head3
head1

ആഗോള കോര്‍പ്പറേറ്റ് നികുതി കരാറില്‍ ഒപ്പുവെയ്ക്കാന്‍ ഒടുവില്‍ അയര്‍ലണ്ട് തീരുമാനം

ഡബ്ലിന്‍ : വേറിട്ടു നില്‍ക്കാനുള്ള നീക്കം ഉപേക്ഷിച്ച് 15% എന്ന ആഗോള കോര്‍പ്പറേറ്റ് നികുതി കരാറില്‍ ഒപ്പുവെയ്ക്കാന്‍ ഒടുവില്‍ അയര്‍ലണ്ട് തീരുമാനം. ആഗോള കോര്‍പ്പറേറ്റ് നികുതി കരാറിന്റെ ഭാഗമാകാനുള്ള സമയം ഈ മാസം അവസാനിക്കാനിരിക്കെയാണ് സര്‍ക്കാര്‍ തീരുമാനം വന്നത്. വ്യാഴാഴ്ചത്തെ മന്ത്രിസഭാ യോഗമാണ് ഈ തീരുമാനമെടുത്തതെന്ന് ധനമന്ത്രി പാസ്‌കല്‍ ഡോണോ സ്ഥിരീകരിച്ചു. 100,000 പേര്‍ ജോലി ചെയ്യുന്ന 56 ഐറിഷ് സ്ഥാപനങ്ങളെയും 400,000 ജീവനക്കാരുള്ള 1500 വിദേശ ഉടമസ്ഥതയിലുള്ള ബഹുരാഷ്ട്ര കമ്പനികളെയും ബാധിക്കുന്നതാണ് ആഗോള നികുതി കരാറിലേയ്ക്കുള്ള രാജ്യത്തിന്റെ പ്രവേശനം.

ആഗോള കോര്‍പ്പറേറ്റ് നികുതിയെന്ന ആശയത്തെ തുടക്കം മുതല്‍ എതിര്‍ത്ത രാജ്യമാണ് അയര്‍ലണ്ട്. നികുതി സംബന്ധമായ കാര്യങ്ങളെല്ലാം അതത് രാജ്യങ്ങളുടെ വ്യക്തിഗതമായ സ്വാതന്ത്ര്യമാണെന്ന നിലപാടായിരുന്നു ധനമന്ത്രി ഒഇസിഡി സമ്മേളനങ്ങളിലെല്ലാം സ്വീകരിച്ചത്. എന്നാല്‍ രാജ്യം ഉന്നയിച്ച ചില ആശങ്കകള്‍ പരിഹരിക്കാന്‍ ഒഇസിഡി സന്നദ്ധമായതിനെ തുടര്‍ന്നാണ് കരാറിന്റെ ഭാഗമാകാന്‍ അയര്‍ലണ്ട് തീരുമാനിച്ചതെന്നാണ് ഉന്നത നേതാക്കള്‍ വ്യക്തമാക്കുന്നത്. അയര്‍ലണ്ടിന്റെ അഭ്യര്‍ഥന മാനിച്ച് കരട് കരാറില്‍ നിന്ന് മിനിമം 15 ശതമാനമെന്ന റഫറന്‍സ് നീക്കം ചെയ്തിട്ടുണ്ട്.

ഈ കരാര്‍ സംബന്ധിച്ച തീരുമാനത്തിനായി മൂന്ന് വര്‍ഷത്തിലേറെയായി പാരീസ് ആസ്ഥാനമായ ഓര്‍ഗനൈസേഷന്‍ ഫോര്‍ ഇക്കണോമിക് കോ-ഓപ്പറേഷന്‍ ആന്‍ഡ് ഡെവലപ്‌മെന്റ് (ഒ.ഇസിഡി) പ്രവര്‍ത്തിച്ചുവരികയാണ്. 140 രാജ്യങ്ങളില്‍ 134 എണ്ണവും ജൂലൈയില്‍ ഈ കരാറില്‍ ഒപ്പിട്ടിരുന്നു. ഈ വര്‍ഷം ആദ്യം യു.എസും കരാറിന്റെ ഭാഗമായി.

‘ആഗോളനികുതി നിരക്ക് 750 മില്യണ്‍ യൂറോയ്ക്ക് മുകളില്‍ വിറ്റുവരവുള്ള കമ്പനികള്‍ക്ക് മാത്രം’

പ്രതിവര്‍ഷം 750 മില്യണ്‍ യൂറോയ്ക്ക് മുകളില്‍ വിറ്റുവരവുള്ള കമ്പനികള്‍ക്ക് മാത്രമേ ആഗോള നികുതി നിരക്ക് ബാധകമാകൂയെന്ന് പ്രധാനമന്ത്രി മീഹോള്‍ മാര്‍ട്ടിന്‍ സ്ഥിരീകരിച്ചു. മിനിമം 15% എന്ന വ്യവസ്ഥ ആശങ്കപ്പെടുത്തുന്നതായിരുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഭാവിയില്‍ നികുതി പരിധി 15% കവിയില്ലെന്ന ഉറപ്പും അയര്‍ലണ്ടിന് ലഭിച്ചിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. ചെറുകിട, ഇടത്തരം സ്ഥാപനങ്ങളെ സംരക്ഷിക്കാന്‍ ലക്ഷ്യമിട്ടുള്ള ഉയര്‍ന്ന പരിധിയായിരുന്നു മറ്റൊരു ആശങ്ക. ഈ രണ്ട് പ്രശ്നങ്ങളും പരിഹരിച്ചതായി പ്രധാനമന്ത്രി പറഞ്ഞു. ഇതേ തുടര്‍ന്നാണ് കരാറില്‍ ഒപ്പുവെയ്ക്കാന്‍ തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു.

