head3
head1

ഭവന പ്രതിസന്ധി പരിഹരിക്കാന്‍ സമഗ്രമായ മാറ്റങ്ങളുണ്ടാകുമെന്ന് ലിയോ വരദ്കര്‍

ഡബ്ലിന്‍ :അയര്‍ലണ്ടിലെ മോര്‍ട്ട്ഗേജ് ലെന്‍ഡിംഗ് നയത്തിലും ചട്ടങ്ങളിലും അടിയന്തരമായ പുനരവലോകനം നടത്താനായി സെന്‍ട്രല്‍ ബാങ്ക് നടപടികള്‍ ആരംഭിച്ചു. .സാമ്പത്തിക സ്ഥിരത പ്രോത്സാഹിപ്പിക്കുന്നതിനും ഭാവിയിലെ ബാങ്കിംഗ് പ്രതിസന്ധി തടയുന്നതിനുമുള്ള നടപടികള്‍ സ്വീകരിക്കുന്നതിനുള്ള നടപടികള്‍ ഉള്‍പ്പെടുത്തി .മോര്‍ട്ട് ഗേജ് നിയമങ്ങള്‍ സംബന്ധിച്ച അവലോകനം എത്രയും വേഗം പൂര്‍ത്തിയാക്കണമെന്ന് സെന്‍ട്രല്‍ ബാങ്കിനോട് ആവശ്യപ്പെട്ടതായി ഉപ പ്രധാനമന്ത്രി ലിയോ വരദ്കര്‍ ഡയലില്‍ വെളിപ്പെടുത്തി.

ഭവന മേഖലയില്‍ പുതിയതും കാലികവുമായ മാറ്റങ്ങള്‍ക്കായി സര്‍ക്കാര്‍ ശ്രമം ഊര്‍ജ്ജിതമാക്കുകയാണെന്നും ഡെയ്ലില്‍ ഉപപ്രധാനമന്ത്രി.വെളിപ്പെടുത്തി. സര്‍ക്കാരിന്റെയും ഫിനഗേലിന്റെയും ഭവന നയത്തിനെതിരെ സിന്‍ഫെയ്ന്‍ ഭവനവക്താവ് നടത്തിയ രൂക്ഷമായ ആക്രമണത്തിന് മറുപടി പറയവെയാണ് ഭവന പ്രതിസന്ധി പരിഹരിക്കാന്‍ ശക്തമായ നടപടികളുണ്ടാകുമെന്ന് വരദ്കര്‍ വ്യക്തമാക്കിയത്.

അവലോകനത്തിന്റെ ഭാഗമായി പൊതുചര്‍ച്ച അനിവാര്യമാണെന്ന് വരദ്കര്‍ പറഞ്ഞു. വാടക കെണിയില്‍ അകപ്പെട്ടവരുടെ ശബ്ദം കേള്‍ക്കാതിരിക്കാന്‍ സര്‍ക്കാരിനാകില്ല.1,800 യൂറോയോ അതില്‍ കൂടുതലോ വാടക നല്‍കുന്ന ധാരാളം ആളുകളുണ്ടെന്ന് ഉപപ്രധാനമന്ത്രി പറഞ്ഞു. എന്നാല്‍ അവര്‍ക്ക് ഒരു മോര്‍ട്ട്ഗേജ് നേടാന്‍ കഴിയില്ല. ഇത് അംഗീകരിക്കാന്‍ പ്രയാസമാണ്- അദ്ദേഹം പറഞ്ഞു.

മറ്റ് രാജ്യങ്ങളുടെ അനുഭവങ്ങളില്‍ നിന്ന് പാഠങ്ങള്‍ പഠിക്കാന്‍ അയര്‍ലണ്ടിന് കഴിയണമെന്ന് സെന്‍ട്രല്‍ ബാങ്ക് അധികൃതരും അഭിപ്രായവുമുയര്‍ത്തുന്നു.. നിലവിലുള്ള സംവിധാനം ഏറ്റവും ഉചിതമായവയാണോ എന്നും പരിശോധിക്കണം. അതിന് പൊതുജനങ്ങളില്‍ നിന്ന് അഭിപ്രായം കേള്‍ക്കാന്‍ താല്‍പ്പര്യമുണ്ടെന്ന് സെന്‍ട്രല്‍ ബാങ്ക് വ്യക്തമാക്കിയിട്ടുണ്ട്.

