head1
head3

അയര്‍ലണ്ടിലെ ഉയരുന്ന ഭവനവിലയും പെരുകുന്ന വര്‍ക്ക് പെര്‍മിറ്റുകളും തമ്മിലെന്ത് ബന്ധം ?

ഡബ്ലിന്‍ : അയര്‍ലണ്ടില്‍ ഭവന വില കുറയാതിരിക്കാന്‍ പ്രധാന കാരണം കൂടിക്കൂടി വരുന്ന വര്‍ക്ക് പെര്‍മിറ്റുകളാണോ…വിദേശരാജ്യങ്ങളില്‍ നിന്നും ജോലി നേടി ഇവിടെയെത്തുന്നവര്‍ താമസത്തിനും മറ്റുമായി വീടുകള്‍ തേടുന്നത് തുടരുകയാണ്.ഡബ്ലിന്‍ അടക്കമുള്ള പ്രദേശങ്ങളില്‍ ഓരോ ദിവസവും നൂറുകണക്കിന് അന്വേഷകരാണ് താമസസൗകര്യം തേടിയെത്തുന്നത്. പാന്‍ഡെമിക്ക് കാലത്ത് നൂറുകണക്കിന് പേര്‍ രാജ്യം വിട്ടുപോയിട്ടും മറ്റു രാജ്യങ്ങളില്‍ നിന്നും വ്യത്യസ്തമായി അയര്‍ലണ്ടില്‍ വിദേശങ്ങളില്‍ നിന്നും തൊഴില്‍ തേടി എത്തുന്നവരുടെ അഭൂതപൂര്‍വമായ വളര്‍ച്ചയാണ് ഉണ്ടായത്.

അതിനനുസരിച്ച് ഭവനവിപണിയില്‍ ആവശ്യമേറും.വീടുകളുടെ ക്ഷാമം ഇവിടെയൊരു പ്രതിഭാസമായതിനാല്‍ ഉള്ളത് പൊന്നുംവിലയ്ക്ക് വില്‍ക്കാനും വാടകയ്ക്ക് നല്‍കാനുംഉടമസ്ഥര്‍ക്ക് കഴിയും.ഇക്കാര്യം സാധൂകരിക്കുന്നതാണ് കഴിഞ്ഞ വര്‍ഷത്തെ വര്‍ക്ക് പെര്‍മിറ്റ് കണക്കുകള്‍.

കോവിഡ് പാന്‍ഡെമികില്‍ യാത്രകളും തൊഴിലവസരങ്ങളും പരിമിതപ്പെടുത്തിയിട്ടും 2020ല്‍ യൂറോപ്യന്‍ ഇക്കണോമിക് ഏരിയയ്ക്ക് (ഇ ഇ എ) പുറത്തുനിന്നുള്ളവര്‍ക്കായി 16,000 ത്തിലധികം തൊഴില്‍ പെര്‍മിറ്റുകളാണ് നല്‍കിയത്.വര്‍ക്ക് പെര്‍മിറ്റുകള്‍ ഇഷ്യു ചെയ്യാന്‍ തുടങ്ങിയതിനുശേഷമുള്ള ഏറ്റവുംകൂടിയ പെര്‍മിറ്റ് വിതരണമാണിത്.

സോഷ്യല്‍ മീഡിയ,ഐ ടി , ആരോഗ്യ പരിപാലനം ,ഫാര്‍മസ്യുട്ടിക്കല്‍,മീറ്റ് പ്രൊഡക് ഷന്‍എന്നിവയാണ് പ്രധാനമായും ഇക്കാലയളവില്‍ജീവനക്കാരെ വിദേശത്ത് നിന്നും കണ്ടെത്തിയ കമ്പനികളിലേറെയും.
ആരോഗ്യ പ്രവര്‍ത്തകരാണ് കഴിഞ്ഞ വര്‍ഷം നല്‍കിയ വര്‍ക്ക് പെര്‍മിറ്റുകളില്‍ മൂന്നിലൊന്നും. 5000പേരെയാണ് ഇഇഎയ്ക്കു പുറത്തുനിന്നുമെത്തിയത്. 4700 പെര്‍മിറ്റുകളുമായി ഐ.ടി. മേഖലയാണ് രണ്ടാമത്. കഴിഞ്ഞ വര്‍ഷത്തെ മൊത്തം വര്‍ക്ക് പെര്‍മിറ്റുകളില്‍ മൂന്നിലൊന്നും ഇന്ത്യയില്‍ നിന്നുള്ളതാണ്. മൊത്തം 5800 പെര്‍മിറ്റുകളാണ് ഇന്ത്യക്കാര്‍ക്ക് ലഭിച്ചത്.

