head3
head1

ഇന്ത്യയില്‍ പ്രവാസികള്‍ക്ക് സ്വന്തമായി കമ്പനി തുടങ്ങാം, വിദേശ വരുമാനത്തിന് നികുതി ഇനി വേണ്ട ,പ്രതീക്ഷ നല്‍കി നിര്‍മ്മലാ സീതാരാമന്‍

ന്യൂ ഡല്‍ഹി :ഇന്ത്യയില്‍ പുതിയ സംരംഭങ്ങള്‍ സ്വന്തമായി തുടങ്ങാന്‍ പ്രവാസികള്‍ക്ക് അനുമതി നല്‍കുന്ന ബജറ്റ് നിര്‍ദേശം നിക്ഷേപകര്‍ക്ക് വലിയ അവസരം നല്‍കുന്നതാണ്. അതേസമയം, പ്രവാസികളുടെ ഇരട്ടനികുതി എടുത്തുകളഞ്ഞുള്ള ആനുകൂല്യം വലിയ ചലനം ഉണ്ടാക്കുകയുമില്ല.

നിലവില്‍ പ്രവാസി ഇന്ത്യക്കാര്‍ക്ക് രാജ്യത്ത് സംരംഭം തുടങ്ങണമെങ്കില്‍ ചുരുങ്ങിയത് നാട്ടിലുള്ള ഒരാളുടെ പങ്കാളിത്തം  വേണമെന്നാണ് വ്യവസ്ഥ. പുതിയ ബജറ്റില്‍ മാറ്റിയിരിക്കുന്നത്. ഇനിമുതല്‍ നിക്ഷേപത്തിലോ മൂലധനത്തിലോ പരിധികളില്ലാതെ സ്വന്തമായിത്തന്നെ പ്രവാസിക്ക് ഏതുസംരംഭവും തുടങ്ങാം.

>ഇത് തിരിച്ചെത്തുന്നവര്‍ക്കും ഇപ്പോള്‍ പ്രവാസികളായവര്‍ക്കുമെല്ലാം ഏറെ ആത്മവിശ്വാസം നല്‍കുന്നതാണ്. ഇതുവരെ പ്രവാസിയുടെ സംരംഭങ്ങള്‍ എല്‍.എല്‍.പി. (ലിമിറ്റഡ് ലയബിലിറ്റി പാര്‍ട്ണര്‍ഷിപ്പ്) സംവിധാനത്തിലായിരുന്നു. രണ്ടുമുതല്‍ എത്രപേരെ വേണമെങ്കിലും ഇതില്‍ പങ്കാളികളാക്കാം എന്നായിരുന്നു വ്യവസ്ഥ. അതാണിപ്പോള്‍ ഒ.പി.സി. (വണ്‍ പേഴ്‌സണ്‍ കമ്പനി) എന്ന നിലയിലേക്ക് മാറ്റുന്നത്. മൂലധനത്തിനും വരുമാനത്തിനും പ്രത്യേക നിയന്ത്രണങ്ങളില്ലാതെ പുതിയ സംരംഭങ്ങള്‍ക്കായി കൂടുതല്‍ ആനുകൂല്യങ്ങള്‍ നല്‍കുന്നതാണ് നിര്‍ദേശം.

പ്രവാസികളുടെ ഇരട്ടനികുതി ഒഴിവാക്കുന്നു എന്ന പ്രഖ്യാപനം ഗള്‍ഫ് നാടുകളിലുള്ളവര്‍ക്ക് ബാധകമാവുന്നില്ല. യു.എസ്. യൂറോപ്പ് ഉള്‍പ്പെടെയുള്ള പ്രദേശങ്ങളിലുള്ള പ്രവാസികള്‍ക്കാണ് ഇതിന്റെ ആനുകൂല്യം. ഗള്‍ഫ് ഒഴികെയുള്ള വിദേശരാജ്യങ്ങളിലുള്ള ഇന്ത്യക്കാരുടെ റിട്ടയര്‍മെന്റ് ആനുകൂല്യമായി ലഭിക്കുന്ന വരുമാനത്തിന് ഇനിമുതല്‍ ഇന്ത്യയില്‍ നികുതി നല്‍കേണ്ടതില്ലെന്നതാണ് പുതിയ ബജറ്റ് നിര്‍ദേശം. നേരത്തേതന്നെ അവിടങ്ങളില്‍ ശമ്പളത്തില്‍നിന്ന് നികുതി ഈടാക്കുന്നുണ്ട്. വീണ്ടും ഇന്ത്യയില്‍ നികുതി എന്ന ബാധ്യതയാണ് ഇതോടെ ഒഴിവാകുന്നത്.