ഫിനഗേലിനെ കടന്നാക്രമിച്ച് സിന്‍ ഫെയ്ന്‍

ഡെയ്ലില്‍ നടന്ന ചര്‍ച്ചകളെല്ലാം ഭവന പ്രതിസന്ധിയെ കേന്ദ്രീകരിച്ചുള്ളതായിരുന്നു. ഉയര്‍ന്ന വാടകയും ഉയര്‍ന്ന ഭവനവിലയുമാണ് വരദ്കറിന്റെ പാര്‍ട്ടിയുടെ പാരമ്പര്യമെന്ന് സിന്‍ ഫെയ്‌നിന്റെ ഭവന വക്താവ് ഇയോണ്‍ ഓ ബ്രോയിന്‍ ആരോപിച്ചു.

രാജ്യത്തെ മൂന്നിലൊന്ന് വാടകക്കാരും ഒരിക്കലും ഒരു വീട് സ്വന്തമാകില്ലെന്ന് വിശ്വസിക്കുന്നവരാണെന്ന് ചൂണ്ടിക്കാട്ടുന്ന സെന്‍ട്രല്‍ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് (സിഎസ്ഒ) കണക്കുകളും ഇദ്ദേഹം ഉദ്ധരിച്ചു.ഇതെല്ലാം 10 വര്‍ഷത്തെ ഫിന ഗേലിന്റെ ഭവന നയത്തിന്റെ അപകടങ്ങളാണ്, ഓ ബ്രോയിന്‍ ആരോപിച്ചു.

2011ല്‍ ലിയോ വരദ്കര്‍ മന്ത്രിസഭയില്‍ ചേരുമ്പോള്‍ ഡബ്ലിനിലെ ഒരു പുതിയ വീടിന്റെ ശരാശരി വില 318,000യൂറോയായിരുന്നു. ഇന്നത് 503,000 യൂറോയാണ്.

ആ സമയത്ത് രാജ്യത്തുടനീളം ഭവന വില 88 ശതമാനവും ഡബ്ലിനില്‍ 95 ശതമാനവും വര്‍ദ്ധിച്ചു.രാജ്യത്തൊട്ടാകെയുള്ള വാടക ശരാശരി പ്രതിമാസം 781 യൂറോയായിരുന്നു അന്ന് .ഇന്ന് ശരാശരി വാടക 1,256 യൂറോയാണ്, അത് വാടകയ്ക്ക് പ്രതിവര്‍ഷം 6,000 യൂറോയാണ് വാടകയ്ക്കായി ചെലവിടുന്നത്.ഡബ്ലിനിലെ സ്ഥിതി കൂടുതല്‍ മോശമാണ്. ശരാശരി വാടക പ്രതിമാസം 960ല്‍ നിന്ന് 1,745 യൂറോയായി ഉയര്‍ന്നു.

തൊഴിലെടുക്കുന്നവരെയാണ് താന്‍ പ്രതിനിധീകരിക്കുന്നതെന്നാണ് പാര്‍ട്ടി നേതാവായി ചുമതലയേല്‍ക്കുമ്പോള്‍ വരദ്കര്‍ പറഞ്ഞത്. എന്നാല്‍ ഗവണ്‍മെന്റ് പ്രതിനിധീകരിക്കുന്ന ഒരേയൊരു വിഭാഗം വലിയ ഡവലപ്പര്‍മാരും വലിയ ഭൂവുടമകളുമാണ്.ഫിന ഗേല്‍ കഠിനാധ്വാനികളുടെ പാര്‍ട്ടിയല്ലെന്ന് കൂടുതല്‍ വ്യക്തമായിക്കൊണ്ടിരിക്കുകയാണെന്ന് സിന്‍ ഫെയ്ന്‍ നേതാവ് ആക്ഷേപിച്ചു.

‘അടിസ്ഥാന രഹിതമായ ആക്ഷേപങ്ങളെന്ന് വരദ്കര്‍

ആരോപണങ്ങള്‍ നിഷേധിച്ച വരദ്കര്‍ പാര്‍പ്പിടത്തെക്കുറിച്ചുള്ള തന്റെ പാര്‍ട്ടിയുടെ നിലപാടിനെ ന്യായീകരിച്ചു.

