ഡബ്ലിന്‍ : മാറുന്ന ലോകത്ത് ഭാവിയില്‍ വിദേശ ഇന്ത്യക്കാരുടെ ജീവിതത്തില്‍ ഒട്ടേറെ മാറ്റങ്ങളുണ്ടായേക്കാമെന്ന് തിരിച്ചറിഞ്ഞ് ഇന്ത്യയിലെ എമിഗ്രേഷന്‍ വിദഗ്ധര്‍. പരമ്പരാഗത രാജ്യങ്ങളില്‍ നിന്നു മാറി പുതിയ മേച്ചില്‍പ്പുറങ്ങള്‍ തേടാന്‍ നമ്മുടെ പുതിയ ജനറേഷനുകള്‍ തയ്യാറാവുകയാണെന്ന് വിദഗ്ധര്‍ പറയുന്നു.
അതിനനുകൂലമായ സാഹചര്യങ്ങളാണ് ലോകത്താകെയുള്ള മാറ്റങ്ങള്‍ കൊണ്ടുവരുന്നത്. മുമ്പ് ഭാഷ ഒരു കടമ്പയായി നിന്നിരുന്നെങ്കില്‍ പുതുതലമുറയെ സംബന്ധിച്ചിടത്തോളം അതുമൊരു പ്രശ്നമല്ലാതായിരിക്കുന്നു. വിസകളും റെസിഡന്‍സി പെര്‍മിറ്റുകളുമെല്ലാം ഓഫര്‍ ചെയ്ത് രാജ്യങ്ങള്‍ അവരുടെ വാതായനങ്ങള്‍ കൂടുതല്‍ തുറക്കുക കൂടി ചെയ്യുന്നതോടെ ഇന്ത്യക്കാരുടെ പ്രവാസ സ്വപ്നങ്ങള്‍ കൂടുതല്‍ വിശാലമാകുമെന്ന് ഇവര്‍ പറയുന്നു.പഠനം, ജോലി, സെറ്റില്‍ ചെയ്യല്‍ എന്നിവയിലൊക്കെ പുതിയ മാറ്റങ്ങളാണ് കാണുന്നതെന്ന് 1994 മുതല്‍ ഈ രംഗത്തു പ്രവര്‍ത്തിക്കുന്ന അഭിനവ് ഇമിഗ്രേഷന്‍ സര്‍വീസസ് പ്രസിഡന്റ് അജയ് ശര്‍മ്മ പറയുന്നു.
പരമ്പരാഗത പ്രവാസത്തില്‍ മാറ്റം
ഇന്ത്യയിലെ മിക്ക എന്‍ആര്‍ഐകളും മധ്യപൂര്‍വദേശത്ത് നിന്നോ അല്ലെങ്കില്‍ ഇംഗ്ലീഷ് സംസാരിക്കുന്ന രാജ്യങ്ങളില്‍ നിന്നോ വന്നവരാണ്. പ്രാഥമികമായി യുഎഇ, സൗദി അറേബ്യ, ഖത്തര്‍ മുതലായ രാജ്യങ്ങളിലാണ് അവര്‍ ജോലിചെയ്യുന്നത്. ഏറ്റവും കൂടുതല്‍ പേര്‍ സെറ്റില്‍ ചെയ്തിട്ടുള്ളത് യുഎസ്എ, കാനഡ, യുകെ,ഓസ്ട്രേലിയ,ന്യൂസിലണ്ട്, അയര്‍ലണ്ട് എന്നിവിടങ്ങളിലാണ്.
മറ്റ് യൂറോപ്യന്‍ യൂണിയന്‍ അംഗരാജ്യങ്ങളിലും പരിമിതമായ സാന്നിധ്യമുണ്ട്.ഐടി പ്രൊഫഷണലുകളും മറ്റ് ഇന്ത്യന്‍ ഉടമസ്ഥതയിലുള്ള ബിസിനസുകള്‍ കൈകാര്യം ചെയ്യുന്ന ബിസിനസുകാരും എക്സിക്യൂട്ടീവുകളുമെല്ലാം ഇതില്‍ ഉള്‍പ്പെടുന്നു. ഇതാണ് നമ്മുടെ പരമ്പരാഗത സ്‌റ്റൈല്‍. ഇതിലാണ് മാറ്റം വന്നുകൊണ്ടിരിക്കുന്നതെന്ന് അജയ് ശര്‍മ്മ ചൂണ്ടിക്കാട്ടുന്നു.