എന്‍.ആര്‍.ഐ. പദവിയെക്കുറിച്ച് മൗനം

ഇന്ത്യയില്‍ തുടര്‍ച്ചയായി 120 ദിവസത്തില്‍ കൂടുതല്‍ തങ്ങിയാല്‍ എന്‍.ആര്‍.ഐ. പദവി നഷ്ടമാവുമെന്ന കഴിഞ്ഞ ബജറ്റിലെ നിര്‍ദേശത്തെക്കുറിച്ച് ഈ ബജറ്റ് മൗനംപാലിക്കുന്നത് പ്രവാസികളുടെ ആശയക്കുഴപ്പം കൂട്ടുന്നു. കഴിഞ്ഞ ബജറ്റില്‍ ഈ നിര്‍ദേശം ഏറെ വിവാദമായിരുന്നു. ബജറ്റ് പ്രഖ്യാപനത്തിനുപിന്നാലെ കോവിഡ് നിയന്ത്രണങ്ങള്‍ നിലവില്‍വന്നതോടെ ആയിരക്കണക്കിനാളുകള്‍ക്ക് ഇന്ത്യയില്‍ത്തന്നെ താമസിക്കേണ്ട അവസ്ഥവന്നു. എന്‍.ആര്‍.ഐ. പദവി നഷ്ടമായ പലരും ഇന്ത്യയിലെ നിയമങ്ങളനുസരിച്ച് നികുതിയെടുക്കേണ്ടിവരുമെന്ന അവസ്ഥയിലായി.

യാത്ര മുടങ്ങിയവര്‍ക്ക് കാലാവധിയുടെ കാര്യത്തില്‍ ചില ഇളവുനല്‍കുമെന്ന് സെന്‍ട്രല്‍ ബോര്‍ഡ് ഫോര്‍ ഡയറക്ട് ടാക്സസ് ചില അറിയിപ്പുകള്‍ നല്‍കിയെങ്കിലും ബജറ്റില്‍ അതിനെക്കുറിച്ച് പരാമര്‍ശമില്ലാത്തത് പ്രവാസികളെ ആശങ്കപ്പെടുത്തുന്നുണ്ട്. നേരത്തേ ഉണ്ടായിരുന്ന 182 ദിവസം എന്ന വ്യവസ്ഥ പുനഃസ്ഥാപിക്കുമെന്ന പ്രതീക്ഷയിലായിരുന്നു അവര്‍.

വിദേശത്തുനിന്ന് കൊണ്ടുവരുന്ന സ്വര്‍ണത്തിന്റെ കസ്റ്റംസ് ഡ്യൂട്ടി ഏഴര ശതമാനമായി കുറച്ചത് പ്രവാസികള്‍ക്ക് ഏറെ ആശ്വാസം നല്‍കുന്നുണ്ട്. നാട്ടിലേക്ക് കൊണ്ടുപോകുന്ന സ്വര്‍ണം ഇതോടെ വര്‍ധിക്കുമെന്ന് ഗള്‍ഫ് നാടുകളിലെ വ്യാപാരികളും പ്രതീക്ഷിക്കുന്നു. സ്വര്‍ണക്കട്ടിയുടെമേലുള്ള തീരുവ കുറച്ചതും പ്രവാസിയെ സന്തോഷിപ്പിക്കുന്നുണ്ട്.

Comments are closed.