ഡബ്ലിന്‍ : കുതിയ്ക്കുന്ന വാടകയെ പിടിച്ചുനിര്‍ത്തുന്നതിനോ നിയന്ത്രിക്കുന്നതിനോ നടപടികളെടുക്കാതെ സര്‍ക്കാരിന്റെ അനങ്ങാപ്പാറ സമീപനം പരക്കെ വിമര്‍ശിക്കപ്പെടുന്നു. രാജ്യമെമ്പാടും വാടക പായുകയാണെന്ന് വിവിധ കേന്ദ്രങ്ങളില്‍ നിന്നും റിപ്പോര്‍ട്ടുകള്‍ വന്നിട്ടും പ്രശ്നത്തില്‍ ഇടപെടണമെന്ന് ആവശ്യങ്ങളുയര്‍ന്നിട്ടും ഇതുവരെയും ഇതുസംബന്ധിച്ച നിയമനിര്‍മ്മാണത്തിന് സര്‍ക്കാര്‍ തയ്യാറായിട്ടില്ല. പ്രഖ്യാപനമുണ്ടായിട്ടുണ്ടെങ്കിലും നവംബറില്‍ പോലും പുതിയ വാടക നിയന്ത്രണ നിയമം വരുമെന്ന് സൂചനയില്ല.
സര്‍ക്കാരിന്റെ ഈ അലംഭാവത്തിനെതിരെ ഡെയ്‌ലില്‍ സിന്‍ ഫെയിന്റെ പിയേഴ്സ് ഡോഹെര്‍ട്ടി അതിശക്തമായി ആഞ്ഞടിച്ചു. സര്‍ക്കാര്‍ നടപടിയുടെ ഭാരം പേറുന്നത് രാജ്യത്തെ വാടകക്കാരാണെന്ന് ഇദ്ദേഹം ആരോപിച്ചു. ഡബ്ലിനില്‍ ഒരാള്‍ പ്രതിമാസം ശരാശരി 1,848 യൂറോയാണ് വാടക നല്‍കുന്നത്.
ജൂലൈ മുതല്‍, പണപ്പെരുപ്പവുമായി ബന്ധപ്പെട്ട് വാടക വര്‍ദ്ധിക്കുകയാണ്. കുടിയൊഴിപ്പിക്കലിനുള്ള താല്‍ക്കാലിക നിരോധനവും ലോക്ക്ഡൗണ്‍ സമയത്ത് വാടക മരവിപ്പിക്കലിനും ശേഷം ഭൂവുടമകള്‍ 8% വരെ വാടക വര്‍ദ്ധനവ് ഏര്‍പ്പെടുത്തുമെന്ന് ആശങ്കയുയര്‍ന്നിരുന്നു. അതുണ്ടാകാതിരിക്കാന്‍ പുതിയ നിയമമുണ്ടാകേണ്ടതായിരുന്നുവെന്നും ഡോഹര്‍ട്ടി ആരോപിച്ചു.
അതിനിടെ വാടക മരവിപ്പിക്കണമെന്നും വാടകക്കാര്‍ക്ക് നികുതി ക്രെഡിറ്റ് നല്‍കണമെന്നും ആവശ്യപ്പെടുന്ന സിന്‍ ഫെയ്ന്‍ പ്രമേയത്തെ ഭരണക്കാര്‍ ഡെയ്ലില്‍ തോല്‍പ്പിച്ചു. വാടക നിയന്ത്രണത്തിനുള്ള പുതിയ സംവിധാനം വരും ആഴ്ചകളില്‍ അവതരിപ്പിക്കുമെന്ന സര്‍ക്കാര്‍ പ്രമേയ പ്രമേയം കൊണ്ടുവരികയും ചെയ്തു. വാടക മേഖലയ്ക്കായി അഞ്ച് നിയമനിര്‍മ്മാണങ്ങള്‍ നടത്തിയതായി മന്ത്രി പറഞ്ഞു. പണപ്പെരുപ്പ നിരക്ക് കുറയ്ക്കുന്നതിന് പ്രത്യേക ബില്‍ അടിയന്തിരമായി കൊണ്ടുവരാന്‍ ഉദ്ദേശിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പണപ്പെരുപ്പം നിയന്ത്രിക്കാന്‍ ശക്തമായ നടപടിയുണ്ടാകുമെന്ന് ഭവന മന്ത്രി ഡാരാഗ് ഒബ്രിയന്‍ സഭയില്‍ വ്യക്തമാക്കി. നവംബറില്‍ അത് സംബന്ധിച്ച നിയമം സഭയില്‍ വരും. വര്‍ഷാവസാനത്തിന് മുമ്പ് അത് പാസാക്കും. പണപ്പെരുപ്പം മൂന്നുശതമാനത്തിനും താഴെയാക്കാന്‍ അത് സഹായിക്കുമെന്നും മന്ത്രി അവകാശപ്പെട്ടു.
2021-ന്റെ രണ്ടാം പാദത്തില്‍ അയര്‍ലണ്ടിലുടനീളമുള്ള വാടക 7% വര്‍ദ്ധിച്ചിരുന്നു. റസിഡന്‍ഷ്യല്‍ ടെനന്‍സി ബോര്‍ഡ് (ആര്‍ടിബി) ഇക്കാര്യത്തിലുള്ള ആശങ്ക വ്യക്തമാക്കുകയും ചെയ്തിരുന്നു.
ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://chat.whatsapp.com/LdLhE82ExfWGQlqDthwBdE
Comments are closed.