ഇംഗ്ലീഷിനൊപ്പം മറ്റ് ഭാഷകളും
ഇംഗ്ലീഷ് സംസാരിക്കുന്ന രാജ്യങ്ങളോടുള്ള മുന്‍ഗണന തുടരുമ്പോള്‍ത്തന്നെ മറ്റ് രാജ്യങ്ങളിലേയ്ക്കും വിദേശ ഇന്ത്യക്കാരുടെ ഒഴുക്കുണ്ടായേക്കാമെന്ന് അജയ്ശര്‍മ്മ പറയുന്നു. അതിന്റെ സൂചനകളാണ് കാണുന്നത്.സംരംഭകനായ അജയ് ശര്‍മ്മ 1994 മുതല്‍ ഇന്ത്യയുടെ ഗ്ലോബല്‍ മൊബിലിറ്റിയ്ക്ക് തുടക്കമിട്ടവരില്‍ ഒരാളാണ് . സ്റ്റാര്‍ട്ടപ്പുകളുടെ എമിഗ്രേഷന്‍ കണ്‍സള്‍ട്ടിംഗ്, നിക്ഷേപത്തിലൂടെയുള്ള പൗരത്വം, നിക്ഷേപ വിസകളിലൂടെയുള്ള റസിഡന്‍സി എന്നിവ നല്‍കുന്നതിലാണ് ഇദ്ദേഹം ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുള്ളത്
ജപ്പാന്‍, റഷ്യ, ജര്‍മ്മനി, ഫ്രാന്‍സ്, ഇറ്റലി, പോര്‍ച്ചുഗല്‍, ഗ്രീസ്, ദക്ഷിണ കൊറിയ, ബാള്‍ട്ടിക് രാജ്യങ്ങളായ ലിത്വാനിയ, ലാത്വിയ, എസ്റ്റോണിയ, സ്‌കാന്‍ഡിനേവിയന്‍ രാജ്യങ്ങളായ ഡെന്‍മാര്‍ക്ക്, നോര്‍വേ, സ്വീഡന്‍, ഫിന്‍ലാന്‍ഡ്, ഐസ്ലാന്‍ഡ് എന്നിവ പുതിയ ആകര്‍ഷണ കേന്ദ്രങ്ങളാവുകയാണെന്ന് ഇദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
ഇല്ലാതാകുന്ന വെല്ലുവിളികള്‍
പാശ്ചാത്യ ലോകവുമായി താരതമ്യം ചെയ്യുമ്പോള്‍ ഭാഷയായിരുന്നു ഇതുവരെയുണ്ടായിരുന്ന പ്രധാന വെല്ലുവിളി. അത് മറികടക്കാന്‍ ഈ രാജ്യങ്ങളില്‍ ഭൂരിപക്ഷവും ദീര്‍ഘകാല റസിഡന്‍സി ഓപ്ഷനുകളും പ്രാദേശിക ഭാഷകള്‍ പഠിക്കാന്‍ തയ്യാറാകുന്നവര്‍ക്ക് പൗരത്വവുമൊക്കെ വാഗ്ദാനം ചെയ്യുകയാണ്. ഇത് സ്വീകരിക്കാന്‍ നമ്മുടെ വിദ്യാര്‍ഥികള്‍ക്കും യുവാക്കള്‍ക്കും തടസ്സമുണ്ടാകേണ്ട കാര്യമില്ല, കാരണം അവരുടെ ചിന്തകളും ആശയഗതികളുമെല്ലാം വേറിട്ടവയാണ്.വിദേശ ഭാഷകള്‍ പഠിക്കുന്നത് ചെറുപ്പക്കാരെ സംബന്ധിച്ചിടത്തോളം ഒരു പ്രശ്നവുമല്ല.
