head3
head1

യൂറോ സോണില്‍ നാണയപ്പെരുപ്പം സര്‍വ്വകാല റെക്കോഡിലേയ്ക്ക്…

ഡബ്ലിന്‍: യൂറോ സോണില്‍ നാണയപ്പെരുപ്പം സര്‍വ്വകാല റെക്കോഡിലേയ്ക്ക്. പ്രതിസന്ധി കാലഘട്ടത്തെ തരണം ചെയ്യുന്നതിനുള്ള സാമ്പത്തിക ഉത്തേജനം നിലനിര്‍ത്താനുള്ള യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്കിന്റെ നടപടികളെ അധിക സമ്മര്‍ദ്ദത്തിലാക്കുന്നതാണ് ഈ പ്രതിഭാസം. കോവിഡ് ലോക്ക്ഡൗണുകളില്‍ നിന്ന് ലോക സമ്പദ്വ്യവസ്ഥ വീണ്ടും തുറക്കുന്നതിനിടെ ആഗോള വിതരണ ശൃംഖല പ്രശ്‌നങ്ങളും തൊഴിലാളി ക്ഷാമവും വിലക്കയറ്റമുണ്ടാക്കുമെന്ന ആശങ്കയുമുയരുന്നുണ്ട്.

ജര്‍മ്മനിയിലെ പണപ്പെരുപ്പ നിരക്ക് ഏകദേശം 1.81%മാണ്. പത്തുവര്‍ഷത്തിനിടെ ഉയര്‍ന്നത്. 2013 ഏപ്രിലിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണിതെന്ന് കണക്കുകള്‍ പറയുന്നു.

പണപ്പെരുപ്പമെന്ന് പറഞ്ഞാല്‍…

ലളിതമായി പറഞ്ഞാല്‍, ലഭ്യമായ പണവുമായി താരതമ്യം ചെയ്യുമ്പോള്‍ കാലങ്ങള്‍ കൊണ്ട് ഉണ്ടാകുന്ന വിലക്കയറ്റമാണ് പണപ്പെരുപ്പം. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍, ഒരു നിശ്ചിത തുക കൊണ്ട് ചില വര്‍ഷങ്ങള്‍ക്കു മുമ്പ് നിങ്ങള്‍ വാങ്ങിയ ഒരു വസ്തു ഇപ്പോള്‍ നിങ്ങള്‍ വാങ്ങുമ്പോള്‍ അതിന്റെ വില ഉയര്‍ന്നിട്ടുണ്ടായിരിക്കും.

ഇത് നന്നായി മനസ്സിലാക്കാന്‍ നമുക്ക് ഒരു ഉദാഹരണം നോക്കാം. 3 യൂറോയ്ക്ക് ഇന്ന് നിങ്ങള്‍ ഒരു ഗ്രില്‍ഡ് സാന്‍ഡ്വിച്ച് വാങ്ങി എന്ന് വയ്ക്കുക. പ്രതിവര്‍ഷ പണപ്പെരുപ്പം 10% ആണ്. അടുത്ത വര്‍ഷം, ഇതേ സാന്‍ഡ്വിച്ചിന് നിങ്ങള്‍ 3.30 യൂറോ നല്‍കേണ്ടി വരും.

നിങ്ങളുടെ വരുമാനവും പണപ്പെരുപ്പ നിരക്കിലെങ്കിലും വര്‍ധിച്ചില്ലെങ്കില്‍, പഴയത് പോലെ ഉല്‍പന്നങ്ങളോ വാങ്ങാന്‍ കഴിയില്ല, ശരിയല്ലേ? വില വര്‍ദ്ധിക്കുന്നു എന്ന് കാണുമ്പോള്‍ തന്നെ പൂഴ്ത്തിവെക്കുവാനുള്ള വ്യഗ്രത ഏറുകയും അത് വഴിയായി വിലക്കയറ്റം രൂക്ഷമാവുകയും ചെയ്യുന്നു.

ഇറ്റലിയുടെ 10 വര്‍ഷത്തെ സര്‍ക്കാര്‍ ബോണ്ട് പണപ്പെരുപ്പ നിരക്ക് ഉയര്‍ന്നതിന് കാരണമായി. അഞ്ച് മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിലയായ 0.973%ലാണ് ഇവിടെ വര്‍ദ്ധനവിന്റെ തോത്. വര്‍ദ്ധിച്ചുവരുന്ന പണപ്പെരുപ്പ പ്രതീക്ഷകള്‍ നോമിനല്‍ ബോണ്ട് ആദായം ഉയര്‍ത്തുന്നതിന്റെ സൂചനകളാണിത്.

പാന്‍ഡെമിക് ലോക്ക്ഡൗണുകള്‍ക്ക് ശേഷം ആഗോള സമ്പദ്വ്യവസ്ഥ ഉണര്‍ന്നുവരുന്നതേയുള്ളു. തൊഴിലാളികളുടെ ക്ഷാമം, ഇന്ധന വില വര്‍ധന, ചരക്ക് ഗതാഗത പ്രശ്നങ്ങള്‍, സെമി കണ്ടക്ടറുകള്‍, നിര്‍മ്മാണ സാമഗ്രികള്‍ എന്നിവകളിലൊക്കെ ചെലവേറുകയാണ്. ഇലക്ട്രിക് കാര്‍ കമ്പനികള്‍ മുതല്‍ ചോക്ലേറ്റ് നിര്‍മ്മാണ ഫാക്ടറികളെ വരെ ഇത് ബാധിക്കുമെന്നാണ് കരുതുന്നത്.

ലോകത്തിലെ വലിയ ബ്രാന്‍ഡുകള്‍ ഇപ്പോള്‍ത്തന്നെ ഉയര്‍ന്ന വിലയാണ് ഉപഭോക്താക്കളില്‍ നിന്നും ഈടാക്കുന്നത്. ഈ സ്ഥിതി കൂടുതല്‍ മോശമാകാനുള്ള സാധ്യതയാണുള്ളതെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

യുഎസില്‍ പണപ്പെരുപ്പ നിരക്ക് 2006 ഓഗസ്റ്റിനു ശേഷമുള്ള ഏറ്റവും ഉയര്‍ന്ന തലത്തിലാണ്. 2.64% ആണത്.

മറ്റ് ചില കേന്ദ്ര ബാങ്കുകളെപ്പോലെ യുഎസ് ഫെഡറല്‍ റിസര്‍വ്, ബാങ്ക് ഓഫ് ഇംഗ്ലണ്ട്, യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക് തുടങ്ങിയവയുടെ പോളിസിമേക്കര്‍മാര്‍ ഇതുവരെ പാന്‍ഡെമിക് കാലഘട്ടത്തിലെ ഉത്തേജനം ഇല്ലാതാക്കുന്നതിന് തീരുമാനിച്ചിട്ടില്ല.

ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://chat.whatsapp.com/LdLhE82ExfWGQlqDthwBdE

Comments are closed.