head3
head1

ആരോപണവുമായി നഴ്സിംഗ് ഹോംസ് അയര്‍ലണ്ട്, നഴ്സിംഗ് ഹോം ജീവനക്കാരെ കൂട്ടത്തോടെ എച്ച്.എസ്.ഇ ‘തട്ടിക്കൊണ്ടു’ പോകുന്നു…!

ഡബ്ലിന്‍ : നഴ്സിംഗ് ഹോം ജീവനക്കാരെ കൂട്ടത്തോടെ എച്ച്.എസ്.ഇ ‘തട്ടിയെടുക്കുന്നു’വെന്ന പരാതിയുമായി സ്വകാര്യ നഴ്സിംഗ് ഹോമുകള്‍.എച്ച്.എസ്.ഇ.യിലേക്കും മറ്റ് പൊതുജനാരോഗ്യ മേഖലകളിലേക്കും ഫ്രണ്ട് ലൈന്‍ ജീവനക്കാര്‍ കൂട്ടത്തോടെ പോവുകയാണ്. ഇത് വല്ലാത്ത പ്രതിസന്ധിയുണ്ടാക്കുന്നതായി നഴ്‌സിംഗ് ഹോംസ് അയര്‍ലണ്ട് പറയുന്നു.

എച്ച്.എസ്.ഇയ്ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന ഏജന്‍സികള്‍ നഴ്സിംഗ് ഹോമുകളില്‍ നിന്നും നഴ്സുമാരെ ആക്രമണാത്മകമായാണ് റിക്രൂട്ട് ചെയ്യുന്നത് എന്ന് നഴ്‌സിംഗ് ഹോംസ് അയര്‍ലണ്ട് ആരോപിക്കുന്നു.

ഹൗസ് കീപ്പിംഗ്, കാറ്ററിംഗ് സ്റ്റാഫുകളെ നിലനിര്‍ത്താന്‍ കഴിയുന്നുണ്ടെങ്കിലും പ്രധാന നഴ്സിംഗ് സ്റ്റാഫുകളെ നിലനിര്‍ത്താന്‍ കഴിയുന്നില്ല.അതേസമയം,നഴ്സിംഗ് ഹോം സ്റ്റാഫുകളെ റിക്രൂട്ട് ചെയ്യുന്നത് നഴ്സിംഗ് ഹോംസ് അയര്‍ലണ്ട് ആറുമാസമായി നിര്‍ത്തിവെച്ചിരിക്കുകയാണ്.അതിനാല്‍ ജീവനക്കാരെ നിയമിക്കാനുമാകുന്നില്ല.റിക്രൂട്ട്‌മെന്റുകള്‍ക്ക് അവസരം ഒരുങ്ങുന്നില്ലെന്നതാണ് യാഥാര്‍ഥ്യം.

കോവിഡ് -19 പാന്‍ഡെമിക് സമയത്ത് എച്ച്.എസ്.ഇയും നഴ്സിംഗ് ഹോംസ് അയര്‍ലന്‍ഡും തമ്മില്‍ നഴ്സിംഗ് ഹോമുകളില്‍ നിന്ന് സ്റ്റാഫ് എടുക്കുകയില്ലെന്ന് കരാറുണ്ടായിരുന്നു. എന്നാലിപ്പോള്‍ അതില്ല. ഇപ്പോള്‍ പ്രധാനപ്പെട്ട ജീവനക്കാരെയെല്ലാം എച്ച്.എസ്.ഇ ജോലിക്കെടുക്കുകയാണ്.ജീവനക്കാരില്ലെന്ന് മാത്രമല്ല ഉള്ളവര്‍ക്ക് അമിതജോലിയും വേണ്ടി വരുന്നു.