1800 പെര്‍മിറ്റുകള്‍ ബ്രസീലുകാര്‍ക്കും 1000ല്‍ അധികം പാലസ്തീന്‍ തൊഴിലാളികള്‍ക്കും വര്‍ക്ക് പെര്‍മിറ്റ്ലഭിച്ചു.ആമസോണ്‍, ആക്സെഞ്ചര്‍, ഫേസ്ബുക്ക്, ഗൂഗിള്‍, ഡോണ്‍ മീറ്റ്സ് എന്നിവയാണ് ഈ വര്‍ക്ക് പെര്‍മിറ്റുകള്‍ ഉപയോഗിക്കുന്ന ഏറ്റവും വലിയ കമ്പനികളില്‍ ചിലത് .അയര്‍ലണ്ടിലെ ഏറ്റവും വലിയ ഇറച്ചി സംസ്‌കരണ കമ്പനികളിലൊന്നാണ് ഡോണ്‍ മീറ്റ്സ്. പകര്‍ച്ചവ്യാധികള്‍ക്കിടയിലും കഴിഞ്ഞ ഏപ്രിലില്‍ മൊത്തം 1700 പെര്‍മിറ്റുകളാണ് അനുവദിച്ചത്. ആശുപത്രികളും മറ്റ് ആരോഗ്യ പരിരക്ഷാ സൗകര്യങ്ങളും മെഡിക്കല്‍ സ്റ്റാഫുകള്‍ക്ക് ഈ വേളയില്‍ വന്‍ ഡിമാന്‍ഡുണ്ടായി.

ചരിത്രപരമായി വളരെ ഉയര്‍ന്ന തോതില്‍ വര്‍ക്ക് പെര്‍മിറ്റുകള്‍ അനുവദിക്കുന്നുണ്ടെങ്കിലും, വര്‍ക്ക് പെര്‍മിറ്റ് നേടുന്നതിനുള്ള പ്രക്രിയ അത്രയ്ക്കെളുപ്പമല്ല. തൊഴിലാളികള്‍ക്ക് പെര്‍മിറ്റ് നല്‍കുന്നതിന് ആദ്യം ലേബര്‍ മാര്‍ക്കറ്റ് ആവശ്യകതാ പരിശോധനയില്‍ വിജയിച്ച് ഇഇഎയ്ക്ക് പുറത്തുനിന്നുള്ള തൊഴിലാളികളെ നിയമിക്കാന്‍ അനുമതിയുള്ള ഒരു കമ്പനി അല്ലെങ്കില്‍ ഓര്‍ഗനൈസേഷനായി യോഗ്യത നേടണം. അങ്ങനെ ചെയ്യുന്നതിന്, കമ്പനി കുറഞ്ഞത് നാല് ആഴ്ചയെങ്കിലും തൊഴില്‍ സാമൂഹിക സംരക്ഷണ വകുപ്പുമായി ഇടപഴകണം. ഇതിനുപുറമെ, ഒന്‍പത് വ്യത്യസ്ത തരം വര്‍ക്ക് പെര്‍മിറ്റുകളുമുണ്ട്. ഈ വിവിധ തരം പെര്‍മിറ്റുകള്‍ക്ക് ഓരോന്നിനും പ്രത്യേക ആവശ്യകതകളാണുള്ളത്. വര്‍ക്ക് പെര്‍മിറ്റ് നേടിയതിനുശേഷവും, അവ ശാശ്വതമല്ല, രണ്ട് വര്‍ഷം വരെ നീണ്ടുനില്‍ക്കും, മറ്റൊരു മൂന്ന് വര്‍ഷത്തേക്ക് പുതുക്കാന്‍ കഴിയും.

പാന്‍ഡെമിക് 2021ലും തുടരുന്നതിനാല്‍ ഇഇഎയ്ക്കുള്ളിലെ തൊഴില്‍ സ്ഥാനങ്ങള്‍ നിറയ്ക്കാന്‍ കൂടുതല്‍ വര്‍ക്ക് പെര്‍മിറ്റുകള്‍ ആവശ്യമാണെന്നാണ് നിരീക്ഷകര്‍ പറയുന്നത്.വര്‍ക്ക് പെര്‍മിറ്റുകള്‍ നിശ്ചിത കാലാവധിക്കുള്ളില്‍ തന്നെ അനുവദിക്കുന്നില്ലെന്ന പ്രചാരണം തെറ്റാണെന്ന് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് എന്റര്‍പ്രൈസസ് കഴിഞ്ഞ ദിവസം പ്രസ്താവനയില്‍ വ്യക്തമാക്കിയിരുന്നു.

എങ്കിലും മുമ്പായിരത്തില്‍ അധികം വര്‍ക്ക് പെര്‍മിറ്റ് അപേക്ഷകള്‍ കൂടി ഈ വര്‍ഷത്തിന്റെ ആദ്യ ക്വാര്‍ട്ടറില്‍ എത്തിയിട്ടുണ്ട്. ഇവയെല്ലാം അനുവദിക്കുകയും,ഡബ്ലിനിലേയടക്കം ഭവനമേഖലയില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാന്‍കൂടുതല്‍ കാലതാമസം എടുക്കുകയുംചെയ്താല്‍ ഭവനവിലയും ഡിമാന്‍ഡും കുറയാതിരിക്കാന്‍ അതും കാരണമായേക്കും

ഐറിഷ് മലയാളി ന്യൂസ് 

Comments are closed.