രാജ്യതാല്‍പ്പര്യം മുന്‍നിര്‍ത്തിയുള്ള തീരുമാനമെന്ന് ധനമന്ത്രി

രാജ്യത്തിന്റെ താല്‍പ്പര്യങ്ങള്‍ക്കനുസൃതമായി സര്‍ക്കാര്‍ എടുത്ത വിവേകപൂര്‍ണ്ണവും പ്രായോഗികവുമായ തീരുമാനമാണിതെന്ന് ധനമന്ത്രി പറഞ്ഞു. ബിസിനസുകള്‍ക്കും നിക്ഷേപകര്‍ക്കും ദീര്‍ഘകാലത്തേയ്ക്ക് ഇത്
ഗുണകരമാകുമെന്ന് വിശ്വസിക്കുന്നതായും മന്ത്രി വ്യക്തമാക്കി. കരാറിന്റെ ഭാഗമാകാതിരിക്കുന്നത് അയര്‍ലണ്ടിന്റെ സല്‍പ്പേരിന് ദോഷം ചെയ്യും. മാത്രമല്ല സാമ്പത്തിക, ബജറ്റ് റിസ്‌കുകളുമുണ്ടാക്കുമെന്ന് മന്ത്രി ഡോണോ പറഞ്ഞു. 2023 ഓടെ യൂറോപ്യന്‍ യൂണിയന്‍ നിയമം കൊണ്ടുവരുമ്പോള്‍ ഒഇസിഡി കരാറിനോട് വിശ്വാസ്യത പുലര്‍ത്താമെന്ന് യൂറോപ്യന്‍ കമ്മീഷന്‍ സര്‍ക്കാരിന് ഉറപ്പ് നല്‍കിയിട്ടുണ്ട്. ചില വ്യവസ്ഥകള്‍ കരാറിന്റെ ഭാഗമായുണ്ടാകുമെന്നും കരുതുന്നുണ്ട്. 160,000 ബിസിനസുകളെയും 1.8 മില്യണ്‍ ജോലിക്കാരെയും ബാധിക്കുന്നതാണ് ഈ തീരുമാനമെന്ന് ഡോണോ പറഞ്ഞു. 12.5% നികുതി ഏര്‍പ്പെടുത്തിയിട്ടുള്ള സ്ഥാപനങ്ങള്‍ക്ക് ആനുകൂല്യങ്ങള്‍ തുടര്‍ന്നും ലഭിക്കുമെന്ന് ഡോണോ വ്യക്തമാക്കി.

അയര്‍ലണ്ടിന്റെ താല്‍പ്പര്യം സംരക്ഷിക്കാനായെന്ന് വരദ്കര്‍

കരാറിനെതിരെ അതിശക്തമായ നിലപാടായിരുന്നു ഉപ പ്രധാനമന്ത്രി ലിയോ വരദ്കര്‍ സ്വീകരിച്ചിരുന്നത്. ആഗോള നികുതി 15% എന്നത് വികസിത രാജ്യങ്ങള്‍ക്ക് വേണ്ടിയുള്ളതാണെന്ന് വിമര്‍ശിച്ചിരുന്നു. വന്‍കിട രാജ്യങ്ങള്‍ക്ക് അയര്‍ലണ്ടില്‍ നിന്ന് പണം തട്ടിയെടുക്കുന്നതിനാണിതെന്നും അദ്ദേഹം പറഞ്ഞു.

ഈ വിഷയം ധനമന്ത്രി നന്നായി കൈകാര്യം ചെയ്തുവെന്നാണ് കരുതുന്നതെന്നും വരദ്കര്‍ വ്യക്തമാക്കി. നമ്മള്‍ ആഗ്രഹിച്ച ഇളവുകളും സുരക്ഷയും ലഭിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. നേരത്തേ ഈ തീരുമാനത്തെ അംഗീകരിച്ചിരുന്നെങ്കില്‍ ഈ ഇളവുകള്‍ നേടാനാകുമായിരുന്നില്ലെന്നും വരദ്കര്‍ വിശദമാക്കി.

പിന്തുണയുമായി എസിസിഐ

അയര്‍ലണ്ടിലെ ഉയര്‍ന്ന കോര്‍പ്പറേറ്റ് നികുതി നിരക്ക് യുഎസ് സ്ഥാപനങ്ങളുടെ പലായനത്തിന് കാരണമാകില്ലെന്ന് അമേരിക്കന്‍ ചേംബര്‍ ഓഫ് കൊമേഴ്സ് അയര്‍ലണ്ട് (എസിസിഐ) ചീഫ് എക്സിക്യൂട്ടീവ് മാര്‍ക്ക് റെഡ്മണ്ട് പറഞ്ഞു. അയര്‍ലണ്ട് ആസ്ഥാനമായുള്ള 94% ബഹുരാഷ്ട്ര കമ്പനികള്‍ക്കും ഇതു സംബന്ധിച്ച് അനുകൂലമായ കാഴ്ചപ്പാടാണെന്നും ഇദ്ദേഹം വ്യക്തമാക്കി. ആഗോള കോര്‍പ്പറേറ്റ് നികുതി പരിഷ്‌ക്കരണം അയര്‍ലണ്ടിലെ ബഹുരാഷ്ട്ര കമ്പനികളുടെ ഒന്നാമത്തെ ആശങ്കയാണെന്ന് നാഷണല്‍ ട്രഷറി മാനേജ്മെന്റ് ഏജന്‍സി തലവന്‍ പറഞ്ഞു.

ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://chat.whatsapp.com/LdLhE82ExfWGQlqDthwBdE

Comments are closed.