂരിറ്റി ഗാര്‍ഡുകള്‍, ട്രാന്‍സ്‌പോര്‍ട്ട് തൊഴിലാളികള്‍, ക്ലീനര്‍മാര്‍ എന്നിവരുടെയെല്ലാം  കൂടുതല്‍ ക്ഷേമം ഉറപ്പുവരുത്തുകയാണ് സര്‍ക്കാരിന്റെ ഉയര്‍ന്ന പരിഗണനയില്‍ ഉള്ളതെന്ന് ലിയോ വരദ്കര്‍ പറഞ്ഞു.

ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക 
 https://chat.whatsapp.com/GJThCk6XX6dBBr95X11Mwz

Comments are closed.