വിദേശ ‘സ്നേഹത്തിന്’ ഓരോരുത്തര്‍ക്കും ഓരോ കാരണങ്ങള്‍
മിക്ക ഇന്ത്യക്കാരിലും 25 മുതല്‍ 40 വയസ്സ് വരെ സ്ഥലംമാറാനും ജോലി നേടാനും വിദേശത്ത് സ്ഥിരതാമസമാക്കാനുമുള്ള സന്നദ്ധത കൂടുതലാണെന്ന് അജയ് ശര്‍മ്മ പറയുന്നു. അതിന്റെ പലവിധ ലക്ഷണങ്ങളും ഇതിനകം കണ്ടു തുടങ്ങിയിട്ടുണ്ട്. ജര്‍മ്മനി, ഫ്രാന്‍സ്, റഷ്യ എന്നിവ ഇന്ത്യന്‍ വിദ്യാര്‍ഥികളെ ഉപരിപഠനത്തിനായി ആകര്‍ഷിക്കുന്നതിന് വിവിധ സ്‌കീമുകള്‍ ആവിഷ്‌കരിക്കുന്നുണ്ട്. വിദ്യര്‍ഥികളെ സംബന്ധിച്ചിടത്തോളം പഠിക്കുന്ന വേളയില്‍ പ്രാദേശിക ഭാഷ പഠിക്കുന്നത് ഒരു പ്രശ്നമല്ല, അതൊരു മാനദണ്ഡമാണ്.
ബാള്‍ട്ടിക് രാജ്യങ്ങള്‍ വൈദ്യശാസ്ത്രത്തിലും എന്‍ജിനീയറിംഗിലുമാണ് ഇന്ത്യന്‍ വിദ്യാര്‍ഥികളെ ആകര്‍ഷിക്കുന്നത്. താങ്ങാനാവുന്ന ഫീസാണ് ഈടാക്കുന്നത് എന്നത് മറ്റൊരു ആകര്‍ഷണമാണ്. ഇന്ത്യന്‍ ഐസിടി പ്രൊഫഷണലുകള്‍, ഈ രാജ്യങ്ങളില്‍ ജോലി ചെയ്യുന്നതിന് വളരെ പ്രാധാന്യം നല്‍കുന്നുണ്ടെന്നാണ് കാണുന്നത്.
ഇന്ത്യയില്‍ ഉയര്‍ന്ന ആസ്തിയുള്ള വ്യക്തികളും ബിസിനസ്സുകാരും പോലും ഈ വിദേശ രാജ്യങ്ങളിലേയ്ക്ക് മാറാനുള്ള മനസ്സുകാട്ടുന്നുവെന്നതും കാലികമായ പ്രതിഭാസമാണ്. റിയല്‍ എസ്റ്റേറ്റ് നിക്ഷേപത്തിലൂടെ ലഭിക്കുന്ന റസിഡന്‍സി പ്രോഗ്രാമുകളിലാണ് ഇവര്‍ ആകൃഷ്ടരാകുന്നത്. ബിസിനസ് സ്ഥാപനങ്ങള്‍ കൂടുതല്‍ കേന്ദ്രങ്ങളില്‍ അവരുടെ ഓഫീസുകള്‍ തുറക്കുന്നത് മറ്റൊരു പ്രവാസ രീതി.
ഇരട്ട ലക്ഷ്യങ്ങളുമായി രാജ്യങ്ങളും
ഈ രാജ്യങ്ങളിലെ വിസ ഓപ്ഷനുകളില്‍ ഭൂരിപക്ഷവും ഇരട്ട ലക്ഷ്യമുള്ളതാണെന്നത് ഇവരെ സംബന്ധിച്ചിടത്തോളം മറ്റൊരു സൗകര്യമാണ്. നോണ്‍ എമിഗ്രേഷന്‍ വിസ പെര്‍മെനന്റ് റസിഡന്‍സി പദവിയിലേക്ക് പരിവര്‍ത്തനം ചെയ്യുന്നതിനുള്ള ഓപ്ഷനുകളാണ് ലഭ്യമാണെന്നതും ഒരു കാര്യമാണ്.
അടുത്ത രണ്ട് മൂന്ന് പതിറ്റാണ്ടുകള്‍ക്കുള്ളില്‍ ഈ പ്രവണത കൂടുതല്‍ ദൃശ്യമാകുമെന്ന് ഇദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
.ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.com/K0HUGpDraol5nj03tElHBl
Comments are closed.