പകര്‍ച്ചവ്യാധിയുടെ ഈ സമയത്ത് ഒട്ടേറെ ജീവനക്കാരെ നഷ്ടപ്പെട്ടതായി സോനാസ് നഴ്സിംഗ് ഹോം ഗ്രൂപ്പ് എച്ച്.ആര്‍ മാനേജര്‍ ഒലിവിയ ജെറാഫി പറഞ്ഞു.’എച്ച് എസ് ഇ ധാരാളം റിക്രൂട്ട്മെന്റുകള്‍ നടത്തി.അവിടെ നിന്നും നിരവധി റഫറന്‍സ് അഭ്യര്‍ത്ഥനകള്‍ ലഭിച്ചു. ഒട്ടേറെ ജീവനക്കാര്‍ രാജി വെച്ചും പോയി.

കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്ന ഈ സാഹചര്യത്തില്‍ നഴ്സിംഗ് ഹോമുകള്‍ക്ക് അവരുടെ ജീവനക്കാരെ നിലനിര്‍ത്താന്‍ കഴിയുമെന്ന് ഉറപ്പു ലഭിക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു.
നഴ്സിംഗ് ഹോം അന്തേവാസികള്‍ക്ക് തുടര്‍ച്ചയായ പരിചരണം അനിവാര്യമാണ്. ഇത് തുടരുമെന്ന് ഉറപ്പാക്കേണ്ടത് തികച്ചും ആവശ്യമാണ്-ജെറാഫി പറഞ്ഞു.കമ്മ്യൂണിറ്റി സ്വാബറുകളായി ജോലിയില്‍ പ്രവേശിച്ച മൂന്ന് സ്റ്റാഫുകളെ അടുത്തിടെ നഷ്ടപ്പെട്ടതായി കില്‍കെന്നിയിലെ ഗൗറാന്‍ ആബി നഴ്സിംഗ് ഹോം അധികൃതരും പറഞ്ഞു.

നഴ്‌സിംഗ് ഇതൊരു ദീര്‍ഘകാല പ്രശ്നമാണെന്നും ഉടന്‍ പരിഹരിക്കേണ്ടതുണ്ടെന്നും ഹോംസ് അയര്‍ലണ്ട് സിഇഒ തദ്ഗ് ഡാലി പറഞ്ഞു.കഴിഞ്ഞയാഴ്ച പ്രധാനമന്ത്രി മൈക്കിള്‍ മാര്‍ട്ടിനുമായി ഇക്കാര്യം ചര്‍ച്ച ചെയ്തുവെന്ന് അദ്ദേഹം പറഞ്ഞു.നഴ്സിംഗ് ഹോം മേഖലയിലുടനീളം നിലവില്‍ 36 കോവിഡ് ഔട്ട്ബ്രേക്കുകളാണുള്ളതെന്ന് ഡാലി വെളിപ്പെടുത്തി.

എന്നാല്‍ ഈ ആരോപണം എച്ച്.എസ്.ഇ നിഷേധിച്ചു.നഴ്സിംഗ് ഹോം സ്റ്റാഫുകളെ ലക്ഷ്യമിടുന്നില്ലെന്നും ആരോഗ്യ സേവന ജീവനക്കാരെ ഇല്ലാതാക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും എച്ച്. എസ്. ഇ. വ്യക്തമാക്കി.യോഗ്യരായ ഉദ്യോഗാര്‍ഥികളെ നിയപരമായി മാത്രമാണ് റിക്രൂട്ട് ചെയ്യുന്നതെന്നും എച്ച്. എസ്. ഇ പറയുന്നു

കുറഞ്ഞ ശമ്പള നിരക്കിനെക്കുറിച്ചു കോവിഡ് -19 നഴ്സിംഗ് ഹോംസ് എക്സ്പെര്‍ട്ട് പാനലിന്റെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. നഴ്സിംഗ് ഹോമുകളിലെ ജീവനക്കാര്‍ ഒരേസമയം ഒന്നില്‍ കൂടുതല്‍ നഴ്സിംഗ് ഹോമുകളില്‍ ജോലി ചെയ്യുന്നതുള്‍പ്പടെയുള്ള പ്രശ്നങ്ങളും റിപ്പോര്‍ട്ടിലുണ്ട്.

ഐറിഷ് മലയാളി ന്യൂസ്

Comments are closed.