ഭവന ബജറ്റും സോഷ്യല്‍ ഹൗസിംഗ് ബജറ്റും ഇപ്പോള്‍ സജീവ പരിഗണനയിലാണ്. ഭവന ബജറ്റ് വര്‍ദ്ധിപ്പിക്കാന്‍ ആഗ്രഹിക്കുന്നുണ്ടെന്നും വരദ്കര്‍ വെളിപ്പെടുത്തി.തന്റെ പാര്‍ട്ടിയുടെ നയങ്ങളിലൂടെ അയര്‍ലണ്ടിലെ 65% ആളുകള്‍ക്ക് സ്വന്തമായി വീട് നല്‍കാനായെന്ന് അദ്ദേഹം പറഞ്ഞു.

” ഫിനഗേലും  ഫിനഫാളും ലേബര്‍ ,ഗ്രീന്‍ പാര്‍ട്ടിയും മറ്റുള്ളവരും കൈക്കൊണ്ട നയങ്ങളും തീരുമാനങ്ങളും കാരണമാണ് ഈ നേട്ടമുണ്ടായതെന്നും വരദ്കര്‍ കൂട്ടിച്ചേര്‍ത്തു.ഇനിയും ഭവനരഹിതര്‍ അവശേഷിക്കുന്നുണ്ടെന്ന ബോധ്യവും തനിക്കും സര്‍ക്കാരിനുമുണ്ട്.അതിനാലാണ് ആളുകളെ അവരുടെ ആദ്യ വീട് വാങ്ങാന്‍ സഹായിക്കുന്നതിന് നടപടികള്‍ സ്വീകരിച്ചത്. ഹെല്‍പ്പ് ടു ബൈ പ്രോഗ്രാം, പതിനായിരക്കണക്കിന് ആളുകളെ ഒരു വീട് വാങ്ങുന്നതിന് സഹായിച്ചു,

ഭവന പ്രതിസന്ധിയുടെ പ്രധാന പരിഹാരം എല്ലാത്തരം വീടുകളും കൂടുതല്‍ വിപണിയിലെത്തിക്കുകയെന്നത് മാത്രമാണെന്ന് വരദ്കര്‍ പറഞ്ഞു.

പ്രതീക്ഷിക്കുന്ന മാറ്റങ്ങള്‍

അടുത്ത ബജറ്റിന് മുമ്പ് തന്നെ ഭവനമേഖലയില്‍ ഒട്ടേറെ മാറ്റങ്ങള്‍ക്ക് സാധ്യതയേറുന്നുണ്ട്.രാജ്യത്ത് ഭവനവില കെല്‍റ്റിക് ടൈഗര്‍ നാളുകളിലെ പോലെ കുതിച്ചുയരുകയാണ്. മലയാളികള്‍ അടക്കമുള്ളവര്‍ ഈ വിലക്കയറ്റത്തിനിടയിലും കൂടിയ വിലയുള്ള വീടുകള്‍ വാങ്ങാന്‍ ഓടുന്നവരിലുണ്ട്.

അടുത്ത ബജറ്റിന് മുമ്പായി വന്നേക്കാവുന്ന പ്രധാനമാറ്റം കൂടുതല്‍ മോര്‍ട്ട് ഗേജ് അനുവദിക്കാനുള്ള തീരുമാനമായേക്കും. പണിതുയരുന്ന വീടുകള്‍ കൂടിയ വിലയ്ക്ക് വിറ്റുപോകാനുള്ള സൗകര്യം ഒരുക്കാനുള്ള പരിശ്രമമാണ് സര്‍ക്കാരും സെന്‍ട്രല്‍ ബാങ്കും ചേര്‍ന്ന് ഒരുക്കുക എന്നാണ് പ്രതിപക്ഷ വിമര്‍ശനം.

കൂടുതല്‍ അഫോര്‍ഡബിള്‍ ഭവനങ്ങള്‍ വിപണിയില്‍ ലഭ്യമാക്കുമെന്ന സൂചനയും ലിയോ വരദ്കര്‍ നല്‍കുന്നുണ്ട്. നിലവില്‍ ഹൗസിങ് ഡെവലപ്‌മെന്റുകളില്‍ പത്തു ശതമാനമുള്ള അഫോര്‍ഡബിള്‍ ഭവനങ്ങളുടെ വിഹിതം 20 ശതമാനമായി വര്‍ദ്ധിപ്പിക്കാനുള്ള തീരുമാനവും ഉടനെ ഉണ്ടായേക്കും.

ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.com/IIvIXYAw3e4GHg3cByO03h</a

Comments are closed.